കൊച്ചി: ‘മീ ടൂ’വിൽ വെളിപ്പെടുത്തലില്‍ കുടുങ്ങി പ്രമുഖ കലാകാരനും കൊച്ചി ബിനാലെ ക്യൂറേറ്ററുമായ റിയാസ് കോമു. കഴിഞ്ഞദിവസമാണ് പേരുവെളിപ്പെടുത്താത്ത ഒരു ചിത്രകാരി കോമുവിനുനേരെ ആരോപണവുമായി രംഗത്തുവന്നത്. ഇതേത്തുടർന്ന് കൊച്ചിൻ ബിനാലെയുടെ അടുത്തപതിപ്പിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്താൻ ബിനാലെ ഫൗണ്ടേഷൻ തീരുമാനിച്ചു. സംഭവത്തിൽ റിയാസ് കോമു മാപ്പു പറഞ്ഞിട്ടുണ്ട്.
കൊച്ചിയിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആരോപണം. മുംബൈയിൽവെച്ചാണ് താൻ റിയാസ് കോമുവിനെ പരിചയപ്പെട്ടതെന്നും ഒരു പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം കൊച്ചിയിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു. ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിക്കുകയും മുറിയിൽ അതിക്രമിച്ചുകയറി ചുംബിച്ചെന്നും അവർ ആരോപിച്ചു. ‘മീ ടു’ വെളിപ്പെടുത്തലുകൾക്കായി തുടങ്ങിയിരിക്കുന്ന ഇൻസ്റ്റഗ്രാം പേജിൽ പേര് വെളിപ്പെടുത്താതെയാണ് ആരോപണം.
വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന അടിയന്തരയോഗത്തിലാണ് ബിനാലെയിൽനിന്ന് റിയാസ് കോമുവിനെ മാറ്റിനിർത്താൻ തീരുമാനമായത്. ഔദ്യോഗികമായി പരാതിയൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് പെട്ടെന്നൊരു നടപടിയെടുക്കാനാവില്ല. ആരോപണം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ബിനാലെ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് പരിശോധിച്ച ശേഷമേ ബാക്കി നടപടികളെക്കുറിച്ച് തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് കോമു മാപ്പുപറഞ്ഞു
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മാപ്പുപറഞ്ഞ അദ്ദേഹം പെൺകുട്ടിയുമായി സംസാരിക്കാൻ തയ്യാറാണെന്നും സംഭവം ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നും പറഞ്ഞു.