കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന മീ റ്റു ക്യാമ്പയിനിലൂടെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് 'മീ ടൂ'കുടുക്കില്‍ കുരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഇരയായവള്‍ വര്‍ഷങ്ങളോളം നീണ്ട പിരിമുറക്കത്തിനും അതിജീവനത്തിനും ശേഷം ഇര എന്ന പര്യവേഷത്തില്‍ നിന്നും അതിജീവിച്ചവള്‍ ആകുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്- അന്ന് സംഭവിച്ചു. അതുകൊണ്ട് ഇപ്പോള്‍ ഇനി എന്ത് വേണം?
ഋതുപര്‍ണചാറ്റര്‍ജി
'മീ ടൂ'ക്യാമ്പയിനിന്റെ ആരംഭം മുതല്‍ കേട്ടുകൊണ്ടിരിക്കുന്ന പേരുകളിലൊന്നാണ് ഋതുപര്‍ണ ചാറ്റര്‍ജിയുടേത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ ഋതുപര്‍ണ ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്കപ്പുറം 'മീ ടൂ' വിനെ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്ന് അങ്ങനെ സംഭവിച്ചു. അതുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒന്നിനെക്കുറിച്ച് പറഞ്ഞത് കൊണ്ട് ഇപ്പോള്‍ എന്ത് എന്നതാണ് പലരുടേയും ചോദ്യം. ആ ചോദ്യത്തിനുള്ള കൃത്യമായ മറുപടിയും ഋതുപർണ നൽകുന്നുണ്ട്.
'ഒരു സ്ത്രീയും മറ്റൊരാളുടെ ശ്രദ്ധ ലഭിക്കാനായി ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല. അറിവുള്ളതോ ഇല്ലാത്തതോ ആയ പ്രായത്തില്‍ ഒരു പെണ്‍കുട്ടിയോ സ്ത്രീയോ നേരിടുന്ന ലൈംഗിക അതിക്രമത്തില്‍ നിന്ന് ശാരീരിക രക്ഷ നേടിയാലും മാനസികമായുള്ള അതിജീവനത്തിന് ഒരു പക്ഷേ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം. ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയാലും അവള്‍ക്കേറ്റ മാനസികാഘാതത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കണമെന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരു സ്ത്രീയും ഇത്തരമൊരു തെറ്റായ ആരോപണം ഉന്നയിക്കില്ല. ' അവർ പറയുന്നു.
സമൂഹത്തിലെ പല ഉന്നത സ്ഥാനങ്ങളിലുമുള്ളവരേയും കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. സഹപ്രവര്‍ത്തകരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തങ്ങളോട് ചെയ്ത ലൈംഗിക അതിക്രമങ്ങള്‍ വിളിച്ചുപറഞ്ഞു. പക്ഷേ അതില്‍ നിന്നും അതിജീവിക്കാന്‍ വര്‍ഷങ്ങളോളം വേണ്ടി വന്നവരാണ് അവരില്‍ പലരും,. അവര്‍ക്കിന്ന് പ്രതികരിക്കാന്‍ ലഭിച്ച ഇടം സാമൂഹിക മാധ്യമങ്ങളാണ്. 'മീ ടൂ'ക്യാമ്പയിനിലൂടെ പലപ്പോഴും സ്ത്രീകള്‍ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ തുറന്ന് പറച്ചില്‍ നടത്തിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും, അവിടെ നിന്ന് ലഭിക്കുന്നതിനെക്കാൾ കൂടുതല്‍ പിന്തുണയും പരിഗണനയും സാമൂഹികമാധ്യമങ്ങളുടെ ഇടപെടലിലൂടെ ലഭിക്കുമെന്ന് തിരിച്ചറിഞ്ഞതിനാലാകാം പലപ്പോഴും ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകള്‍ക്ക് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നതും.
#MeeToo കഥകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തിപ്രാപിക്കുമ്പോള്‍ പല പ്രമുഖരും തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്ന് താഴേ തട്ടിലേക്കും, പലരും രാജയിലേക്കും, മറ്റ് പലര്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതായി മാപ്പ് പറഞ്ഞും 'മീ ടൂ' വിന്റെ കൂടെ ചലിക്കുന്നു.
പലപ്പോഴും 'മീ ടൂ' ക്യാമ്പയിനില്‍ പങ്കെടുത്ത യുവതികള്‍ തുറന്ന് പറച്ചിലുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുമ്പോഴും അക്രമിച്ച പുരുഷന് അത് ഓര്‍മ്മയില്ല.
അതില്‍ പ്രധാനമായും പരാമര്‍ശം നടത്തിയത് ഡി എന്‍ യുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഗൗതം അധികാരിയായിരുന്നു. താന്‍ ജോലിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും, ആരോപണത്തില്‍ പറയുന്ന തരത്തിലുള്ള സംഭവങ്ങള്‍ തന്റെ ഓര്‍മയില്‍ ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'മീ ടൂ' ക്യാമ്പയിനില്‍ പങ്കെടുത്ത് തന്റെ 19 വയസ്സില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് ടി.വി അവതാരകയും, എഴുത്തുകാരിയും, സംവിധായികയുമായ വിന്റ നന്ദ ബോളിവുഡ് നടന്‍ അലോക്നാഥിനെതിരേ നടത്തിയ ആരോപണത്തിനെതിരേ അലോക്നാഥ് അപകീര്‍ത്തികേസ് ഫയല്‍ ചെയ്തു. മീ റ്റൂ ക്യാമ്പയിനില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്നവര്‍ വളരെയധികം മുന്‍കരുതലോടെ കരുതിക്കൂട്ടിയുള്ള ആക്രമണം നടത്തുകയാണെന്നാണ് പലരുടേയും വാദം.
ഋതുപര്‍ണയുടെ #MeTooIndia
ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകപ്പെട്ടവര്‍ക്കായി ട്വിറ്റര്‍ അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. ലൈംഗിക പീഡനത്തെ അതിജീവിച്ച ആര്‍ക്കും തന്നെ നീതി ലഭിക്കാതിരിക്കാന്‍ പാടില്ല. പലർക്കുമുള്ള തുറന്ന് പറച്ചിലുകൾക്കുള്ള ഇടമാവുകയാണ് ഇന്ന് ഇത്തരത്തിലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ. ഇരയാകപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നിയമ സഹായം നല്‍കാന്‍ ഇതിനോടകം തന്നെ വീര മാഹുലി പോലുള്ള നിരവധി അഡ്വക്കേറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഋതുപർണയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത്തരത്തില്‍ നിയമസഹായം നല്‍കാന്‍ തയാറായിട്ടുള്ള അമ്പതിലധികം അഡ്വേക്കേറ്റുകളുടെ വിവരങ്ങളും അവര്‍ നല്‍കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിച്ച് വെക്കാന്‍ സാധിക്കില്ലായെന്നിരിക്കെ അപകീര്‍ത്തി കേസുകളിലെ വിധി എത്തരത്തിലായിരിക്കുമെന്ന് നോക്കി കാണേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുള്ള അപകീര്‍ത്തി കേസുകളെക്കുറിച്ചും മുന്‍കരുതലോടെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. അയച്ചമെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകളോ ദൃക്സാക്ഷികളെയോ പരാതിക്കാര്‍ക്ക് നല്‍കാം. ഒപ്പം മാനസികമായി ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാനുള്ള സംവിധാനവും ഇവര്‍ ഒരുക്കുന്നുണ്ട്.
പക്ഷേ സാമൂഹികമാധ്യമങ്ങളുപയോഗിക്കാത്ത മറ്റ് സ്ത്രീകളും ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഇതാണ് തുറന്ന് പറച്ചിലുകൾ നടത്തേണ്ടതിനുള്ള കൃത്യമായ പ്ലാറ്റ് ഫോം എന്ന് പറയാൻ സാധിക്കില്ല. വേണ്ടത് രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുറന്ന് പറച്ചിലുകള്‍ നടത്താനുള്ള ഒരു ഇടമാണ്.