മുഖം മറച്ച്, കര്‍ട്ടനിട്ട വില്ലുവണ്ടിയില്‍ കോളേജില്‍ പോയിരുന്ന ഈ 68-കാരി ഇന്ന് ലോകം ചുറ്റുകയാണ്


അസീജ അസീസ്

4 min read
Read later
Print
Share

സ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് വിരാമമില്ല, സ്വപ്നം കാണാനും സ്വപ്നത്തിലെത്താനും പ്രായം ഒരു പ്രശ്നവുമല്ല. ഇതിനെ ചോദ്യം ചെയ്താല്‍ സൈനാബി ഇങ്ങനെ ചോദിക്കും 'ഹു ഡിസൈഡ്സ് ദി എക്സ്പിയറി ഡേറ്റ് ഓഫ് വുമന്‍സ് ഡ്രീം'', 'ഹൗ ഓള്‍ ആര്‍ യു' എന്ന ചിത്രത്തില്‍ മലയാളി കേട്ട അതേ ഡയലോഗ്. അങ്ങനെ തന്റെ സ്വപ്നങ്ങള്‍ക്കായി പ്രായത്തെ വെല്ലുവിളിച്ച് 68ാം വയസ്സിലും തന്റെ സ്വപ്നയാത്രകള്‍ യാഥാര്‍ഥ്യമാക്കുകയാണ് കോഴിക്കോട് മുക്കത്തുകാരിയായ സൈനബി ടീച്ചര്‍. ടീച്ചറുടെ ആവേശവും ഉത്സാഹവും കണ്ടാല്‍ തന്നെ കണ്ടാലും ആരും ഒന്നു ചോദിച്ചു പോകും ഹൗ ഓള്‍ഡ് ആര്‍ യു?

ചെറുപ്പക്കാരെ പോലെ തന്നെ ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടമാണ് സൈനാബി ടീച്ചര്‍ക്കും. നമ്മളില്‍ പലരും യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ മിടുക്കരാണ്. പ്ലാനിങ് പോലെ യാത്ര ചെയ്തെന്ന് വരില്ല. എന്നും ഒരു പ്ലാനിങ് മാത്രമായി അവശേഷിക്കുന്നത് കാണാം. എന്നാല്‍ ടീച്ചറുടെ പ്ലാനിങ്ങിന്റെയും ട്രിപ്പിങ്ങിന്റെയും മുന്നില്‍ നമ്മള്‍ വെറും നിസ്സാരക്കാരാകും. നമ്മള്‍ പ്ലാന്‍ ചെയ്ത് വരുമ്പോഴേക്കും ടീച്ചര്‍ പോയി തിരിച്ചെത്തിയിട്ടുണ്ടാകും. ലോകത്തിന്റെ ഏതു കോണില്‍ പോകാനും ടീച്ചര്‍ എപ്പോള്‍ വേണമെങ്കിലും റെഡിയാണ്.

30 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് റിയര്‍യേര്‍ഡ് ആയെങ്കിലും സൈനാബി ടീച്ചറുടെ യാത്രകള്‍ക്ക് ഇതുവരെയും റിയര്‍മെന്റില്ല. രാവിലെ പത്രം എടുത്ത് ആദ്യം നോക്കുന്നത് തന്നെ വിനോദയാത്രാ പാക്കേജുകളെക്കുറിച്ചുള്ള യാത്രാ പരസ്യങ്ങളാണ്. തുടര്‍ന്ന് പരസ്യത്തിലെ നമ്പറില്‍ വിളിച്ച വിവരങ്ങള്‍ അന്വേഷിച്ച് യാത്രക്കൊരുങ്ങുകയായി. വാര്‍ദ്ധക്യ സഹജമായ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് ഏതു പ്രായത്തിലും എങ്ങോട്ട് വേണമെങ്കിലും പോകാമെന്നാണ് ടീച്ചര്‍ പറയുന്നത്.

കുട്ടിക്കാലം മുതലേ മറ്റെന്തിനേക്കാളും യാത്രകളോടായിരുന്നു സൈനാബി ടീച്ചര്‍ക്ക് ഇഷ്ടം. ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ട് തന്നെ അന്നത്തെ യാത്രകള്‍ സ്വപ്നങ്ങളില്‍ മാത്രമായിരുന്നു. പലരുടെയും മനസ് വികസിക്കാത്ത കാലത്താണ് സൈനാബി കോഴിക്കോട് മീഞ്ചന്ത ആര്‍ഡ് ആന്റ് സയന്‍സ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പാസ്സാകുന്നത്. സിനിമകളില്‍ കണ്ടിരുന്നതു പോലെ മുഖം മറച്ച് കര്‍ട്ടനിട്ട വില്ലു വണ്ടിയിലാണ് സൈനാബി കോളേജിലേക്ക് പോയിരുന്നത്. സ്‌കൂളില്‍ നിന്നു ഒരു വിനോദയാത്രകള്‍ക്ക് പോലും പോകാന്‍ അനുവാദമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന ആശ്വാസം, പൊന്നാനിയിലെ ഇത്താത്തയെ കല്യാണം കഴിപ്പിച്ച വീട്ടിലക്കുള്ള യാത്രയായിരുന്നു. ട്രെയിന്‍ യാത്രകളോടാണ് ടീച്ചര്‍ക്ക് കൂടുതല്‍ പ്രിയം.

പ്രീഡിഗ്രി കാലത്തിനിടയ്ക്കായിരുന്നു സൈനാബിയുടെ വിവാഹവും. അധികം വൈകാതെ തന്നെ മൂന്നു കുട്ടികളുടെ ഉമ്മയുമായി. വിവാഹശേഷമാണ് തന്റെ ഓരോ സ്വപ്‌നങ്ങളുടെയും ചിറകു മുളച്ചതെന്നാണ് സൈനാബി ടീച്ചര്‍ പറയുന്നത്. കുട്ടികളെ വളര്‍ത്തുന്നതിനോടൊപ്പം തന്നെ ടി.ടി.സി പാസ്സായി മുക്കത്തെ മുസ്ലിം ഓര്‍ഫനേജ് ഹൈസ്‌കൂളിലെ അധ്യാപികയായി. എന്നും യാത്രകളെ കുറിച്ച് പറയുകയും യാത്രകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തിരുന്ന ടീച്ചറുടെ ഫാന്‍സായി ശിഷ്യന്മാരുടെ ഒരു നീണ്ടനിര തന്നെയുണ്ട്. മുഹമ്മദലി ശിഹാബ് ഐ.എ.എസ് അടക്കം നിരവധി പ്രമുഖര്‍ ടീച്ചറുടെ ശിഷ്യന്മാരുടെ കൂട്ടത്തിലുണ്ട്. അധ്യാപന ജീവിതത്തിനിടയില്‍ കുട്ടികള്‍ക്കൊപ്പമുള്ള യാത്രകളിലൂടെയാണ് ടീച്ചറുടെ സ്വപ്നങ്ങള്‍ ചിറകുവെയ്ക്കുന്നത്. ബംഗളുരുവിലേക്കായിരുന്നു കന്നിയാത്ര. ആദ്യയാത്രയിലെ അനുഭവങ്ങള്‍ ടീച്ചറെ വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചു.

2005 ലാണ് അധ്യാപന ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നത്. എപ്പോഴും എന്തെങ്കിലും കാര്യത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണ് ടീച്ചറുടെ പ്രകൃതം. അതുകൊണ്ട് തന്നെ റിട്ടയര്‍മെന്റിനു ശേഷവും സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. സര്‍വ്വ ശിക്ഷ അഭിയാന്റെ പ്രവര്‍ത്തനത്തിനായും മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളത്തില്‍ അങ്ങളോമിങ്ങോളം ടീച്ചര്‍ യാത്ര ചെയ്തു. അതുകൊണ്ട് തന്നെ അടുത്ത ലക്ഷ്യം ഇന്ത്യയിലുടനീളവും വിദേശത്തേക്കും യാത്ര ചെയ്യണമെന്നായിരുന്നു.

ആയിടയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ഭാരത് ദര്‍ശന്‍ പദ്ധതി ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഐ.ആര്‍.സി.ടി.സി. ആവിഷ്‌കരിച്ചിട്ടുള്ള ചെലവുകുറഞ്ഞ ഒരു പദ്ധതിയാണ് ഭാരത് ദര്‍ശന്‍. തന്റെ സ്വപ്നങ്ങള്‍ക്ക് ഭര്‍ത്താവ് അലിയും ഒരു വിലങ്ങുതടിയായില്ല. അങ്ങനെ 55ാം വയസ്സില്‍ സൈനാബി ടീച്ചര്‍ തന്റെ യാത്രകള്‍ ആരംഭിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, സിംല എന്നിവിടങ്ങിലേക്കായിരുന്നു ആദ്യ യാത്ര. തുടര്‍ന്നുള്ള ഐ.ആര്‍.ടി.സി യുടെ എല്ലാ യാത്രകളിലെയും നിറസാന്നിധ്യമാണ് സൈനാബി ടീച്ചര്‍.

അങ്ങനെ യാത്രകളുടെ സ്വപ്നത്തേരിലേറി പോകുമ്പോഴാണ് പെട്ടന്ന് അവിചാരിചതമായി ഭര്‍ത്താവ് മരണപ്പെടുന്നത്. ഭര്‍ത്താവിന്റെ വിയോഗത്തിലെ ഏകാന്തതയില്‍ നിന്നും ടീച്ചറെ കരക്കയറ്റിയതും യാത്രകളാണ്. ഓരോ കാഴ്ചകളാണ്, അനുഭവങ്ങളാണ്. വ്യത്യസ്തരായ ആളുകള്‍ക്കൊപ്പമുള്ള ദീര്‍ഘ യാത്രകള്‍ എന്നും വ്യത്യ്സത അനുഭവങ്ങളായിരുന്നു. തന്റെ പ്രായത്തെ മാനിക്കുന്നതിലുപരി കുടുംബത്തിലെ അംഗത്തെ പോലെയാണ് ഓരോരുത്തരും പെരുമാറിയിരുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വിരാമമില്ലാതെ തുടരുന്ന കാലത്ത്, വയോധിക എന്ന പോലും പരിഗണന പോലൂം നല്‍കാതെയാണ് ഓരോ അക്രമങ്ങളും നടക്കുന്നത്. എന്നാല്‍ ഇതുവരെയും ഒരു യാത്രക്കിടയിലും മോശമായ അനുഭവം തനിക്കുണ്ടായിട്ടില്ലെന്നാണ് സൈനാബി ടീച്ചര്‍ പറയുന്നത്.

ഒരിക്കല്‍ ഫോണും പൊന്നുപോലെ സൂക്ഷിച്ചിരുന്ന ക്യാമറയും അടങ്ങിയ ബാഗ് ട്രെയിനില്‍ നിന്ന് നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് വിഷമം തോന്നിയിട്ടുള്ളൂ. ഒരുപാട് ചിത്രങ്ങളും പലരുടെയും നമ്പറുകളും (പ്രത്യേകിച്ച് ടൂര്‍ പാക്കേജുകളുടെ) നഷ്ടമായി. ഹജ്ജ് ചെയ്തതിലൂടെയാണ് ടീച്ചര്‍ തന്റെ വിദേശ യാത്രകള്‍ ആരംഭിച്ചത്. അത് ശരിക്കും ഒരു തുടക്കമായിരുന്നു. പിന്നീട് ചിത്രങ്ങളില്‍ മാത്രം കണ്ട് രസിച്ചിരുന്ന സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങി നിരവധി വിദേശരാജ്യങ്ങളിലെ പല സ്ഥലങ്ങളും നേരിട്ട് കാണാനും സാധിച്ചു. സിങ്കപ്പൂര്‍, മലേഷ്യ, ഭൂട്ടാന്‍, തായ്ലാന്റ് തുടങ്ങി ആറ് വിദേശരാജ്യങ്ങളാണ് ടീച്ചര്‍ സുപരിചിതമായിരിക്കുന്നത്. ഇതില്‍ മലേഷ്യന്‍ യാത്ര മാത്രമാണ് ടീച്ചര്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്തിട്ടുള്ളത്.

സിങ്കപ്പൂര്‍ യാത്രക്കിടയിലായിരുന്നു സഹോദരിയുടെ മരണം. അവസാന ഘട്ട ഒരുക്കത്തിലാണ് സഹോദരിക്ക് അസുഖം ബാധിച്ച് ആശുപത്രിയിലാകുന്നത്. യാത്രതിരിക്കാനായി വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് സഹോദരിയുടെ അസുഖവിവരം അറിയുന്നത്. 'സുഖപ്പെടുമെന്ന് കരുതി യാത്ര തിരിച്ചെങ്കിലും തിരികെയെത്തിയപ്പോള്‍ സഹോദരിയുടെ മയ്യത്തായിരുന്നു എന്നെയും കാത്ത് വീട്ടിലുണ്ടായിരുന്നത്.'- ടീച്ചര്‍ പറയുന്നു.

ഈ സ്ഥലങ്ങള്‍ പോലെ തന്നെ പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്ന സ്ഥലമാണ് ബാലി. കശ്മീരിലെ താഴ്‌വരയിലേക്കുള്ള യാത്ര കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ്. പോകാനായി എല്ലാവിധ ഒരുക്കങ്ങളും കഴിഞ്ഞു. എന്നാല്‍ അവസാന നിമിഷം എല്ലാം തകര്‍ന്നു. കശ്മീരില്‍ ക്ഠ്വ സംഭവം മൂലം യാത്ര മുടങ്ങുകയായിരുന്നു.

പെന്‍ഷന്‍ തുകയില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി കഴിച്ചതിന്റെ ബാക്കി പണം മാത്രമാണ് യാത്രകള്‍ക്കായി നീക്കിവെയ്ക്കുന്നത്. വിനോദയാത്രയുടെ സന്തോഷനിമിഷങ്ങള്‍ മാത്രമല്ല, യാത്രക്കിടയിലെ ഓരോ നാടുകളിലെയും വേദനിപ്പിക്കുന്ന അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, അല്‍ഹബാദ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ കഷ്ടപ്പാടുകള്‍ മനസ്സിനെ ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ അവസ്ഥകള്‍ കണ്ണുനനയ്ക്കുന്നതാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും കാര്യക്ഷമമായ രീതിയില്‍ ലഭിക്കുന്നില്ല. ഒരിക്കല്‍ മധ്യപ്രദേശിലെ ഒരു സ്‌കൂളില്‍ പോയി ഞാന്‍ കുട്ടികളെ സൗജന്യമായി പഠിപ്പിക്കട്ടെ എന്ന് ചോദിച്ചു. കുട്ടികളെ പഠിപ്പിക്കേണ്ട കാര്യത്തില്‍ മുതിര്‍ന്നവരും അത്ര ബോധവാന്മാരല്ല. കേവലം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നതിനപ്പുറം ഇന്ത്യയിലെ തെരുവുകളുടെ ഭീകര മുഖമാണ് അവിടെയെല്ലാം കാണാന്‍ സാധിക്കുക.

യാത്ര ചെയ്യുന്നതോടൊപ്പം തന്നെ ഓരോ സ്ഥലങ്ങളുടെയും ഓര്‍മ്മയാക്കായി അവിടുത്തെ പ്രത്യേക സാധനങ്ങള്‍ വാങ്ങി ശേഖരിക്കുന്ന ശീലവും ടീച്ചര്‍ക്കുണ്ട്. കൂടാതെ ഓരോ സ്ഥലങ്ങളില്‍ പോയാലും അവിടുത്തെ വസ്ത്രധാരണവും ശൈലികളും പിന്തുടരാനും ശ്രമിക്കാറുണ്ട്. ഈ ശീലം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കുട്ടിക്കാലം മുതലേ നാണയങ്ങള്‍, സ്റ്റാമ്പുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ ശേഖരിക്കുന്ന ശീലം ടീച്ചര്‍ക്കുണ്ട്. കൂടാതെ അധ്യാപികയായിരിക്കെ നിരവധി ദേശീയ സെമിനാറുകളില്‍ ഇംഗ്ലീഷ് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlights: sainabi teacher, the senior woman traveller

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram