അത്രമേല്‍ ജീവനായ എന്റെ പെണ്‍കിളികളേ... നിങ്ങള്‍ പാഴാക്കിയ സ്‌നേഹങ്ങള്‍, ഉമ്മകള്‍, അമ്മമണങ്ങള്‍...


By ഷബിത

5 min read
Read later
Print
Share

എന്റെ ചെവിയെ ധരിപ്പിക്കാന്‍ നിങ്ങള്‍ പാഴാക്കിയ വാക്കുകള്‍, അഭ്യര്‍ഥനകള്‍, ആവശ്യങ്ങള്‍, സ്‌നേഹങ്ങള്‍, ഉമ്മകള്‍, അമ്മമണങ്ങള്‍...നഷ്ടം എന്റെതുമാത്രമായിരുന്നു.

നിങ്ങൾ പാഴാക്കിയ വാക്കുകൾ, അഭ്യർഥനകൾ, ആവശ്യങ്ങൾ, സ്‌നേഹങ്ങൾ, ഉമ്മകൾ, അമ്മമണങ്ങൾ...

ന്ദിയുണ്ട് എന്നെ ഞാനായി ജീവിക്കാന്‍ അനുവദിച്ചതില്‍. അതിലും നന്ദിയുണ്ട് സ്‌ക്രീനുകളില്‍ പാട്ടുകളിലെ അമ്മത്തരങ്ങള്‍ കണ്ട് അതുപോലൊരമ്മയാകണമെന്ന് വാശിപിടിക്കാത്തതില്‍. നിങ്ങളില്‍ മൂത്തവള്‍ കഷ്ടി ആറുമാസവും ഇളയവള്‍ രണ്ടുവര്‍ഷം തികച്ചും എന്റെ കാല്‍സ്യവും വൈറ്റമിനും ഫോസ്ഫറസും ഊറ്റിയതിന്റെ കണക്ക് ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും; എന്റെ അമ്മയല്ലാത്തരങ്ങളെ ചോദ്യം ചെയ്യുന്ന ബന്ധുമിത്രാദികള്‍ക്കുമുമ്പില്‍ നിന്ന് ''നോക്കൂ ഞങ്ങളുടെ അമ്മ ഞങ്ങളെ നോക്കാറില്ല.'' എന്ന് നിങ്ങള്‍ പറയുമ്പോള്‍. ഒരര്‍ഥത്തില്‍ ഞാന്‍ ഭാഗ്യവതിയും നിങ്ങള്‍ ഭാഗ്യം കെട്ടവരുമാണ്. നിങ്ങളെ ഞാന്‍ കേട്ടതിലും കൂടുതല്‍ എന്നെ നിങ്ങളാണ് കേട്ടത്. ഇടത്തും വലത്തും രണ്ടു കൗണ്‍സിലര്‍മാര്‍ എന്ന മട്ടില്‍ നിങ്ങളിരുന്നും കിടന്നും എന്നെ കേട്ടു. എന്നാല്‍ ഞാന്‍ കാട്ടിയ നീതികേടില്‍ ഏറ്റവും മുന്നില്‍ മുഴച്ചുനില്‍ക്കുന്നതായിരുന്നു രാവിലെയുള്ള എന്റെ പുറപ്പാടില്‍ പിറകേ നടന്ന് കാര്യങ്ങള്‍ എന്റെ ചെവിയെ ധരിപ്പിക്കാന്‍ നിങ്ങള്‍ പാഴാക്കിയ വാക്കുകള്‍, അഭ്യര്‍ഥനകള്‍, ആവശ്യങ്ങള്‍, സ്‌നേഹങ്ങള്‍, ഉമ്മകള്‍, അമ്മമണങ്ങള്‍...നഷ്ടം എന്റെതുമാത്രമായിരുന്നു.

'അമ്മേ ഒരു കാര്യം പറയട്ടേ' എന്നു പറഞ്ഞുകൊണ്ട് രണ്ട് കിളികള്‍ അടുക്കളയില്‍ നിന്നും തീന്‍മശേയിലേക്കും അലക്കുകല്ലില്‍ നിന്നും അഴകളിലേക്കും കുളിമുറിവാതില്‍ക്കല്‍ നിന്നും കണ്ണാടിയ്ക്കുമുമ്പിലേക്കും അവിടുന്ന് വീണ്ടും ഉമ്മറത്തേക്കും പിറകേ പറന്നുതളരുമ്പോഴും ആ കാര്യമെന്തെന്നന്വേഷിക്കാനുള്ള സാവകാശം കാണിക്കാത്ത ഒരമ്മയെന്ന നിലയില്‍, പറയാനുള്ള കാര്യങ്ങള്‍ക്ക് നിങ്ങളുടേതായ വര്‍ണനകളും പൊടിപ്പും തൊങ്ങലും വിശേഷണങ്ങളും അത്യാവശ്യമാണെന്നിരിക്കേ 'നേരം കളയാണ്ട് വേഗം പറ' എന്ന എന്റെയലര്‍ച്ചയില്‍ വിഴുങ്ങിപ്പോയ അക്ഷരങ്ങളോടൊപ്പം 'അമ്മാ എ ലവ് യൂ' എന്നുകൂടി ഉണ്ടായിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഞാന്‍ കണക്കുപറഞ്ഞ കാല്‍സ്യവും ഫോസ്ഫറസ്സും വൈറ്റമിനും എല്ലാം കൂടി നെഞ്ചിലടിഞ്ഞുകൂടിയെന്നെ ശ്വാസം മുട്ടിക്കാറുണ്ട്. എന്നിട്ടാ നേരമെല്ലാംകൂടി കൂട്ടിവെച്ച് പുഴുങ്ങിത്തിന്ന് ബാക്കിവന്ന വെള്ളവും കുടിച്ചങ്ങനെ ഞാന്‍ പുഷ്ടിച്ചുനില്‍ക്കുകയാണല്ലോ എന്നുകാണുമ്പോള്‍ വരുന്ന ആത്മപുച്ഛമുണ്ടല്ലോ, നിങ്ങളുടെ ഒരൊറ്റ നിശ്വാസത്തില്‍ വീണുപോകുന്ന ചീട്ടുകൊട്ടാരത്തിന്റെ ആയുസ്സേ ഉള്ളൂ അതിനൊക്കെ. അമ്മയങ്ങനെയൊന്നും കുലുങ്ങാത്തവളാണല്ലോ. അങ്ങനെ തന്നെ ഇരിക്കട്ടെ.

ഫോണ്‍ വീട്ടില്‍വെച്ചിട്ട് പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ എനിക്കു വരുന്ന ഫോണ്‍കോളുകള്‍ക്ക് കൃത്യമായി മറുപടി പറയുകയും പക്വതയോടെ നിങ്ങള്‍ ചോദിച്ചറിയുകയും ചെയ്യാറുണ്ട് എന്താണ് അമ്മ വരുമ്പോള്‍ പറയേണ്ടതെന്ന്. എന്നാല്‍ നിങ്ങളുടെ കൂട്ടുകാര്‍ ഒന്നുവിളിച്ചാലോ, മെസേജ് അയച്ചാലോ ആ സാമാന്യമര്യാദ പലപ്പോഴും ഞാന്‍ കാണിച്ചിട്ടില്ല. നിങ്ങളടുത്തില്ലാത്തപ്പോള്‍ വരുന്ന കോളുകള്‍ നിങ്ങള്‍ക്കുള്ളതാണെന്ന് മനസ്സിലാകുമ്പോള്‍ കട്ടുചെയ്യുകയാണ് പതിവ്. അവര്‍ വിളിച്ച കാര്യം തിരക്കിനിടയില്‍ നിങ്ങളോട് പറയാന്‍ പോലും മറന്നുപോയിട്ടുണ്ട്. എന്നിട്ടാതിരക്കുകളെല്ലാം കൂടി വലിയൊരു ഡെപ്പോസിറ്റായി ഞാന്‍ ബാങ്കില്‍ കൊണ്ടിട്ടു. മാസാമാസം പലിശയ്ക്ക്! വേസ്റ്റ്ബിന്‍ നേരാം വണ്ണം വെക്കാത്തതില്‍, ബാത്‌റൂം നിറയെ സോപ്പുപതയാക്കുന്നതില്‍, ക്ലോസറ്റ് ടോപ്പില്‍ വെച്ച് കാല് കഴുകി വെള്ളമൊഴിക്കാതെ വെക്കുന്നതില്‍, രാത്രി കാലുകഴുകാതെയും പല്ലുതേക്കാതെയും നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതില്‍ സദാ ജാഗരൂഗയായ ഞാന്‍ അലറിപ്പാഞ്ഞുവന്ന് കയ്യില്‍ കിട്ടിയതെടുത്ത് (മിക്കവാറും അത് ചാര്‍ജര്‍ വള്ളിയാകയാല്‍ നിങ്ങളെഴുന്നേറ്റോടും) പിറകേയൊടുമ്പോള്‍ നിങ്ങളങ്ങതെല്ലാം ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് ഉള്‍ക്കൊള്ളാനാവാതെ മനസ്സടഞ്ഞുപോയ ഒരമ്മ.

രാത്രിയില്‍ വീണുകിട്ടുന്ന നേരത്ത് അല്പനേരം അരികെ കിടക്കാന്‍ വിളിക്കുമ്പോള്‍, ഒരു കഥയ്ക്കായി നിങ്ങള്‍ കാതോര്‍ക്കുമ്പോള്‍, ഒരു പൊട്ടിച്ചിരിയ്ക്കായി നിങ്ങള്‍ ആശിക്കുമ്പോള്‍ ഇരുവശത്തുനിന്നുമുള്ള കിളിക്കൊഞ്ചലുകള്‍ കേട്ട് നിങ്ങള്‍ക്കു നടുവില്‍, സകലപ്രപഞ്ചങ്ങള്‍ക്കും നടുവില്‍, ഞാന്‍ കിടക്കുമ്പോള്‍, അല്ല മൂരിയുറക്കത്തിലേക്കുവീഴുമ്പോള്‍ ആശിച്ചുപോകാറുണ്ട് ദൈവമേ എന്റെ മക്കള്‍ പറയുന്നതെല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടെന്നറിയാന്‍ നീ എനിക്കുവേണ്ടി അവരോട് മൂളിക്കോളണേ എന്ന്. അതിനിടയില്‍ നിങ്ങള്‍ തീര്‍ത്ത വിഷസ് കാര്‍ഡുകള്‍, കമ്മലുകള്‍, മാലകള്‍ മുറിയിലെ അലങ്കാരപ്പണികള്‍, അണിഞ്ഞൊരുങ്ങലുകള്‍, ശരിക്കും നല്ല ഒരു അമ്മകൂടി നിങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍!

ബിരിയാണി വെക്കാനറിയാത്ത, ഫ്രൈഡ് റൈസ് ഉണ്ടാക്കാനാറിയാത്ത, മന്തിയും മയോണൈസും കേക്കും പിസ്തയും അങ്ങനെ കണ്ട സകലകുലാപികളും പരീക്ഷിച്ചുനോക്കാന്‍ പോലും മനസ്ഥിതിയില്ലാത്ത പൂര്‍ണ തോല്‍വിയായി ഈയമ്മ മാറിയപ്പോള്‍ മിക്ക വൈകുന്നേരങ്ങളിലും ഞാന്‍ വരുന്നതും കാത്ത് നിങ്ങളിരുന്നു. യൂട്യൂബില്‍ നോക്കിയുണ്ടാക്കിയ ചോക്ലേറ്റ് കേക്കും മറ്റും നുണയുമ്പോള്‍ കിളിക്കണ്ണുകള്‍ തിളങ്ങിയത് ഞാനാസ്വദിക്കുന്ന രുചിയുടെ ഉന്മാദത്തിലായിരുന്നു. 'സാധാരണ എല്ലായിടത്തും തള്ളമാര്‍ മക്കള്‍ക്കുണ്ടാക്കുകയാ, ഇവിടെ നേരെ തിരിച്ചാണ്' എന്ന ആഭ്യന്തരകുത്തുവാക്കുകള്‍ കേള്‍ക്കുമ്പോള്‍ മാറുന്ന എന്റെ മുഖം നോക്കി 'സില്ലി' എന്ന മട്ടില്‍ ഓരോ കിളിയുടെയും ഇടം കണ്ണുകള്‍ കൃത്യസമയത്ത് അടഞ്ഞുതുറക്കുന്നതിലെ ഊര്‍ജമുണ്ടല്ലോ, മിടിപ്പുനില്‍ക്കും വരെ മുന്നോട്ടുപോകാന്‍ അതുമതി ഇവള്‍ക്ക്. പലപ്പോഴും നിങ്ങളെന്റെ മനോരോഗവിദഗ്ധരായി. ചിന്തകളില്‍ നിന്നും ചിന്തകളിലേക്ക് പിടിത്തംവിട്ട് വീഴാനായുമ്പോള്‍ നെറ്റിയില്‍ ഒരു നനച്ച തുണിയായി, കാലുകളില്‍ അമര്‍ത്തിത്തിരുമ്മലായി, കവിളുകളില്‍ ചൂടുമ്മകളായി എന്റെ കിളികളേ നിങ്ങളുടെ ചിറകുകള്‍ക്കിടയില്‍ ഞാനഭയം തേടിയ നാളുകള്‍. എന്റെ വെറുപ്പുകളെ, വാശികളെ, പ്രതിരോധങ്ങളെ, സങ്കടങ്ങളെ അങ്ങനെയങ്ങനെ എനിക്കുള്ളിലെ ഞാനല്ലാത്ത എല്ലാറ്റിനേയും കാല്‍വെള്ളയില്‍ തറച്ചുപഴുത്ത തൊട്ടാവാടി മുള്ളിനെയെന്നവണ്ണം നിങ്ങളാണ് തോണ്ടിയെറിയുന്നനെന്നറിയാമായിരുന്നിട്ടും ഞാന്‍ നിങ്ങളുടെ മുമ്പില്‍ ബോസ് കളിച്ചു, അടിമകളാക്കിവെച്ചു, ഔചിത്യമില്ലാതെ പെരുമാറി. നിങ്ങളുടെ കുറുമ്പുകളെ വലിയ എന്തോ അപരാധമെന്നമട്ടില്‍ കണ്ട് കണക്കറ്റ് പെരുമാറി. എന്നിട്ടും കാല്‍സ്യവും ഫോസ്ഫറസ്സും വൈറ്റമിനും നിറഞ്ഞിരുന്നെന്ന് ഞാനവകാശപ്പെട്ടിരുന്ന നെഞ്ചിന്‍കൂട്ടിലേക്ക് കുഞ്ഞിച്ചിറകുകള്‍ നിങ്ങളൊതുക്കി പമ്മിക്കിടന്നു. പിണങ്ങേണ്ടത് നിങ്ങളായിരുന്നിട്ടും എന്റെ പിണക്കം മാറ്റാന്‍ നിങ്ങളുതിര്‍ത്ത കണ്ണീരില്‍ കുതിര്‍ന്നുതീരേണ്ടതായിരുന്നു എന്റെ ആയുസ്സ്.

ദാമ്പത്യ പിണക്കത്തില്‍ ഇടനിലക്കാരികളായി നിന്നുകൊണ്ട്, പ്രതിഷേധനാളുകളില്‍ ഉറങ്ങാനായി നിങ്ങളുടെ മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ സ്ഥലമില്ലെന്നും പറഞ്ഞ് കുഞ്ഞനിയനെ നടുവില്‍ കിടത്തി ഇനിയൊരുറുമ്പിനുപോലും കിടക്കാന്‍ സ്ഥലമില്ലാത്ത മട്ടില്‍ വിരിഞ്ഞുകിടന്നുറക്കം നടിച്ചു നിങ്ങള്‍. അമ്മ പാവമാണെന്ന് അച്ഛനോടും അച്ഛന്‍ പാവമല്ലേ എന്ന് അമ്മയോടും പറഞ്ഞ് നയതന്ത്രപരമായി ഒത്തുതീര്‍പ്പാക്കിയ പിണക്കങ്ങള്‍. അതേ കിളികള്‍ ഒരിക്കല്‍ ചോദിച്ചത് ഫിസിക്കല്‍ ഇന്റിമസിയെക്കുറിച്ചായിരുന്നു. ഇത്രകാലവും കണ്ടതും കേട്ടതും പരിചയിച്ചതുമായ ഭാഷയൊന്നും തന്നെ തികയാതെ വന്നു അതേക്കുറിച്ചുപറയാന്‍. മണിമണിയായി നിങ്ങളെനിക്കു പറഞ്ഞുതന്നു ഫിസിക്കല്‍ ഇന്റിമസിയെക്കുറിച്ച്. ആര്‍ക്കെല്ലാം എപ്പോഴെല്ലാം എങ്ങനെയെല്ലാം ഫിസിക്കല്‍ ഇന്റിമസി ഉണ്ടാവാം എന്ന നീണ്ട ക്ലാസും കേട്ടു കിടക്കുമ്പോള്‍ എന്റെ ഉറക്കത്തിന്റെ കിളി ജനാലവഴി ഇനിയടുത്തകാലത്തൊന്നും വരില്ലെന്ന മുന്നറിയിപ്പോടെ പറന്നകന്നു. ഇനിയെന്റെ കാല്‍സ്യം ഫോസ്ഫറസ് വൈറ്റമിന്‍ ചൂഷണം നടപ്പാകില്ലെന്ന തിരിച്ചറിവില്‍ കഥകള്‍ പറഞ്ഞുപറഞ്ഞ് നിങ്ങളുറങ്ങിപ്പോള്‍ രണ്ടു കുഞ്ഞിത്തലകളെ ഞാനെന്റെ നെഞ്ചിലേക്ക് കയറ്റിക്കിടത്തിയിരുന്നു. പിറ്റേന്നാണ് ഒരു പാക്കറ്റ് നാപികിന്‍ നിങ്ങളുടെ അലമാരയില്‍ തുറന്നുനോക്കുമ്പോള്‍ ഉടനടി കാണാവുന്ന മട്ടില്‍ ഞാന്‍ തിരുകി വെച്ചത്. നിങ്ങളതു കണ്ടെടുത്തപ്പോള്‍ അമ്മയില്ലാത്ത നേരത്ത് 'വലിയ കുട്ടി'യായാല്‍ ഇങ്ങനെയാണ് വെക്കേണ്ടതെന്നും പറഞ്ഞ് ഡെമോണ്‍സ്‌ട്രേഷനും കാണിച്ചുതന്നപ്പോള്‍ ഇതൊക്കെയെന്ത് എന്ന നിങ്ങളുടെഭാവത്തോടാണ് എന്റെ സല്യൂട്ട്. ഒരു ഔട്‌ഡേറ്റഡ് സ്റ്റഫിന്റെ ആകുലതകളായിട്ടുകണ്ടാല്‍ മതി.

അശ്രദ്ധകളുടെയും ആബ്സന്റ് മൈന്റിന്റെയും ആകെത്തുക എന്ന വിശേഷണം അത്രമേല്‍ ചാര്‍ത്തപ്പെട്ടുകിട്ടിയതിനാല്‍ കിളികളേ നിങ്ങളില്‍ മൂത്തവള്‍ക്ക് ആറുമാസം തികയുംമുന്നേ തന്നെ രണ്ടാമതൊരാള്‍ കൂടി ഉദരത്തില്‍ ഉരുവം കൊണ്ടകാര്യം ലോകമറിഞ്ഞപ്പോള്‍ ഈയുള്ളവളുടെ വിദ്യാഭ്യാസത്തെയും വിവരത്തെയും ചോദ്യം ചെയ്യാത്തവരായി ആരുമുണ്ടായിരുന്നില്ല. പാര്‍ട്ണര്‍ ഇന്‍ ക്രൈം സെന്റിമെന്റ്‌സിന്റെയും നിസ്സഹായതയുടെയും മൂര്‍ത്തരൂപമായി കൈമലര്‍ത്തിയപ്പോള്‍ എന്നെ വിവരം പഠിപ്പിക്കാന്‍ വന്ന ഒരൊറ്റ തെണ്ടിയുടെയും ഔദാര്യത്തിലല്ല രണ്ടാമത്തെ കിളിയേ നീയും പിറന്നത്. അശ്രദ്ധകള്‍ അനുഗ്രഹങ്ങളാവുന്നത് ഇങ്ങനെയൊക്കെയാണ്. ലേബര്‍റൂമിലെ കയ്യാങ്കളിയൊക്കെയും അവസാനിച്ച നിമിഷത്തില്‍ ആണോ പെണ്ണോ എന്നതിനുപകരം എത്ര വെയ്റ്റുണ്ട് എന്നുചോദിച്ച എന്നോട് ഒന്നു ക്ഷമിക്ക് തൂക്കിനോക്കട്ടെ എന്നു പറഞ്ഞ സിസ്റ്ററെയാണ് ഓർമ വരുന്നത്.

ഓര്‍ക്കുന്നു കുഞ്ഞിക്കിളിയെ മടിയിലിരുത്തി സെല്‍ഫിയെടുത്ത് അയച്ചുതന്ന ഉഷടീച്ചറെ, വലിയകിളിയുടെ ഡയറിയെഴുത്തുകള്‍ കണ്ടെടുത്ത് നെഞ്ചോടടുക്കിപ്പിടിച്ച മോളിടീച്ചര്‍, ഹൃദയത്തിലേക്ക് ചേര്‍ത്തുനിര്‍ത്തിയ ബിന്ദുടീച്ചര്‍. നിങ്ങളൊക്കെ എന്റെയീ കുഞ്ഞിക്കിളികളുടെ മനസ്സിലിടം പിടിച്ചത് എത്രമേല്‍ ആര്‍ദ്രതയോടെയാണെന്നറിയുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ കുശുമ്പുകലര്‍ന്നൊരു മൂളല്‍ ഞാന്‍ പാസ്സാക്കാറുണ്ട്. നന്ദിയുണ്ട് നിഷാന്റിയോട്, നിങ്ങളിലൊരാളായി ആടിപ്പാടി നടന്നതില്‍. ചെയ്യാവുന്ന മേക്കപ്പുകളും കളിക്കാവുന്ന കളികളും കെട്ടാവുന്ന എല്ലാത്തരം കോലങ്ങളും കെട്ടി നിങ്ങളുടെ പെണ്‍കുട്ടിക്കാലം നിറങ്ങളുടെയും മധുരങ്ങളുടെയും ആഘോഷമാക്കിയതില്‍. കടപ്പാടുണ്ട് ആറുമാസം മുതല്‍ നെഞ്ചുപറിച്ചേല്‍പ്പിച്ച അമ്മമ്മക്കയ്യില്‍ ഇന്നും നിങ്ങള്‍ ഭദ്രമായിരിക്കുന്നതില്‍. നമ്മള്‍ വന്നതില്‍പ്പിന്നെയാണ് അമ്മമ്മയ്ക്ക് വയസ്സായത്. ഓരോ ഉറക്കത്തിലും ഞെട്ടിയെഴുന്നേറ്റും ഇരുന്നും തൊട്ടിലാട്ടി താരാട്ടുപാടി ഉറക്കിയതിന്റെ ശേഷിപ്പായി കിളികളേ നിങ്ങളും ഞാനും സമ്മാനിച്ച ഇയര്‍ ബാലന്‍സ് തെറ്റല്‍ മാത്രമാണ് അമ്മമ്മയുടെ ബാക്കി സമ്പാദ്യം. ഓര്‍മയുണ്ടാവണം അച്ഛന്‍പെങ്ങളെ, ആശിച്ചു മൂന്നാമത് പ്രസവിച്ചതും ആണായതിന്റെ സങ്കടത്തിലേക്കാണ് നിങ്ങള്‍ രണ്ടുപേരും മത്സരിച്ചെത്തിയത്. വലിയ അമ്മ അതാണ്. ഓരോ പെന്‍ഷന്‍ വാങ്ങാന്‍ പോകുമ്പോഴും നിങ്ങളുടെ ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റില്‍ ഒന്നുപോലും വിടാതെ വാങ്ങിവരുന്ന സന്തോഷത്തിന്റെ പേരാണ് അച്ഛഛന്‍. ഇനിമേലില്‍ എന്റെ മക്കളെ തൊട്ടാലുണ്ടല്ലോ എന്നെന്നോടാക്രോശിക്കുന്ന ആ മുഖത്തെ കരുതലാണ് നിങ്ങളുടെ രക്ഷ.

പറയാനൊന്നെയുള്ളൂ, സമൂഹം എന്നത് ഒരു പൊതുചടങ്ങാണെന്നു കരുതുക. കുടുംബവും ജീവിതവും ബന്ധങ്ങളും യാത്രകളും കരിയറുമെല്ലാം അതിലെ ഉപചടങ്ങുകളാണ്. പൊതുചടങ്ങുകള്‍ അനുഷ്ഠാനമെന്നവണ്ണം നടന്നുകൊണ്ടേയിരിക്കും. ഉപചടങ്ങുകളില്‍ നിങ്ങള്‍ക്കു താല്‍പര്യമുള്ളതില്‍ പങ്കെടുക്കാം. അന്യര്‍ക്കു ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പതുക്കെയിങ്ങ് ഇറങ്ങിപ്പോരാം. വീടിന്റെ താക്കോലുകളില്‍ ഒരെണ്ണം എപ്പോഴും കയ്യില്‍ കരുതണം. ഞാന്‍ വീടുംപൂട്ടി പോകുന്ന നേരത്താണ് കയറിവരുന്നതെങ്കില്‍ വാതില്‍ തുറന്ന് അകത്തെ കട്ടിലില്‍, വൃത്തിയായി നടുനിവര്‍ത്തി നേരെയങ്ങ് കിടന്നുറങ്ങണം. എനിക്കുമുമ്പേ നടക്കാന്‍ ശീലിക്കുക, മുമ്പില്‍ നിങ്ങളുണ്ടല്ലോ എന്ന ധൈര്യത്തില്‍ എനിക്കും പിറകില്‍ ഞാനുണ്ട് എന്ന വിശ്വാസത്തില്‍ നിങ്ങള്‍ക്കും മുന്നോട്ടുതന്നെ നടക്കാം. ജീവിതം മുന്നോട്ടാണല്ലോ ഒഴുകുന്നത്.

Content Highlights: International Day of the Girl Child

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram