ചന്ദ്രേട്ടനെ പലരും വിലക്കി, 'പെൺകുഞ്ഞിനെ ദത്തെടുത്താൽ അരപ്പട്ടിണി മുഴുപ്പട്ടിണിയാവും' എന്നു പറഞ്ഞു


By ഹർഷ എം എസ്

4 min read
Read later
Print
Share

ഹൃദയത്തിൽ നിന്നും പിറന്ന് ലോകത്തിന് പ്രകാശം പരത്തുന്ന ഈ പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ് ഈ അന്താരാഷ്ട്ര ബാലികാ ദിനത്തിൽ ഓർത്തെടുക്കാൻ തോന്നുന്നത്.

Representative Image | Photo: Gettyimages.in

ന്ദന ദേവ് സെന്നിന്റെ " In my heart " എന്നുള്ള പുസ്തകം വായിച്ചപ്പോൾ ഓർത്തത് അവളെയാണ്...

" അടി കോയിൽ എതുക്ക്, ദൈവങ്കൾ എത്ക്ക്, ഉനത് പുന്നകെ പോതുമടി " എന്നുള്ള വരികൾ കേൾക്കുമ്പോളൊക്കെ ഓർത്തതാകട്ടെ അക്ഷരാഭ്യാസം പോലുമില്ലാത്ത അവളുടെ അച്ഛനെയും....തങ്കമീൻകൾ എന്ന സിനിമയിലെ 2014-ലെ മികച്ച വരികൾക്കുള്ള ദേശീയ അവാർഡ് നേടിയ ഈ ഗാനത്തെ കുറിച്ചും നന്ദനയെകുറിച്ചും വഴിയെ പറയാം.

വീട്ടിലും പറമ്പിലും കൈ സഹായത്തിനായി എന്നും ചന്ദ്രേട്ടൻ മുന്നിലുണ്ടായിരുന്നു. പറമ്പ് കിളക്കാനും കാപ്പി ചെടികൾക്ക് വേണ്ട വളമിടാനും തുടങ്ങി എന്തിനും വീട്ടുകാർക്ക് ചന്ദ്രേട്ടൻ തന്നെ ആശ്രയം! കുട്ടിയുടുപ്പുമിട്ട് ദോശ പ്ലേറ്റുമായി വീടിനുചുറ്റും റോന്തുചുറ്റുന്ന മൂന്നാം ക്ലാസുകാരിക്കാവട്ടെ പറഞ്ഞാൽ ഒടുങ്ങാത്ത കഥകൾ കേൾക്കാനുള്ള ഏക ആശ്രയമായിരുന്നു ചന്ദ്രേട്ടൻ. അക്ഷരാഭ്യാസമില്ലാത്ത മൂപ്പർ എന്റെ മുന്നിൽ അനുസരണയുള്ള കുഞ്ഞായി ബാലപാഠങ്ങൾ ഏറ്റുചൊല്ലി. വൈകുന്നേരം പണി കഴിഞ്ഞു പോകുമ്പോൾ " പറയാൻ ഇത്രയേ ഉള്ളോ, ഇനീം പറ" എന്ന് ചന്ദ്രേട്ടൻ എന്നെ പ്രോത്സാഹിപ്പിക്കും. കൊച്ചു ടോട്ടോ യുടെ കൊബായാഷി മാസ്റ്ററാകും ചന്ദ്രേട്ടൻ അപ്പോൾ . പറയാൻ ബാക്കിവെച്ച നൂറു കാര്യങ്ങളുമായി ഇന്നും ഓരോദിനവും മറഞ്ഞു പോകുമ്പോൾ , താൽപ്പര്യത്തോടെ കൊതിയോടെ കേൾക്കുന്ന കണ്ണുകളില്ലാതെ... മൂളക്കത്തിൽ ഒതുങ്ങുന്ന മറുപടികൾ മാത്രമാകുന്ന ഈ ചെറിയ ലോകത്തേക്ക് തിരിഞ്ഞു സിനിമ പേരു പോലെ ഞാനോർക്കും ചന്ദ്രേട്ടൻ എവിടെയാ....

ചന്ദ്രേട്ടന് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. എന്നോടുള്ള ഇഷ്ടക്കൂടുതലിനു അങ്ങനെയും ഒരു കാരണം ഉണ്ടായിരുന്നിരിക്കാം. അന്നന്നത്തെ ചെലവിനു പോലും വഴിമുട്ടിയ ചന്ദ്രേട്ടനും ഭാര്യയും ഒടുവിൽ ഏറ്റവും മഹനീയമായ ആ തീരുമാനത്തിലെത്തി. ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തുക. അതും ഒരു പെൺകുഞ്ഞിനെ! നാട്ടുകാരും വീട്ടുകാരും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ചന്ദ്രേട്ടനെ പലതും പറഞ്ഞു വിലക്കി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്താൽ അരപ്പട്ടിണി മുഴുപ്പട്ടിണിയാവും എന്നു താക്കീതു നൽകി. അവൾ വളർന്നു വരുമ്പോൾ ഉണ്ടാകുന്ന അനാവശ്യ ചെലവുകളും, സ്ത്രീധന കണക്കും പറഞ്ഞു തീരുമാനം പിൻവലിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി. ചന്ദ്രേട്ടൻ പതറിയില്ല.

ഓമനത്തമുള്ള ഒരു പെൺകുഞ്ഞുമായി ചന്ദ്രേട്ടനും ഭാര്യയും നാട്ടിലെത്തിയ ദിവസം നാട് ഇളകിമറിഞ്ഞു. ആരുടെ കുഞ്ഞ്? ഏതാ ജാതി?നല്ല നിറവും തുടിപ്പും ഒക്കെയുണ്ട്. ഏതോ വലിയ വീട്ടിലെയാ... ഇവർ എങ്ങിനെ പോറ്റും? നാളെ അതിന്റെ തന്തേം തള്ളേം അന്വേഷിച്ചു വന്നാലോ.. ഇവരെ അവൾ നോക്കുമെന്ന് എന്താ ഉറപ്പ്? ഏതോ വേലിചാടി പയ്യിന്റെ ആണേൽ വിത്ത് ഗുണം കാണിക്കാതെ ഇരിക്കുമോ.. വിശന്നു കരയുന്ന സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെ മാറ്റിനിർത്തി നാട്ടിലെ ആസ്ഥാന അഭ്യുദയകാംക്ഷികൾ ഈ വിഷയത്തിൽ ഉരുകിയൊലിച്ചു.

അപ്പോഴും തങ്ങളുടെ ഇല്ലായ്മകൾക്കിടയിലേക്ക് ഒരിറ്റു വെളിച്ചം പകരാൻ കൊണ്ടു വന്ന മാലാഖ കുഞ്ഞിനെ ചന്ദ്രേട്ടനും ഭാര്യയും ചേർത്തുപിടിച്ചു. നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യശരങ്ങൾക്കു മുന്നിൽ അവർ പലപ്പോഴും നിശബ്ദരായി. ഇടയ്ക്ക് ഒറ്റക്കിരുന്ന് കണ്ണീർവാർത്തു. ഒന്നുമറിയാത്ത ആ പിഞ്ചു പൈതൽ കിലുകിലെ കിലുങ്ങുന്ന പാദസരമിട്ട് ആ വീടിനു ചുറ്റും ഓടി നടന്നു. അവൾ അവരെ അമ്മയെന്നും അച്ഛാ എന്നും വിളിച്ചു. ആ വിളിയിൽ അവരുടെ സകല ദുഃഖങ്ങളും ഒരു മലവെള്ളപ്പാച്ചിലിൽ എന്നപോലെ ഒലിച്ചുപോയി.

ഒരുദിവസം ചന്ദ്രേട്ടൻ കുഞ്ഞിനെയുംകൊണ്ട് വീട്ടിലെത്തി. അവൾ ഉത്സാഹത്തോടെ അമ്മ കൊടുത്ത ബിസ്ക്കറ്റ് കൈനീട്ടി വാങ്ങി. ചന്ദ്രേട്ടൻ ഇപ്പോൾ പതിവുപോലെ എന്റെ കഥകൾ കേൾക്കാൻ വരാറില്ല എന്ന പരിഭവം ആയിരുന്നു എനിക്ക്. എന്നാൽ കുഞ്ഞുവാവയെ എന്റെ കൈകളിലേക്ക് വെച്ച് ചന്ദ്രേട്ടൻ പറഞ്ഞതു കേട്ട് എന്റെ പരിഭവം താനേ മറഞ്ഞു." കുഞ്ഞുവാവക്കു മോൾടെ പേരാ ഞങ്ങൾ ഇട്ടത് കേട്ടോ ", ചന്ദ്രേട്ടൻ പറഞ്ഞു തീർന്നതും ഞാൻ അവളെ ഒന്നു സ്നേഹത്തോടെ നോക്കി.

ഞങ്ങൾ രണ്ടുപേരും ഒരു നാട്ടിൽ ഒരേ പേരോടെ വളർന്നു. പലപ്പോഴും അവളും അമ്മയും കൂടെ എന്റെ വീട്ടിൽ വന്നു. പഠിക്കാൻ മിടുക്കിയായിരുന്നു അവൾ. ചന്ദ്രേട്ടനും ഭാര്യയും തങ്ങൾക്ക് ആവുന്ന പണികളെല്ലാം എടുത്തു അവളെ പഠിപ്പിച്ചു. നല്ല വസ്ത്രങ്ങളും ആഹാരവും കൊടുത്തു. പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ പാസായപ്പോൾ, അവളെയും കൂട്ടി ചന്ദ്രേട്ടൻ വീട്ടിൽ വന്നു. അന്ന് ആ സാധുമനുഷ്യൻ അച്ഛനോട് പറഞ്ഞു : " ദൈവം തന്ന കുഞ്ഞാ ഞങ്ങൾക്ക്, അല്ല ദൈവം തന്നെയാ, ഞങ്ങടെ കഷ്ടപ്പാടും വിഷമവും എല്ലാം മാറ്റിയത് അവളാ, അവൾടെ മുഖം തെളിഞ്ഞു കണ്ടാൽ ഞങ്ങൾക്ക് അതുമതി ". തങ്ക മീൻങ്കളിലെ പാട്ട് കേൾക്കുമ്പോൾ എല്ലാം എന്തുകൊണ്ടോ ചന്ദ്രേട്ടനെയാണ് ഓർമ വരാറ്. സങ്കീർണമായ ജീവിതത്തിലൂടെ കടന്നു പോകുമ്പോഴും തന്റെ മകളെ ഏറ്റവും സന്തോഷവതിയായി കാണാൻ എന്തും ചെയ്യുന്ന ഒരച്ഛന്റെ കഥ പേരൻപിന്റെ സംവിധായകൻ കൂടിയായ റാം മനോഹരമായി അവതരിപ്പിച്ച മറ്റൊരു ചിത്രമാണ് തങ്കമീൻങ്കൾ .

ഇപ്പോൾ അവൾ പഠിച്ച് മിടുക്കിയായി ജോലിയൊക്കെ വാങ്ങി കല്യാണവും കഴിഞ്ഞ് സുഖമായി ജീവിക്കുന്നുണ്ട്. ഇതൊന്നും കാണാൻ ചന്ദ്രേട്ടന് ആയുസ്സ് ഉണ്ടായിരുന്നില്ലെങ്കിലും, അവളിലൂടെ ഇന്നും അദ്ദേഹം ജയിച്ചു കൊണ്ടേയിരിക്കുന്നുണ്ടെന്നതാണു വാസ്തവം.

മുൻ സാമ്പത്തിക നൊബേൽ ജേതാവ് അമർത്യാ സെന്റെയും പ്രശസ്ത എഴുത്തുകാരി നബനീത ദേശ്മുഖിന്റെയും മകളായ നന്ദനയെ ' രംഗ് രസിയ എന്ന സിനിമയിലൂടെയാവാം പലർക്കും പരിചയം. ബാലസാഹിത്യ രംഗത്തും ബാലാവകാശ പ്രവർത്തനങ്ങളിലും മുൻ നിരയിൽ നിൽക്കുന്ന നന്ദനയെ പലർക്കും ഏറെ പരിചയം കാണില്ല. ദത്തെടുക്കലിനെ കുറിച്ച് നന്ദന എഴുതിയ "ഇൻ മൈ ഹാർട്ട് എന്ന പുസ്തകം" ഏറെ നിരൂപകപ്രശംസ നേടിയ ഒന്നായിരുന്നു.

" ഹൃദയത്തിൽ നിന്നും !" ദത്തെടുക്കൽ എന്ന പദത്തെ എത്ര മനോഹരമായാണ് അവർ മാറ്റിയെഴുതിയത്. എന്റെ ചോരയിൽ നിന്നല്ല, എന്റെ ഹൃദയത്തിൽ നിന്നാണ് നീ ഉണ്ടായതെന്ന് ഒരു അമ്മയ്ക്കും അച്ഛനും ഒരു കുഞ്ഞിനോട് പറയാൻ കഴിയുമ്പോൾ താൻ അന്യയാണ് എന്നുള്ള ബോധം മാറി അത്രമേൽ സുരക്ഷിതത്വവും സന്തോഷവും അവർക്കു അനുഭവിക്കാൻ സാധിക്കും.

നന്ദനയുടെ ഈ പുസ്തകത്തിൽ മിയ എന്ന പെൺകുട്ടി, തന്റെ ടമ്മി മമ്മി വേറെ ഒരാൾ ആണെന്ന് അറിയുന്ന സമയത്ത് , അവരെ അന്വേഷിച്ച് ഇറങ്ങുകയാണ്. അതിൽ മിയയുടെ ഇപ്പോഴത്തെ അച്ഛനും അമ്മയും കൂടെ ചേരുന്നു. യാത്രക്കൊടുവിൽ അവൾ തന്റെ ടമ്മി മമ്മിയെ കണ്ടെത്തിയില്ലെങ്കിലും മറ്റ് ചില സത്യങ്ങൾ മനസ്സിലാക്കുന്നു . നിറത്തിലോ രൂപത്തിലോ ജാതിയിലോ അല്ല ചിന്തയിലും പ്രവർത്തിയിലും ഹൃദയ ബന്ധത്തിലും ഏറെ ചേർന്നുനിൽക്കുന്ന അച്ഛനും അമ്മയും തന്റെ സ്വന്തമാണെന്നുള്ള തിരിച്ചറിവ് അവൾക്ക് സധൈര്യം മുന്നോട്ട് പോവാനുള്ള നവോന്മേഷം നൽകുന്നു.

വർഷങ്ങൾക്കുമുൻപ് മണിരത്നം പറഞ്ഞ തിരുചെൽവന്റെയും ഇന്ദിരയുടെയും ഹൃദയത്തിൽ പിറന്ന അമുദയുടെ കഥയും മുത്തമിട്ടു പോയത് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ തന്നെയാണ്.

ശോഭനയും സുസ്മിത സെനും സണ്ണിലിയോണുമടക്കം ഹൃദയത്തിൽ പിറന്ന കുഞ്ഞുങ്ങളുടെ രക്ഷിതാക്കളായി. ഹൃദയത്തിൽ നിന്നും പിറന്ന് ലോകത്തിന് പ്രകാശം പരത്തുന്ന ഈ പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ് ഈ അന്താരാഷ്ട്ര ബാലികാ ദിനത്തിൽ ഓർത്തെടുക്കാൻ തോന്നുന്നത്. പെണ്ണാണെന്നതിനാലും വളർത്താൻ പണച്ചിലവ് കൂടുതലാണെന്നുമുള്ള വാദങ്ങളെല്ലാം തള്ളിനീക്കി അവരെ ഏറ്റെടുത്തു വളർത്തി, നാടിന് മുതൽക്കൂട്ടാക്കി മാറ്റിയ ചന്ദ്രേട്ടനിൽ തുടങ്ങി ഒരു ബിഗ് സല്യൂട്ട് നൽകാം നമുക്ക്. പ്രകാശം പരത്തുന്ന ഈ പെൺകുട്ടികൾക്കും , അവരിൽ ഊർജ്ജം നിറച്ച മാതാപിതാക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് കൂട്ടു ചേരാം !

Content Highlights: international day of girl child adopting girl child

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram