കണ്ണുകള്‍ ചിമ്മി നിഷ്‌കളങ്കമായി ചിരിക്കുന്ന അമ്മ; കരച്ചിലടക്കാനാകാതെ ഞാനും


രവി മേനോന്‍

6 min read
Read later
Print
Share

അമ്മയെ കുറിച്ചൊരു സംഗീത സാന്ദ്രമായ കുറിപ്പ്... എല്ലാ അമ്മമാര്‍ക്കും വേണ്ടി...

രവി മേനോന്റെ അമ്മ നാരായണിക്കുട്ടി അമ്മ

പൂര്‍ണേന്ദുമുഖിയുടെ കഥ

തോളറ്റം വെട്ടി നിറുത്തിയ നരവീണ മുടിയിലൂടെ പതുക്കെ വിരലോടിക്കേ തലയുയര്‍ത്തി എന്നെ നോക്കി അമ്മ. പിന്നെ വരണ്ട ചുണ്ടുകളാല്‍ വാത്സല്യപൂര്‍വ്വം മന്ത്രിച്ചു: എന്റെ കുട്ടി വല്ലാണ്ടെ മെലിഞ്ഞിരിക്കുണൂലോ. എന്താ കഞ്ഞീം ചോറും ഒന്നും കഴിക്കിണില്ല്യേ നിയ്യ് ?''

ഒന്നും മിണ്ടാതെ, വെറുതെ അമ്മയെ നോക്കി കട്ടിലില്‍ ഇരുന്നു ഞാന്‍. ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന അമ്മയുടെ ശോഷിച്ച കൈകള്‍ എന്റെ കവിളുകള്‍ക്കായി പരതുന്നത് അറിയുന്നുണ്ടായിരുന്നു ഞാന്‍. ഒട്ടിയ കവിളുകളില്‍ കണ്ണീരിന്റെ നേര്‍ത്ത നനവ്. അത് സന്തോഷത്തിന്റെതായിരുന്നൊ? നിയ്യ് നെന്റെ അനുജനേം അനുജത്തിയേം പോയി കണ്ടു വാ. വടക്കേ അറയില് പാലും കുടിച്ചു കെടക്കണുണ്ടാകും പാവം രഞ്ജിനിക്കുട്ടി; ഇന്നലെ രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. തുള്ളി പോള കണ്ണടച്ചിട്ടില്ല്യ.'' ഒരു നിമിഷം നിര്‍ത്തി ശ്വാസമെടുത്ത ശേഷം അമ്മ കൂട്ടിച്ചേര്‍ക്കുന്നു. റെജി രാവിലെ സ്‌കൂളില്‍ പോയി. കാലിലെ കുരുവും കൊണ്ടാ പോയിരിക്കണേ. പാവത്തിന് വേദനിക്കാഞ്ഞാല്‍ മതി.. ''

ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു എനിക്ക്. കുറച്ചു കാലമായി ഇങ്ങനെയാണ് അമ്മ. കൗമാര- യൗവന കാലഘട്ടത്തിനപ്പുറത്തേക്ക് വളരാന്‍ മടിക്കുന്നു ആ മനസ്സ്. ഞങ്ങള്‍ മൂന്നു പേരും കുട്ടികളാണ് ഇപ്പോഴും അമ്മയ്ക്ക്; പറക്കമുറ്റാത്ത കിടാങ്ങള്‍. വിദേശത്ത് ഭര്‍ത്താവിനും മകനുമൊപ്പം താമസിക്കുന്ന ഇളയവളായ രഞ്ജിനി അമ്മിഞ്ഞപ്രായം വിട്ടിട്ടില്ലാത്ത പിഞ്ചു കുഞ്ഞ്. വാണിയംപാറയില്‍ റബ്ബര്‍ എസ്റ്റേറ്റ് മാനേജര്‍ ആയ രാജേന്ദ്രന്‍ എന്ന റെജി വികൃതിക്കാരനായ സ്‌കൂള്‍ വിദ്യാര്‍ഥി. പാട്ടും എഴുത്തും ഭാര്യയും മക്കളുമായി കഴിയുന്ന ഞാന്‍ വെറും കോളേജ് കുമാരന്‍.

രാവിലെ തുടങ്ങും നിങ്ങളെ സ്‌കൂളിലും കോളേജിലും അയക്കാന്‍ വേണ്ടിയുള്ള തത്രപ്പാട് '' --അച്ഛന്‍ പറഞ്ഞു. എന്റെ കുട്ട്യോളെവിടെ എന്ന് ചോദിച്ചാണ് ഉണരുക. രഞ്ജിനിക്ക് ഇങ്കു കുറുക്കാത്തതിനു ആദ്യം ജോലിക്കാരിയെ വിളിച്ചു ചീത്ത പറയും; റെജിക്ക് സ്‌കൂളിലേക്ക് ഇട്ടു പോകേണ്ട ഷര്‍ട്ട് ഇസ്തിരിയിടാത്തതിനു എന്നെയും. ഹോസ്റ്റലിലേക്ക് ഫോണ്‍ വിളിച്ചു നിന്നെ കിട്ടിയില്ലല്ലോ എന്നാവും അടുത്ത പരിഭവം.... ഇപ്പൊ പുതിയൊരു പരിപാടി കൂടി തുടങ്ങീട്ടുണ്ട്. ചോറുണ്ണും മുന്‍പ് മൂന്ന് ഉരുള മക്കള്‍ക്ക് വേണ്ടി മാറ്റി വെക്കും.. '' അച്ഛന്റെ വിവരണം ഒരക്ഷരം മിണ്ടാതെ കേട്ട് കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവിടെ നേര്‍ത്ത ഒരു പുഞ്ചിരി. വേണ്ട, അങ്ങനെ എന്നെ പറ്റിക്കാന്‍ നോക്കേണ്ട'' എന്ന ധ്വനിയുണ്ടായിരുന്നു ആ ചിരിയില്‍. പ്രായാധിക്യത്തിനും ക്ഷീണത്തിനും ഓര്‍മ്മക്കുറവിനും ഒന്നും ചോര്‍ത്തിക്കളയാന്‍ ആകാത്ത എന്തോ ഒരു വശ്യത ആ ചിരിയില്‍ അവശേഷിക്കുന്നതായി തോന്നി എനിക്ക്.

കിടക്കയുടെ ഒരു മൂലയില്‍ ചുരുണ്ടുകൂടി കിടക്കുന്ന അമ്മയുടെ മെലിഞ്ഞുണങ്ങിയ രൂപത്തില്‍ നിന്ന് പഴയ ഒരു സുന്ദരിയെ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. പോണ്ട്‌സ് ടാല്‍ക്കം പൗഡറിന്റെ വാസനയായിരുന്നു ശൈശവ സ്മരണകളിലെ അമ്മയ്ക്ക് . എസ്റ്റേറ്റ് ക്വര്‍ട്ടേഴ്സിന്റെ മുകള്‍ നിലയിലെ വാര്‍ഡ്രോബിനു മുന്നിലെ സ്റ്റൂളില്‍ ഇരുന്നു ഒരു മൂളിപ്പാട്ടോടെ നീണ്ട ഭംഗിയുള്ള നഖങ്ങളില്‍ ക്യൂട്ടക്‌സ് ഇടുന്ന അമ്മ, രാജ് കപൂര്‍ ചിത്രങ്ങളിലെ നര്‍ഗീസിനെ പോലെ കൈമുട്ടും കവിഞ്ഞു ഇറങ്ങി നില്‍ക്കുന്ന കൈകളുള്ള ബ്ലൗസും കഞ്ഞിപ്പശ മണക്കുന്ന ഖട്ടാവിന്റെ വോയല്‍ സാരിയും ധരിച്ചു പൂമുഖത്ത് ഉലാത്തുന്ന അമ്മ, കുളി കഴിഞ്ഞ ശേഷം ഉമ്മറത്തൂണില്‍ ചാരി നിന്ന് രാവിലത്തെ വയനാടന്‍ വെയിലില്‍ തലമുടി ഉണക്കുന്ന അമ്മ, കിടപ്പുമുറിയിലെ സെറ്റിയില്‍ ഇരുന്നു രഞ്ജിനിയുടെ കുഞ്ഞുടുപ്പുകളില്‍ കിളികളെ തുന്നിച്ചേര്‍ക്കുന്ന അമ്മ...ആ അമ്മയിതാ മറവിയുടെ ഇരുളും വെളിച്ചവും ഇടകലര്‍ന്ന ലോകത്ത്, ഡെറ്റോളിന്റെയും ഫിനോയിലിന്റെയും ഗന്ധത്തില്‍ മുങ്ങി, പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ പോലുമാകാതെ ......

പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച് എന്ന പാട്ട് ഓര്‍ക്കുന്നുണ്ടോ അമ്മ?'' -- നെറ്റിയിലെ മുറിപ്പാടില്‍ മൃദുവായി തലോടി ഞാന്‍ ചോദിച്ചു. കുറച്ചു നേരം മുഖത്തേക്ക് ഉറ്റു നോക്കിയ ശേഷം ഇല്ലെന്നു ആംഗ്യ ഭാഷയില്‍ മറുപടി . തല താഴ്ത്തി അമ്മയുടെ കാതിലേക്ക് ആ പാട്ടിന്റെ പല്ലവി പാടിക്കൊടുത്തു ഞാന്‍: പൂര്‍ണേന്ദു മുഖിയോടമ്പലത്തില്‍ വെച്ച് പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു, കണ്മണിയതു കേട്ട് നാണിച്ചു നാണിച്ചു കാല്‍നഖം കൊണ്ടൊരു വര വരച്ചൂ ...'' നിമിഷങ്ങള്‍ നീണ്ട മൗനത്തിനൊടുവില്‍ അവ്യക്തമായ സ്വരത്തില്‍ അമ്മ പറഞ്ഞു ഉവ്വ്, ഓര്‍ക്കണുണ്ട്. മ്മടെ ജയചന്ദ്രന്‍ പാടിയതല്ലേ? '' യേശുദാസും ജയചന്ദ്രനും എസ് ജാനകിയും ഒക്കെ അമ്മക്ക് മ്മടെ' സ്വന്തം ആളുകളായിരുന്നു എന്നും; കുടുംബത്തിലെ അംഗങ്ങള്‍ പോലെ. വിവാഹിതയായി അച്ഛനോടൊപ്പം വയനാട്ടിലെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഏകാന്ത മൂകതയിലേക്ക് അമ്മ വന്നിറങ്ങിയത് ഈ പാട്ടുകാരുടെ കൂടി കൈപിടിച്ചാണ് . ഓരോ ജീവിതനിമിഷങ്ങളിലും അവര്‍ അമ്മയ്ക്ക് കൂട്ടിരുന്നു-- കുളിക്കുമ്പോള്‍ , തുണി അലക്കുമ്പോള്‍, കാപ്പി കൂട്ടുമ്പോള്‍ , കത്തെഴുതുമ്പോള്‍, തുന്നുമ്പോള്‍...

മുകളില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍ കണ്ണുനട്ട് എന്തോ പിറുപിറുത്തു മലര്‍ന്നു കിടക്കുന്ന അമ്മയെ നോക്കിയിരുന്നപ്പോള്‍, പൂര്‍ണേന്ദുമുഖി വീണ്ടും മനസ്സില്‍ വന്നു നിറഞ്ഞു; ചുണ്ടിലും . അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനമായിരുന്നു ഒരിക്കല്‍ അത്. ബംഗ്ലാവിന്റെ മുറ്റത്തെ സിമന്റ് പടവില്‍ ഇരുന്ന് , അച്ഛന്‍ വരാന്‍ വൈകുന്ന രാത്രികളില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി അമ്മ പാടിയിരുന്ന പാട്ട്. കാല്‍നഖം കൊണ്ടൊരു വര വരച്ചു ..'' എന്ന ഭാഗമെത്തുമ്പോള്‍ രഞ്ജിനി ചോദിക്കും: അതെങ്ങന്യാ അമ്മേ കാല്‍നഖം കൊണ്ട് വര വരയ്ക്ക്യാ? കയ്യോണ്ടല്ലേ നമ്മളൊക്കെ വരക്ക്യാ?'' -- നിഷ്‌കളങ്കമായ ചോദ്യം. അമ്മ പൊട്ടിച്ചിരിക്കും അത് കേള്‍ക്കുമ്പോള്‍. അതേയ് , ഇഷ്ടം കൂടുമ്പോ ആള്‍ക്കാര് കാലോണ്ടും വരയ്ക്കും...'' ഉരുളയ്ക്ക് ഉപ്പേരി പോലെ വിശദീകരണം.

ആദ്യമായി വീട്ടില്‍ ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് വന്ന ദിവസം ഓര്‍ക്കുന്നു. മേശപ്പുറത്തു കിടത്തിവെക്കാവുന്ന, തുകലിന്റെ കുപ്പായമിട്ട ഒരു കാസറ്റ് പ്ലെയര്‍. രണ്ടു ഹെഡ്ഡുകളില്‍ കറങ്ങിത്തിരിയുന്ന കാസറ്റ് എന്ന കൗതുകവസ്തുവിനെ വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട് അന്ന്. ആദ്യം സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്തു കേട്ടതും അതില്‍ തന്നെ: കാറ്റടിച്ചു കൊടും കാറ്റടിച്ചു എന്ന പാട്ടാണ് ഞാന്‍ പാടിയത്. അനിയന്‍ ഹരേ രാമാ എന്ന് തുടങ്ങുന്ന സ്‌തോത്രം. അനിയത്തി പാടിയത് ഏതെങ്കിലും നഴ്‌സറി റൈം ആവണം. അമ്മയുടെ പാട്ട് മാത്രം ഇപ്പോഴും ഓര്‍മ്മയുണ്ട് പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച് .

യേശുദാസിനോടും ജയചന്ദ്രനോടും തുല്യ സ്‌നേഹമാണ് അമ്മക്ക്. സ്‌നേഹം കൂടുമ്പോള്‍ യേശൂട്ടി എന്ന് വിളിക്കും അമ്മ ദാസിനെ. രണ്ടും രണ്ടു സ്‌റ്റൈലാണ് . യേശൂട്ടിയ്ക്ക് സമം യേശൂട്ടി മാത്രം. ജയചന്ദ്രനു ജയചന്ദ്രനും...'' --അമ്മ പറയും. ഇരു ഗായകരെയും കൂട്ടിയാണ് വൈകുന്നേരങ്ങളില്‍ അമ്മ അടുക്കളയില്‍ കയറുക. ശ്രീലങ്ക പ്രക്ഷേപണ കൂട്ടുസ്ഥാപനത്തിലെ വിഖ്യാത അവതാരക സരോജിനി ശിവലിംഗവും ഉണ്ടാവും കൂടെ . സംഭവബഹുലമായ ഒരു സായാഹ്ന സംഗീത സദസ്സിന്റെ തുടക്കം. പ്രണയവും വിരഹവും ഭക്തിയും തത്വചിന്തയും ഒക്കെ നിരനിരയായി വന്നു പീലി നിവര്‍ത്തിയാടും പുക പിടിച്ച അടുക്കളയുടെ നാല് ചുമരുകള്‍ക്കുള്ളില്‍. കടുക് വറക്കുമ്പോള്‍, നാളികേരം ചിരകുമ്പോള്‍, ദോശച്ചട്ടിമേല്‍ മാവൊഴിക്കുമ്പോള്‍, ചായക്കു വെള്ളം തിളപ്പിക്കുമ്പോള്‍, അമ്മയും റേഡിയോയും പാടിക്കൊണ്ടേയിരിക്കും. പഞ്ചസാരയും ശര്‍ക്കരയും വെളിച്ചെണ്ണയും ഒക്കെ നിരത്തി വെച്ചിരിക്കുന്ന മരത്തിന്റെ ഷെല്‍ഫിലാണ് ഫിലിപ്‌സിന്റെ കൊച്ചു റേഡിയോ ആദ്യം ഇടം പിടിക്കുക. പിന്നെ അടുപ്പിനു കുറച്ചു കൂടി അടുത്തുള്ള അലമാരയിലേക്ക് അതിനു സ്ഥാനക്കയറ്റം ലഭിക്കും. പാട്ടിനോട് പ്രണയം മൂക്കുമ്പോള്‍ അടുപ്പിനു തൊട്ടു മുകളില്‍ എത്തും അത്. ആ ഇരിപ്പില്‍ ഒരു ട്രാന്‍സിസ്റ്റര്‍ ഉരുകിപ്പോകുക വരെ ചെയ്തിട്ടുണ്ട് ഒരിക്കല്‍. പുക കണ്ടും കരിഞ്ഞ മണം കേട്ടും പരിഭ്രമത്തോടെ തൊട്ടടുത്ത മുറിയില്‍ നിന്ന് ഓടിയെത്തിയ വല്യമ്മയോട് അമ്മ പറഞ്ഞു: അയ്യോ മാണിക്യവീണ മുഴോന്‍ കേക്കാന്‍ പറ്റീല്യ ''

പ്രേംനസീറായിരുന്നു എന്നും അമ്മയുടെ ഇഷ്ടതാരം. ഷീലയുടെയും ശാരദയുടെയും ജയഭാരതിയുടെയും കണ്ണീരൊപ്പുകയും കെ.പി ഉമ്മറിനെയും ജോസ് പ്രകാശിനെയും ഗോവിന്ദന്‍ കുട്ടിയേയും പോലുള്ള 'ദുഷ്ടപ്പരിഷകളെ' ഇടിച്ചു പതം വരുത്തുകയും യേശുദാസിന്റെ ഗന്ധര്‍വ സ്വരത്തില്‍ പാടുകയും ചെയ്യുന്ന നസീര്‍. ആരാധനയില്‍ വല്യമ്മമാരും ഒട്ടും പിന്നിലായിരുന്നില്ല. മൂന്നു സഹോദരിമാരും ഉടുത്തൊരുങ്ങി അങ്ങാടിയിലൂടെ നട്ടുച്ച വെയിലത്ത് നടന്നു പോകുമ്പോള്‍ റോഡരികിലുള്ള പീടികമുറികളില്‍ നിന്ന് കമന്റ്‌റുകള്‍ ഉയരും: ഓ , ഇന്ന് നസീറിന്റെ പുതിയ പടം വന്നിട്ടുണ്ടെന്ന് തോന്നുന്നു.... ലളിതാ പദ്മിനി രാഗിണിമാര്‍ ഒരുങ്ങി ഇറങ്ങീട്ടുണ്ട് ....''

വര്‍ഷങ്ങള്‍ കഴിഞ്ഞ് പത്രപ്രവര്‍ത്തന ജീവിത കാലത്തൊരിക്കല്‍ കോഴിക്കോട്ടെ ഭധ്വനി' സിനിമയുടെ ലൊക്കേഷനില്‍ വച്ച് നസീര്‍ സാറിനെ നേരില്‍ കണ്ടു ഇന്റര്‍വ്യൂ ചെയ്തപ്പോള്‍, ഭഎടരിക്കോടന്‍ സഹോദരി'മാരുടെ നസീര്‍ ഭ്രമത്തെ കുറിച്ച് വിവരിച്ചുകൊടുക്കാന്‍ മറന്നില്ല. സ്വതസിദ്ധമായ ശൈലിയില്‍ ഉറക്കെ ചിരിച്ച് നിത്യവസന്തം പറഞ്ഞു: എന്തായാലും ആ അഡ്രസും ഫോണ്‍ നമ്പരും ഒന്ന് തന്നേക്കൂ. അഭിനയത്തിരക്കൊക്കെ കഴിഞ്ഞില്ലേ? ഇനിയിപ്പോ എനിക്ക് വിശ്രമ കാലമാണ്. പഴയ ആരാധകരെ ഒക്കെ നേരില്‍ കാണണം എന്നുണ്ട്. ആ വഴിക്ക് പോകുകയാണെങ്കില്‍ നിങ്ങളുടെ വീട്ടിലും കയറാം .അമ്മയെയും വല്യമ്മമാരേയും കാണാം'' -- ആത്മാര്‍ഥതയുടെ തെളിച്ചമുള്ള വാക്കുകള്‍. എന്ത് ചെയ്യാം, ധ്വനിയുടെ ഷൂട്ടിംഗ് കഴിഞ്ഞു ചെന്നൈയിലേക്ക് മടങ്ങിയ നസീര്‍ പിന്നെ തിരിച്ചെത്തിയതേയില്ല. മരണം അതിനകം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയിരുന്നു .

മറ്റൊരു ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് അമ്മ വഴുതി വീഴവേ, മേശപ്പുറത്തെ മ്യൂസിക് സിസ്റ്റം ഞാന്‍ വെറുതെ ഓണ്‍ ചെയ്തു. അത്ഭുതം പ്രണയാര്‍ദ്രമായ ശബ്ദത്തില്‍ ജയചന്ദ്രന്‍ പാടുന്നു: പൂര്‍ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച് പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു ..'' കുരുക്ഷേത്രം എന്ന സിനിമയില്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതി കെ രാഘവന്‍ ഈണമിട്ട്, സത്യന്‍ അഭിനയിച്ച നിത്യസുന്ദര ഗാനം. കിടന്ന കിടപ്പില്‍ അമ്മ തല ചെരിച്ചു നോക്കി . എവിടെയോ കേട്ട് മറന്ന ഒരു സ്‌നേഹിതന്റെ ശബ്ദം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കേള്‍ക്കുമ്പോഴത്തെ കൗതുകം കണ്ടു ഞാന്‍ ആ കണ്ണുകളില്‍. കുറച്ച് ഉറക്കെ വെക്കാമോ എന്ന് ആംഗ്യഭാഷയില്‍ അമ്മയുടെ ചോദ്യം. ഞാന്‍ പാട്ട് ഉറക്കെ വച്ചപ്പോള്‍ അമ്മയുടെ ചുണ്ടുകള്‍ പതുക്കെ മൂളി: ആരാധന തീര്‍ന്നു നടയടച്ചു, ആല്‍ത്തറ വിളക്കുകള്‍ കണ്ണടച്ചൂ , ആളുകള്‍ ഒഴിഞ്ഞു അമ്പലക്കുളങ്ങരെ അമ്പിളി ഈറന്‍ തുകില്‍ വിരിച്ചൂ .... ''

പാട്ട് തീര്‍ന്നപ്പോള്‍ എന്റെ കൈകളില്‍ മുറുകെ പിടിച്ചു അമ്മ. എന്നിട്ട് പറഞ്ഞു: നിയ്യ് എങ്ങട്ടും പോണ്ട ചെക്കാ; പഠിച്ചതൊക്കെ മതി. ഇബടെ അമ്മടെ അടുത്ത് ഇരുന്നോ, ഇങ്ങനെ പാട്ടും കേട്ട് ..'' കണ്ണുകള്‍ ചിമ്മി നിഷ്‌കളങ്കമായി ചിരിക്കുന്ന അമ്മയുടെ മുഖത്ത് നോക്കി, കരച്ചിലടക്കാനാകാതെ ഞാനിരുന്നു.

Content Highlights: Ravi Menon writes about his mother Narayanikutty Amma,

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram