കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച പെണ്‍കുട്ടികള്‍ക്കുമാത്രം നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍


By ജെസ്ന ജിന്റോ

2 min read
Read later
Print
Share

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പെണ്‍കുട്ടികള്‍ക്കായി നല്‍കി വരുന്ന സ്‌കോളര്‍ഷിപ് പദ്ധതികൾ

പ്രതീകാത്മക ചിത്രം | ഫോട്ടോ: വിവേക് ആർ. നായർമാതൃഭൂമി

പെണ്‍കുട്ടികളുടെ ഉന്നമനവും മികച്ചവിദ്യാഭ്യാസവും ലക്ഷ്യമിട്ട് ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ അവര്‍ക്കായി നല്‍കിവരുന്നു. സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ ധാരാളമായുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പെണ്‍കുട്ടികള്‍ക്കായി നല്‍കി വരുന്ന സ്‌കോളര്‍ഷിപ് പദ്ധതികളെക്കുറിച്ച് അറിയാം.

1. പ്രഗതി സ്‌കോളര്‍ഷിപ്
എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ച സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു നല്‍കുന്നതാണ് ഈ സ്‌കോളര്‍ഷിപ്. പഠനത്തിന്റെ ആദ്യ വര്‍ഷമായിരിക്കും സ്‌കോളര്‍ഷിപ് നല്‍കുക. ഡിപ്ലോമ/ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 4,000 വിദ്യാര്‍ഥിനികള്‍ക്ക് ഉന്നതപഠനത്തിനായി 30000 രൂപ ലഭിക്കും.

യോഗ്യത
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എട്ടുലക്ഷത്തില്‍ കൂടാന്‍ പാടില്ല. ഒരു കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാനും കഴിയില്ല.

2. സി.ബി.എസ്.ഇ. ഉഡാന്‍ സ്‌കോളര്‍ഷിപ്

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ് ഇത്. രാജ്യത്തൈ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളില്‍ അഡ്മിഷന്‍ നേടിയെടുക്കുന്നതിന് വിദ്യാര്‍ഥിനികളെ സജ്ജമാക്കുകയാണ് ലക്ഷ്യം. ആഴ്ചാവസാനം വിര്‍ച്വല്‍ രൂപത്തില്‍ക്ലാസുകള്‍ ഉണ്ടാകും. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്തുപഠിക്കുന്നവര്‍ക്കാണ് അപേക്ഷക്കാന്‍ യോഗ്യത. രാജ്യമെമ്പാടുമുള്ള 60 കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. 27 ശതമാനം സീറ്റുകള്‍ ഒ.ബി.സി.കാര്‍ക്കും 1 ശതമാനം പട്ടികജാതി വിഭാഗത്തിനും 7.5 ശതമാനം പട്ടിക വിഭാഗത്തിനും മൂന്ന് ശതമാനം സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു.

യോഗ്യത

പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്തു പഠിച്ച പെണ്‍കുട്ടികളാണ് ഈ സ്‌കോളര്‍ഷിപ്പിന് യോഗ്യരായവര്‍. സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ പഠിച്ചവരായിരിക്കണം. പത്താം ക്ലാസില്‍ 70 ശതമാനത്തിനു മുകളിലും സയന്‍സിനും ഗണിതശാസ്ത്രത്തിലും 80 ശതമാനത്തിനുമുകളിലും മാര്‍ക്ക് ഉണ്ടായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ കൂടാന്‍ പാടില്ല.

3. ബീഗം ഹസ്രത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്
മൗലാനാ ആസാദ് സ്‌കോളര്‍ഷിപ് എന്നാണ് ഔദ്യോഗിക പേര്. ഒന്‍പതാം ക്ലാസ് മുതല്‍ 12 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാനാകുക. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതം, ജെയ്ന്‍, പാഴ്‌സി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാനാകും. രണ്ടുതവണയായി ആകെ 12000 രൂപയാണ് നല്‍കുക.

യോഗ്യത

മുന്‍ ക്ലാസില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ കൂടാന്‍ പാടില്ല

4. ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്

കുടുംബത്തില്‍ മക്കളായി ഒരു പെണ്‍കുട്ടിമാത്രമാണുള്ളതെങ്കില്‍ മാത്രം ലഭ്യമാകുന്നതാണ് ഈ സ്‌കോളര്‍ഷിപ്. പി.ജി.യ്ക്ക് നോണ്‍-പ്രൊഫഷണലാ കോഴ്‌സുകള്‍ പഠിക്കുന്നതിന് മാസം 3100 രൂപയാണ് നല്‍കുക. രണ്ടുവര്‍ഷമാണ് സ്‌കോളര്‍ഷിപ് കാലാവധി. ഇരട്ടപ്പെണ്‍കുട്ടികളാണെങ്കിലും സഹോദരന്‍ ഇരട്ടയായി ഉണ്ടെങ്കിലും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

യോഗ്യത

30 വയസ്സാണ് പ്രായപരിധി. ഒന്നാം വര്‍ഷം പി.ജി. പഠിക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസത്തില്‍ പി.ജി. ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല.

5. മുസ്ലിം നാടാര്‍ സ്‌കോളര്‍ഷിപ്പ്

കേരളത്തിലെ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട മുസ്ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ഒന്നാം വര്‍ഷ എച്ച്.എസ്.ഇ./വി.എച്ച്.എസ്.ഇ./ ബിരുദകോഴ്‌സുകള്‍ക്കു പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാനാകുക. മാസം 125 രൂപയാണ് ലഭിക്കുക.

6. ഡി.ആര്‍.ഡി.ഒ. സ്‌കോളര്‍ഷിപ്

കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. എയറോനോട്ടിക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവല്‌മെന്റ് ബോര്‍ഡ്(എ.ആര്‍.&ഡി.ബി.) വഴിയാണ് സ്‌കോളര്‍ഷിപ് വിതരണം ചെയ്യുന്നത്. മാസം 15,500 രൂപ വീതം രണ്ടുവര്‍ഷം തുക ലഭിക്കും.

യോഗ്യത

ബി.ഇ./ ബി.ടെക്/ബി.എസ്.സി. എന്‍ജിനീയറിങ് എന്നീ കോഴ്‌സുകള്‍ക്കു പഠിക്കുന്ന ആദ്യ വര്‍ഷ വിദ്യാര്‍ഥിനികള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ജെ.ഇ.ഇ.(മെയിന്‍) പരീക്ഷ പാസായവര്‍ക്കാണ് അപേക്ഷിക്കാനാകുക.

7. സി.ബി.എസ്.ഇ. മെറിറ്റ് സ്‌കോളര്‍ഷിപ്പ്

കുടുംബത്തില്‍ മക്കളായി ഒരു പെണ്‍കുട്ടിമാത്രമാണുള്ളതെങ്കില്‍ മാത്രം ലഭ്യമാകുന്നതാണ് ഈ സ്‌കോളര്‍ഷിപ്. സി.ബി.എസ്.ഇ. പത്താതരം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കുമാത്രമേ ആ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവൂ. തുടര്‍ന്ന് സി.ബി.എസ്.ഇ.യില്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ പഠിക്കാന്‍ താത്പര്യപ്പെടുന്നവരുമായിരിക്കണം.

യോഗ്യത

മാസം 1500 രൂപയിലധികം ഫീസ് കൊടുത്തു പഠിക്കുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് യോഗ്യതയില്ല. മാസം 500 രൂപവെച്ചാണ് നല്‍കുക. സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിലാണ് അപേക്ഷ നല്‍കേണ്ടത്.

Content highlights: scholarships for girl child by union and kerala state government

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram