ഹിജാബ് (ശിരോവസ്ത്രം) ധരിച്ച മുസ്ലിം യുവതിയുടെ മുഖചിത്രവുമായി പ്ലേ ബോയ് മാസിക. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക നൂര്‍ തഗോരിയാണ് ഒക്ടോബര്‍ പതിപ്പിന്റെ മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കാന്‍ മടിക്കാത്ത സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചുള്ളതാണ് പ്ലേ ബോയിയുടെ ഒക്ടോബറിലെ സ്‌പെഷല്‍ പതിപ്പ്.
'കരുത്തുള്ള സാമൂഹിക പ്രവര്‍ത്തക' യെന്നാണ് നൂറിനെ മാസിക വിശേഷിപ്പിച്ചിട്ടുള്ളത്. നൂറിന്റെ അഭിമുഖവും മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കയിലെ വീഡിയോ ന്യൂസ് നെറ്റ് വര്‍ക്ക് സര്‍വീസായ ന്യൂസിയുടെ ലേഖികയാണ് നൂര്‍. കറുത്ത ലെതര്‍ ജാക്കറ്റും ജീന്‍സും ധരിച്ചുള്ളതാണ് നൂറിന്റെ ഫോട്ടോ.
ലിബിയന്‍ വംശജയാണ് 22 കാരിയായ നൂര്‍. അമേരിക്കയിലെ വിനോദ ചാനലുകളില്‍, ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെടുന്ന ആദ്യ അവതാരികയാകണം എന്നതാണ് നൂറിന്റെ ആഗ്രഹം.
അമേരിക്കയില്‍ ജീവിക്കുന്ന ഒരു മുസ്ലിം സ്ത്രീയെന്ന നിലയില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ എനിക്കു സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എന്നെ മുന്നോട്ടു നയിക്കാന്‍ അവയ്ക്കായി.- നൂര്‍ പറയുന്നു.
2012 ല്‍ ആരംഭിച്ച ലെറ്റ് നൂര്‍ ഷൈന്‍ എന്ന ക്യാമ്പയിനിലൂടെ പ്രശസ്തയാണ് നൂര്‍. അതേസമയം ശിരോവസ്ത്രം ധരിച്ച് മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ അനൂകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള പ്രസിദ്ധീകരണമെന്ന നിലയില്‍ നിന്ന് എല്ലാവര്‍ക്കും വായിക്കാവുന്ന മാസികയിലേക്കുള്ള രൂപമാറ്റത്തിനൊരുങ്ങുകയാണ് പ്ലേബോയി.