അമൃത സുരേഷ് മകൾക്കൊപ്പം
അന്താരാഷ്ട്ര ബാലികാദിനത്തോട് അനുബന്ധിച്ച് ഗായിക അമൃത സുരേഷ് മകൾ അവന്തികയെക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുന്നു...
വീട്ടിൽ ഏറെയും പെൺകുട്ടികൾ ആയിരുന്നതുകൊണ്ട് പണ്ടുതൊട്ടേ പെൺകുഞ്ഞുങ്ങളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. അവരെ അണിയിച്ചൊരുക്കാനൊക്കെ ഇഷ്ടമായിരുന്നു. ഗർഭകാലത്തിൽ ആണെന്നോ പെണ്ണെന്നോ അല്ല ആരോഗ്യമുള്ള കുഞ്ഞായിരിക്കണേ എന്നു മാത്രമേ കരുതിയിരുന്നുള്ളു. പക്ഷേ പെൺകുട്ടിയായാൽ കൂടുതൽ സന്തോഷം എന്നായിരുന്നു അവസ്ഥ. അവന്തികയ്ക്ക് വീട്ടിലെ വിളിപ്പേരായി നൽകിയത് പാപ്പു എന്നാണ്. ഗർഭകാലത്ത് പാപ്പു എന്ന വിളിക്കുമ്പോൾ പലരും ചോദിച്ചിരുന്നു ഇപ്പോഴേ ആൺകുട്ടിയാണെന്ന് തീരുമാനിച്ചോ എന്ന്. ഏറെ പ്രിയപ്പെട്ട മുത്തച്ഛന്റെ പേരായിരുന്നു അത്. അന്നേ തീരുമാനിച്ചതാണ് ആണായാലും പെണ്ണായാലും പാപ്പു എന്ന പേരിട്ടു വിളിക്കുമെന്ന്..
കുട്ടിക്കാലം തൊട്ടേ അച്ഛനും അമ്മയും എനിക്കും സഹോദരിക്കും ഇഷ്ടമുള്ളത് ചെയ്യാൻ സ്വാതന്ത്ര്യം നൽകിയിരുന്നു. പെൺകുട്ടികൾ ആയതുകൊണ്ട് അരുതുകളുടെ ലിസ്റ്റൊന്നും അവർ പറഞ്ഞില്ല. ഞങ്ങൾ സുരക്ഷരായിരിക്കണം എന്നതു മാത്രമേ അവർക്ക് നിർബന്ധമുണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ ആത്മവിശ്വാസമുള്ള, ആത്മാഭിമാനമുള്ള പെൺകുട്ടികളായാണ് ഞങ്ങൾ വളർന്നത്. മകളോടും അതു തന്നെയാണ് പറയാറുള്ളത്. കുട്ടിക്കാലം തൊട്ടേ തെറ്റും ശരിയും സ്വന്തമായി തിരിച്ചറിയാനുള്ള പാകത ഉണ്ടായിരിക്കണം. എന്നാലേ വലുതാകുമ്പോൾ ആത്മവിശ്വാസത്തോടെ സമൂഹത്തിന് മുന്നിൽ നിൽക്കാൻ കഴിയൂ.
പാപ്പുവിനോട് പല കാര്യങ്ങളിലും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാറുണ്ട്. അവൾ എന്തെങ്കിലും ചെയ്യാൻ മടിച്ചു നിൽക്കുമ്പോൾ അതുകൊണ്ടുണ്ടാകുന്ന നല്ല വശങ്ങളും തെറ്റായ കാര്യങ്ങളും എന്തൊക്കെയാണെന്ന് പറഞ്ഞു മനസ്സിലാക്കും. അതു കേൾക്കുമ്പോൾ തന്നെ നല്ലതേതെന്ന് തിരഞ്ഞെടുക്കാൻ പാപ്പുവിന് കഴിയാറുണ്ട്. പാരന്റിങ്ങിൽ അത്തരമൊരു പാഠം പകർന്നാൽ മാത്രമേ മുതിരുമ്പോൾ ഉത്തരവാദിത്തത്തോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കൂ. അതല്ലെങ്കിൽ ആരെങ്കിലും പറയുന്നതുകേട്ട് അതാണ് ശരിയെന്നൊക്കെ ധരിച്ച് മുന്നോട്ടു പോകുന്ന അവസ്ഥയാവും. അവളുടെ ബുദ്ധിക്ക് കഴിയുന്ന രീതിയിൽ ശരിയും തെറ്റും ഇപ്പോൾ തന്നെ തിരിച്ചറിയണം.
മൂന്ന് അമ്മമാരാണ് മകൾക്ക് എന്നതും ഏറെ സന്തോഷം പകരുന്ന കാര്യമാണ്. എന്റെ അമ്മയെപ്പോലെ കരുത്തയായ ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. എന്തു പ്രതിസന്ധികളെയും തരണം ചെയ്യാൻ ആത്മവിശ്വാസമുള്ള സ്ത്രീയാണ് അമ്മ.ആ അമ്മയെ കണ്ടു വളർന്നതിന്റെ മൂല്യങ്ങൾ എനിക്കും സഹോദരിക്കുമുണ്ടാവും. മൂന്നു തലമുറയിലെ അമ്മമാരാണ് അവളെ സ്‌നേഹിക്കാനുള്ളത്, അതുകൊണ്ട് അവള്‍ക്ക് കിട്ടുന്ന കരുതലും മൂന്നുരീതിയിലാണ്. അമ്മയില്‍ നിന്നാണ് അടുക്കും ചിട്ടയും വിശ്വാസവുമൊക്കെ ലഭിക്കുന്നത്. അമ്മൂമ്മയെ ഭയങ്കര ഇഷ്ടവുമാണ് എന്നാല്‍ തെറ്റുചെയ്താല്‍ ചീത്തപറയുമോ എന്ന ഭയവുമുണ്ട്. എന്റെകൂടെ എപ്പോഴും കെട്ടിപ്പിടിച്ചും താലോലിച്ചുമൊക്കെയിരിക്കാനാണ് ഇഷ്ടം. അഭിയമ്മ അവള്‍ക്ക് സഹപാഠിയെപ്പോലെയാണ്. സമപ്രായക്കാര്‍ സംസാരിക്കുന്നതുപോലെയാണ് പലപ്പോഴും പാപ്പുവും അഭിയും സംസാരിക്കുന്നതുതന്നെ. ഇപ്പോഴത്തെ കുടുംബങ്ങളിലേതുപോലെ ഞാനൊറ്റയ്ക്കാണ് അവളെ നോക്കിയിരുന്നതെങ്കില്‍ ഈ സ്‌നേഹമൊക്കെ മിസ് ആയേനെ.
അമ്മയുടേയും എന്റെയും സഹോദരിയുടെയും സ്നേഹവും പരിഗണനയും ലാളനയും സുരക്ഷിതത്വവുമൊക്കെ പാപ്പുവിനും ഞങ്ങൾ പകരുന്നുണ്ട്.
Content Highlights: international girl child day 2021 singer Amrutha Suresh about daughter