-
3.48 കോടി വരുന്ന കേരള ജനസംഖ്യയില്‍ ആര്‍ത്തവമുള്ള സ്ത്രീകളുടെ എണ്ണം (10 വയസ്സിനും 50 വയസ്സിനുമിടയില്‍) 0.87 കോടിയാണ്. അതില്‍ 0.50 കോടി സ്ത്രീകള്‍ പാഡുപയോഗിക്കുന്നവരാണ്. ഒരു മാസം ഒരാള്‍ക്ക് 20 പാഡുകള്‍ എന്ന കണക്കിലാണെങ്കില്‍ ഇത്രയും പേര്‍ക്ക് ഏകദേശം 10 കോടി പാഡുകള്‍ ആവശ്യമായി വരും. ഒരു വര്‍ഷത്തില്‍ 120 കോടി. പത്തു വര്‍ഷത്തില്‍ 1200 കോടി. ഇവയെല്ലാം നിരത്തിവെച്ചാല്‍ കേരളത്തിന്റെ വിസ്തീര്‍ണത്തിന്റെ 0.5% വരും.
ഈ കണക്കുകള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മാത്രമല്ല ഇത്രയധികം പാഡുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ കോട്ടണ്‍ കൃഷി ചെയ്യാന്‍ വേണ്ടി വരുന്ന ഭൂമി, ജലം മറ്റു വിഭവങ്ങള്‍, അത് പ്രോസസ്സ് ചെയ്യാന്‍ വേണ്ട രാസവസ്തുക്കള്‍, കോട്ടണ്‍ ക്വാളിറ്റി, പാഡുകള്‍ പായ്ക്ക് ചെയ്യുന്ന വകയില്‍ ഉണ്ടാവുന്ന പ്ലാസ്റ്റിക് വെയ്സ്റ്റ്, ആയതു ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതു മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം എന്നിവയെ കുറിച്ചൊന്നും നമ്മളാരും ചിന്തിക്കുന്നില്ല, ചിന്തിച്ചാല്‍ വലിയ കണക്കുകളാണ്. എന്ന് മാത്രമല്ല ഈ കണക്കുകളൊന്നും എവിടെയും അഡ്രസ്സ് ചെയ്യപ്പെടുന്നില്ല എന്നത് ഖേദകരമാണ്.
ഇനി ഉപയോഗം കഴിഞ്ഞ പാഡുകളുടെ കാര്യമാണെങ്കിലോ? ഒരു സ്ത്രീയുടെ ആയുസ്സില്‍ ഉപയോഗിച്ചുപേക്ഷിക്കുന്ന പാഡുകളുടെ തൂക്കം 125kg മുതല്‍ 150kg വരെ വരും. ഇവയൊക്കെ ഒന്നുകില്‍ കുഴിച്ചുമൂടുകയോ, വലിച്ചെറിയുകയോ, കത്തിച്ചുകളയുകയോ ആണ് സാധാരണ ചെയ്യുന്നത്. ഈ പ്രക്രിയകള്‍ എല്ലാം ഭൂമിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ വലുതാണ്. അപ്പോള്‍ ലോക ജനസംഖ്യയുടെ പകുതിവരുന്ന സ്ത്രീകളുടെ മുഴുവന്‍ കണക്ക് പരിഗണിച്ചാല്‍ എത്ര വലുതായിരിക്കും!
ഒരു സീറോ വേസ്റ്റ് പീരിയഡ്‌സ് എന്നത് സ്വപ്നം മാത്രമാണോ? അത് പ്രാവര്‍ത്തികമാണോ? മെന്‍സ്ട്രുല്‍ കപ്പ് (MENSTRUAL CUP) ഉപയോഗിക്കുന്നതിലൂടെ അത് 90% പ്രാവര്‍ത്തികമാക്കാം. മനുഷ്യ ശരീരത്തില്‍ ട്രാന്‍സ്പ്ലാന്റുകള്‍ക്കു ഉപയോഗിക്കുന്ന മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ട് നിര്‍മ്മിക്കുന്ന ചെറിയ കപ്പുകളാണിവ. പാഡുകളുപയോഗിക്കുന്നതിനുപകരം ഈ കപ്പ് യോനിക്കകത്തേക്കു കടത്തി ആര്‍ത്തവ രക്തം ശേഖരിച്ചശേഷം കളയുന്നതാണ് ഇതിന്റെ ഉപയോഗരീതി (പേടിക്കണ്ട ക്ഷമയോട്കൂടി ചെയ്താല്‍ എളുപ്പം ചെയ്യാവുന്ന കാര്യമാണ്).
ശരീരപ്രകൃതിയനുസരിച്ചും പ്രായമനുസരിച്ചും പുറത്തുപോകുന്ന രക്തത്തിന്റെ അളവനുസരിച്ചും പല തരത്തിലുള്ള കപ്പുകള്‍ ലഭ്യമാണ്. 10 വര്‍ഷം വരെ ഉപയോഗിക്കാവുന്ന കപ്പുകള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഉണ്ട്. ഒരു കപ്പിന്റെ വില 250 മുതല്‍ 500 രൂപവരെയാണ്. ഒരു സാധാരണ പാഡിന്റെ വില 5 മുതല്‍ 8 രൂപ (ഒരു വര്‍ഷം 1260 രൂപ മുതല്‍ 2000 രൂപ വരേ). 500 രൂപ മുടക്കി ഒരു കപ്പ് ഉപയോഗിച്ചാല്‍ 10 വര്‍ഷത്തേക്ക് പാഡിനുവേണ്ടി ചെലവാക്കുന്ന 20000 രൂപയോളം ലാഭിക്കാം. ഇതുപയോഗിക്കുന്നത് മൂലം സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന കംഫര്‍ട്ട് ലെവല്‍ ഒന്ന് വേറെതന്നെയാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവര്‍ക്ക്. കുറച്ചു ക്ഷമയോടെ സമയമെടുത്ത് ഇതുമായി പൊരുത്തപ്പെടണം എന്ന് മാത്രം.
കപ്പ് ഉപയോഗിക്കുന്ന അവസരത്തില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് കപ്പിന്റെ ഗുണനിലവാരം. രണ്ട് ഓരോ ഉപയോഗത്തിന് മുന്‍പും ചൂടിവെള്ളത്തില്‍ കഴുകി വൃത്തിയാക്കല്‍. കൂടാതെ ഓരോ സൈക്കിളിന് മുന്നേയും ശേഷവും കപ്പുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ചു അണുവിമുക്തമാകേണ്ടതുമാണ്. കപ്പുകളുടെ ഉപയോഗം പാഡുകള്‍ മൂലം ഉണ്ടാവുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാവും, പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍. അതുവഴി മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സഹായകരമാകും. എന്നു മാത്രമല്ല ഭൂമിയെയും രക്ഷിക്കാം .
കപ്പിന്റെ ഒരു വര്‍ഷത്തെ carbon footprint 0.04 kg CO2 equivalent മാത്രമാണ്. എന്നാല്‍ പാഡുകള്‍ ഉപയോഗിക്കുന്നതുമൂലമുള്ള carbon footprint 5.3 kg CO2 equivalents ആണ്. നാം അതിജീവിച്ച പ്രളയം പോലുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ വളരെ സഹായകരമാണ്. മാസം തോറും പാഡുകള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്ന, അതുകാരണം മറ്റ് സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഇപ്പോഴും നമ്മുടെ ഇടയില്‍ ഉണ്ട്. വര്‍ഷം തോറും 1200 രൂപയോളം പാഡുകള്‍ക്ക് ചെലവാകുന്നതിനേക്കാള്‍ 10 വര്‍ഷത്തിലൊരിക്കല്‍ 450 രൂപ ചിലവാക്കുന്നതിന്റെ വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാലിന്യ സംസ്‌കരണത്തിന് മാറ്റിവെക്കുന്ന തുകയുടെ ഒരു ഭാഗം മെന്‍സ്ട്രുള്‍ കപ്പുകളുടെ വിതരണത്തിനും ആയതിന്റെ ഉപയോഗത്തിന്റെ ഗുണഫലങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണത്തിനും ഉപയോഗിച്ചാല്‍ വരുന്ന മാറ്റം വിപ്ലവകരമായിരിക്കും. നമുക്ക് ഓരോരുത്തര്‍ക്കും മാറാം. ആ മാറ്റം മൂലം ഈ മനോഹര ഭൂമിയെ വരും തലമുറകള്‍ക്കും ഇതേ മനോഹാരിതയോടെ കാണുന്നതിന് അവസരമുണ്ടാകട്ടെ...
(നഗര ഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൗണ്‍ പ്ലാനറാണ് ലേഖിക. അഭിപ്രായം വ്യക്തിപരം)
Content Highlights: Sanitary pad and menstrual cups International Women's Day 2020,Each for Equal