ലക്ഷ്മീദേവി
പാട്ടുകാരിയല്ല ഞാനറിയുന്ന ദേവിച്ചേച്ചി. പക്ഷേ മനസ്സ് നിറയെ സംഗീതമാണ്; സ്നേഹവാത്സല്യങ്ങളുടെ ഉദാത്തമായ സംഗീതം. മകളിലൂടെ, കൊച്ചുമകളിലൂടെ തലമുറകൾക്കപ്പുറത്തേക്ക് പടർന്നൊഴുകുന്നു അത്. നിലയ്ക്കാത്ത ആ നാദപ്രവാഹം ആസ്വദിച്ച് വെള്ളിവെളിച്ചത്തിനും ക്യാമറക്കണ്ണുകൾക്കുമപ്പുറത്ത് അജ്ഞാതയായി മറഞ്ഞിരിക്കുന്നു ദേവിച്ചേച്ചി; നിശബ്ദമായ ഒരു പുഞ്ചിരിയോടെ. ആത്മസാഫല്യത്തിന്റെ പുഞ്ചിരി.ഈ മാതൃദിനത്തിൽ വീണ്ടും മനസ്സിനെ വന്നു തൊടുന്നു ആ മൃദുമന്ദഹാസം.
കൂടപ്പിറപ്പുകളല്ല സുജാതയും ശ്വേതയും; അമ്മയും മകളുമാണ്. പക്ഷേ ഇരുവർക്കും അമ്മ ദേവിച്ചേച്ചി തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഏകമകൾ സുജാതയെ തെന്നിന്ത്യയുടെ ``കവിക്കുയി''ലായി വളർത്തിക്കൊണ്ടുവന്ന അതേ ശ്രദ്ധയോടെ, കരുതലോടെ പേരക്കുട്ടിയായ ശ്വേതയേയും സംഗീതലോകത്ത് പിച്ചവെച്ചു നടത്തി അവർ; ഏതോ ജന്മനിയോഗമെന്നോണം.
രണ്ടു തലമുറകൾ; രണ്ടു കാലഘട്ടങ്ങൾ. അവയെ സ്വർണനൂൽ പോലെ ബന്ധിപ്പിച്ചുനിർത്തുന്നു ലക്ഷ്മീദേവി എന്ന പ്രതിഭാസം. ഇന്നും എനിക്കൊരത്ഭുതമാണ് ലാളിത്യത്തിന്റെ പ്രതീകമായ ഈ അമ്മൂമ്മ.
സുജാതയെ കണ്ടു പരിചയപ്പെടും മുൻപേ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിരുന്നു ദേവിച്ചേച്ചി -- കോഴിക്കോട്ടെ മുല്ലശ്ശേരിയിൽ വെച്ച്. രൂപഭാവങ്ങളിൽ ഒരു സാധാരണ മലയാളി വീട്ടമ്മ. സൗമ്യപ്രകൃതി. മിതഭാഷി. മകളെയും കൊച്ചുമകളേയും പോലെ ചുണ്ടിൽ സദാ വിടർന്നു നിൽക്കുന്ന ചിരിയില്ല. സ്വന്തം കാര്യങ്ങൾ പറയാൻ അങ്ങേയറ്റം വിമുഖ. ``എന്നെങ്കിലും ഞാൻ ചേച്ചിയെപ്പറ്റി എഴുതും'' എന്ന് കളിയും കാര്യവും ഇടകലർത്തി പറഞ്ഞപ്പോൾ അമ്പരപ്പോടെ എന്നെയും രാജുമ്മാമയെയും മാറിമാറി നോക്കി അവർ. ``എന്താപ്പൊ എന്നെപ്പറ്റി എഴുതാൻ? വലിയ വലിയ കാര്യങ്ങൾ ചെയ്തവരെ കുറിച്ചല്ലേ എഴുതേണ്ടത്? ഞാൻ ഒന്നും ചെയ്തില്ലല്ലോ. എന്റെ മകൾ അവളുടെ കഴിവു കൊണ്ട് നല്ലൊരു പാട്ടുകാരിയായി വളർന്നുവന്നു. അത്രേയുള്ളൂ..''
സുജാത പോലും സമ്മതിക്കാനിടയില്ലല്ലോ അക്കാര്യം എന്നോർത്തുപോയി അപ്പോൾ. ദേവിച്ചേച്ചിയെപ്പോലൊരു അമ്മയുടെ തണലിൽ വളർന്നിരുന്നില്ലെങ്കിൽ ഒരിക്കലുമൊരു പിന്നണിഗായിക ആകുമായിരുന്നില്ല താനെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് സുജു. ``എന്നെ മാത്രമല്ല എന്റെ മകളെയും പാട്ടുകാരിയായി വളർത്തിയത് അമ്മയുടെ ത്യാഗസന്നദ്ധമായ മനസ്സും ക്ഷമാശീലവും ഏകാഗ്രതയുമാണ്. സത്യത്തിൽ ശ്വേത വളർന്നുവരുന്നത് അറിഞ്ഞതുപോലുമില്ല ഞാൻ. അതറിയിക്കാതെ എന്നെ എന്റെ തിരക്കുകൾക്ക് വിട്ടുനൽകിക്കൊണ്ട് അവൾക്കൊപ്പം നിന്നു അമ്മ. അമ്മൂമ്മയായിട്ടല്ല, അമ്മയായിത്തന്നെ...''
തിരുക്കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയും തിരുവിതാംകൂറിന്റെ അവസാന ``പ്രധാനമന്ത്രി''യും ആയിരുന്ന സാക്ഷാൽ പറവൂർ ടി കെ നാരായണപിള്ളയുടെ മകൾ ലക്ഷ്മീദേവിക്ക് യൗവനം കരുതി വെച്ചത് സൗഭാഗ്യങ്ങളെക്കാൾ പ്രതിസന്ധികൾ. ജീവിതത്തിൽ നിനച്ചിരിക്കാതെ ഏകയായിപ്പോയ ഒരാൾ. പറക്കമുറ്റാത്ത മകൾക്ക് അച്ഛനും അമ്മയുമായി മാറേണ്ടിയിരുന്നു അവർക്ക്. ഒരു ``സിംഗിൾ മദറി''ന് സമൂഹം ഇന്നത്തേക്കാൾ വെല്ലുവിളികൾ ഉയർത്തിയിരുന്ന കാലമായിരുന്നു അതെന്നോർക്കണം. പക്ഷേ പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നില്ല ദേവിച്ചേച്ചി. ക്ഷമയോടെ, ആത്മവിശ്വാസത്തോടെ, അത്ഭുതകരമായ ദീർഘവീക്ഷണത്തോടെ ജീവിതം ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടുപോയി അവർ. ആ കൈപിടിച്ച് ഒപ്പം നടന്ന മകൾ വളർന്നതും അറിയപ്പെടുന്ന ഗായികയായി മാറിയതും അവൾ പോലുമറിഞ്ഞില്ല.
സുജാതയുടെയും ശ്വേതയുടെയും പാട്ടുകൾക്ക് പിന്നിൽ, അവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിൽ ഞാനെന്നും ദേവിച്ചേച്ചിയെ കാണുന്നു. സൗമ്യമധുരവും സ്നേഹനിർഭരവുമായ ആ ശബ്ദം കേൾക്കുന്നു. ഈ മാതൃദിനം ഞാൻ അവർക്കല്ലാതെ മറ്റാർക്ക് സമർപ്പിക്കാൻ? ദേവിച്ചേച്ചിയിൽ, അതുപോലുള്ള സ്നേഹനിധികളായ എത്രയോ അമ്മമാരിൽ, യാത്രപോലും പറയാതെ വേർപിരിഞ്ഞ എന്റെ പ്രിയപ്പെട്ട അമ്മയെ കാണുന്നു ഞാൻ. മാതൃത്വത്തിന്റെ ശക്തിയും സൗന്ദര്യവും ഒരിക്കൽ കൂടി അവരിലൂടെ തിരിച്ചറിയുന്നു...
Content Highlights: Ravi Menon share memories about Singer Sujatha Mohan's Mother Lakshmi devi