2017, ഒക്ടോബര്‍ 15-നാണ് അമേരിക്കന്‍ നടി അലീസ്സ മിലാനോ തന്റെ ട്വിറ്റര്‍ പേജില്‍ ആ പോസ്റ്റിട്ടത്. 'ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകള്‍ '#MeToo' എന്ന സ്റ്റാറ്റസ് ഇടുക. ഇതിലൂടെ ഒരുപക്ഷേ ഈ പ്രശ്നത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കും.' ഉച്ചയോടെ മിലാനോ ഇട്ട പോസ്റ്റ് വൈകുന്നേരം ആയപ്പോഴേക്കും ട്വീറ്റുകളും റീട്വീറ്റുകളുമായി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ ഏറ്റെടുത്തു.
അവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് #MeToo തുടങ്ങിയതെങ്കിലും ഒറ്റ ദിവസം കൊണ്ട് തന്നെ അത് മറ്റിടങ്ങളിലും മേഖലകളിലും വലിയ തരംഗമായി. ട്വിറ്റര്‍ കണക്കുകള്‍ പ്രകാരം ഒറ്റ ദിവസം കൊണ്ട് രണ്ടു ലക്ഷം പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്, അടുത്തദിവസത്തോടെ അത് അഞ്ച് ലക്ഷം പിന്നിട്ടു. ഇതേ ഹാഷ്ടാഗില്‍ ഫെയ്സ്ബുക്കും തുറന്നുപറച്ചിലുകള്‍ കൊണ്ട് സജീവമായി. ഇവിടെ, ആദ്യ ഇരുപത്തിനാലു മണിക്കൂറില്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ചത് 4.7 ദശലക്ഷം ആളുകളാണ്.
തുര്‍ന്നുള്ള ദിവസങ്ങളില്‍ ഹോളിവുഡിലെ മുന്‍നിര നടിമാരടക്കം അനവധി സ്ത്രീകള്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളുടെ കഥകള്‍ തുറന്നു പറഞ്ഞു. വെയിന്‍സ്റ്റീനെതിരെ ബലാല്‍സംഗവും മറ്റ് ലൈംഗികാതിക്രമങ്ങളും ആരോപിച്ച ഇവര്‍, കഴിഞ്ഞ മുപ്പത് വര്‍ഷമായി വെയിന്‍സ്റ്റീന്‍ ഇതു തുടരുകയാണെന്ന് തങ്ങളുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കി.
ആഷ്ലി ജൂഡ്, ടെയ്ലര്‍ സ്വിഫ്റ്റ്, ആന്‍ജലീന ജോളി, ലുപിത ന്യോന്‍ഗോ, സല്‍മാ ഹയെക്ക് എന്നീ മുന്‍നിര നടിമാര്‍ പ്രമുഖ അമേരിക്കന്‍ ദിനപത്രങ്ങളായ ദ ന്യൂയോര്‍ക്ക് ടൈംസിലൂടെയും ന്യൂയോര്‍ക്കറിലൂടെയും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. ഇവരുള്‍പ്പടെ 80 സ്ത്രീകള്‍ വെയിന്‍സ്റ്റീനെതിരെ ആരോപണവുമായി രംഗത്തുവന്നു. ഇത് വെയിന്‍സ്റ്റീന്റെ അറസ്റ്റില്‍ കലാശിച്ചു. അതേസമയം, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിശബ്ദത ഭേദിച്ച് #MeToo പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. അറബിക്, ഫാര്‍സി, ഫ്രഞ്ച്, ഹിന്ദി, സ്പാനിഷ് അങ്ങനെ വിവിധ ഭാഷകളില്‍ #MeToo പതിപ്പുകള്‍ പിറന്നു.
ഹോളിവുഡ് കടന്ന് മാധ്യമ, രാഷ്ടീയ, അക്കാദമിക, വ്യാവസായിക രംഗങ്ങളിലേക്ക് #MeToo പെട്ടന്നുതന്നെ പടര്‍ന്നു പിടിച്ചു.
ഇന്ത്യയിലും #MeToo ചലനങ്ങള്‍ സൃഷ്ടിച്ചു. അക്കാദമിക മേഖലയിലെ ലൈംഗികാതിക്രമക്കാരായ അധ്യാപകരുടെ പേരുകള്‍ അടങ്ങുന്ന ലിസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അമേരിക്കയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരി റയ ശങ്കര്‍ രംഗത്തുവന്നു. ഇന്ത്യയിലെ പ്രമുഖ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി 75ല്‍ പരം പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇവര്‍ പ്രസിദ്ധീകരിച്ചത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ഒരുപാട് പേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതി. ഇപ്പോഴിതാ 'മീ ടൂ' ഇന്ത്യന്‍ സിനിമയില്‍ എത്തിനില്‍ക്കുന്നു
സ്ത്രീകള്‍ നിത്യവും നേരിടേണ്ടി വരുന്ന അതിക്രമങ്ങളിലേക്കും പീഡനങ്ങളിലേക്കും ശ്രദ്ധ കൊണ്ടുവരുവാനും ആ സ്ഥിതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാനുമായി 85 രാജ്യങ്ങളിലെ സ്ത്രീകളാണ് ഇന്ന് MeToo ഹാഷ്ടാഗ് ഉപയോഗിക്കുന്നത്.
വിമതസ്വരങ്ങള്‍ ഉയരുന്നു
ബ്രിട്ടനിലെ ആദ്യകാല ഫെമിനിസ്റ്റ് നേതാവും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന എമ്മലൈന്‍ പാങ്ക്ഹര്‍സ്റ്റ് 1914-ല്‍ തന്റെ ആത്മകഥയില്‍ പറയുന്നതിങ്ങനെയാണ്, 'സദാചാരനിയമങ്ങള്‍ ഉണ്ടാക്കുന്നത് പുരുഷന്‍മാരാണ്, എന്നിട്ടവ സ്ത്രീകള്‍ സ്വീകരിക്കണമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പുരുഷന്‍മാര്‍ അവരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നത് തീര്‍ത്തും ശരിയാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു, എന്നാല്‍ അവരെ സംബന്ധിച്ച് സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടാനായി പ്രവര്‍ത്തിക്കുന്നത് ശരിയായ കാര്യമല്ല.' സമൂഹത്തിലെ ഇത്തരം അലിഖിത നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബ്രിട്ടനില്‍ പാങ്ക്ഹര്‍സ്റ്റ് ഉള്‍പ്പടെയുള്ള സമ്മതിദാനാവകാശപ്രവര്‍ത്തകര്‍ (സഫ്രാജറ്റുകള്‍) സ്ത്രീകളുടെ വോട്ടവകാശത്തിനായി തെരുവിലിറങ്ങിയത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള സ്ത്രീപ്രസ്ഥാനങ്ങള്‍ ചരിത്രപ്രധാനമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. അവരുടെ പ്രയത്നത്തിന്റെ ഭാഗമായി സമ്മതിദാനാവകാശം, ലൈംഗിക-പ്രത്യുത്പാദന ആരോഗ്യം, പ്രസവാവധി, നിയമസമത്വം എന്നിങ്ങനെ പല കാര്യങ്ങളിലും നീതിപൂര്‍വ്വകമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരുപാട് ആവശ്യങ്ങള്‍ നേടിയെടുക്കുമ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇനിയും ഒട്ടനവധി വിഷയങ്ങളില്‍ മാറ്റം വരാനുണ്ട്. ഉദാഹരണത്തിന്, സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് രക്ഷാകര്‍ത്താവായി പുരുഷന്‍ വേണമെന്നാണു നിയമം. ലോകത്തിലെ സ്ത്രീ-പുരുഷ സമത്വം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഇറാനില്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നതില്‍ വിലക്കുകളുണ്ട്. അതുപോലെ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ ഇന്നും തുല്യവേതനത്തിനായി പോരാടുന്നവരാണ്.
'പ്രവൃത്തികളാണ് വേണ്ടത്, വാക്കുകളല്ല!' എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ദൃഢചിത്തരായ സഫ്രാജറ്റുകള്‍(Suffragettes) ബ്രിട്ടനില്‍ സമ്മതിദാനാവകാശത്തിനായി പോരാടിയത്. സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ ചരിത്രത്തില്‍ ആദ്യ സമരമായിരുന്നു ഇത്, ലോക ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കമായും ഇതു കണക്കാക്കപ്പെടുന്നു. സഫ്രാജറ്റുകളുടെ ഉശിരുറ്റ പ്രക്ഷോഭങ്ങള്‍ സ്ത്രീകളെക്കുറിച്ച് നിലവിലുണ്ടായിരുന്ന സാമൂഹിക, രാഷ്ട്രീയ മാതൃകകള്‍ തകര്‍ത്തു. 1905-ല്‍ അവര്‍ വിമന്‍സ് സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ യൂണിയന്‍ എന്ന സംഘടന രൂപീകരിച്ച് അതിശക്തമായ സമരങ്ങള്‍ അഴിച്ചുവിട്ടു.
ചരിത്രമായ പോരാട്ടങ്ങള്‍
ഫ്രഞ്ച് വിപ്ലവ ചരിത്രത്തിലും സ്ത്രീകളുടെ നിര്‍ണ്ണായകമായ ഇടപെടലുകള്‍ കാണാം. 1789 ഒക്ടോബറില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സഹിച്ചുമടുത്ത പാരീസിലെ സ്ത്രീകള്‍ രാജാവിനോട് കണക്കുചോദിക്കാനായി രാജസന്നിധിയായിരുന്ന വെഴ്സായിയിലേക്ക് ഇരമ്പിയെത്തിയത് ഫ്രഞ്ചുവിപ്ലവത്തിന്റെ ഗതി തിരിച്ചു വിട്ട സംഭവങ്ങളിലൊന്നാണ്. അതിനുശേഷം നടന്ന പൊതുപ്രക്ഷോഭങ്ങളിലെല്ലാം സ്ത്രീകള്‍ ശക്തമായ സാന്നിദ്ധ്യവുമായിരുന്നു. മരീ ഗൂസെ, മാഡം റൊണാല്‍ഡ് എന്നിവര്‍ ഫ്രഞ്ച് വിപ്ലവചരിത്രത്തിലെ ശക്തമായ സ്ത്രീസാന്നിദ്ധ്യങ്ങളായിരുന്നു.
എന്നിരുന്നാലും, ഇത്രയേറെ ധീരപോരാട്ടങ്ങളിലൂടെ കടന്നുപോയിട്ടും, റൂസ്സോ അടക്കമുള്ള സമത്വവാദികളുടെ സ്വാധീനമുണ്ടായിരുന്നിട്ടും ഫ്രാന്‍സിലെ സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി 1944 വരെ കാത്തിരിക്കേണ്ടി വന്നു എന്നത് വൈരുദ്ധ്യമാണ്. വിവിധ കാലങ്ങളിലായി സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും സ്വേച്ഛാധിപത്യത്തിനും ജനാധിപത്യഹിംസകള്‍ക്കും എതിരായ സമരങ്ങളില്‍ ശക്തമായി നിലകൊണ്ടവരാണ് സ്ത്രീകള്‍. എന്നാല്‍ ഇതിന്റെ ഫലമായി അവര്‍ക്ക് കനത്ത തിരിച്ചടികളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. 1793-ല്‍ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ മരീ ഗൂസെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പതിനേഴ് വകുപ്പുകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചത് ഇവിടെ പ്രസക്തമാണ്: 'ഗില്ലറ്റിനുകളില്‍ പിടഞ്ഞ് മരിക്കാന്‍ സ്ത്രീകള്‍ക്കാവുമെങ്കില്‍ ജനസഭയില്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാനും അവര്‍ക്ക് അവകാശമുണ്ട്.'
രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വന്‍മാറ്റങ്ങള്‍ക്കാണ് കാരണമായിട്ടുള്ളത്. ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രതിഷേധസ്വരങ്ങള്‍ക്ക് വിലക്കുകല്‍പ്പിക്കപ്പെട്ട അവസരങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളാണ് തുറന്നുപറച്ചിലുകളുടേയും പ്രതിഷേധപ്രകടനങ്ങള്‍ക്കും വേദിയായത്. 2009-ല്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിനെതിരെയുള്ള ഗ്രീന്‍ മൂവ്‌മെന്റ്, 2010-ലെ അറബ് വസന്തം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളില്‍ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
അതുപോലെ, 2014-ല്‍ 'My Stealthy Freedom' എന്ന പേരില്‍ ഇറാനിലെ സ്ത്രീകള്‍ പൊതുവിടങ്ങളില്‍ പര്‍ദ ധരിക്കാതെ അവരുടെ പടങ്ങള്‍ പകര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിലെ സദാചാരചട്ടക്കൂടുകളെ വെല്ലുവിളിച്ചു. എന്നാല്‍, ഈ സമരങ്ങളിലെല്ലാം പങ്കുകൊണ്ടതിന്റെ പേരില്‍ ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്കും രാജ്യഭ്രഷ്ട്രിനും വരെ സ്ത്രീകള്‍ ഇരയാക്കപ്പെട്ടു. എങ്കിലും തോറ്റു പിന്‍മാറാതെ തങ്ങള്‍ക്കു നേരിടേണ്ടിവന്ന ക്രൂരതകള്‍ ടെലിവിഷനിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ഇപ്പോഴും അവര്‍ സധൈര്യം ലോകത്തെ അറിയിക്കുന്നു.
ബോകോ ഹറം എന്ന തീവ്രവാദസംഘടനയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രശ്നത്തിന്റെ ഗൗരവത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവന്നവരാണ് നൈജീരിയയിലെ സ്ത്രീകള്‍. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനെ എതിര്‍ക്കുകയും പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയും ചെയ്ത ബോകോ ഹറമിനെതിരെ #BringBackOurGirls എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയും തട്ടിക്കൊണ്ടുപോയ കുട്ടികളുടെ വീണ്ടെടുക്കലിന് കാരണമാകുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീസമരങ്ങള്‍ കത്തിപ്പടരുന്നതിന്റെ ഉദാഹരണം കൂടിയാണ് നൈജീരിയന്‍ സ്ത്രീകളുടെ പോരാട്ടം. 1929-ല്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കുമേല്‍ കരം ചുമത്താന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ സ്ത്രീകള്‍ കലാപത്തിനിറങ്ങുകയും ഒടുവില്‍ ഭരണരീതികള്‍ തന്നെ മാറ്റാന്‍ ഇതു കാരണമാകുകയും ചെയ്ത ചരിത്രവുമുണ്ട് നൈജീരിയന്‍ സ്ത്രീകള്‍ക്ക്. വിമന്‍സ് വാര്‍ എന്നറിയപ്പെടുന്ന ഈ സമരം കോളനി ഭരണത്തിനെതിരെ സ്ത്രീകള്‍ നടത്തിയ വന്‍ചെറുത്തുനില്‍പ്പായാണ് ചരിത്രം വിലയിരുത്തുന്നത്.
സമൂഹമാധ്യമങ്ങളുടെ വരവിനുശേഷം ലോകത്ത് ചര്‍ച്ചയായ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും ശക്തമായി ചര്‍ച്ച തുടങ്ങുന്നത് 2012 അവസാനത്തോടെയാണ്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തെയും കൊലപാതകത്തെയും തുടര്‍ന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ സ്ത്രീസുരക്ഷ, സ്ത്രീസ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി.
ബലാല്‍സംഗം പോലുള്ള അതിഹീനമായ ആക്രമണങ്ങളെ ഭയപ്പാടുകൂടാതെ നേരിടുവാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമാണ് എന്ന് വാദം ഈ സംഭവത്തോടെ ഉയര്‍ന്നുവന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചത് പ്രതിഷേധങ്ങളുടെ പരിണിതഫലമായാണ്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ക്രിമിനല്‍ (ഭേദഗതി) നിയമം, 2013 നിലവില്‍ വന്നത്.
GK & Current Affairs മാസികയില്‍ പ്രസിദ്ധീകരിച്ചത്.