അവര്‍ സ്വപ്‌നങ്ങളിലേക്ക് പറക്കട്ടെ


പ്രണവ് പ്രകാശ്

3 min read
Read later
Print
Share

നടന്‍ നീരജ് മാധവിന്റെ അമ്മയും അധ്യാപികയുമായ ലത പറയുന്നു.......

ഡാന്‍സറെന്ന നിലയില്‍ മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ നീരജ് മാധവ് 2013-ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ദൃശ്യം,1983, സ്പതമശ്രീ തസ്‌കരഹാ, ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ നീരജ് ജനപ്രീതി പിടിച്ചു പറ്റി.

ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരതയില്‍ നീരജ് അവതരിപ്പിച്ച സഖാവ് സുഭാഷ് എന്ന കഥാപാത്രം വലിയ നിരൂപകപ്രശംസ നേടിയിരുന്നു.

നര്‍ത്തകനായും നടനായും പേരെടുത്ത് ഇപ്പോള്‍ ലവകുശ എന്ന പുതിയ ചിത്രത്തിലൂടെ തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുന്ന നീരജിന്റെ ഇതുവരെയുള്ള യാത്ര ഓര്‍ത്തെടുക്കുകയാണ് അധ്യാപിക കൂടിയായ അമ്മ ലത മാധവ് ലോകമാതൃദിനത്തില്‍.....

കുട്ടിക്കാലത്ത് ടിവിയില്‍ പ്രഭുദേവയുടെ പാട്ടൊക്കെ വരുമ്പോള്‍ നീരജ് അത് കണ്ട് ഡാന്‍സ് ചെയ്യുമായിരുന്നു. മൂന്നോ നാലോ വയസ്സാണ് അവനപ്പോള്‍ പ്രായം. പിന്നീട് മൂന്നാം ക്ലാസ്സിലൊക്കെയെത്തിയപ്പോള്‍ അവന്‍ പാട്ടുകള്‍ക്ക് സ്വന്തമായി കൊറിയോഗ്രഫി ചെയ്യാന്‍ തുടങ്ങി. അവന്റെ നൃത്തത്തിനൊരു താളമുള്ളതായി തോന്നിയപ്പോള്‍ ആണ് കലാമണ്ഡലം സരസ്വതി ടീച്ചര്‍ക്ക് കീഴില്‍ അവനെ നൃത്തം പഠിപ്പിക്കാന്‍ ചേര്‍ത്തത്.

അത് പിന്നെ മുടങ്ങിയില്ല, അവന്‍ അത് നന്നായി കൊണ്ടു പോയി. പിന്നെ സ്‌കൂള്‍ കലോത്സവങ്ങളിലൊക്കെ പങ്കെടുത്തു വിജയിച്ചു, സംസ്ഥാനതലത്തില്‍ നിരവധി തവണ മത്സരിക്കാനവസരം ലഭിച്ചു. എ ഗ്രേഡുകള്‍ നേടി. അതിന് ശേഷമാണ് അമൃതാ ടിവിയുടെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. അതില്‍ ഫൈനല്‍ റൗണ്ട് വരെ പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. പക്ഷേ അപ്പോഴൊന്നും സിനിമ അവന്റെ മനസ്സിലിലായിരുന്നു.

പഠിക്കാന്‍ മിടുക്കനായിരുന്നു നീരജ്. പത്താം ക്ലാസ്സ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് പാസ്സായത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ ആണ് സിനിമയോട് ഇഷ്ടം കാണിച്ചു തുടങ്ങിയത്. അതിനെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും അവന്‍ താത്പര്യം കാണിച്ചപ്പോള്‍ ഞങ്ങള്‍ എതിര്‍ത്തില്ല. അങ്ങനെയാണ് ചെന്നൈയില്‍ വിഷ്വല്‍ കമ്മ്യൂണിക്ഷേന്‍ പഠിക്കാന്‍ പോകുന്നത്.

സംവിധാനവും തിരക്കഥാരചനയുമൊക്കെയായിരുന്നു അവന്റെ സ്വപ്‌നം. ആയിടയ്ക്ക് നീരജിന്റെ ഒരു കൂട്ടുകാരനാണ് അനൂപ് മേനോന്‍ ചിത്രം ബഡ്ഡിയിലേക്ക് ഓഡിഷന്‍ നടക്കുന്ന വിവരം പറയുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ അവന് അത്രത്തോളം ആത്മമവിശ്വാസിമില്ലായിരുന്നു, എന്നാല്‍ അവന്‍ അഭിനയിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയിരുന്നു. ഓഡിഷന് വെറുതെ ഒന്ന് പോയി നോക്കാന്‍ അവനെ ഞാന്‍ നിര്‍ബന്ധിച്ചു. എന്തായാലും സെലക്ഷന്‍ കിട്ടി ബഡ്ഡിയില്‍ ഒരു ചെറിയ വേഷം.... അതായിരുന്നു സിനിമയിലെ അവന്റെ തുടക്കം.

പിന്നെ മെമ്മറീസിലും ചെറുതെങ്കിലും നല്ലൊരു വേഷം ലഭിച്ചു. എന്നാല്‍ ദൃശ്യം കഴിഞ്ഞതോടെയാണ് ഒരു നടനെന്ന നിലയില്‍ അവന് സ്വയമൊരു ആത്മവിശ്വാസം വന്നത്. പിന്നെ ഒരുപാട് നല്ലസിനിമകള്‍... ഇപ്പോള്‍ നീരജ് തന്നെ രചന നിര്‍വഹിച്ച ലവകുശയുടെ ഷൂട്ടിംഗും നടക്കുകയാണ്. ഒരു സംവിധായകനാവുക എന്ന സ്വപ്‌നത്തിലേക്കുള്ള അവന്റെ ചെറിയ ചുവടു വയ്പ്പ്.

നീരജിന്റെ ഈ ചുരുളന്‍ മുടിയും ന്യൂജന്‍ ലുക്കുമൊക്കെ എന്റെ സഹപ്രവര്‍ത്തകരടക്കം ഒരുപാട് പേര്‍ക്ക് ഇഷ്ടമാണ് അവന് അത് നന്നായി ചേരുന്നുണ്ടെന്നൊക്കെ അവര്‍ പറയും. എന്നാല്‍ പ്രായമായവര്‍ ഈ മുടി വെട്ടാത്തതിന് പരാതിയും പറയും. എന്തായാലും അവന്റെ ഇഷ്ടമല്ലേ അവന്‍ ഇങ്ങനെയൊക്കെ അങ്ങനെ നടക്കട്ടെയെന്നാണെനിക്ക്. നീരജിന്റെ അനിയന്‍ നവനീത് ഇപ്പോള്‍ ഡിഗ്രീ ഫൈനല്‍ ഇയറാണ്‌ സംവിധാനവും ചായാഗ്രഹണവുമൊക്കെയാണ് അവന്റേയും ഇഷ്ടം എങ്കിലും ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാനാണ് ഞാനവനോട് പറയുന്നത് സമയുമുണ്ടല്ലോ എല്ലാത്തിനും.

കോഴിക്കോട് പന്നിയങ്കര ശ്രീരാമാകൃഷ്ണമിഷന്‍ സ്‌കൂളില്‍ ടീച്ചറാണ് ഞാന്‍. രക്ഷകര്‍ത്താക്കള്‍ മക്കളുടെ ഭാവിയെക്കുറിച്ചൊക്കെ പറയുമ്പോള്‍ കുട്ടികളെ അവര്‍ക്ക് ഇഷ്ടമുള്ളത് പഠിക്കാന്‍ അനുവദിക്കണം എന്നാണ് ഞാന്‍ പറയാറുള്ളത്. സ്വന്തം കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം. അത് കണ്ടെത്താനും ഏറ്റവും നന്നായി വളര്‍ത്തിയെടുക്കാനും അവര്‍ക്കാണ് സാധിക്കുക. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുമ്പോള്‍ അവരതില്‍ നൂറ് ശതമാനം നല്‍കും അപ്പോള്‍ സ്വഭാവികമായും അതിലവര്‍ വിജയിക്കുകയും ചെയ്യും അതല്ലാതെ ഇഷ്ടമില്ലാത്ത ഒരു കരിയറിലേക്ക് മക്കളെ തള്ളിവിടുമ്പോള്‍ അവര്‍ക്കതില്‍ശോഭിക്കാന്‍ കഴിഞ്ഞു എന്നു വരില്ല.......എന്റെ മകന്‍ എന്നെ പഠിപ്പിച്ചത് അതാണ്.....

അച്ഛനും അമ്മയ്ക്കുമൊപ്പം നീരജ്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram