മീ ടൂ പെണ്ണിന്റെ പ്രതിരോധം


2 min read
Read later
Print
Share

'മാതാവിന്റെ ആണ്‍സുഹൃത്ത് തന്നെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നു' എന്ന് പരിതപിച്ച ആ പെണ്‍കുട്ടിയോട് പറയാന്‍ ഒറ്റ ആശ്വാസ വാക്കേ തരാനയ്ക്ക് നാവിന്‍തുമ്പത്ത് വന്നുള്ളൂ. 'മീ ടൂ' അഥവാ 'എനിക്കും അതേ'.

ലോകത്ത് പ്രതിരോധത്തിന്റെ കൊടുങ്കാറ്റായി മാറിയ 'മീ ടൂ' കാമ്പയിനിന് ഒരു വയസ്സ് തികഞ്ഞു. പക്ഷേ, 2006-ലാണ് ഇതിന്റെ തുടക്കം. പ്രമുഖ ആഫ്രോ - അമേരിക്കന്‍ സന്നദ്ധപ്രവര്‍ത്തക തരാന ബുര്‍ക്കിനറിയില്ലായിരുന്നു തന്നോട് സങ്കടം പങ്കിട്ട ഒരു പെണ്‍കുട്ടിക്ക് ധൈര്യം പകരാന്‍ ഉപയോഗിച്ച രണ്ടുവാക്കുകള്‍ക്ക് ലോകത്തെ ഇളക്കിമറിക്കാന്‍ പോന്ന കൊടുങ്കാറ്റിനോളം ശക്തിയുണ്ടെന്ന്.

'മാതാവിന്റെ ആണ്‍സുഹൃത്ത് തന്നെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയമാക്കുന്നു' എന്ന് പരിതപിച്ച ആ പെണ്‍കുട്ടിയോട് പറയാന്‍ ഒറ്റ ആശ്വാസ വാക്കേ തരാനയ്ക്ക് നാവിന്‍തുമ്പത്ത് വന്നുള്ളൂ. 'മീ ടൂ' അഥവാ 'എനിക്കും അതേ'. അതുവരെ ആരോടും പറയാനാകാതെ നീറ്റലായി ഉള്ളില്‍ പേറാന്‍ നിബന്ധിതരായ സ്ത്രീസമൂഹത്തിന് ധൈര്യം പകരാന്‍ അതിനെക്കാള്‍ പോന്ന മറ്റൊന്നില്ലെന്ന് ബോധ്യമായ തരാന, അതിനെ പ്രതിഷേധമറിയിക്കാനുള്ള 'മീ ടൂ' ഹാഷ് ടാഗായി ട്വിറ്ററിലിട്ടു. 500 ട്വിറ്റര്‍ അക്കൗണ്ടുകള്‍ അക്കാലത്ത് പിന്തുണയുമായെത്തി. യഥാര്‍ഥത്തില്‍ 'മീ ടൂ' പ്രസ്ഥാനത്തിന്റെ ചരിത്രം അവിടെ തുടങ്ങി.

എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ ആ പ്രസ്ഥാനം സമരാഗ്‌നിയായി പടര്‍ന്നത് ഹോളിവുഡ് നടി അലൈസ മിലാനോയുടെ തുറന്നു പറച്ചിലോടെയായിരുന്നു. 2017 ഒക്ടോബര്‍ 15ന് ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തലിന് വര്‍ഷം ഒന്നു തികഞ്ഞു. പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനില്‍ നിന്ന് തനിക്കേറ്റ ലൈംഗികാതിക്രമത്തെക്കുറിച്ചായിരുന്നു അത്. 'ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കില്‍ തുറന്നു പറയൂ' എന്ന ട്വീറ്റിന് മണിക്കൂറിനുള്ളില്‍ ലക്ഷങ്ങള്‍ പിന്തുണയുമായെത്തി. ഒറ്റ രാത്രികൊണ്ട് 53,000-ത്തോളം കമന്റുകള്‍.

ആയിരത്തോളം സ്ത്രീകള്‍ 'മീ ടൂ' എന്ന ഹാഷ് ടാഗോടെ തങ്ങളുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് സ്വന്തം നിര്‍മാണ കമ്പനിയില്‍ നിന്നടക്കം വെയ്ന്‍സ്റ്റീനെ പുറത്താക്കി. ഇന്ത്യയിലും കേരളത്തിലും 'മീ ടൂ' വര്‍ധിതവീര്യത്തോടെ അലയൊലികള്‍ തീര്‍ത്തു. 'മീ ടൂ' എന്ന രണ്ട് വാക്കിന് ഇന്ന് പാഞ്ഞടുക്കുന്ന അഗ്നിഗോളത്തേക്കാള്‍ ശക്തിയുണ്ട്. ആണ്‍ കോയ്മയുടെ ലോകത്ത് മാറ്റത്തിന്റെ പ്രതിധ്വനി സൃഷ്ടിക്കാന്‍ സാധിക്കുന്നു എന്നതാണ് 'മീ ടു'വിനെ കരുത്തുത്തുറ്റതാക്കുന്നത്. 'മീ ടൂ' എന്ന വാക്ക് പെണ്ണിന്റെ പ്രതിരോധത്തിന്റെ ആയുധമായി മാറിയിരിക്കുന്നു എന്നു പറയാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram