'കിട്ടുന്ന വണ്ടികയറിയും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയുമാണ് ഞാന്‍ ഇന്ത്യ മുഴുവന്‍ കണ്ടത്'


By പി.ഭാഗ്യശ്രീ

4 min read
Read later
Print
Share

ജീവിതത്തിന്റെ റിട്ടയര്‍മെന്റ് കാലത്താണ് തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ആ ഇറങ്ങിപ്പോക്കുകള്‍ രാജനന്ദിനി ആരംഭിക്കുന്നത്. നിന്നും നടന്നും കിട്ടുന്ന ബസില്‍ വലിഞ്ഞു കയറിയും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയും ഏകാന്തത ആസ്വദിച്ച് രാജനന്ദിനി ഊരു ചുറ്റി.

രാജനന്ദിനി

തിനാലാം വയസിലായിരുന്നു രാജനന്ദിനിയുടെ വിവാഹം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍. അമ്മാവന്റെ മകന്‍ കെ.എം വിജയനായിരുന്നു വരന്‍. അന്ന് അവസാനിച്ചുവെന്ന് കരുതിയതായിരുന്നു വിദ്യാഭ്യാസം. പക്ഷേ രണ്ട് മക്കളുടെ വളര്‍ച്ചയ്ക്കിടയില്‍, കുടുംബമെന്ന ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ രാജനന്ദിനി പുസ്തകങ്ങളിലേക്കിറങ്ങി. അടുക്കളയില്‍,ഏകാന്ത പകലുകളില്‍, കുഞ്ഞുങ്ങള്‍ ഉറക്കത്തിലാണ്ട പാതിരാ നേരത്ത്....വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനൊപ്പം എഴുത്തും വരകളും പരന്ന വായനയും.

രണ്ടുമക്കളും സ്വന്തം കാലില്‍ നിന്നപ്പോള്‍ രാജനന്ദിനി പിന്നെ ഒന്നും നോക്കിയില്ല. ഒരു പോക്കായിരുന്നു. വായനയ്ക്കിടയില്‍ കൂട്ടിമുട്ടിയ ഇടങ്ങളിലേക്ക്. യാത്രകളായി പിന്നെ ലഹരി. വീട്ടിലെ വിരുന്നുകാരിയായി. പക്ഷേ ആ യാത്രകളൊന്നും മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നില്ല. കൂട്ടിന് ആളെയോ കൊണ്ടുപോകാന്‍ ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരെയോ വിളിച്ചില്ല, ബൈക്ക് റൈഡുമില്ല. നിന്നും നടന്നും കിട്ടുന്ന ബസില്‍ വലിഞ്ഞു കയറിയും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയും ഏകാന്തത ആസ്വദിച്ച് രാജനന്ദിനി ഊരു ചുറ്റി.

ജീവിതത്തിന്റെ റിട്ടയര്‍മെന്റ് കാലത്താണ് തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ആ ഇറങ്ങിപ്പോക്കുകള്‍ രാജനന്ദിനി ആരംഭിക്കുന്നത്. ആ പോക്ക് ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നു. കേരളമറിയുന്ന ഏകാന്ത യാത്രികയാണിന്നവര്‍. അതിശയിപ്പിക്കുന്ന ഊര്‍ജമാണവര്‍ക്ക്. രാജ്യം മുഴുവന്‍ നടന്ന് കണ്ട വിശേഷങ്ങള്‍ പറയുമ്പോള്‍ രാജനന്ദിനിയുടെ ചെറിയ മിഴികള്‍ തിളങ്ങും. കശ്മീരിന്റെ കുങ്കുമപ്പൂക്കള്‍ ഇന്നും അവര്‍ കൂടെ കൊണ്ട് നടക്കുന്നുണ്ട്. സ്‌നേഹത്തോടെ അത് സമ്മാനിച്ച കളങ്കമില്ലാത്ത ഗ്രാമീണരുടെ ഓര്‍മ്മയ്ക്കായി.

rajanandini

ഒറ്റയ്ക്കുള്ള യാത്രകളുടെ തുടക്കം

പത്ത് വര്‍ഷം മുന്‍പാണ് ഞാന്‍ ആദ്യമായി കൈലാസയാത്രയ്ക്ക് പോയത്. കൂട്ടിന് കുറേ പേരുണ്ടായിരുന്നു. വീട്ടില്‍ നിന്ന് മാറിനിന്നുള്ള ആ യാത്ര പരമാവധി ആസ്വദിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ കൂടെ ഉണ്ടായിരുന്നവര്‍ അപ്പോഴും വീടും വീട്ടുകാര്യവും പറഞ്ഞുകൊണ്ടേ ഇരുന്നു. കൂടെ ആളും ബഹളവുമാകുമ്പോള്‍ യാത്രയുടെ സത്ത ചോര്‍ന്നുപോകുന്ന പോലെ. അന്ന് തീരുമാനിച്ചതാണ് യാത്രകള്‍ ഇനി തനിച്ചു മതിയെന്ന്.

തൃശൂര്‍ പുത്തഞ്ചിറയിലാണ് എന്റെ വീട്. ചെറുപ്രായത്തിലേ വിവാഹം കഴിഞ്ഞതാണെന്റെ. പതിനാല് വയസില്‍.ഒരു മകനും മകളുമാണെനിക്ക്. ഇരുവര്‍ക്കും ജോലിയായി. വിവാഹം കഴിഞ്ഞു. വാര്‍ധക്യത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്ന സമയത്താണ് യാത്രകളെ കുറിച്ചാലോചിച്ചത്. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കുള്ളിലും ഒരു ചെറിയ പെണ്‍കുട്ടിയുണ്ടല്ലോ. ഞാനവളെ തുറന്നു വിട്ടു. ഭര്‍ത്താവും കുട്ടികളും ഒപ്പം നിന്നു

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ

എന്റെ യാത്രകളത്രയും പ്രകൃതിയെ തൊട്ടറിയാനുള്ളതാണ്. വടക്കുകിഴക്കന്‍ നാല് സംസ്ഥാനങ്ങളൊഴിച്ച് ഇന്ത്യ മുഴുവന്‍ ചുറ്റിക്കണ്ടു. പറഞ്ഞുകേട്ട സ്ഥലങ്ങളേക്കാള്‍ ഉള്‍ഗ്രാമങ്ങളിലെ അറിയപ്പെടാത്ത പ്രദേശങ്ങളില്‍ പോകുന്നതാണ് എനിക്കിഷ്ടം. എന്നും കൊതിപ്പിച്ച കശ്മീരിലും ലഡാക്കിലും പോയത് ഏഴ് തവണയാണ്. ഇന്ത്യയുടെ ഗ്രാമങ്ങള്‍ കണ്ട്, ഉള്ളറിഞ്ഞ്, തീവണ്ടിയിലും ബസിലും യാത്ര ചെയത്, രുചിയറിഞ്ഞ് റെയില്‍വേ സ്റ്റേഷനിലും ഗ്രാമീണവീടുകളിലും അന്തിയുറങ്ങി... അവരുടെ കൂടെ ഗോതമ്പ് പാടങ്ങളില്‍ കൊയ്യാനും, കാബേജ് പറിക്കാനും ഒക്കെ ഞാന്‍ പോയിട്ടുണ്ട്. കശ്മീരിലെ കുങ്കുമപ്പാടങ്ങളില്‍ കുങ്കുമം പറിക്കാന്‍ ആ ഗ്രാമീണര്‍ എന്നെ ഒപ്പം കൂട്ടി. ഉത്തര്‍പ്രദേശിലെ ഗോതമ്പു വയലുകളും, ഉള്ളിത്തോട്ടങ്ങളും നാസിക്കിലെ മുന്തിരിത്തോട്ടങ്ങളും കര്‍ണാടകത്തിലെ കരിമ്പിന്‍ തോട്ടങ്ങളും അസമിലെ മാജുലിയും കണ്ട് ആസ്വദിച്ച് യാത്രചെയ്യുന്നതില്‍ പരം ഭാഗ്യമെന്തുണ്ട്. മറ്റൊരാളായി കണ്ടിട്ടില്ല ആരും. കുടുംബാംഗമായി കണ്ട് തന്ന സ്‌നേഹവും കരുതലും ഇപ്പോഴും കൂട്ടിനുണ്ട്. ഇടയ്ക്ക് വിളിച്ച് വീണ്ടും വരാന്‍ പറഞ്ഞുള്ള സ്‌നേഹത്തില്‍ പൊതിഞ്ഞ നിര്‍ബന്ധങ്ങള്‍. അതൊക്കെ തരുന്ന ആനന്ദം മറ്റൊന്നിലും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ചെലവ് കുറഞ്ഞ യാത്രകള്‍

ട്രെയിനിലാണ് കൂടുതലും യാത്രകള്‍. വിശ്രമത്തിനായി റിട്ടയറിങ് റൂമുകള്‍ ആശ്രയിക്കും. ലഗേജുകള്‍ റെയില്‍വേ ക്ലോക്ക് റൂമില്‍ സൂക്ഷിക്കും. ഹോട്ടല്‍മുറി പരമാവധി എടുക്കാറില്ല. ലഗേജുകളും. ജമ്മുവില്‍ കടത്തിണ്ണയില്‍ വരെ കിടന്നുറങ്ങിയിട്ടുണ്ട്. ഭയന്നിട്ടില്ല. ഭയപ്പെടാന്‍ തക്ക ഒന്നും തന്നെ എന്റെ യാത്രകളില്‍ സംഭവിച്ചിട്ടുമില്ല. 1600 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കശ്മീര്‍ വരെ പോകാം. പണമല്ല ആഗ്രഹമാണ് യാത്രയെ നയിക്കേണ്ടത്.

യാത്ര, എഴുത്ത്, വായന, വര

എഴുത്ത്, ചിത്രരചന, ആകാശവാണിക്ക് വേണ്ടിയുള്ള ലളിതഗാന രചന....ഈ വഴികളിലൂടെയാണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്. ടിബറ്റ്- കൈലാസയാത്രയായിരുന്നു എന്റെ ആദ്യയാത്ര. യാത്ര കഴിഞ്ഞെത്തിയ ഞാന്‍ ആദ്യം ചെയ്തത് അതേക്കുറിച്ച് പുസ്‌കമെഴുതുകയായിരുന്നു. മികച്ച പ്രതികരണമായിരുന്നു. അല്‍പ സ്വല്‍പം വരയ്ക്കും. കൈലാസ യാത്ര ചിത്രങ്ങളായി ചെയ്ത സീരീസ് പതിനേഴിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനവും യാത്രയ്ക്കായാണ് ചിലവാക്കുന്നത്. മകള്‍ പ്രസവിച്ച സമയത്തായിരുന്നു പുസ്തകമെഴുത്ത്. കുഞ്ഞിനെ നോക്കലും വീട്ടിലെ ജോലിയും ചെയ്യുന്നതിനിടയ്ക്കായിരുന്നു എഴുത്ത്

യാത്ര- ഒരു ദശാബ്ദത്തിലെ മാറ്റങ്ങള്‍

ഒറ്റയ്ക്കുള്ള യാത്രകളാരംഭിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ടെക്നോളജി മാറി. സ്മാര്‍ട്ട് ഫോണ്‍ വന്നതോടെ ഗൂഗിള്‍ മാപ്പും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യങ്ങളും വന്നു. റെയില്‍വേ അടക്കമുള്ളവയില്‍ സ്ത്രീ യാത്രക്കാരെ കൂടി കണ്ടുള്ള പരിഷ്‌കരണങ്ങള്‍ വന്നു. അത് ഏറെ സഹായകമായി. റിട്ടയറിങ് റൂമുകള്‍, നല്ല ശൗചാലയങ്ങള്‍....സ്ത്രീകളോടുള്ള പരിഗണനയില്‍ വ്യത്യാസം വന്നിരിക്കുന്നു. സ്ത്രീകള്‍ക്കായി കുറഞ്ഞ ചെലവില്‍ ഡോര്‍മെറ്ററികള്‍ പക്ഷേ ഇപ്പോഴും സജീവമായിട്ടില്ല

rajanandini
ഒറ്റയ്ക്കുള്ള യാത്രകളില്‍ സുരക്ഷയെക്കുറിച്ച് വേവലാതി ഉണ്ടായിട്ടുണ്ടോ

സ്വയരക്ഷയ്ക്കായി ആയോധനകല പഠിച്ചിട്ടുണ്ട് ഞാന്‍. എനിക്കെവിടെയും അതുപയോഗിക്കേണ്ടി വന്നിട്ടില്ല. പരിചയപ്പെട്ടവരും കണ്ടവരും അറിഞ്ഞവരും എന്നെ സഹായിച്ചിട്ടേ ഉള്ളൂ. അന്നുവരെ കണ്ടിട്ടും പരിചയവുമില്ലാത്ത എത്രയോ പേര്‍ അത്യാവശ്യഘട്ടത്തില്‍ എനിക്ക് താങ്ങായിട്ടുണ്ട്.

ഭയം എന്റെ നിഘണ്ടുവിലില്ല. അന്യരെ സംശയത്തോടെ ഞാനിന്നുവരെ നോക്കി കണ്ടിട്ടില്ല. എന്നെ സംബന്ധിച്ച് യാത്ര എനിക്ക് മെഡിറ്റേഷനാണ്. സ്നേഹമൂറുന്ന ഓര്‍മ്മകളേ യാത്രകളില്‍ എന്നെ തേടിവന്നിട്ടുള്ളു. മനുഷ്യമനസിലെ നന്മകള്‍ മാത്രമേ യാത്രകളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഒഡീഷയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ച് ഓട്ടോയില്‍ കയറിപ്പോഴുണ്ടായ ഒരു സംഭവം മാത്രമാണ് മോശമായ ഒരു ഓര്‍മ്മ. ഓട്ടോ ഡ്രൈവര്‍ എന്നെ ആളില്ലാത്ത വഴിയിലൂടെ കൊണ്ടുപോയി. അപകടം മണത്ത ഞാന്‍ പിന്‍സീറ്റില്‍ നിന്ന് അയാളുടെ കഴുത്തില്‍ പിടിമുറുക്കി. കയറ്റിയിടത്ത് തിരിച്ചിറക്കിയില്ലെങ്കില്‍ എന്നെ സ്വഭാവം നീയറിയുമെന്ന് പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ ആ നീക്കം പ്രതീക്ഷിക്കാത്തത് കൊണ്ടാവാം കയറ്റിയ ഇടത്ത് തന്നെ ഇറക്കിവിട്ടു

യാത്രകളില്‍ ഏറ്റവും വിസ്മയിപ്പിച്ച ഇടം

പോയാലും പോയാലും ഇപ്പോഴും മതിവരാത്ത സ്ഥലം എനിക്ക് കാശ്മീരാണ്. ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല മനുഷ്യര്‍ കാശ്മീരിലാണ്. നമ്മളെ അങ്ങനെ അല്ല പഠിപ്പിക്കുന്നതെങ്കിലും. ഏഴ് തവണ പോയി. മാറി വന്ന ആറ് ഋതുക്കളും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. കാശ്മീരിനോട് പ്രണയമാണെനിക്ക്. ചിനാര്‍ മരങ്ങള്‍ ഇല പൊഴിക്കുന്നതും ഒക്ടോബറില്‍ ചുമക്കുന്ന മേപ്പിള്‍ മരങ്ങളും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. മഞ്ഞും മഴയും വസന്തവും വേനലും ഒരുപോലെ ആസ്വദിച്ചിട്ടുണ്ട്. ശ്രീനഗറില്‍ മാത്രമാണ് ചിനാര്‍ മരങ്ങളുള്ളത്. ശിശിരകാലത്ത് അവ ശ്രീനഗറിനെ ചുവപ്പിക്കും കത്തിജ്വലിപ്പിക്കും. ഇടയിലൂടെ മള്‍ബറി മരങ്ങളുടെ മഞ്ഞനിറം. പ്രകൃതി ഇഷ്ടപ്പെടുന്നവര്‍ കാശ്മീര്‍ കാഴ്ചകള്‍ കണ്ടാല്‍ ഉന്മാദത്തിലാവും. എനിക്കുറപ്പാണ്.

യാത്രയ്ക്കിടയിലെ സൗഹൃദങ്ങള്‍

യാത്രയ്ക്കിടയില്‍ വീണുകിട്ടുന്ന സൗഹൃദങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാറുണ്ട്. ആ സൗഹൃദങ്ങളാണ് പിന്നീടുള്ള യാത്രയില്‍ സഹായകമാകാറുള്ളതും. അവരുടെ വീടുകളില്‍ പോകാറും താമസിക്കാറും അധികമാരും അറിയപ്പെടാത്ത അവര്‍ക്കുചുറ്റുമുള്ള ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. വടക്കേന്ത്യയിലെ ചാണകം മണക്കുന്ന സ്ത്രീകളെ ദൈവമായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം അധ്വാനിക്കുന്നവരുടെ, പ്രകൃതിയുടെ പ്രതീകമാണവര്‍.

ഭാഷ, ഭക്ഷണം

ഇംഗ്ലീഷ് ഭാഷയാണ് കൂടുതല്‍ ഉപയോഗിക്കാറ്. ഇപ്പോള്‍ ഹിന്ദിയും വഴങ്ങും. അതുപോലെ തന്നെ രുചിയും. ഏത് രുചിയും മണവും ഇന്ന് ഞാന്‍ ആസ്വദിക്കും.

വിദേശയാത്ര

ഇന്ത്യ മുഴുവന്‍ കണ്ടിട്ടേ വിദേശയാത്രയെ കുറിച്ച് ചിന്തിക്കൂ. സ്വന്തം രാജ്യം തൊട്ടറിഞ്ഞ് ആസ്വദിച്ചതിന് ശേഷം മാത്രമേ വിദേശയാത്ര മനസിലുള്ളൂ. നാസിക്, കാശ്മീര്‍, ലഡാക്ക്...എന്നെ വിളിച്ചു കൊണ്ടേ ഇരിക്കുന്നു. പോണം. അവിടെയെല്ലാം. ഉറിയൊഴികെ ഇന്ത്യന്‍ അതിര്‍ത്തികളിലൂടെ എല്ലാം യാത്ര ചെയ്തു. പോവണം. മരിക്കുംവരെ. യാത്ര ചെയ്തുകൊണ്ടേ ഇരിക്കണം.

യാത്രകള്‍ അവനവനിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയാണ്. അവിടെ അതിരുകള്‍ മാഞ്ഞുപോകും. കാണുന്ന നാടും ആള്‍ക്കാരുമെല്ലാം നമ്മുടെ സ്വന്തക്കാരാകും. അവരോടൊക്കെ നിഷ്‌കളങ്കമായ സ്‌നേഹം തോന്നും. ആരോരുമില്ലാത്ത നാട്ടില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത എത്രയോ പേര്‍ സഹായിച്ചിട്ടുണ്ട്. ആത്മാര്‍ത്ഥമായി. യാത്രകളാരംഭിച്ച ശേഷം ഞാനിപ്പോള്‍ ഗേറ്റ് അടയ്ക്കാറില്ല. സഞ്ചാരികള്‍ക്കായി അത് ഞാന്‍ തുറന്നിട്ടേക്കും. ഒരാള്‍ക്കെങ്കിലും കയറിവരാന്‍.

content highlights: Solo traveller Rajanandini shares experience

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram