ചൂലെടുക്കുകയാണ് മലയാളിസ്ത്രീകളും. ലക്ഷ്യം ശുദ്ധീകരണംതന്നെ. ചരിത്രത്തിലെ ശ്രദ്ധേയമായൊരു സമരമുഖത്തേക്ക് അവര്‍ വരുന്നു. അവര്‍ 14 പേര്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. ആയിരം നാവുണ്ടാകും വിമര്‍ശകര്‍ക്ക്. അറിയപ്പെടുന്ന നടിമാരാണ് അരങ്ങത്ത് എന്നിരിക്കേ പ്രത്യേകിച്ചും. അതിനും അപ്പുറത്താണ് പക്ഷേ പെണ്‍ചുവടുകള്‍.
ലോകം എമ്പാടുമുണ്ട് മീ ടൂ. ബോളിവുഡും ഹോളിവുഡും കഴിഞ്ഞാണ് മോളിവുഡിലേക്ക് വരവ്. കാലങ്ങള്‍ക്ക് മുമ്പ് നേരിട്ട അനീതി പച്ചയായി പറയുന്നു ഇരകള്‍. പട്ടുടുപ്പുകളില്‍ പൊതിഞ്ഞു വച്ചിട്ടുള്ളത് പറയാന്‍ കൊള്ളാത്ത അസുഖങ്ങളെന്ന് തുറന്ന് കാണിക്കുന്നു. കോടതിയേയോ പോലീസിനേയോ സമീപിക്കുന്നില്ല മിക്കവരും. അപ്പോഴും അവര്‍ ജീവിക്കുന്നസമൂഹത്തില്‍ ആ വാക്കുകള്‍ സ്വീകാര്യമാവുന്നു. പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇല്ലാതാവുന്നു. പഴയ ഇരകളുടെ അതേ അനുഭവം വേട്ടക്കാര്‍ക്കും തിരിച്ചു കിട്ടുന്നു.
സിനിമകള്‍ നഷ്ടമാവുന്നു. പലര്‍ക്കുമെതിരേ കേസു വരുന്നു. പണി പോവുന്നു. കേരളത്തില്‍ മീ ടൂവിന് പ്രത്യേകതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം രേവതി പറഞ്ഞതു തന്നെ. വാചകമല്ലാതെ ആരും ഇരയ്‌ക്കൊപ്പം ഇല്ല. അത് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം ഇപ്പോഴത്തെ ഏത് മീ ടൂവിനേക്കാളും ശക്തമായിട്ടാണ് അവള്‍ വന്നത്. ഒന്നരക്കൊല്ലം മുമ്പ്. അവള്‍ പ്രതികരിച്ചു. സ്വജീവിതം ചൂണ്ടിപ്പണയം വച്ചു. പോലീസില്‍ നേരിട്ട് പരാതിപ്പെട്ടു. എംഎല്‍എമാരും മന്ത്രിമാരും അറിഞ്ഞു. നാട് അവള്‍ക്കൊപ്പം നിന്നു. എന്നിട്ടോ? നീതികിട്ടിയോ? അവള്‍ പേരുപോലുമില്ലാതെ മാഞ്ഞുമാഞ്ഞ് മറയാറായി. അവളുടെ കൂട്ടുകാരികളും ഗുരുതുല്യകളുമൊക്കെ ഇന്ന് പുറത്ത് പറയുന്നു. ഇതേ അനീതിയെ പറ്റി. അവള്‍ക്ക് മാത്രം ഭ്രഷ്ട് കല്‍പിക്കരുത്. അതെ ഭ്രഷ്ട് തന്നെ.
1905 ല്‍ മറ്റൊരു 'സാധന'ത്തെ ഭ്രഷ്ടാക്കിയത് കുലസ്ത്രീകള്‍ മറക്കില്ലല്ലോ. കുറിയേടത്ത് താത്രിയെ. ആചാരങ്ങളില്‍ അന്നും വിലോപം വന്നു. താത്രിക്കുട്ടി പേരു പറഞ്ഞ പുരുഷന്മാര്‍ക്കും വാദിക്കാന്‍ അവസരം കിട്ടി. രാജപുരുഷന്മാര്‍ക്കിടയില്‍ കൂടി താത്രി വീണ്ടും വീണ്ടും പേരു കേള്‍പ്പിച്ചു. അവര്‍ അത് കേട്ട് ആനന്ദിച്ചു. നാലും കൂട്ടി ഉണ്ടു. മുറുക്കിത്തുപ്പി.
അവള്‍ക്കൊപ്പം അന്നും ആളുണ്ടായില്ല. താത്രിക്കും കിട്ടി വധഭീഷണി. തലപ്പുള്ളി താലൂക്കില്‍ നിന്ന് തൃപ്പൂണിത്തുറയില്‍ പാലസിലേക്ക് അവളെ മാറ്റിപ്പാര്‍പ്പിച്ചു. മറക്കരുത്. അച്ഛനും സഹോദരനും അടക്കമുള്ളവരുടെ പേരുപറഞ്ഞു അന്ന് താത്രിക്കുട്ടി. നമ്പൂരിയും പട്ടരും നായരുമൊക്കെ പട്ടികയില്‍ വന്നു.വിചാരണയ്ക്ക് മുമ്പേ രണ്ടുപ്രതികള്‍ മരിച്ചു. ഒരാള്‍ തീര്‍ത്ഥാടനത്തിന് പോയി. ഒരാള്‍ നാടുവിട്ടു. അവശനായ ഒരാളെ വിചാരണ ചെയ്തില്ല.
60പേരില്‍ ഒരു ശാമു പട്ടര്‍ മാത്രമേ താത്രിയുമായുള്ള മൈത്രി സമ്മതിച്ചുള്ളൂ. അതുംപ്രായപൂര്‍ത്തി ആയില്ലെന്ന് വാദിക്കാന്‍ വേണ്ടി. എന്തായാലും ആ സ്മാര്‍ത്തവിചാരത്തില്‍ താത്രി മാത്രമല്ല ശിക്ഷിക്കപ്പെട്ടത്.എല്ലാവര്‍ക്കും ഭ്രഷ്ട് കിട്ടി. നമ്പൂതിരി സമുദായത്തിലെ അധ:പതനത്തിന്റെ അന്ത്യംകുറിച്ച സംഭവം എന്ന് നിരീക്ഷിക്കുന്നുണ്ട് വി ടി ഭട്ടതിരിപ്പാട് സ്മാര്‍ത്തവിചാരത്തെ.
ഇനി ഒന്നരക്കൊല്ലം മുമ്പത്തെ അക്രമത്തിലേക്ക് വരിക. ആ നടിയുടെ പേരു പോലും പറയാനാവാത്ത വിധം അവള്‍ അപമാനിത. അവള്‍ക്കു ചുറ്റുംമാത്രം ഇരുമ്പുമറ. അഭ്രപാളികളില്‍ വീണ്ടും വീണ്ടും മസിലു പെരുപ്പിച്ച് ആരോപിതന്‍. വാടകയ്‌ക്കെടുത്ത ആള്‍ക്കൂട്ടം പൊലിപ്പിക്കുന്ന രാമലീലകള്‍. ചാടിക്കളിയെടാ കുഞ്ഞിരാമാ. മുമ്പും ഇത് കണ്ടിട്ടുണ്ട് മലയാളി. എത്രയോ തവണ. സൂര്യനെല്ലിയിലെ പെണ്‍കുട്ടി, വിതുരയിലെ പെണ്‍കുട്ടി, എടപ്പാളിലെ കുട്ടി, പറവൂരിലെകുട്ടി അങ്ങനെയങ്ങനെ പട്ടിക
വലുതാവുന്നു.
പ്രതികള്‍ക്കാര്‍ക്കും ഭ്രഷ്ടില്ല. അവര്‍ ആരോപിതര്‍ മാത്രം. സ്വതന്ത്രര്‍ .അത് നടപ്പില്ലെന്ന് പ്രഖ്യാപിക്കുകയാണ് രേവതിയും പാര്‍വതിയുമൊക്കെ. അഞ്ജലി മേനോനെപ്പോലെ അര്‍ഹമായ കസേര പിടിച്ചിട്ട് ഇരുന്നവര്‍, ബീനാ പോളിനെ പോലെ രാജ്യാന്തര സിനിമാരംഗത്തെ അറിയുന്നവര്‍, പത്മപ്രിയയെപോലെ വൃന്ദാ ഗ്രോവറില്‍ നിന്ന് നിയമോപദേശം തേടുന്നവര്‍, റീമാ കല്ലിങ്കലിനെ പോലെ, രമ്യാ നമ്പീശനെപ്പോലെ, ദീദിയെപ്പോലെ തല കുനിക്കാത്തവര്‍. ചൂടുവെള്ളത്തില്‍ വീണ പൂച്ചയല്ല തങ്ങളെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്നോളം നിങ്ങള്‍ പൂച്ചകള്‍ കണ്ണുവച്ച എലിക്കുഞ്ഞുങ്ങള്‍. ഇനി എലിപുലിയാവും. തുറന്നടിക്കുന്നു ഈകുട്ടികള്‍.
തിലകന് ഒരു നീതി. നടിക്ക് ഒരു നീതി. ആരോപിതനുമാത്രം താലത്തില്‍ പൂജിച്ച നീതി. തുല്യതയുടെ അര്‍ത്ഥം ഇതല്ല. കുട്ടികള്‍ പറയുന്നു. ''നിങ്ങള്‍ ദിലീപിന് ഒപ്പം നിന്നോളൂ. ഞങ്ങള്‍ മുകേഷിനൊപ്പമല്ല.''കേരളത്തില്‍ പക്ഷേ ഇവരുടെ പ്രതിസന്ധിക്ക് മറ്റൊരു തലമുണ്ട്. ഗണേശനും മുകേഷിനുമൊക്കെയുള്ള സ്വാധീനംതന്നെയാണ് അത്. ഇരുവരും എംഎല്‍എമാരാണ്. ഇന്നസെന്റും സുരേഷ് ഗോപിയും എംപിമാരാണ്. അവര്‍ക്ക് പിന്നില്‍ പ്രസ്ഥാനങ്ങളുണ്ട്. കൊടിയടയാളം നോക്കി മാത്രംപീഡകരെ വിമര്‍ശിക്കുന്ന പ്രസ്ഥാനങ്ങള്‍.
മറുനാടിന് മുന്നില്‍ നടന്നു എന്ന് അഭിമാനിച്ച മലയാളി തലകുനിക്കണം. പീഡകരെ കൊട്ടിഗ്‌ഘോഷിക്കുന്ന കങ്കാണിമാരെക്കണ്ട്. അവിടെ ജനാധിപത്യപരമായി പുതിയകുട്ടികള്‍ ഓര്‍മ്മിപ്പിക്കുന്നു. അമ്മയെ വിട്ടുപോകേണ്ടത് മക്കളല്ലാ. സംബന്ധമൊഴിയേണ്ടത് പുതിയ മാനേജര്‍മാരാണ്. അവള്‍ക്കൊപ്പം ഉണ്ടോ എന്നചോദ്യം മാത്രമാണ് ബാക്കി. ബധിരകര്‍ണവുമായി ഇനിയും മലയാളിക്ക് നടക്കാനാവില്ല.
രേവതി പറയുന്നുണ്ട്. മീ ടൂവില്‍ നമ്മുടെ വിഗ്രഹങ്ങളും ഉടയും. ചില നെഞ്ചിടിപ്പുകള്‍ കൂടുന്നുണ്ട്. അപ്പോഴും ഒരു ചോദ്യം ബാക്കിയുണ്ട്. മീ ടൂവില്‍ ഒപ്പം ചേര്‍ന്ന് ''ഞാനും അങ്ങനെയായിരുന്നു'' എന്ന് പശ്ചാത്താപത്തോടെ പറയാന്‍ ആണുങ്ങള്‍ തയ്യാറാവുന്നത്
എപ്പോഴാകും?
Content Highlights: Me too Movement, Wcc Against A.M.M.A, WCC Press Meet