സിന്ധു കൃഷ്ണ മക്കൾക്കൊപ്പം
അമ്മു ( അഹാന), ഓസി ( ദിയ), ഇഷാനി, ഹന്‍സു (ഹന്‍സിക), ജീവിതത്തില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും നിങ്ങളെ കുറിച്ചാണ്. നാലുപെണ്‍കുട്ടികളുടെ അമ്മ എന്നത് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായാണ് ഞാന്‍ കാണുന്നത്. പെണ്‍കുട്ടി എന്ന നിലയ്ക്ക് യാതൊരുവിധ നിബന്ധനകളുമില്ലാതെ വളര്‍ന്നൊരാളാണ് ഞാന്‍. പഠിച്ച സ്‌കൂളിലും വളര്‍ന്നുവന്ന വീട്ടിലുമൊന്നും അത്തരമൊരു അസമത്വം നേരിടാന്‍ മാതാപിതാക്കള്‍ എനിക്ക് അവസരമൊരുക്കിയിട്ടില്ല. ബോര്‍ഡിങ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്, അതുകൊണ്ട് തന്നെ ഓവര്‍ സോഷ്യല്‍ ആയൊരു ചുറ്റുപാടില്‍ ജീവിക്കാനും ലോകത്തിന്റെ വര്‍ണങ്ങള്‍ കാണാനുമൊക്കെ സാധിച്ചിട്ടുണ്ട്. അത്തരമൊരു സ്വാതന്ത്ര്വം അനുഭവിച്ചതിനാല്‍ തന്നെ അതിലും മികച്ച രീതിയില്‍ മക്കളെ വളര്‍ത്താനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. ഇന്നുവരെ നാലുപേര്‍ക്ക് മുന്നിലും യാതൊരുവിധ നിബന്ധനകളും ഞാന്‍ വച്ചിട്ടില്ല, അവരുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും കൂടെ നില്‍ക്കുകയായിരുന്നു ഞാന്‍.
ടോട്ടലി ഡിഫറന്റ് മദര്‍
ചില കാര്യങ്ങളില്‍ നല്ലതും ചീത്തയും പറഞ്ഞുകൊടുക്കും എന്നല്ലാതെ അമ്മ എന്ന നിലയില്‍ ഒരു നിബന്ധനയും അവര്‍ക്ക് മുന്നില്‍ വയ്ക്കാനേ എന്റെ ചിന്തകള്‍ അവരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കാറില്ല. സാധാരണനിലയില്‍ മാതാപിതാക്കള്‍ കുട്ടികളോട് പ്രത്യേകിച്ച് പെണ്‍കുട്ടികളോട് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ പറയും. എന്നാല്‍ അങ്ങനെ പറയുന്ന സാധാരണയമ്മയാകാനല്ല മറിച്ച് എ ടോട്ടലി ഡിഫറന്റ് മദര്‍, ആകാനാണ് എപ്പോഴും ഞാന്‍ ശ്രമിക്കുന്നത്. അമ്മ എന്നതിലുപരി ഞാന്‍ അവരുടെ ഏറ്റവും നല്ലസുഹൃത്താണ്. ഈ സൂര്യന് താഴെ എന്തും എന്നോട് തുറന്നുപറയാനുള്ള സ്വാതന്ത്ര്വം ചെറുപ്പം മുതല്‍ നാലുപേര്‍ക്കുമുണ്ട്. അവരത് അതുപോലെ തന്നെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. അതിനാല്‍ തന്നെ എന്റെ എല്ലാ കാര്യങ്ങളും അവരോട് തുറന്നുസംസാരിക്കും. ആ തുറന്നുപറച്ചില്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പല പ്രതിസന്ധികളെയും തരണം ചെയ്യാന്‍ നാലുപേര്‍ക്കും ശക്തിനല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സൗഹൃദത്തോടെ പെരുമാറുമ്പോള്‍ തന്നെ ഈ സമൂഹത്തില്‍ നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് ബോധ്യപ്പെടുത്താറുമുണ്ട്. ആ സംസാരം പോലും ഒരമ്മ മക്കളോട് പറയുന്നത് പോലെയല്ല, മറിച്ച് അവരെക്കാള്‍ കൂടുതല്‍ കാലം ഈ ഭൂമിയില്‍ ജീവിച്ച ഒരുസഹജീവി അനുഭവങ്ങള്‍ പങ്കുവെക്കുന്നത് പോലെയാണ് കൈമാറുക. ഈ സമൂഹത്തില്‍ നല്ല മനുഷ്യരായി ജീവിക്കാന്‍ എങ്ങനെ സ്വയംമാറണമെന്ന് അതുകൊണ്ട് അവര്‍ക്ക് കൃത്യമായ ബോധ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ജീവിതം തന്നെയാണ് അവര്‍ക്ക് മുന്നില്‍ ഏറ്റവും വലിയ പാഠപുസ്തകമായി തുറന്നുവച്ചത്. ജീവിതത്തില്‍ എനിക്ക് പറ്റിയ തെറ്റുകള്‍ അവര്‍ക്ക് മനസ്സിലാക്കാനും അവരുടെ ജീവിതത്തില്‍ അത് ആവര്‍ത്തിക്കാതിരിക്കാനും അതിലൂടെ സാധിക്കും. ഞാന്‍ ചെയ്ത നല്ല കാര്യങ്ങളും മോശം കാര്യങ്ങളുമെല്ലാം അവര്‍ക്ക് ഓരോ പാഠങ്ങളാണ്.
നാലുപേരും എൻ്റെ ജീവിതവും ലോകവുമാണ്
മൂത്തയാളായതിനാല്‍ അമ്മു ( അഹാന) വിനായിരുന്നു ചെറുപ്പത്തിൽ അനിയത്തിമാരുടെ കാര്യത്തില്‍ ഏറ്റവും ഉത്തരവാദിത്തം. അത് എല്ലാ വീടുകളിലും സ്വഭാവികമായി സംഭവിക്കുന്ന കാര്യമാണ്. ചെറുപ്പം മുതല്‍ കളിക്കുമ്പോഴും സ്‌കൂളില്‍ പോകുമ്പോഴും മറ്റുള്ളവരെ കൂടി ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം അമ്മുവിനായിരുന്നു. പിന്നെ ഓരോരുത്തരായി വളര്‍ന്നുവന്നതോടെ അവര്‍ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. മൂത്തവളായതിനാല്‍ അമ്മുവിന് തന്നെയാണ് എന്നെ കൂടുതല്‍ അറിയുന്നത്. ബാക്കി മൂന്നുപേര്‍ക്കും അറിയാം എന്നാല്‍ പോലും എന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം അമ്മുവിന് കുറച്ച് കൂടി നന്നായി അറിയാം. അമ്മു ഡ്രൈവിങ് പഠിച്ചതിന് ശേഷം ഞങ്ങള്‍ രണ്ടുപേരും മാത്രം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു. ഞാന്‍ ഏതെങ്കിലും ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ ആ ഭക്ഷണം അമ്മുവിനും ഇഷ്ടപ്പെട്ടതായിരിക്കും. എന്റെയും അമ്മുവിന്റെയും ഭക്ഷണ ഇഷ്ടങ്ങള്‍, വസ്ത്ര താത്പര്യങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ സാമ്യത കണ്ടെത്താനായിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒരുപോലെയായതിനാല്‍ ഓരോകാര്യങ്ങളും സംസാരിക്കാനും മനസ്സിലാക്കാനും കുറച്ച് കൂടി എളുപ്പമാണ്. ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ പല ഇഷ്ടങ്ങളും എന്റേതുമായി ചിലപ്പോള്‍ പൊരുത്തപ്പെടാറില്ല. പിന്നെ എല്ലാം ആകസ്മികമായി സംഭവിക്കുന്നതാണ്. ബാക്കി മൂന്ന് പേരെയും എപ്പോഴും കൊച്ചുകുട്ടികളായി കണ്ട് കണ്ട് അവര്‍ക്ക് പ്രായമായപ്പോഴും ഞങ്ങള്‍ത്ത് ആ തോന്നല്‍ മാറിയിട്ടില്ല. അതുകൊണ്ട് ഞാനും അമ്മുവും കൂടി ഒരു ടീമാണെന്ന് മൂന്നുപേര്‍ക്കും പലപ്പോഴും തോന്നാറുണ്ട്. പക്ഷെ നാലുപേരും എന്നെ സംബന്ധിച്ച് എൻ്റെ ജീവിതവും ലോകവും തന്നെയാണ്.
കോവിഡിന് മുമ്പ് വരെ അമ്മുവിന്റെ കൂടെ എല്ലാ സിനിമ ഷൂട്ടിങ്ങുകളിലും ഞാനും പോവാറുണ്ടായിരുന്നു. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ അത് പ്രാക്ടിക്കല്‍ അല്ല, അമ്മു വലിയ കുട്ടിയായി കഴിഞ്ഞു. അതിനാല്‍ ഇപ്പോള്‍ അവള്‍ക്കൊരു അസിസ്റ്റന്റുണ്ട്. ഇഷാനി കൂടി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതോടെ ഇപ്പോള്‍ ഇടയ്ക്ക് അവളുടെ കൂടെ എനിക്ക് പോവേണ്ടി വരാറുണ്ട്. കാരണം അവള്‍ക്ക് കാര്യങ്ങള്‍ പരിചയമാകുന്നത് വരെ നമ്മള്‍ കൂടെ പോവണം. സത്യം പറഞ്ഞാല്‍ ഇനി ഹന്‍സിക കൂടി അഭിനയിച്ച് തുടങ്ങിയാല്‍ എന്റെ ഓട്ടംകൂട്ടേണ്ടി വരും. നാലു പേരിൽ ആരുടെ കൂടെ എവിടേക്ക് പോവേണ്ടി വന്നാലും എന്ത് സഹായം വേണ്ടി വന്നാലും ഞാന്‍ റെഡിയാണ്. ഓരോരുത്തരുടെ കൂടെ പോകുമ്പോഴും അവരുടെ വൈബിനനുസരിച്ച് ഞാനും മാറും. ഹന്‍സികയുടെ കൂടെ പോകുമ്പോള്‍ കുറച്ച് കൂടി ചൈല്‍ഡിഷ് ആയി കൊച്ചു കൊച്ചു കാര്യങ്ങളായിരിക്കും ഞങ്ങള്‍ സംസാരിക്കുക. ദിയയുടെ കൂടെ മറ്റൊരു തരം വൈബാണ്. മക്കളുടെ കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. എന്റെ വ്‌ളോഗ് വീഡിയോ ഫൈനല്‍ എഡിറ്റിങും സൗണ്ട് മിക്‌സിങ്ങുമെല്ലാം നാലാളും കൂടിയാണ് ചെയ്തു തരുന്നത്. കാരണം എന്നെക്കാളും ഡിജിറ്റല്‍ ലോകത്ത് അറിവ് കൂടുതല്‍ അവര്‍ക്കാണ്. അവരില്‍ നിന്നും ഞാന്‍ കാര്യങ്ങള്‍ പഠിക്കുകയാണ്.
ഉയർന്നു പറക്കട്ടെ...
സാമ്പത്തിക സ്വാതന്ത്ര്വം നേടുക എന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീകള്‍ സമ്പാദിക്കുകയും സ്വതന്ത്ര്വയാകുകയും ചെയ്യേണ്ടുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് ഞാന്‍ നാലുപേരെയും പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ സ്വന്തമായി സമ്പാദിച്ചാല്‍ അവള്‍ക്ക് അഹങ്കാരം കൂടും എന്നൊക്കെ ഈ നൂറ്റാണ്ടിലും പറഞ്ഞ് പെണ്‍കുട്ടികളെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടാന്‍ നോക്കുന്ന വലിയൊരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. അവരാരും സ്ത്രീയുടെ ഭാഗത്ത് നിന്ന് കാര്യങ്ങള്‍ ചിന്തിക്കുന്നില്ല. ജോലിയില്ലാതെ കൈയില്‍ കാശില്ലാതെ എന്തിനും ഏതിനും ഭര്‍ത്താവിന്റെ മുന്നില്‍ കൈനീട്ടേണ്ടി വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന മാനസികപ്രശ്‌നങ്ങളെ കുറിച്ച് ആരും മനസ്സിലാക്കുന്നില്ല. ഇന്നും നല്ലരീതിയില്‍ സമ്പാദിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങളൊന്നും ഒരു പെണ്‍കുട്ടിയും പ്രോത്സാഹിപ്പിക്കരുത്. അത്തരക്കാരെ കണ്ടില്ലെന്ന് നടിച്ച് നമ്മുടെ വിദ്യാഭ്യാസവും കഴിവും കൊണ്ട് നേടാവുന്നതില്‍ ഏറ്റവും മികച്ച ജോലി നേടുകയും പരമാവധി സമ്പാദിക്കുകയും വേണം. ഓരോ പെണ്‍കുട്ടിയും ഒറ്റയ്ക്ക് ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്വം നേടണം. ഒരിക്കലും നാളെ വിവാഹം കഴിയുമെന്നും ഭര്‍ത്താവ് നോക്കിക്കൊള്ളും എന്നും ആരും ചിന്തിക്കരുത്. എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കും എന്ന നിലയില്‍ ഓരോ പെൺകുട്ടിയും ചെറുപ്പംമുതല്‍ മുന്നോട്ട് പോകണം. ആയൊരു ബോധത്തില്‍ തന്നെ എല്ലാ പെണ്‍കുട്ടികളെയും വളര്‍ത്തികൊണ്ടുവരാന്‍ മാതാപിതാക്കൾ തയ്യാറാകണം. അഹാന തൊട്ട് ഹന്‍സിക വരെ നാലുപേരെയും ഈയൊരു കാര്യം കൃത്യമായി ബോധ്യപ്പെടുത്തികൊണ്ടാണ് ഞാന്‍ വളര്‍ത്തിയത്. അതുകൊണ്ട് അവര്‍ സ്വന്തം കാലില്‍ നാളെ ഉയരങ്ങള്‍ തൊടുമെന്ന് എനിക്കുറപ്പുണ്ട്... എന്തെന്നാൽ, അയാം വെരി പ്രൗഡ് ഓഫ് മൈ ഗേള്‍സ്..
തയ്യാറാക്കിയത്: സൂരജ് സുകുമാരൻ
Content Highlights: international girl child day sindhu krishna about daughters