ശരണ്യ മോഹൻ മകൾക്കൊപ്പം
ഒരു പെൺകുട്ടിയുടെ അമ്മയായതിൽ അഭിമാനം കൊള്ളുന്നു...ലോക ബാലികാ ദിനത്തിൽ മലയാളികളുടെ പ്രിയ താരം ശരണ്യ മോഹന് പറയാനുള്ളത് ഇതാണ്. അഞ്ച് വയസുകാരൻ അനന്തപദ്മാനഭൻ എന്ന പദുവിന്റെയും രണ്ടര വയസുകാരി അന്നപൂർണ എന്ന പൂർണിയുടെയും അമ്മ റോളിന്റെയും നൃത്താധ്യാപനത്തിന്റെയും തിരക്കിലാണ് ശരണ്യ. വീണുകിട്ടിയ ഇത്തിരി സമയത്തിൽ ശരണ്യ പറയുന്നു പെൺകുഞ്ഞിന്റെ അമ്മയായ ഭാഗ്യങ്ങളെക്കുറിച്ച്, അവളെ കൂട്ടുകാരിയായി വളർത്തേണ്ടതിനെക്കുറിച്ച്...
ഈ ബാലികാദിനത്തിൽ ആദ്യമേ തന്നെ പറഞ്ഞോട്ടെ, ഒരു പെൺകുഞ്ഞിന്റെ അമ്മയായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. സാധാരണ പെൺകുട്ടിയെന്ന് കേട്ടാൽ പലരുടെയും നെറ്റി ചുളിയാറുണ്ട്. കുഞ്ഞ് ജനിക്കുന്ന സമയം മുതൽ അവളെ കെട്ടിച്ചയക്കുന്നത് വരെയുള്ള ചെലവുകളെ കുറിച്ചാണ് അവർ ആകുലപ്പെടുന്നത്.
എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്, ഞാനും അനിയത്തിയും..ദൈവം ആദ്യം എനിക്കൊരു ആൺകുഞ്ഞിനെ തന്നപ്പോൾ ഒരു പെൺകുഞ്ഞിന് വേണ്ടി അതിയായി ആഗ്രഹിച്ചിരുന്നു. അവളെ ഒരുക്കാൻ, സുന്ദരിയാക്കി നടത്താൻ ഒക്കെ കൊതിച്ചിരുന്നു. ആൺകുട്ടികൾ ഒരു ഘട്ടം കഴിഞ്ഞാൽ അവരുടെ താത്പര്യങ്ങൾ കൂടുതലും സൗഹൃദങ്ങളും മറ്റുമായി മാറും. പക്ഷേ പെൺകുട്ടികൾ മിക്കവാറും കല്യാണം കഴിഞ്ഞാൽ പോലും അമ്മയ്ക്ക് ചുറ്റും ലോകം കണ്ടെത്താറുണ്ട്. എന്റെയും സഹോദരിയുടെയും കാര്യം തന്നെ ഉദാഹരണം. അതുപോലെ തന്നെ ഒരു സഹോദരി ഉള്ളത് കൊണ്ട് എനിക്ക് പുറത്ത് നിന്ന് ഒരു സൗഹൃദം കണ്ടെത്തേണ്ടി വന്നിട്ടില്ല. സഹോദരി എന്നത് എനിക്ക് അടുത്ത സുഹൃത്ത് തന്നെയാണ്. നമ്മളെ വളർത്തുന്ന സാഹചര്യങ്ങൾക്കനുസരിച്ചിരിക്കും ഈ ബന്ധങ്ങളുടെയെല്ലാം കെട്ടുറപ്പ്. അതുകൊണ്ട് എനിക്കൊരു മകൾ വന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. ഒരു പെൺകുട്ടിയെ നമുക്ക് അടുത്ത സുഹൃത്തായി തന്നെ വളർത്താം, അവളുടെ ആത്മാർഥ സുഹൃത്തായി മാറാം. എന്തുവന്നാലും അമ്മയുടെ അടുത്ത് പറയാം എന്ന തോന്നൽ അവളിൽ വളർത്തിയെടുത്താൽ അവൾക്ക് ഒന്നിനെയും പേടിക്കേണ്ടതായി വരില്ല ഈ ലോകത്തിൽ. ആ സൗഹൃദം എന്നും ഉണ്ടാവണം. അങ്ങനെയാകാനാണ് ഞാൻ ആഗ്രഹിക്കുന്നതും.
അതുപോലെ സമൂഹത്തിലെ ചതിക്കുഴികളെക്കുറിച്ച് അവളെ ബോധവതിയാക്കിയിരിക്കണം. നമ്മുടെ ബലവും ബലഹീനതയും തിരിച്ചറിഞ്ഞിരിക്കണം. ഒരാളുടെ തെറ്റായ നോട്ടമോ സ്പർശനമോ നേരിടേണ്ടി വന്നാൽ ധൈര്യപൂർവം പ്രതികരിക്കാനാവണം. എനിക്കൊരു ഗാർഡിയൻ ഏയ്ഞ്ചലാണ് എന്റെ അച്ഛൻ. എവിടെ പോയാലും ഏത് ഷൂട്ടിനിടയിലായാലും അച്ഛന്റെ ഒരു കണ്ണ് എന്റെ മേലുണ്ടാവും. ആര് അപമര്യാദയായി പെരുമാറിയാലും ആ സ്പോട്ടിൽ പ്രതികരിക്കാനുള്ള ധൈര്യം അച്ഛൻ എനിക്ക് നൽകിയിട്ടുണ്ട്. നാട്ടുകാർ എന്ത് ചിന്തിക്കുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കരുത് എന്ന് പറഞ്ഞു തന്നിട്ടുണ്ട്. നമ്മൾ പ്രതികരിക്കേണ്ടിടത്ത് നമ്മൾ തന്നെ പ്രതികരിക്കണം. അതുതന്നെ ഞാൻ എന്റെ മകളോടും പറഞ്ഞുകൊടുത്ത് വളർത്തും.
ഇന്നത്തെ സമൂഹത്തിൽ ഒരു പെൺകുട്ടിയുടെ അമ്മ നിലയിൽ ഒരു ചെറിയ പേടി എനിക്കുമുണ്ട്. ചുറ്റും കേൾക്കുന്ന വാർത്തകൾ നമ്മുടെ കുടുംബത്തിലേതല്ലല്ലോ എന്ന് ആശ്വസിച്ചിരിക്കാനാവില്ല. അത് നമുക്ക് സംഭവിക്കില്ല എന്ന ആത്മവിശ്വാസവും പാടില്ല. കണ്ണും കാതും തുറന്ന് വച്ച് ജീവിക്കണം, വരാതിരിക്കാൻ ശ്രമിക്കണം. ഇനി അങ്ങനെ വന്നാൽ തന്നെ നിനക്ക് ഞാനുണ്ട് കൂടെ എന്ന വിശ്വാസം തന്റെ കുഞ്ഞിന് ഏതൊരു അച്ഛനും അമ്മയും നൽകണം. എല്ലാ തോന്നിവാസത്തിനും കൂട്ടു നിൽക്കണം എന്നല്ല അതിനർഥം. അരുത് എന്ന് പറയേണ്ടിടത്ത് അരുത് എന്ന് തന്നെ പറഞ്ഞ് വളർത്തണം, അവരെ സംരക്ഷിക്കേണ്ടിടത്ത് സംരക്ഷിച്ച് കൂടെ നിൽക്കണം.
Content Highlights: actress saranya mohan about daughter on international girl child day