മീ ടൂ, പലരുടെയും മുട്ടുവിറപ്പിക്കാൻ ഈ രണ്ട് വാക്കുകൾക്കായി


അഞ്ജന ശശി

3 min read
Read later
Print
Share

സിനിമാരംഗത്തും മീ ടൂ ക്യാമ്പെയ്ൻ ശക്തമാവുകയാണ്. നടൻ മുകേഷിനെതിരായ വെളിപ്പെടുത്തൽ മലയാള സിനിമയ്ക്കും ചില മുന്നറിയിപ്പുകൾ നൽകുന്നു. സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കാൻ ഈ ക്യാമ്പെയ്ൻ വഴിയൊരുക്കും

പേരുകേൾക്കുമ്പോൾത്തന്നെ പലരുടെയും നെഞ്ചിൽ പടപടപ്പുണ്ടാക്കുന്ന ശബ്ദം. ഇന്നല്ലെങ്കിൽ നാളെ തന്റെ പൊയ് മുഖം അടരുന്ന പേടിയിൽ പലരുടെയും മുട്ടുവിറപ്പിക്കാൻ ഈ രണ്ട് വാക്കുകൾക്കായി. സ്ത്രീകളുടെ നോ പറച്ചിലുകൾ തട്ടിമാറ്റി അതിക്രമത്തിന്റെ തലത്തിലേക്ക് കടന്നുപോയവർക്ക് ഇനി ശിക്ഷാകാലം തന്നെയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹോളിവുഡിൽ അലയടിച്ച കാറ്റ് അതിരുകൾ കടന്ന് ബോളിവുഡിലേക്കും മോളിവുഡിലേക്കും എത്തിയിരിക്കുന്നു. ഒന്നിനു പുറകേ ഒന്നായി പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴുന്ന കാഴ്ചയാണ് ഓരോ ദിനവും കാണുന്നത്. ചലച്ചിത്രപ്രവർത്തകർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, മീ ടൂവിന്റെ പടവാളിനുമുന്നിൽ ഇനിയും തലകൾ ഉരുളുമെന്ന് ഓരോ നിമിഷവും സാമൂഹിക മാധ്യമങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്നു.

തരാനബർക്കയിൽനിന്ന് ടെസ വരെ
മൈ സ്‌പേസ് എന്ന സോഷ്യൽ നെറ്റ്‌വർക്കിൽ സഹാനുഭൂതിയിലൂടെ ശാക്തീകരണം എന്ന പ്രചാരണത്തിന്റെ ഭാഗമായി 2006-ൽ അമേരിക്കൻ സാമൂഹ്യപ്രവർത്തകയായ തരാന ബർക്കയാണ് മീ ടൂ എന്ന പേരിൽ ഡോക്യുമെന്ററി തയ്യാറാക്കിയത്. 13 വയസ്സുകാരി നേരിട്ട ലൈംഗിക അതിക്രമങ്ങൾ വിഷയമാക്കിയ ഡോക്യുമെന്ററിയുടെ അവസാനം ബർക്ക ആ കുട്ടിയോട് പറഞ്ഞത് ‘മീ ടൂ’ എന്നായിരുന്നു.

അവിടുന്നിങ്ങോട്ട് മറ്റൊരു തുറന്നുപറച്ചിലിന് 12 വർഷം കാത്തിരിക്കേണ്ടി വന്നു. തൊഴിലിടങ്ങളിലെ ആണഹങ്കാരങ്ങൾക്കുമീതേ ശബ്ദമുയർത്താൻ ആർക്കും ധൈര്യമുണ്ടായില്ല എന്ന സത്യം ഞെട്ടിപ്പിക്കുന്നതായിരുന്നു.
2017-ൽ അമേരിക്കൻ ചലച്ചിത്ര നിർമാതാവായ ഹാർവി വെയിൻസ്റ്റീനെതിരേ ഹോളിവുഡ് നടി അലിസ മിലാനോവാണ് മീ ടൂ ഹാഷ് ടാഗിനു കീഴിൽ ലൈംഗികാരോപണം ആദ്യം ഉയർത്തിയത്. പിന്നീട് മുപ്പതിലധികം സ്ത്രീകൾ ഇത്തരം ആരോപണം ഹാർവിക്കെതിരേ ഉയർത്തുകയായിരുന്നു.

കടൽകടന്ന് ഇന്ത്യയിൽ എത്തിയ മീ ടൂ അലയൊലി ആദ്യമാദ്യം കലാരംഗത്ത് മാത്രമായി ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെട്ടു. തുടർന്ന് ഫെയ്‌സ്‌ബുക്കിന്റെ ചുമരുകളിൽ മീ ടൂ ക്യാമ്പെയിൻ ആർത്തലച്ചു. അതിനുംമുൻപേ നടി ഭാവനയുടെ തുറന്നുപറച്ചിലുകൾക്കൊപ്പം അന്നേ മലയാളികളിൽ ചിലർ ഹാഷ് ടാഗ് ഇടാതെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു എന്നതും മറക്കാനാവില്ല. ഹോളിവുഡിൽനിന്ന് ബോളിവുഡിലേക്കും അവിടെനിന്ന് മോളിവുഡിലേക്കും ഇന്ന് അതിരുകൾ ലംഘിച്ച് മീ ടൂ ആഞ്ഞടിച്ചിരിക്കുന്നു.

തുടക്കമിട്ടത് തനുശ്രീ
ബോളിവുഡ് നടി തനുശ്രീ ദത്ത പ്രമുഖ ബോളിവുഡ് നടൻ നാനാ പടേക്കർക്കെതിരേ രംഗത്തെത്തിയതാണ് ഇത്തവണത്തെ മീ ടൂ ക്യാമ്പെയിന്റെ തുടക്കം. വിവാദം കത്തിപ്പടർന്നതോടെ പലരും വെളിപ്പെടുത്തലുകളുമായി എത്തി. തുടർന്ന് എഴുത്തുകാരനും ചലച്ചിത്ര സംഗീത രചയിതാവുമായ വരുൺ ഗ്രോവറിനെതിരേ അദ്ദേഹത്തിന്റെ മുൻ വിദ്യാർഥിനി രംഗത്തുവന്നു. ഒരു നാടകത്തിന്റെ റിഹേഴ്‌സലിനിടെ അപമാനിച്ചു എന്നായിരുന്നു ആരോപണം. പിന്നീട് നടൻ അലോക് നാഥിനെതിരേ എഴുത്തുകാരി വിനിത നന്ദ രംഗത്തെത്തി. ചലച്ചിത്ര നിർമാതാവ് ഗോരംഹ് ദോഷിക്കെതിരേ ബോളിവുഡ് നടി ഫ്ലോറ സൈനിയും വികാസ് ബാലിനെതിരേ കങ്കണ റണൗട്ടും രംഗത്തെത്തി. പിന്നീട് ഇങ്ങോട്ട് പുറത്തുവന്നത് വലിയ താരനിരകളുടെ പട്ടിക തന്നെയാണ്.

മലയാളത്തിലും മീ ടൂ
നാനാപടേക്കറിനെതിരേയുള്ള ആരോപണം വിവാദമായതിന്റെ തൊട്ടടുത്ത ദിവസമാണ് മലയാള സിനിമയിലും മീ ടൂ കടന്നുവന്നത്. നടൻ മുകേഷിനെതിരേയാണ് ടെലിവിഷൻ ഷോയിലെ സാങ്കേതിക വിദഗ്ധയായ ടെസ് ജോസഫ് രംഗത്തെത്തിയത്. മീ ടൂ എന്ന പ്രചാരണമാണ് തനിക്കത് എഴുതാൻ ധൈര്യം തരുന്നതെന്ന് പറഞ്ഞാണ് 19 വർഷം മുൻപ്‌ മുകേഷ് ചെയ്ത പ്രവൃത്തി ടെസ് തുറന്നുപറഞ്ഞത്. തന്റെ റൂമിന് സമീപമുള്ള മുറിയിൽ താമസിക്കണമെന്ന ആവശ്യം നിരാകരിച്ചതിനാൽ ഷോ പകുതിക്കുവെച്ച് മുകേഷ് ഉപേക്ഷിച്ചുപോയി എന്നും ഇവർ ആരോപിക്കുന്നു.

19 വർഷത്തിനുശേഷം എന്തിനിങ്ങനെ ആരോപിക്കുന്നു എന്ന ചോദ്യമാണ് മിക്കവരും ഇതിനെതിരേ ഉയർത്തിയത്. കന്യാസ്ത്രീമഠത്തിൽ പീഡനം നടന്നപ്പോൾ 12 തവണയും അവർ അതിന് സൗകര്യമൊരുക്കുകയായിരുന്നു എന്നു പറഞ്ഞ പി.സി. ജോർജ്ജിന്റെ വാക്കുകളോട് കൂട്ടിവായിക്കാൻ മാത്രമേ ഇത്തരം ചോദ്യങ്ങളോട് കഴിയൂ.
സ്വന്തം വീട്ടിൽവെച്ച് പ്രിയപ്പെട്ടവർ ഉപദ്രവിച്ചാൽ തുറന്നുപറയുന്ന ഒരു സമൂഹമായി ഇനിയും നമ്മുടെ നാട് മാറിയിട്ടില്ല. തൊഴിലിടങ്ങളിൽ തൊഴിൽ നഷ്ടമാകുമെന്ന പേടിയിലാണ് പലരും ഇത് മൂടിവെച്ചിരുന്നത്. പുറത്തറിഞ്ഞാൽ സമൂഹം നൽകിവരുന്ന സ്ഥാനവും സൂര്യനെല്ലിപോലുള്ള കേസുകളുടെ അവസ്ഥയും കൂടിയായാൽ ആരും ഒന്നറയ്ക്കും എന്നത് സത്യംതന്നെയാണ്. നിവൃത്തികേടു വരുമ്പോൾ മാത്രമാണ് സ്ത്രീകൾ ഇത്തരം അവസരങ്ങളിൽ വായ തുറക്കുന്നത്. സമയവും സന്ദർഭവും ഒത്തിണങ്ങി സമൂഹമാധ്യമം എന്ന പ്ലാറ്റ്‌ഫോമും ലഭിച്ചപ്പോൾ സ്ത്രീകൾ അത് ഉപയോഗിച്ചു, അത്രതന്നെ.

ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും സംഗീത സംവിധായകരുമെല്ലാം പട്ടികയ്ക്കുള്ളിൽ പുറംലോകം കാണാൻ കാത്തിരിക്കുന്നു എന്നതാണ് ഇതുവരെയുള്ള വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. തെന്നിന്ത്യയിൽ ചലച്ചിത്രരംഗത്ത് തമിഴും തെലുങ്കും കന്നടയുമെല്ലാം മീ ടൂവിന് പുറകെത്തന്നെയാണ്. മാധ്യമപ്രവർത്തകരും എഴുത്തുകാരും മീ ടൂവിൽനിന്ന് രക്ഷപ്പെടുന്നില്ല.

ഓരോ ദിവസവും പുതിയപുതിയ വെളിപ്പെടുത്തലുകൾ വന്നുകൊണ്ടേയിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലും ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി മീ ടൂ മാറുന്ന സൂചനകളാണുള്ളത്. വരാനിരിക്കുന്നത് മീ ടൂവിന്റെ കൂടുതൽ വെളിപ്പെടുത്തലുകളാണെന്ന് സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പുകൾ വരുന്നു.

ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾക്കെതിരേ 2013-ൽ നിലവിൽവന്ന വിശാഖാ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് നിയമനിർമാണമുള്ള ഇന്ത്യപോലൊരു രാജ്യത്ത്, കയറിപ്പിടിക്കുന്നത് മാത്രമല്ല, ഫോൺ വിളിച്ച് സ്ത്രീകൾക്ക് ഇഷ്ടമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നതോ, കണ്ണുകൊണ്ട് ഇഷ്ടമില്ലാത്ത ആംഗ്യങ്ങൾ കാണിക്കുന്നതോ, അശ്ലീലച്ചുവയുള്ള സംസാരം നടത്തുന്നതോ പോലും ലൈംഗികാക്രമണ പരിധിയിൽ വരും എന്നുള്ളത് പലരും അറിയാതെ പോകുന്നു. ഒന്നു സംസാരിച്ചല്ലേ ഉള്ളു, ഒന്നു തൊട്ടല്ലേ ഉള്ളു എന്ന ചോദ്യങ്ങളിലൂടെ സംഭവങ്ങളെ ലഘൂകരിക്കാൻ ശ്രമിക്കുന്നവരും ഇത് തിരിച്ചറിയണം എന്നുമാത്രം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram