ഇരുകാലുകളിലും ചോരപുരണ്ടിരിക്കുന്നു, അതിന്റെ അസ്വസ്ഥതപ്പെടുത്തുന്ന പശപശപ്പ് ശരീരത്തില്‍ വ്യാപിച്ചു


അലീന മരിയ വര്‍ഗ്ഗീസ്

3 min read
Read later
Print
Share

കണ്ണടച്ചു കിടക്കുമ്പോള്‍ ഇടവകപ്പള്ളിയിലെ സെമിത്തേരി മുന്നില്‍ തെളിഞ്ഞത് ഓര്‍മ്മയുണ്ട്. രാവിലെയാകുമ്പോള്‍ എന്റെ ശരീരത്തിലേ ചോരമുഴുവന്‍ വാര്‍ന്ന് ഇല്ലാതാകുന്നതും ഞാന്‍ കിടക്കുന്ന കട്ടില്‍ ചോരയില്‍ കുതിര്‍ന്നുപോകുന്നതും എന്റെ ചിന്തകളെ ഭ്രാന്തുപിടിപ്പിച്ചു

Photo courtesy: Pixabay

മുട്ടിനു താഴെ ഇറക്കം വരുന്ന ഒരു ഒരു വെള്ള പെറ്റിക്കോട്ടാണ്‌ വേഷം. തലേദിവസം രാത്രി അനിയത്തിക്ക് കടുത്ത ഛര്‍ദ്ദിയായിരുന്നതു കൊണ്ട് അമ്മ അവളെയും കൂട്ടി ആശുപത്രിയില്‍ പോയതായിരുന്നു. പിന്നെ വീട്ടില്‍ ബാക്കി ഞാനും കുഞ്ഞനിയന്മാരും അപ്പനും. നേരം ഏറെ വൈകും വരെ ഞാന്‍ സന്തോഷവതിയായിരുന്നു. അന്ന് ഒരു പത്തുവയസുകാരിയുടെ എല്ലാ കൗതുകങ്ങളോടും കൂടി അനിയന്മാര്‍ക്കൊപ്പം കളിച്ചു നടന്നു. രാത്രിയാകുന്തോറും അസ്വഭാവികമായി എന്തോ ഒരു മാറ്റം ശരീരത്തില്‍ നടക്കുന്നത് അറിയാന്‍ കഴിയുന്നുണ്ടായിരുന്നു. കാലുകളില്‍ അനുഭവപ്പെട്ട അസ്വസ്ഥതയേ തുടര്‍ന്നാണ് ബാത്ത്‌റൂമില്‍ എത്തി ശരീരം മുഴുവന്‍ പരിശോധിച്ചത്. ഒരു മുറിവിലെന്ന വിധം ഇരുകാലുകളിലും ചോരപുരണ്ടിരിക്കുന്നു. അതിന്റെ പശപശപ്പ് ശരീരത്തില്‍ വ്യാപിക്കുന്നുണ്ട്. ആശങ്കയോടെ കാലുകളിലെ ചോര തുടച്ചു കളയുമ്പോള്‍ എന്താ സംഭവിക്കുന്നത് എന്നോ എന്തു ചെയ്യണമെന്നോ അറിയില്ലായിരുന്നു.

അപ്പനോട് പറയണോ വേണ്ടയോ? ആയിരം വട്ടം ആലോചിച്ചു. പറയേണ്ട എന്ന് മനസ് പിന്തിരിപ്പിച്ചു. ചോര ഒഴുകുന്നു എന്നതല്ല അതിന്റെ ഉറവിടമായിരുന്നു ഏറ്റവും അസ്വസ്ഥതപ്പെടുത്തിയത്. ഉടനെ എല്ലാം പഴയ പോലെയാകുമെന്ന് കരുതി സമയം മുന്നോട്ട് നീക്കി. എന്നാല്‍ കിടക്കുമുമ്പ് കാലുകളില്‍ വീണ്ടും ചോര പുരണ്ടപ്പോര്‍ മനസിലായി ഒന്നും പഴയപോലെയാകില്ല. ആര്‍ത്തവത്തെക്കുറിച്ച് കാര്യമായി ഒന്നു അറിയാത്ത അഞ്ചാം ക്ലാസുകാരി നാളെ രാവിലെ ഉറക്കമുണരില്ല എന്നു തന്നെ ഉറച്ചു വിശ്വസിച്ചു. മൂന്നു വയസുള്ള ഇരട്ട അനിയന്മാരുടെ അരികില്‍ പതിവുപോലെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആശങ്ക അതിന്റെ ഏറ്റവും ഉയരത്തിലായിരുന്നു. അവരുടെ നെറുകയില്‍ ഉമ്മവയ്ക്കുമ്പോള്‍ കണ്ണു നിറഞ്ഞത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. അപ്പന് പതിവു ഗുഡ്‌നൈറ്റ് കൊടുക്കുമ്പോള്‍ അപ്പാ എനിക്ക് എന്തൊ സംഭവിക്കുന്നുണ്ട്, അമ്മയെ ഒന്നു വിളിച്ചാലോ എന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷേ ചോരയുടെ ഉറവിടം അതിന് അനുവദിച്ചില്ല. അപ്പനെ വിളിച്ചിട്ട് ഞാന്‍ എന്ത് പറയും?

കണ്ണടച്ചു കിടക്കുമ്പോള്‍ ഇടവകപ്പള്ളിയിലെ സെമിത്തേരി മുന്നില്‍ തെളിഞ്ഞത് ഓര്‍മ്മയുണ്ട്. രാവിലെയാകുമ്പോള്‍ എന്റെ ശരീരത്തിലേ ചോര മുഴുവന്‍ വാര്‍ന്ന് ഇല്ലാതാകുന്നതും ഞാന്‍ കിടക്കുന്ന കട്ടില്‍ ചോരയില്‍ കുതിര്‍ന്നുപോകുന്നതും എന്റെ ചിന്തകളെ ഭ്രാന്തുപിടിപ്പിച്ചു. രാവിലെ പതിവുപോലെ അപ്പന്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചപ്പോള്‍ ഞെട്ടിയെഴുന്നേറ്റ് ബാത്ത്‌റൂമിലേയ്ക്ക് ഓടുകയായിരുന്നു. അപ്പോഴേയ്ക്കും ആ വെള്ള പെറ്റിക്കോട്ടിന്റെ പിന്‍ഭാഗം നിറയെ ചെഞ്ചോപ്പന്‍ മഞ്ചാടിക്കുരു വാരി വിതറിയ പോലുണ്ടായിരുന്നു. പക്ഷേ അതായിരുന്നില്ല ഞാന്‍ മരിച്ചില്ല എന്നതായിരുന്നു എന്നിലെ പത്തുവയസുകാരിയെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. അപ്പനറിയാതെ ഇട്ടിരുന്നപ്പെറ്റികോട്ടും മറ്റുവസ്ത്രങ്ങളും ഊരി കട്ടിലിനടിയില്‍ ചുരുട്ടിക്കൂട്ടി ഒളിപ്പിച്ചുവച്ചു. അപ്പനെങ്ങാനും കണ്ടാല്‍ എന്തു പറയുമെന്ന ആശങ്കയായിരുന്നു മനസില്‍.

വസ്ത്രം മാറി മുറിയുടെ പുറത്ത് എത്തിയതിനുശേഷം കാര്യങ്ങള്‍ വളരെ ഏളുപ്പമായി. ഒരു കോട്ടണ്‍ തുണിയുമായി അപ്പന്‍ എന്റെ മുമ്പില്‍ നില്‍ക്കുന്നു. അത് മടക്കേണ്ട വിധം പറഞ്ഞു തരാന്‍ അന്ന് അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടിയത് ഇന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. നേരം വെളുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ വീട്ടിലെത്തി. കൊച്ചേ എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ച് ഉമ്മ തരുമ്പോഴും എന്തോ സംഭവിക്കുന്നു എന്നല്ലാതെ എന്താണ് സംഭവിച്ചത് എന്ന് മനസിലായിരുന്നില്ല. പക്ഷേ അന്ന് അമ്മ കെട്ടിപ്പിടിച്ചപ്പോഴുണ്ടായ ആശ്വാസത്തോളം കാലം കുറെ കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ല.

രണ്ടു മുട്ട ഒരുമിച്ചു പൊരിച്ച് കഴിപ്പിച്ചിട്ടാണ് അമ്മ സംസാരിച്ചു തുടങ്ങിയത്. എന്റെ ആദ്യ ആര്‍ത്തവ ദിനത്തില്‍ കാര്യങ്ങള്‍ പറഞ്ഞു തന്നപ്പോള്‍ അപ്പനോട് ഞാന്‍ എന്തോ ഒരു തെറ്റു ചെയ്ത ഭാരമാണ് മനസില്‍ ഉണ്ടാക്കിയത്. അന്ന് ആര്‍ത്തവം അത്രത്തോളം രഹസ്യ സ്വഭാവമുള്ള ഒന്നായിരുന്നു. ആ ഭാരം ആര്‍ത്തവത്തിന്റെ വേദനയേക്കാളും വലുതായിരുന്നു. പിന്നെ വര്‍ഷങ്ങളോളം അപ്പന്റെ മുന്നില്‍ നിന്ന് ഒഴിഞ്ഞു നടക്കാന്‍ ആ ഭാരം എന്നെ പ്രേരിപ്പിച്ചു. വല്യകുട്ടിയായി വല്യകുട്ടിയായി എന്നു ചുറ്റുമുള്ളവരുടെ തുടര്‍ച്ചയായുള്ള ഓര്‍മപ്പെടുത്തലുകള്‍ അപ്പനു പതിവായി നല്‍കിവന്നിരുന്ന ഉമ്മകളും നിര്‍ത്തിക്കാന്‍ ഇടയാക്കി. ഒട്ടും വൈകാതെ ആ വല്യകുട്ടിയുടെ ലോകം അടുക്കളയില്‍ അമ്മയുടെ ചുറ്റുമായി. പതിയെ കഞ്ഞിവയ്ക്കാനും കറിവയ്ക്കാനും പരിശീലനം നേടി.

അന്ന് രാത്രിവരെ എന്റെ ചിന്തകളിലെ ഏറ്റവും മനോഹരമായ വസ്ത്രങ്ങളിലൊന്നായ വെള്ള പെറ്റിക്കോട്ടിനെ പിറ്റെന്നു രാവിലെ മുതല്‍ ഞാന്‍ വെറുത്തു തുടങ്ങി. വലിയ ഉടുപ്പുകളും പാവാടയും ബ്ലൗസുമായി വേഷം. പറമ്പിലെ മാവിന്റെ ഏറ്റവും തുഞ്ചത്തെ മാങ്ങ തന്നെ പറിച്ചെടുക്കാന്‍ മത്സരിച്ച ഞാന്‍ സുഹൃത്തുക്കള്‍ മാവില്‍ നിന്നു പൊട്ടിച്ചുകൊണ്ടു വരുന്ന മാങ്ങ ഉപ്പു കൂട്ടി കഴിച്ചു നിലത്തിരിക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ വല്യ വല്യ വല്യ കുട്ടിയായി. കൂട്ടുകാരൊക്കെ ഓടിക്കളിക്കുന്നത് മാറിയിരുന്നു നോക്കുമ്പോള്‍ അയ്യോ ഇ്രത വേഗം ആയോ പത്തുവയസല്ലേ ആയുള്ളു എന്ന ആശ്വസിപ്പിക്കല്‍ അക്കാലം മുഴുവന്‍ സങ്കടപ്പെടുത്തുമായിരുന്നു. ഇന്ന് ആര്‍ത്തവം ആസ്വദിക്കുമ്പോഴും വാഴ്ത്തുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ എന്റെ പെറ്റിക്കോട്ടുകാലം തട്ടി കൊണ്ടുപോയ ആദ്യത്തെ ആര്‍ത്തവം അസ്വസ്ഥതപ്പെടുത്തുന്ന ഒരു ഓര്‍മയാണ്.

Content Highlight: first menstruation experience

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram