രാഷ്ട്രപതിസ്ഥാനത്തേക്കുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയാണ് മീരാ കുമാര്‍. ഇന്ത്യയുടെ ആദ്യ വനിതാ ലോക്‌സഭാ സ്പീക്കറായ മീര, എന്‍ ഡി എ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനെതിരെയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ഇടതുപക്ഷം, എന്‍ സി പി,, ആര്‍ ജെ ഡി തുടങ്ങിയ പതിനേഴു പാര്‍ട്ടികളാണ് മീരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
രാഷ്ട്രീയ പ്രവര്‍ത്തക, നയതന്ത്ര പ്രതിനിധി എന്നീ നിലകളിലുള്ള പ്രവര്‍ത്തനമികവാണ് രാഷ്ട്രപതിസ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം മീരയെ തേടിവരാനുള്ള പ്രധാനകാരണം. ദളിത് സമുദായംഗമായ മീരക്ക് ബിഹാറിന്റെ പുത്രി എന്ന പ്രതിച്ഛായ കൂടിയുണ്ട്.
എന്‍ ഡി എ ഇറക്കിക്കളിച്ച ദളിത് കാര്‍ഡിനുള്ള മറുപടി കൂടിയാണ് മീരയുടെ സ്ഥാനാര്‍ഥിത്വം. ഇതും പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മീരയുടെ വരവോടെ, ദളിത് വിഭാഗത്തില്‍നിന്നുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന പ്രത്യേകത കൂടി ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുണ്ട്.
മുന്‍ ഉപപ്രധാനമന്ത്രി ജഗ്ജീവന്‍ റാമിന്റെ മകളായി, ബിഹാറിലെ അരാ ജില്ലയില്‍ 1945 മാര്‍ച്ച് 31 നാണ് മീരയുടെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയായ മീര അഭിഭാഷക കൂടിയാണ്. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ കോളേജിലും മിരാന്‍ഡ ഹൗസിലുമായാണ് മീര വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
പഠനശേഷം 1973 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ച മീര, യു കെ., സ്‌പെയിന്‍, മൗറിഷ്യസ് എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്പാനിഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് മീര.
പന്ത്രണ്ട് വര്‍ഷത്തിനു ശേഷം 1985 ല്‍ സര്‍വീസില്‍ നിന്ന് രാജി വച്ച് മീര സജീവരാഷ്ട്രീയത്തിലേക്കിറങ്ങി. കോണ്‍ഗ്രസ് പ്രതിനിധിയായി ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. തിരഞ്ഞെടുപ്പില്‍ മായാവതിയെയും രാംവിലാസ് പാസ്വാനെയും പരാജയപ്പെടുത്തിയ ചരിത്രത്തിനുടമയാണ് ഇവര്‍.
എട്ട്, പതിനൊന്ന്, പന്ത്രണ്ട് ലോക്‌സഭകളില്‍ മീര അംഗമായിരുന്നു. വിജയം മാത്രമല്ല പരാജയവും മീര രാഷ്ട്രീയജീവിതത്തില്‍ രുചിച്ചിട്ടുണ്ട്. 1999 ലായിരുന്നു അത്. 99 ല്‍ ബി ജെ പി സൃഷ്ടിച്ച് വേലിയേറ്റമായിരുന്നു മീരയുടെ തോല്‍വിക്ക് കാരണമായത്. തുടര്‍ന്ന് 2004 ല്‍ അച്ഛന്റെ മണ്ഡലമായിരുന്ന സാസരാമില്‍നിന്ന് ലോക്‌സഭയിലെത്തി.
ഒന്നാം യു പി എ മന്ത്രിസഭയില്‍ സാമൂഹികനീതി വകുപ്പു മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 ല്‍ രണ്ടാം യു പി എ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ മീര ലോക്‌സഭാ സ്പീക്കര്‍ പദവിയിലെത്തി. സരസാമില്‍നിന്നു തന്നെയായിരുന്നു അത്തവണയും മീര ലോക്‌സഭയിലെത്തിയത്. ജലവിഭവമന്ത്രി സ്ഥാനം ഉപേക്ഷിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മീരയെത്തിയത്.
മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.