കൊല്ലം : സമൂഹത്തില്‍ സത്രീ സുരക്ഷിതത്വം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് കൊല്ലം കോര്‍പ്പറേഷന്‍ ഷീ ലോഡ്ജ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മറ്റുമായി നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരിടം എന്ന ചിന്തയില്‍ നിന്നാണ് ഷീ ലോഡ്ജ് പിറക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം തുടങ്ങിയ നഗരസഭകളില്‍ നേരത്തെ ആരംഭിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ട്. വനിതകള്‍ക്കു നിര്‍ഭയമായും സുരക്ഷിതമായും താമസിക്കാന്‍ പറ്റുന്ന ഷി ലോഡ്ജ് നഗരത്തിന്റെ ഹൃദയഭാഗത്ത് പോളയത്തോടാണ് പ്രവര്‍ത്തിക്കുന്നത്. രാത്രിയില്‍ സ്തീകള്‍ക്ക് നഗരത്തില്‍ തങ്ങേണ്ടി വരുമ്പോള്‍ തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തില്‍ സുരക്ഷിതത്വം ഒരുക്കാന്‍ ഷീ ലോഡ്ജിലൂടെ കോര്‍പ്പറേഷന്‍ ശ്രമിച്ചിട്ടുണ്ട്.
ഇവിടെ ഇങ്ങനെ
രാത്രി കാലങ്ങളില്‍ നഗരങ്ങളില്‍ എത്തുന്ന സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കുക എന്നലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ 2017-2018 ബഡ്ജറ്റിലാണ് ഷീ ലോഡ്ജ് എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഷീ ലോഡ്ജില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പ്രവേശനം. രാത്രി എട്ടിനുശേഷം വരുന്ന സ്ത്രീകള്‍ക്ക് പോലീസിന്റെസഹായത്തോടെ ഷീ ലോഡ്ജില്‍ പ്രവേശനം ലഭിക്കും. സ്ഥലം എസ്.ഐയും ഉള്‍പ്പെടുന്നതാണ് ഷീലോഡ്ജ് ഗവേര്‍ണിംഗ് കമ്മിറ്റി. അതുകൊണ്ടുതന്നെ പോലീസിന്റെ സഹായവും എല്ലായ്‌പ്പോഴും ലഭിക്കും. നേരിട്ടും ഫോണ്‍ വഴിയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും പ്രവേശനം സാദ്ധ്യമാകും. കൊല്ലം ബസ്റ്റാന്‍ഡില്‍ നിന്നും 3.5 കിലോമീറ്ററും റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 1.7 കിലോമീറ്ററുമാണ് പോളയത്തോട് സ്ഥിതിചെയ്യുന്ന ഷീലോഡ്ജിലേക്കുള്ള ദൂരം. കിടക്കയൊന്നിന് ദിവസവാടക 300 രൂപമാത്രം. ഫോണ്‍ 0474 2752200
പ്രവര്‍ത്തനം
കോര്‍പ്പറേഷന്‍ തന്നെ നേരിട്ടാണ് ഷീ ലോഡ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രണ്ട് വാര്‍ഡന്‍മാര്‍ക്കാണ് ഷീ ലോഡ്ജിന്റെ മേല്‍നോട്ടം. കുടുംബശ്രീ പ്രവര്‍ത്തകരായ ഇവരെ കോര്‍പ്പറേഷനില്‍ അഭിമുഖം നടത്തിയാണ് തിരഞ്ഞെടുത്തത്. 24 മണിക്കൂറും ഇവരുടെ മേല്‍നോട്ടം ഷീ ലോഡ്ജില്‍ ഉണ്ടാകും. രാത്രിയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും വാര്‍ഡര്‍മാര്‍ ഉണ്ടാകുക. സെക്യൂരിററിയെയും ക്ലീനിംഗ് സ്റ്റാഫിനെയും ഉടന്‍ നിയമിക്കും. ഇപ്പോഴുള്ള വാര്‍ഡന്മാര്‍ക്ക് ഒരുവര്‍ഷം കോര്‍പ്പറേഷന്‍ നേരിട്ട് ശമ്പളം നല്‍കും.
അതിനുശേഷം ഷീ ലോഡ്ജിന്റെ വരുമാനത്തില്‍ നി്ന്നായിരിക്കും അവരുടെ ശമ്പളം. മൂന്നുവര്‍ഷത്തേക്ക് വാടക കെട്ടിടത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. 2400 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന് 23000രൂപയാണ് പ്രതിമാസ വാടക. വീടുപോലത്തെ അന്തരീക്ഷമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. വീടിനേക്കാളേറെ സുരക്ഷിതമായവേറൊരിടം ഇല്ലെന്ന ആശയത്തില്‍ നിന്നാണിത്. അഞ്ചു മുറികളുള്ള വീടാണ്. ഒരു മുറിയില്‍ രണ്ടോ മൂന്നോ ബെഡുകള്‍ വീതമാണുള്ളത്. നിലവില്‍ 11 ബെഡുകള്‍ മാത്രമാണുള്ളത്. 15 ബെഡുകള്‍ക്കുള്ള സ്ഥലമാണ് ഇവിടെയുള്ളത്. അടുക്കള, ഒരു ഹാള്‍, ബാത്ത് റൂമുകള്‍, സിറ്റ് ഔട്ട് എന്നിവയും ഇവിടെയുണ്ട്.
തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ഷീ ലോഡ്ജുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നുണ്ട്. എന്നാല്‍ ഇവിടെ നിലവില്‍ അതിനുള്ള സംവിധാനങ്ങള്‍ ഇല്ല. ഷീ ലോഡ്ജിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കുന്നതിനേക്കുറിച്ച് ആലോചിക്കും. മലയാളികള്‍ക്കുമാത്രമാണ് ഇപ്പോള്‍ പ്രവേശനം. ഫോണ്‍വഴിയും നേരിട്ടും ഓണ്‍ലൈനായും ഷീ ലോഡ്ജില്‍ പ്രവേശനം നേടാം. ഷീ ലോഡ്ജിന് പ്രത്യേകമായി ടെലഫോണ്‍ സൗകര്യവുമുണ്ട്. ഓണ്‍ലൈന്‍ സൈറ്റ് ഉടന്‍ പ്രസിദ്ധപ്പെടുത്തും.
content highlights: she lodges in kerala