മൂന്നു മലയാളി സുഹൃത്തുക്കളുടെ ത്രിലോക് എന്ന ബാന്‍ഡ് പുറത്തിറക്കിയ വിമുക്തി എന്ന സംഗീത ആല്‍ബത്തെക്കുറിച്ച്... സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാവുന്ന അക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കുകയാണ് ഈ ആല്‍ബത്തിലൂടെ.
വിമുക്തിയെക്കുറിച്ച്
നമ്മുടെ ഓര്‍മകളില്‍ നിന്ന് മായ്ക്കാന്‍ പറ്റാത്ത ചില ക്രൂരമായ സംഭവങ്ങളുടെ ഓര്‍മപ്പെടുത്തല്‍ ആണ് വിമുക്തി. ആസിഫ, ജിഷ,വാളയാര്‍ സഹോദരിമാര്‍, മനീഷ വാല്‍മീകി ഇങ്ങനെ ഓര്‍ത്തെടുത്താല്‍ തീരാത്ത എത്രയധികം പേരുകളാണ് നമ്മുടെയൊക്കെ മനസ്സില്‍.. നമ്മുടെ അമ്മയും സഹോദരിമാരും അടങ്ങുന്ന ഈ സമൂഹത്തില്‍ ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നവര്‍ക്ക് ധൈര്യം പകരാനും അവരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താനും സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുവാനും ശ്രമിക്കുകയാണ് ത്രിലോക് ബാന്‍ഡിന്റെ വിമുക്തി എന്ന സംഗീത ആല്‍ബം. കഴിഞ്ഞവര്‍ഷം അന്താരാഷ്ട്ര വനിതാദിനത്തിലായിരുന്നു വിമുക്തിയുടെ ഓഡിയോ റിലീസ് ചെയ്തത്. ഇപ്പോള്‍ വീഡിയോ കൂടി ഞങ്ങള്‍ റിലീസ് ചെയ്യുന്നു. മനു മോഹനാണ് ഇതിന്റെ ഇലസ്ട്രേഷന്‍ ചെയ്തിരിക്കുന്നത്.
ത്രിലോക് എന്ന പേര്
പേര് സൂചിപ്പിക്കുന്നത് മൂന്നു ലോകങ്ങളെയാണ്. സ്വര്‍ഗം ,ഭൂമി ,നരകം. അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ വ്യത്യസ്തമായ പല ഭാവങ്ങള്‍. ഞങ്ങളുടെ സംഗീതവും ഇതു തന്നെയാണ്. ഈ പ്രപഞ്ചത്തിന്റെ അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ വ്യത്യസ്തമായ ഭാവങ്ങളും വികാരങ്ങളും സംഗീതത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുക. സുജിത് എഡ്വിന്‍, സുരാജ് കെ.വി., അര്‍ജുന്‍ മോഹന്‍ എന്നിവരാണ് ത്രിലോക് ബോന്‍ഡിലെ അംഗങ്ങള്‍. മൂന്നുപേരും യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന മലയാളികളാണ്.
എന്താണ് ത്രിലോകിന്റെ സംഗീതം ?
ത്രിലോക് എന്നും ആസ്വാദകരുടെ ഭാഗത്തു തന്നെയാണ്. ഏതൊരു ആസ്വാദകനും ഇഷ്ടപ്പെടുന്നതും ലളിതവും എന്നാല്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമായിരിക്കും ത്രിലോകിന്റേത്. ഒപ്പം ഞങ്ങളുടേതായ ഒരു കൈയൊപ്പ് ഉണ്ടായിരിക്കുകയും ചെയ്യും അതിലെല്ലാം. സിനിമ ഗാനങ്ങളുടെ കവര്‍ വേര്‍ഷന്‍സ് ചെയ്യുന്നതിനേക്കാള്‍ ക്രിയേറ്റീവ് സൈഡിനു ഊന്നല്‍ കൊടുക്കാനാണ് ശ്രമിക്കാറ്. അതുകൊണ്ട് തന്നെ സംഗീതത്തില്‍ ഞങ്ങളുടെ പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. ഞങ്ങളുടെ വ്യക്തിത്വം ,കാഴ്ചപ്പാടുകള്‍, വികാരങ്ങള്‍ എല്ലാത്തിന്റെയും ഒരു കൂടിച്ചേരലാണ് ത്രിലോകിന്റെ സംഗീതം.
Content Highlights: International Women's day 2020 Protest Violence Against Women Video