പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാം; അറിയാം അന്താരാഷ്ട്ര ബാലികാ ദിനത്തെക്കുറിച്ച്


2 min read
Read later
Print
Share

ശാക്തീകരിക്കപ്പെട്ട സ്ത്രീകളായി പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നതിന് രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Photo: A.F.P.

എല്ലാവര്‍ഷവും ഒക്ടോബര്‍ മാസം 11 ആണ് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നത്. 'ഡിജിറ്റല്‍ തലമുറ. നമ്മുടെ തലമുറ' എന്നതാണ് ഈ വര്‍ഷത്തെ തീം. പെണ്‍കുട്ടികളുടെ പുരോഗതി ഉറപ്പുവരുത്തുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീയായതിന്റെ പേരില്‍ അവര്‍ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ചു ബോധവാന്മാരാക്കുക, പെണ്‍കുട്ടികള്‍ക്കായി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങള്‍, ചികിത്സാ പരിരക്ഷ എന്നിവയില്‍ നിലനില്‍ക്കുന്ന അസമത്വം എന്നിവയ്‌ക്കൊപ്പം സ്ത്രീയായതിന്റെ പേരിലുള്ള വേര്‍തിരിവില്‍നിന്ന് സംരക്ഷണവും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ബാലവിവാഹം എന്നിവ തടയാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ.

പ്രധാന്യം

2015-ല്‍ ഐക്യരാഷ്ട്രസഭാ അംഗങ്ങളായ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവുമാണ് സുപ്രധാനഭാഗം. ലോകജനസംഖ്യയുടെ പകുതിയും പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം ഉറപ്പുവരുത്തുന്നത് സുസ്ഥിരവികസനം വേഗത്തിലാക്കുന്നതിന് നിര്‍ണായകമാണ്. അതിനാല്‍, ഇത് കൈവരിക്കുന്നതിനുള്ള സുപ്രധാനപാതയാണ് അന്താരാഷ്ട്ര ബാലികാ ദിനമെന്ന് കണക്കാക്കപ്പെടുന്നു.

ശാക്തീകരിക്കപ്പെട്ട സ്ത്രീകളായി പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നതിന് രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അവര്‍ക്ക് ആവശ്യത്തിന് ആരോഗ്യസംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി അടിസ്ഥാനമാക്കി പഠനസൗകര്യങ്ങള്‍ ഒരുക്കാനും ലിംഗ അടിസ്ഥാനമാക്കിയുള്ള ആക്രമണത്തില്‍നിന്നും വേര്‍തിരിവില്‍നിന്നും സ്ത്രീകളെ മുക്തരാക്കി തുല്യ അവസരങ്ങള്‍ നല്‍കുന്ന ഒരു ലോകം അവര്‍ക്കൊരുക്കാനും രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പെൺകുട്ടികൾക്കുവേണ്ടിയുള്ള ദിനാചരണത്തിലൂടെ ഉന്നം വെയ്ക്കുന്നു.

ചരിത്രം

ചെറുപ്പക്കാരായ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ സംബോധന ചെയ്യുക ലക്ഷ്യമിട്ട് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നുവന്ന ഒരു സര്‍ക്കാരിതര പരിപാടിയാണ് ഈ ദിനത്തിനു തുടക്കം കുറിച്ചത്. 1995-ല്‍ ചൈനയിലെ ബെയ്ജിങ്ങില്‍ നടന്ന ലോക വനിതാ സമ്മേളനത്തിലാണ് ഇങ്ങനെയൊരു ദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ചര്‍ച്ച നടന്നത്.

കനേഡിയന്‍ മന്ത്രിയായിരുന്ന റോണ അംബ്രോസ് ആണ് പെണ്‍കുട്ടികള്‍ക്കുവേണ്ടി അന്താരാഷ്ട്രതലത്തില്‍ ഒരു ദിനം വേണമെന്ന പ്രമേയം ആദ്യമായി യു.എന്‍. പൊതുസഭയില്‍ അവതരിപ്പിച്ചത്.

തുടര്‍ന്ന്, എല്ലാവര്‍ഷവും ഒക്ടോബര്‍ 11-ന് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കാനുള്ള പ്രമേയം 2011 ഡിസംബറില്‍ യു.എന്‍. ജനറല്‍ അസംബ്ലി അവതരിപ്പിച്ചു. 2012 ഒക്ടോബര്‍ 11 മുതലാണ് ആദ്യമായി ഒക്ടോബര്‍ 11 അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിച്ചു തുടങ്ങിയത്.

ഓരോ വര്‍ഷവും ഈ ദിനത്തില്‍ പ്രത്യേക തീം അവതരിപ്പിക്കാറുണ്ട്. ആദ്യത്തെ തവണ ഇത് 'ബാലവിവാഹം അവസാനിപ്പിക്കുക' എന്നതായിരുന്നു.

Content highlights: history of international girl child day and its significants

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram