സ്ത്രീ അനുഭവിച്ച ക്രൂരതയുടെ അങ്ങേയറ്റമായിരുന്നു നിര്‍ഭയ. നിര്‍ഭയ സംഭവത്തിന് ശേഷം സിആര്‍പിസിയിലാണെങ്കിലും ഐപിസിയിലാണെങ്കിലും കാര്യമായ മാറ്റങ്ങളെല്ലാം ഉണ്ടായി. അതിനപ്പുറത്തേക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങേണ്ടതുണ്ടെന്ന ഒരു തോന്നലുണ്ടാക്കാന്‍ നിര്‍ഭയക്ക് സാധിച്ചു. നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ നിലവില്‍ വന്നെങ്കിലും അതൊന്നും കൃത്യമായ രീതിയില്‍ നടപ്പിലായിട്ടില്ല.
നിര്‍ഭയക്ക് മുമ്പും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു അതിന് ശേഷവും ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ സമൂഹത്തില്‍ ഒരു അവബോധം അതേ തുടര്‍ന്ന് ഉണ്ടായി. ഇര എന്ന വാക്കില്‍ നിന്ന് അതിജീവിത എന്ന വാക്കിലേക്ക് എത്തിയത് നിര്‍ഭയയെ തുടര്‍ന്നാണ്. ഇന്ത്യയൊട്ടാകെ അതിജീവിതര്‍ക്കൊപ്പം നില്‍ക്കാന്‍ തുടങ്ങി. രാത്രിയില്‍ സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കണം എന്ന ആവശ്യമുയര്‍ന്നു. വികസിത നഗരങ്ങളില്‍ പോലും അതിനുള്ള അവസരങ്ങള്‍ കുറവാണ്.
കേരളത്തില്‍ ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ ആര്‍ത്തവം എന്ന വാക്ക് ഉറക്കെ ഉച്ചരിച്ചുതുടങ്ങിയത് പോലെ ബലാത്സംഗം എന്ന വാക്ക് ഉറക്കെ ഉച്ചരിച്ച് തുടങ്ങിയത് നിര്‍ഭയക്ക് ശേഷമാണ്. ആരും വിളിക്കാതെ തന്നെ യുവ ജനത ഉണര്‍ന്നു എല്ലാതരം ആളുകളും ഒരുപോലെ ഒന്നിച്ച് അവള്‍ക്കുവേണ്ടി തെരുവിലേക്കെത്തി.
കേരളത്തിലും മാറ്റം പ്രകടമാണ്. അടുത്തകാലം വരെ ബലാത്സംഗം എന്ന് പറയുന്നത് സ്ത്രീക്ക് അപമാനമുണ്ടാക്കുന്ന സംഭവമായാണ് കരുതിയിരുന്നത്. എന്നാല്‍ സിനിമാമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ അഭിനേത്രി കാണിച്ച ധൈര്യം ബലാത്സംഗമുള്‍പ്പടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റവാളി പെണ്‍കുട്ടിയല്ല മറിച്ച് അതിന് കാരണക്കാരനായ പുരുഷനാണ് എന്ന ബോധ്യം സമൂഹത്തിന് നല്‍കി. വാസ്തവത്തില്‍ ഒന്ന് ആശുപത്രിയില്‍ പോയാല്‍, ഒന്നു കുളിച്ചുവൃത്തിയായാല്‍ തീരുന്ന അഴുക്ക് മാത്രമുള്ള ഒരു സംഭവം. ക്രൂരനായ ഒരു മൃഗം ആക്രമിച്ചാല്‍ നിങ്ങള്‍ ജീവിതം മുഴുവനും വിഷമിച്ചിരിക്കില്ല. ക്രൂരമൃഗം ആക്രമിച്ചു എന്ന് പറയും ജീവിതത്തിലേക്ക് തിരിച്ചുവരും. ലൈംഗിക അതിക്രമ കേസുകളില്‍ അതിജീവിതര്‍ ഇന്നെടുക്കുന്ന നിലപാടുകള്‍ ജന്‍ഡര്‍ പൊളിറ്റിക്‌സില്‍ ഉണ്ടായിട്ടുള്ള മാറ്റമാണ്. കേരളത്തില്‍ മാത്രമല്ല അതുണ്ടായിട്ടുള്ളത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജെന്‍ഡര്‍ റൈറ്റ്‌സില്‍ അവബോധമുള്ളവരാണ് കേരളത്തിലുള്ളവര്‍. പൂവാലശല്യം ആണെങ്കില്‍ പോലും നമ്മുടെ നാട്ടിലെ സ്ത്രീകള്‍ പോയിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ ബലാത്സംഗത്തിനെതിരെ പോലും പരാതി നല്‍കാന്‍ തയ്യാറാവാത്തവരുണ്ട്. സ്ത്രീവിരുദ്ധ തമാശകള്‍ ആസ്വദിച്ചിരുന്ന സമൂഹം അതില്‍ നിന്ന് മാറിചിന്തിച്ചുതുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അത്തമൊരു തമാശയോട് ജനം പ്രതികരിച്ചത് നാം കണ്ടതാണ്.
രാജ്യത്തെ സംബന്ധിച്ചിടത്തോളം നാം നേരിടുന്നത് നിയമനിര്‍മാണത്തിന്റെ പ്രശ്‌നമല്ല. (അപൂര്‍വ്വം ചില കേസുകളിലല്ലാതെ നേരിടുന്ന കാലതാമസം തീര്‍ച്ചയായും ഒരു പ്രശ്‌നം തന്നെയാണ്.)ആളുകളുടെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. ജനാധിപത്യബോധമുണ്ടെന്ന് പറയപ്പെടുന്ന ഒരു വീടെടുത്ത് നിങ്ങള്‍ നോക്കിക്കൊള്ളൂ. കുമ്പളങ്ങി നൈറ്റ്‌സില്‍ പറയുന്ന പോലെ 'സ്ത്രീക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന ഒരു മോഡേണ്‍ ഫാമിലി' മാത്രമായിരിക്കും അത്. അവിടെയും അച്ഛന്‍ പത്രം വായിച്ചും ടിവി കണ്ടും ഇരിക്കുമ്പോള്‍ പുറത്ത് ജോലിക്ക് പോയിവരുന്ന സ്ത്രീക്ക് അടുക്കളയില്‍ പണിയെടുക്കി വരുന്നുണ്ട്. ആണ്‍മക്കള്‍ കളിസ്ഥലത്ത് പോകുന്നു,പെണ്‍മക്കളെ ഇപ്പോഴും പുറത്തേക്ക് വിടുന്നില്ല. സൂക്ഷിക്കണമെന്ന് പറഞ്ഞ് ഉപദേശിക്കുന്നത് പെണ്‍മക്കളെ മാത്രമാണ്. ഒരു സ്ത്രീയെ കാണേണ്ടത് മറ്റൊരു മനുഷ്യനായിട്ടാണെന്ന്, സ്ത്രീയോട് ഇങ്ങനെ ഇടപെടണം എന്നൊക്കെ എത്ര ആണ്‍കുട്ടികളോട് പറയുന്നുണ്ട്.
ഇപ്പോഴും അവള്‍ക്കെന്തെങ്കിലും പറ്റിക്കഴിഞ്ഞാല്‍ അവള്‍ പോയ സമയം ശരിയല്ല, രാത്രിയില്‍ ആണോ ഇറങ്ങി നടക്കുന്നത്, ഈ വസ്ത്രമാണോ ധരിക്കുന്നത് എന്നൊക്കെ സ്ത്രീയെ കുറ്റപ്പെടുത്താനാണ് തിടുക്കം. സ്ത്രീ ഇന്നും കേരള സമൂഹത്തില്‍ പൊതുഇടത്തിലേക്ക് അത്ര എളുപ്പത്തില്‍ വരുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ എത്തിപ്പെടുന്ന സ്ത്രീകളും കുറവാണ്. അതാണ് അവിടെ സ്ത്രീയെ കാണുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ ഉണ്ടാകുന്നത്. വീട്ടില്‍ നിന്ന് തന്നെ ജനാധിപത്യം ആരംഭിക്കണം. എല്ലായിടങ്ങളും ജനാധിപത്യ ഇടങ്ങളാക്കി മാറ്റുക. അങ്ങനെ വരുമ്പോള്‍ സ്ത്രീയും പുരുഷനും തുല്യമാണെന്ന തോന്നലിലേക്ക് എത്തും. അതിലേക്കാണ് എത്തേണ്ടത്. അവയവത്തിന്റെ വ്യത്യാസം കൊണ്ടുമാത്രം ഒരാള്‍ മറ്റൊരാളേക്കാള്‍ ചെറുതാകുന്നില്ല. വാസ്തവത്തില്‍ സ്ത്രീക്ക് സുരക്ഷിതമായ ഇടം ഒരുക്കുക എന്നാല്‍ അതിനായി നമ്മുടെ മനസ്സ് തന്നെ ഒരുക്കുക എന്നാണ്.
ഭരണഘടനയില്‍ സ്ത്രീയും പുരുഷനും തുല്യ അവകാശമുള്ളവരാണ്. സ്ത്രീക്ക് തുല്യത കൊടുത്തില്ലെങ്കില്‍ സമൂഹത്തിലെ പകുതി ജനത്തിന് തുല്യതയും സ്വാതന്ത്ര്യവും കിട്ടുന്നില്ല എന്നാണ് അര്‍ഥമാക്കുന്നതെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രബലമായ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം സ്ത്രീയെ പുറകോട്ട് നടത്താന്‍ തുടങ്ങിയിരിക്കുകയാണ്. സ്ത്രീ പ്രസവിക്കാന്‍ വേണ്ടി മാത്രമാണെന്ന രീതിയിലേക്ക്. മനുസ്മൃതിയുടെ കാലഘട്ടത്തിലേക്ക് സ്ത്രീയെ കൊണ്ടുപോകാനുളള ശ്രമങ്ങളുണ്ട്. മനുവാദവും പൗരോഹിത്യവും തിരിച്ചുവരുമ്പോള്‍ ആണ്‍കോയ്മയാണ് തിരിച്ചുവരുന്നത്. ഇപ്പോഴത്തെ സാമൂഹിക ഘടന ആശങ്കയുണര്‍ത്തുന്നതാണ്. പുരോഗമനത്തെ കൈവിട്ട് അത്തരമൊരു നീക്കത്തിന് മുതിരുന്നതിന്റെ പ്രത്യാഘാതം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമേ വിലയിരുത്താനാകൂ.
Content Highlights: International day for the elimination of violence against women 2019