‘മീടൂ ’:പത്രാധിപൻമാർ മുതൽ എഴുത്തുകാർവരെ


3 min read
Read later
Print
Share

ഇന്ത്യയിലും #മീടൂ ആരംഭിക്കേണ്ട സമയമായെന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി സോനം കപൂറും പ്രിയങ്ക ചോപ്രയും കജോളുമുൾപ്പെടെയുള്ള നടിമാരുമെത്തി.

ഇന്ത്യയിൽ ചലച്ചിത്രമേഖലയിലെ ‘കാസ്റ്റിങ് കൗച്ച്’ എന്ന ലൈംഗികചൂഷണത്തെക്കുറിച്ച് മലയാളനടിമാർ ഉൾപ്പെടെ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും #മീടൂ എന്ന പ്രചാരണം ഇപ്പോഴത്തെ നിലയിൽ വ്യാപകമായത് ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ്. 2008-ൽ ‘ഹോൺ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നാനാ പടേക്കർ വഴിവിട്ടുപെരുമാറിയെന്നായിരുന്നു തനുശ്രീ പറഞ്ഞത്. അന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ആരും തനിക്കൊപ്പം നിന്നില്ലെന്നും അവർ പറഞ്ഞു. ഇന്ത്യയിലും #മീടൂ ആരംഭിക്കേണ്ട സമയമായെന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി സോനം കപൂറും പ്രിയങ്ക ചോപ്രയും കജോളുമുൾപ്പെടെയുള്ള നടിമാരുമെത്തി.

പിന്നാലെയാണ് മാധ്യമലോകത്തും #മീടൂ തുടങ്ങിയത്. കെ.ആർ. ശ്രീനിവാസ് (ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് ,റെസിഡന്റ് എഡിറ്റര്‍ ), ഗൗതം അധികാരി (മുൻ എഡിറ്റർ, ഡി.എൻ.എ., മുംബൈ) എന്നിവർക്കെതിരേ മാധ്യമപ്രവർത്തക സന്ധ്യാ മേനോനാണ് ആരോപണമുന്നയിച്ചത്. സന്ധ്യയുൾപ്പെടെ ഏഴുപേരാണ് ശ്രീനിവാസിനെതിരേ ആരോപണമുന്നയിച്ചത്.

ചൊവ്വാഴ്ചയാണ് ടെസ് ജോസഫ് മുകേഷിനെതിരേ രംഗത്തെത്തിയത്. ‘കോടീശ്വരൻ’ പരിപാടിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് തന്നെ പലവട്ടം ഫോണിൽ വിളിച്ചെന്നും തന്റെ മുറി അയാളുടേതിനടുത്തേക്ക് മാറ്റിച്ചെന്നും ടെസ് ട്വീറ്റ് ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരായ കമ്പനിയുടെ മേധാവി ഡെറിക് ഒബ്രിയാൻ (ഇപ്പോൾ തൃണമൂൽ എം.പി.) ഇടപെട്ട് തന്നെ രക്ഷിച്ചെന്നാണ് ടെസിന്റെ ട്വീറ്റ്. പരിപാടിയുടെ നടത്തിപ്പുസംഘത്തിലെ ഏക വനിതയായിരുന്നു ടെസ്. വെളിപ്പെടുത്തൽവന്നതോടെ മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെയും മഹിളാ മോർച്ചയുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച കൊല്ലത്ത് പ്രകടനങ്ങൾ നടന്നു.

തന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുകേഷിന്റെ വീട്ടിലേക്ക് രാഷ്ട്രീയപ്പാർട്ടികൾ മാർച്ച് നടത്തുന്നതിനോട് തനിക്കു യോജിപ്പില്ലെന്നും അന്നുനടന്ന അനുഭവം വെളിപ്പെടുത്തിയെന്നേയുള്ളൂവെന്നും ടെസ് പ്രതികരിച്ചു.

വൈരമുത്തുവും പ്രതിക്കൂട്ടിൽ

ബോളിവുഡ് നടി കങ്കണാ റണൗട്ട് ‘ക്വീൻ’ സിനിമയുടെ സംവിധായകൻ വികാസ് ബഹലിനെതിരേ ആരോപണമുന്നയിച്ചിരുന്നു. ദേശീയ പുരസ്കാരജേതാവായ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. സന്ധ്യാ മേനോനാണ് വൈരമുത്തുവിനെതിരേ ആരോപണം ഉന്നയിച്ച് പേരുവെളിപ്പെടുത്താത്ത പെൺകുട്ടിയുടെ സന്ദേശം പുറത്തുവിട്ടത്. വൈരമുത്തുവിനെതിരേ പെൺകുട്ടി ഉന്നയിച്ച ആരോപണം നടി ചിന്മയിയും പങ്കുവെച്ചിട്ടുണ്ട്. വെളിപ്പെടുത്തലുകളെക്കുറിച്ച് വൈരമുത്തു പ്രതികിരിച്ചിട്ടില്ല.

ചെരിപ്പെടുക്കാതോടി

എട്ടൊൻപതു വയസ്സുള്ളപ്പോൾ സ്റ്റുഡിയോയിൽ ഉറങ്ങിക്കിടക്കവേ തനിക്ക് ലൈംഗാതിക്രമം നേരിടേണ്ടിവന്നെന്ന് ചിൻമയി. പത്തുപതിനൊന്നു വയസ്സുള്ളപ്പോൾ സംഗീതപരിപാടിക്കിടെ ‘ബഹുമാന്യ’നായയാൾ അപമാനിച്ചു. പിന്നീടൊരിക്കൽ അമ്മയെ പുറത്തുനിർത്തി തന്നെ ഒറ്റയ്ക്ക്‌ ഓഫീസ് മുറിയിലേക്കു വിളിച്ച ഒരാളെ വെട്ടിച്ച് ചെരിപ്പുപോലും എടുക്കാതെ ഓടിപ്പോയെന്നും ചിന്മയി പറയുന്നു.

മാപ്പുചോദിച്ച് ചേതൻ ഭഗത്

യുവാക്കളുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ ചേതൻ ഭഗത്ത് തനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശമയച്ചെന്ന് യുവതി വെളിപ്പെടുത്തി. ഇതേത്തുടർന്ന് ഭാര്യയോടും യുവതിയോടും ചേതൻ മാപ്പു പറഞ്ഞു.

ബോളിവുഡ് നടൻ അലോക് നാഥ് 20 വർഷം മുമ്പ് തന്നെ ബലാത്സംഗം ചെയ്തെന്ന് എഴുത്തുകാരി വിനിത നന്ദ ആരോപിച്ചു. സംഭവം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്ന് നാഥ് പ്രതികരിച്ചു.

ഹിന്ദുസ്ഥാൻ ടൈംസ് അസോസിയേറ്റ് എഡിറ്റർ മനോജ് രാമചന്ദ്രൻ, സ്‌ക്രോൾ ഡോട്ട് ഇന്നിലെ മാധ്യമപ്രവർത്തകനായിരുന്ന മായങ്ക് ജെയ്ൻ, ‘ദ വയറി’ന്റെ സ്ഥാപക പത്രാധിപൻമാരിലൊരാളയ സിദ്ധാർഥ് ഭാട്ടിയ, ‘ദ ക്വിന്റി’ലെ മേഘ്‌നാഥ് ബോസ്, ന്യൂസ് 18-നിലെ ഉദയ് സിങ് റാണ, ബിസിനസ് സ്റ്റാൻഡേർഡിലെ സിദ്ധാന്ത് മിശ്ര എന്നിവർക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്.

ഓൾ ഇന്ത്യ ബക്‌ചോദ് എന്ന ടി.വി. പരിപാടിക്ക് തുടക്കം കുറിച്ച തൻമയി ഭട്ട്. ഗുരിഷ്മാൻ കമ്പ, നടൻ രജത് കപൂർ, ഗാനരചയിതാവ് വരുൺ ഗ്രോവർ എന്നിവർക്കെതിരേയും ആരോപണമുയർന്നിട്ടുണ്ട്.

#മീടൂ(#MeToo)

കഴിഞ്ഞവർഷം ഒക്ടോബറിലാണ് ഹോളിവുഡിൽ #MeToo (ഞാനും ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് അർഥം) പ്രസ്ഥാനം ആരംഭിച്ചത്. നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയാണ് ഇതിനു തുടക്കമിട്ടത്. പ്രമുഖ നടിമാർ വെയ്ൻസ്റ്റൈനെതിരേ വെളിപ്പെടുത്തിൽ നടത്തി. ഇതിനുപിന്നാലെ, നടി അലിസ മിലാനോയാണ് നടിമാരെയും ലൈംഗികാതിക്രമത്തിനിരയായ മറ്റുള്ളവരെയും തുറന്നുപറച്ചലിന് പ്രചോദിപ്പിച്ച് MeToo ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്തത്. ഒക്ടോബർ 15 ഉച്ചയ്ക്ക് ഇങ്ങനെയൊരു ട്വീറ്റ് വന്ന് 24 മണിക്കൂറിനകം 47 ലക്ഷം പേർ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് പോസ്റ്റിട്ടു.

ഇതിനുമുമ്പേ # അടയാളമില്ലാത്ത മിടൂ പ്രചാരണം യു.എസിലുണ്ടായിരുന്നു. 2006-ൽ മനുഷ്യാവകാശപ്രവർത്തക ടരാന ബർക്ക് ആണ് ഈ പ്രചാരണം ആരംഭിച്ചത്. മറ്റൊൾക്കുനേരിട്ട ദുരനുഭവത്തോട് താദാത്മ്യപ്പെട്ട് സ്വന്തം അനുഭവം പങ്കിട്ട് അവർക്ക് കരുത്തേകാനായിരുന്നു ഈ പ്രചാരണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram