മജിസിയ ഭാനു. കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി മണവാട്ടി സ്റ്റോപ്പിലെ കല്ലേരി മൊയിലോത്ത് അബ്ദുള്‍ മജീദിന്റെയും റസിയയുടെയും മകള്‍. സ്വപ്നങ്ങള്‍ക്ക് പിറകെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതുന്ന പെണ്‍കുട്ടി. മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ മജിസിയ കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്യുകയാണ്. കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള ചാംപ്യന്‍ഷിപ്പില്‍ 'വിമന്‍സ് മോഡല്‍ ഫിസിക്സ്' വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് മജിസിയ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബോഡി ബില്‍ഡിങ്ങില്‍ പങ്കെടുക്കുന്ന ഹിജാബ് ധരിച്ച പെണ്‍കുട്ടി എന്ന നിലയില്‍. മുമ്പ് ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ശ്രദ്ധേയായിരുന്നു മജ്സിയ.
കായികതാരമാവാന്‍ മോഹിച്ച പെണ്‍കുട്ടി
കായികതാരമാകാനായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. സമൂഹം പെണ്‍കുട്ടികള്‍ക്ക് കല്‍പ്പിച്ച് നല്‍കുന്നതിനോടായിരുന്നില്ല പ്രിയം. പകരം, കായികമേഖലയില്‍ ആണുങ്ങള്‍ക്ക് സാധിക്കുന്നതെന്തോ അത് തനിക്കും ചെയ്യണമെന്ന മോഹം.
സ്‌കൂള്‍ കാലത്തേ കായിക മത്സരങ്ങളില്‍പങ്കെടുക്കുമായിരുന്നു മജ്സിയ. ലോങ്ജമ്പ്, ഹൈജമ്പ്, ഓട്ടം പോലുള്ള ഇനങ്ങളിലെല്ലാം പങ്കെടുത്തു. സമ്മാനങ്ങള്‍ നേടി. മുതിര്‍ന്നപ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായി മോഹം.
കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനായ രാംദാസിനോട് അഭിപ്രായമാരാഞ്ഞു. ഓട്ടം, ചാട്ടം പോലുള്ള ഇനങ്ങളില്‍ ശ്രദ്ധിച്ചൂകൂടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ മജിസിയയ്ക്ക് അത് പോരായിരുന്നു. കായികരംഗത്ത് തനിക്ക് ആണിനെപ്പോലെ ചിന്തിക്കുകയും ആണിനെപ്പോലെ ആവുകയും വേണമെന്നായിരുന്നു അവളുടെ മറുപടി.
അങ്ങനെ രാംദാസ് ചൂണ്ടിക്കാട്ടിയ പവര്‍സ്‌പോര്‍ട്‌സ് ഇനങ്ങളിലേക്ക് മജിസിയ ശ്രദ്ധതിരിച്ചു. ബോക്‌സിങ് ആയിരുന്നു ആദ്യം. ആ രംഗത്ത് ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ മത്സരിക്കുകയും ചെയ്തു. മജിസിയയുടെ കായികശേഷി തിരിച്ചറിഞ്ഞ ബോക്‌സിങ് പരിശീലകനാണ് അവളെ പവര്‍ലിഫ്റ്റിങിലേക്ക് വഴിതിരിച്ചുവിടുന്നത്.
ആ രംഗത്ത് പരിശീലനം തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കോഴിക്കോട് ജില്ലാ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം ഇനത്തില്‍ നിലവിലുള്ള താരങ്ങളെ പരാജയപ്പെടുത്തി മജിസിയ നേട്ടം കൈവരിച്ചു. സംസ്ഥാന തലവും ദേശീയതലവും കടന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ഇന്തോനീഷ്യയില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും വെള്ളിമെഡല്‍ ജേതാവാവുകയും ചെയ്തു. തൊട്ടുപിന്നാലെ ഡിസംബറില്‍ ആലപ്പുഴയില്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒരിക്കല്‍ കൂടി രാജ്യത്തിന് വേണ്ടി വെള്ളിമെഡല്‍ ജേതാവായി.
ബോഡി ബില്‍ഡിങ്ങിലേക്ക്
യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ ഒരു പെണ്‍കുട്ടി കടന്നുവരാന്‍ മടിക്കുന്ന ഇടമാണ് സ്ത്രീകളുടെ ശരീരാരോഗ്യ പ്രദര്‍ശന മത്സരം. മജിസിയയുടെ മനസിലും ബോഡി ബില്‍ഡിങ് മത്സരത്തോട് അത്ര നല്ല അഭിപ്രായമായിരുന്നില്ല. ശരീരം പ്രദര്‍ശിപ്പിക്കണമെന്ന് ഒട്ടും ആഗ്രഹിച്ചിരുന്നുമില്ല.
പക്ഷെ, പ്രതിശ്രുത വരന്‍ അഫ്ഗാന്‍ സ്വദേശി നൂര്‍ അഹമ്മദ് കൊഹ്ആന്‍ അലിസായിയാണ് ബോഡിബില്‍ഡിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ മജിസിയയ്ക്ക് പ്രചോദനം നല്‍കിയത്. ബോഡി ബില്‍ഡിങ്ങിലേക്കുള്ള വരവില്‍ മജിസിയയ്ക്ക് അദ്ദേഹം നല്‍കിയ മനോധൈര്യം ഏറെ വലുതായിരുന്നു.
വേഷത്തെ കുറിച്ചായിരുന്നു മജിസിയയുടെ പ്രധാന ആശങ്ക. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍. അറേബ്യന്‍ ബോഡി ബില്‍ഡിങ് കായിക താരങ്ങളെ കുറിച്ചും അവിടെ നടക്കുന്ന ബോഡി ബില്‍ഡിങ് മത്സരങ്ങളെ കുറിച്ചുമെല്ലാം പരിചയപ്പെടുത്തിയത് നൂര്‍ അഹമ്മദാണ്.
ബോഡി ബില്‍ഡിങ് മത്സരവേദിയിലെത്തിയപ്പോള്‍ സദസ്സില്‍നിന്നു വലിയ പിന്തുണയാണ് മജിസിയയ്ക്ക് ലഭിച്ചത്.
ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍
പതിവുകളില്‍നിന്നും മാറി സഞ്ചരിക്കുന്ന പെണ്‍കുട്ടികള്‍ നേരിടേണ്ടി വരാറുള്ള പിന്തിരിപ്പിക്കല്‍ ശ്രമങ്ങളും നിരുത്സാഹപ്പെടുത്തലുകളും മജിസിയയും നേരിട്ടു. 'ഇത് എന്റെ ഇഷ്ടമാണ്, അതുകൊണ്ട് ഞാനിത് ചെയ്യുന്നു' എന്നാണ് അവള്‍ മറുപടി നല്‍കിയത്. നേട്ടങ്ങള്‍ കൈവന്നപ്പോള്‍ ചോദ്യങ്ങള്‍ കുറഞ്ഞു. മതവിശ്വാസത്തില്‍നിന്നു വഴിമാറി സഞ്ചരിക്കാന്‍ തയ്യാറായില്ല. നേട്ടങ്ങള്‍ക്ക് വേണ്ടി അതില്‍ വിട്ടുവീഴ്ചകള്‍ ചെയ്തതുമില്ല.
'ബോഡി ബില്‍ഡിങ്ങിലെത്തുന്ന പെണ്‍കുട്ടികള്‍ പലപ്പോഴും അവര്‍ക്ക് താല്‍പ്പര്യമില്ലാത്ത വേഷങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാകാറുണ്ട്. ഈ വസ്ത്രം ധരിച്ചാലേ നേട്ടമുണ്ടാവൂ എന്ന് അവര്‍ കരുതുന്നു. ഏത് വസ്ത്രമാണോ ഞാന്‍ ആഗ്രഹിക്കുന്നത് അതാണ് ഞാന്‍ ധരിച്ചത്. ആര്‍ക്കും വേണ്ടി നമ്മള്‍ മാറേണ്ടതില്ല. നമ്മളെന്താണോ അതായിരിക്കണം നമ്മള്‍.
ഹിജാബ് ധരിക്കാന്‍ ഒരു മുസ്ലീം സ്ത്രീ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് ധരിക്കേണ്ടതില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഹിജാബ് ധരിക്കണം എന്നാഗ്രഹിക്കുന്നെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഹിജാബ് ധരിച്ചതുകൊണ്ടുമാത്രം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കരുതരുത്. അങ്ങനെയുള്ളവര്‍ക്ക് ഞാന്‍ ഒരു മാതൃകയാണെന്നാണ് എനിക്ക് തോന്നുന്നത്.'
ചെയ്തതൊന്നും തെറ്റല്ല
ചുരുങ്ങിയ കാലത്തിനുള്ളിലാണ് മജിസിയയുടെ നേട്ടങ്ങളെല്ലാം തന്നെ. ഏകദേശം ഒന്നര വര്‍ഷം കൊണ്ട്. കുടുംബത്തില്‍നിന്നുള്ള പിന്തുണയില്ലായിരുന്നുവെങ്കില്‍ മജിസിയ ഈ നേട്ടങ്ങള്‍ ഒന്നും കൈവരിക്കില്ലായിരുന്നു. ഉമ്മയും ഉപ്പയും സഹോദരും അടങ്ങുന്ന കുടുംബം അവള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ഇഷ്ടമുള്ളത് നേടിയെടുക്കാന്‍ പിന്തുണ നല്‍കി.
മകളെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരോടെല്ലാം 'അവള്‍ തെറ്റായൊന്നും ചെയ്യുന്നില്ലല്ലോ എന്നാണ് മജിസിയയുടെ മാതാപിതാക്കള്‍ മറുപടി നല്‍കിയത്. മക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നല്‍കാനും അവര്‍ തയ്യാറായി.
തങ്ങള്‍ക്കില്ലാത്ത വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കട്ടെ എന്നായിരുന്നു ഉപ്പയുടെ നിലപാടെന്ന് മജിസിയ പറയുന്നു. അധികം പഠിച്ചില്ലെങ്കിലും പഠിച്ചവരേക്കാള്‍ ചിന്താശേഷിയുള്ളവളാണ് തന്റെ ഉമ്മയെന്നും അവള്‍ അഭിമാനത്തോടെ പറയുന്നു. ഒപ്പം നില്‍ക്കുന്ന അനുജനോടും അവള്‍ കടപ്പെട്ടവളാവുന്നു. തന്റെ ജീവിതപങ്കാളിയാവാന്‍ കടല്‍ കടന്നെത്തിയ നൂര്‍ അഹമ്മദിനോടും അവള്‍ നന്ദി പറയുന്നു. ദൈവത്തോടും മജിസിയ നന്ദി ചൊല്ലുന്നു.
സ്ത്രീകളോട് പറയാനുള്ളത്
സ്ത്രീകള്‍ ദുര്‍ബലരല്ല. പലപ്പോഴും പുരുഷന്മാരേക്കാള്‍ മുന്നിലാണ് സ്ത്രീകളെന്ന് മജിസിയ പറയുന്നു.
മറ്റെന്തിനെക്കാളും സ്ത്രീകള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ തലമുറ കൂടുതല്‍ ദുര്‍ബലരാണ്. കാരണം പഴയ തലമുറ കഠിനാധ്വാനികളായിരുന്നു, നല്ലപോലെ നടക്കുമായിരുന്നു. പാടത്തും പറമ്പിലുമെല്ലാം നന്നായി പണിയെടുക്കുമായിരുന്നു. അതുപോലെ പഴയ തലമുറയിലെ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യവതികളാണെന്നും കാണാം.
പക്ഷെ ഇന്നുള്ളവര്‍ സദാ സ്മാര്‍ട്‌ഫോണിനൊപ്പമാണ്. നടത്തം കുറവാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നു. അതുകൊണ്ട് ജിമ്മില്‍ പോവാനും വ്യായാമങ്ങള്‍ ചെയ്യാനും അവര്‍ തയ്യാറാവണം. അത് വലിയ ആത്മവിശ്വാസം തരും. ഉന്മേഷം തരും. എന്തും ചെയ്യാന്‍ നമ്മള്‍ പ്രേരിതമാവും.
ഭാവി പദ്ധതി
ഒരു അക്കാദമി തുടങ്ങണമെന്നാണ് മജിസിയയുടെ ആഗ്രഹം. തന്നെ പോലെയാവാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി. അവരുടെ ആരോഗ്യ പരിപാലനത്തിന് അവസരം ഒരുക്കുക. കോഴിക്കോട് തന്നെയായിരിക്കും അത് ആരംഭിക്കുകയെന്നും മജിസിയ പറയുന്നു. സര്‍വ്വ പിന്തുണയോടെ ഭാവിവരന്‍ കൂടെയുള്ളതും കുടുംബത്തിന്റെ പിന്തുണയും മജിസിയയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു.