Me Too:എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്? അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ ഉന്നയിക്കുന്ന ചോദ്യം


മുരളി തുമ്മാരുകുടി

2 min read
Read later
Print
Share

#metoo എന്നത് സിനിമാരംഗത്തോ, രാഷ്ട്രീയ രംഗത്തോ, പത്രപ്രവര്‍ത്തന രംഗത്തോ കായിക രംഗത്തോ, മറ്റു ഗ്ലാമര്‍ രംഗങ്ങളിലോ മാത്രമുള്ള പ്രശ്‌നമല്ല, നമ്മുടെയെല്ലാം ചുറ്റിലും ഇതുണ്ട്,

ഒരു വര്‍ഷത്തിന് ശേഷമാണെങ്കിലും ഇന്ത്യയിലും #metoo പ്രസ്ഥാനം കത്തിക്കയറാന്‍ തുടങ്ങുകയാണ്, നല്ലത്. വിഷമിപ്പിക്കുന്നത് പക്ഷെ ഏറെ ആണുങ്ങളുടെ പ്രതികരണമാണ്. 'എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്?', 'എന്തുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്?' എന്നിങ്ങനെ തികച്ചും സ്വാഭാവികമായ ചോദ്യങ്ങള്‍ ഉയരുന്നു. അത് അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ ഇന്നിപ്പോള്‍ WCC പത്രസമ്മേളനത്തിന് താഴെ വന്ന് കമന്റിടുന്നവര്‍ വരെ ഇത് തന്നെയാണ് ചോദിക്കുന്നത്.

ഈ ചോദ്യത്തിനൊക്കെ ഉത്തരങ്ങള്‍ ഇത്തരം അനുഭവങ്ങളില്‍ നിന്നും കരകയറിയവരും മനഃശാസ്ത്രഞ്ജരും ഒക്കെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞാനും എഴുതാം. സഹോദരനും സുഹൃത്തും അധ്യാപകനും മെന്ററും എഴുത്തുകാരനും ഒക്കെയായി ആയിരക്കണക്കിന് സ്ത്രീകളുമായി ഇടപെട്ട പരിചയത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ ഇപ്പോള്‍ പറയാം.

ഈ #metoo എന്നത് സിനിമാരംഗത്തോ, രാഷ്ട്രീയ രംഗത്തോ, പത്രപ്രവര്‍ത്തന രംഗത്തോ കായിക രംഗത്തോ, മറ്റു ഗ്ലാമര്‍ രംഗങ്ങളിലോ മാത്രമുള്ള പ്രശ്‌നമല്ല. ഇപ്പോള്‍ പുറത്തു വരുന്ന പത്തോ അതിന്റെ പത്തിരട്ടിയോ ആളുകളുടെ പ്രശ്‌നവുമല്ല. നമ്മുടെയെല്ലാം ചുറ്റിലും ഇതുണ്ട്, അത് മനസ്സിലാക്കാനുള്ള മനസ്സുണ്ടെന്ന് സ്ത്രീകള്‍ക്ക് തോന്നിയിട്ടുള്ള എല്ലാ പുരുഷന്മാരും ഇത്തരം അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്.

നിങ്ങള്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ആരില്‍ നിന്നും ഇനിയും ഇത്തരം ഒരു കഥ കേട്ടിട്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങളുടെ തൊട്ടടുത്തുള്ളവര്‍ക്ക് നിങ്ങളോട് അത്തരം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള 'സ്‌പേസ്' നിങ്ങള്‍ കൊടുത്തിട്ടില്ല എന്നത് മാത്രമാണ്. അതായത് നിങ്ങള്‍ നിങ്ങളുടെ 'ഏറ്റവും അടുത്തത്', 'ആത്മാര്‍ത്ഥ സുഹൃത്ത്' എന്നൊക്കെ കരുതുന്നവര്‍ നിങ്ങളെ അങ്ങനെ കരുതുന്നില്ല. നിങ്ങളുടെ ചിന്തയും വിചാരവും ഇത്തരത്തില്‍ ആണെങ്കില്‍ എനിക്കതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ലല്ലോ.

ഈ #metoo ഒഒന്നും വലിയൊരു പ്രശ്‌നമല്ലെന്നും സ്ത്രീകള്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കുടുംബത്തോട് നടന്നയുടനെ തുറന്നു പറയും എന്നുമൊക്കെയുള്ള ചിന്താഗതിയില്‍ നിങ്ങള്‍ ഞെളിഞ്ഞിരിക്കുമ്പോള്‍, അനുഭവങ്ങള്‍ പറയാനാകാതെ വീര്‍പ്പുമുട്ടുന്നത് അമേരിക്കയിലെ സിനിമാതാരങ്ങളോ ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരോ മാത്രമല്ല. നിങ്ങള്‍ക്ക് തൊട്ടു ചുറ്റുമുള്ള, നിങ്ങള്‍ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളുടെ ഭാര്യയോ, സഹോദരിയോ മകളോ സുഹൃത്തുക്കളോ കൂടിയാണ്. അക്കാര്യം മനസ്സിലാകുന്ന കാലത്ത് നിങ്ങള്‍ക്ക് #metoo വിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാകും. അതുവരെ ചെവിയില്‍ പഞ്ഞിവെച്ച് അടച്ചിരുന്നിട്ട് 'ചെണ്ടമേളത്തിന് ഒച്ചയൊന്നും ഇല്ലല്ലോ' എന്ന് ചിന്തിക്കുന്ന മൂഢന്റെ അവസ്ഥയിലാണ് നിങ്ങള്‍.

Content Highlights: MeToo Movement

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram