Photo: Pixabay
വരുന്ന ദശകത്തിലെ സ്ത്രീ ജീവിതം... ഈ വിഷയത്തെ കുറിച്ച് പറയുമ്പോള്‍ അല്‍പസ്വല്‍പം സ്വാന്ത്ര്യമൊക്കെ ആസ്വദിക്കുന്ന സ്ത്രീയുടെ വീക്ഷണകോണില്‍ നിന്ന് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല... വീടുകള്‍ക്കുള്ളില്‍ നിന്ന് തൊട്ടടുത്ത കടയിലേക്ക് പോലും ഇറങ്ങാതെ, വീടിന്റെ ചുവരുകളില്‍ മാത്രം നിറം കാണാറുള്ള ഭൂരിഭാഗം വരുന്ന സ്ത്രീജീവിതങ്ങളെ മനസ്സില്‍ കണ്ടു കൊണ്ട് തന്നെ എഴുതട്ടെ...
ഇതെഴുതുന്നതിന് മുന്‍പ് എന്റെ വീട്ടില്‍ ജോലിക്ക് വരുന്ന ചേച്ചിയോട് വെറുതെയൊന്ന് ചോദിച്ചു... എങ്ങനെയാവണം നാളത്തെ സ്ത്രീ? മറുപടി പെട്ടെന്ന് തന്നെ വന്നു.. ' നല്ലൊരു കുടുംബിനിയാകണം'..അതേ !! അതാണവളുടെ ജോലിയും ജീവിതോദ്ദേശവുമെന്ന് സ്വയം കല്‍പിച്ചു കൊടുക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് ഈ മറുപടി പ്രതീക്ഷിച്ചാല്‍ മതി..
സ്ത്രീ സ്വയം തിരിച്ചറിയുന്ന, അവള്‍ അബലയല്ലെന്ന് ഉറക്കെ പറയുന്ന ഒരു കാലം.. അതാണ് ഞാന്‍ മുന്നില്‍ കാണുന്നത്...
ഒരു വശത്തു സ്ത്രീ രാത്രികള്‍ വെട്ടിപ്പിടിക്കുമ്പോള്‍, സ്വയം അശുദ്ധയെന്നും, തനിക്ക് തുണയില്ലാതെ ബലമില്ലെന്നും വിളിച്ചു പറയുന്ന ഒരു സ്ത്രീ സമൂഹത്തെയാണ് കഴിഞ്ഞ ദശകത്തില്‍ നാം കണ്ടത്.. സമൂഹത്തിന് നമ്മളോടുള്ള കാഴ്ചപ്പാടിന് മാറ്റം വരുത്താന്‍ ആദ്യം മാറേണ്ടത് സ്ത്രീയ്ക്ക് അവളവളോട് തന്നെയുള്ള മനോഭാവമാണ്...അവളെ സ്‌നേഹിക്കാന്‍ അവള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവളോളം മറ്റാര്‍ക്കാണ് കഴിയുക?
സമത്വം വേണം എന്നാഗ്രഹിക്കുന്നതിനൊപ്പം അതിനൊരു വഴിയൊരുക്കാന്‍ കൂടി അവള്‍ മുന്നിട്ടിറങ്ങണം. ഭര്‍ത്താവ് പ്രോത്സാഹിപ്പിക്കുമ്പോഴും തൊട്ടടുത്ത കടയില്‍ നിന്ന് സാധനം വാങ്ങാന്‍ പോകാന്‍ പോലും പിന്നോട്ട് വലിയുന്ന ഒരു വലിയ സ്ത്രീസമൂഹം ഇപ്പോഴുമുണ്ട്... ഞാനെങ്ങനെയാണിതൊക്കെ ചെയ്യുക എന്നതിന് പകരം ഞാന്‍ ചെയ്താലെന്താണ് എന്ന ചോദ്യത്തിലേക്ക് അവള്‍ മാറണം!!
1. കഷ്ടപ്പെട്ട് നേടിയ വിദ്യാഭ്യാസം അലമാരയിലെ സര്‍ട്ടിഫിക്കറ്റ് മാത്രമായി മാറുന്ന അവസ്ഥ എന്ത് കൊണ്ടാണ് അവള്‍ക്ക് മാത്രം? കുഞ്ഞിനെ നോക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനും ആളില്ല എന്ന ഒരൊറ്റ കാരണത്തിലാണ് അവള്‍ വീട്ടില്‍ തളയ്ക്കപ്പെടുന്നത്... വീടിനുള്ളില്‍ അടച്ചിരിക്കാന്‍ കഴിയില്ലെന്നത് വിവാഹാലോചന നടക്കുന്ന സമയത്ത് തന്നെ വ്യക്തമാക്കിയാലും കുഞ്ഞുയുള്ള വൈകാരിക അടുപ്പത്തില്‍ അവളെ ത്യാഗത്തിന്റെ പ്രതിരൂപമായി മാറ്റാന്‍ സമൂഹം ശ്രമിക്കുന്നു.. കുറെയൊക്കെ അവളും സ്വയമാ വസ്ത്രമെടുത്തണിയുന്നു... കുഞ്ഞുങ്ങളെ ക്രഷില്‍ വിട്ടു ജോലിക്ക് പോകുന്ന അമ്മമാര്‍ ശരിയല്ല എന്ന് ഉറക്കെയും പതുക്കെയും പറയുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്.. മാറ്റം വരണം ഈ മനോഭാവത്തില്‍... ജോലിക്ക് പോകുന്ന, ചടുലതയോടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന അമ്മയേ കണ്ടു വളരുന്ന പെണ്‍കുട്ടികള്‍ നാളെ അമ്മയെ പോലെയാകാനേ ശ്രമിക്കൂ...ജോലി നേടുക, സ്വന്തമായി വരുമാനമുണ്ടാക്കുക എന്നതാണ് സ്ത്രീ അവള്‍ക്ക് തന്നെ എടുത്തു വയ്‌ക്കേണ്ട ആദ്യ ചവിട്ടുപടി...
2. പുരുഷനേക്കാള്‍ ശരീരബലം കുറവെന്ന ഒരു അരക്ഷിതബോധം അവള്‍ക്കെന്നുമുണ്ട്.. തുണയില്ലാതെ യാത്ര ചെയ്യാന്‍, റോഡിലിറങ്ങി നടക്കാന്‍ അവള്‍ ഭയക്കുന്നതും അത് കൊണ്ട് തന്നെയാണ്.. അത്യാവശ്യം പിടിച്ചു നില്‍ക്കാനുള്ള കായികബലം സ്വയമുണ്ടാക്കി എടുക്കേണ്ടത് നിര്‍ബന്ധമാണ്... മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുക, ശരീരത്തെയും മനസ്സിനെയും ഉറപ്പുള്ളതായി സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്...
3. ഇനി മറ്റൊന്ന്, സ്വന്തമായി പുറത്ത് പോകാന്‍ ഉള്ള മാര്‍ഗങ്ങള്‍ പലതും അവള്‍ക്കന്യമാണെന്നതാണ്.. ബസില്‍ കയറിയാല്‍ സ്ത്രീയ്ക്ക് മാത്രമായി ഒരു സീറ്റ്.. സ്ത്രീകള്‍ക്ക് മാത്രമായി ക്യു... അങ്ങനെ അവള്‍ക്കായി മാത്രമിടങ്ങള്‍ കണ്ട് അതിനോട് മാത്രം പൊരുത്തപ്പെട്ടു വളരുന്ന ഒരു പെണ്‍കുട്ടി, സ്ത്രീകളുടെ സീറ്റില്‍ സ്ഥലമില്ലെങ്കില്‍ ആ ബസ് യാത്ര തന്നെ ഒഴിവാക്കുന്ന അവസ്ഥയില്‍ എത്തുന്നു.. സ്ത്രീക്ക് സംവരണങ്ങള്‍ വേണം, എന്നാല്‍ ചിലയിടങ്ങളില്‍ സംവരണങ്ങളില്‍ മാത്രം ഒതുങ്ങുന്നവളായി അവള്‍ മാറരുത്... പുരുഷന്റെ സീറ്റിലിരിക്കാനും അങ്ങനെ ചെയ്യുമ്പോള്‍ അനാവശ്യഉപദ്രവങ്ങള്‍ ഉണ്ടായാല്‍ പ്രതികരിക്കാനും ശിക്ഷ ഉറപ്പാക്കാനുമാണ് അവള്‍ പഠിക്കേണ്ടത്... ഡ്രൈവിംഗ് പഠിക്കുക, സ്വന്തമായി ലോണ്‍ എടുത്തായാലും ഒരു വാഹനം വാങ്ങാന്‍ ശ്രമിക്കുക...വാഹനമോടിക്കാന്‍ അറിയാവുന്ന ഒരു സ്ത്രീ എത്രത്തോളം സ്വയംപര്യാപ്തരാകുമെന്നത് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാന്‍!
4. സ്ത്രീയും പുരുഷനും എന്ന സങ്കല്‍പം തന്നെ മാറട്ടെ... വീട്ടുപണി മുഴുവന്‍ എന്റെ ഉത്തരവാദിത്തം എന്ന് സ്വയം കരുതുന്ന സ്ത്രീയെ പൊട്ടക്കിണറ്റിലെ തവളയോടുപമിക്കേണ്ടി വരും... ഭര്‍ത്താവിനെയും ആണ്മക്കളെയും അവരുടെ കാര്യങ്ങള്‍ സ്വയം നോക്കാന്‍ പഠിപ്പിക്കാം... കഴിച്ച പാത്രം ഭര്‍ത്താവിനോട് സ്വയം കഴുകി വയ്ക്കാന്‍ പറഞ്ഞതിന്റെ പേരില്‍ മരുമകളെ ഉപദ്രവിക്കുന്ന അമ്മായിയമ്മ ഒരിക്കലും നാളെയുടെ സ്ത്രീപ്രതീകമാകരുത്...
5. പീഡനങ്ങളെ ഉറക്കെ പ്രതിരോധിക്കാന്‍ കഴിയുന്നവളാവട്ടെ നാളത്തെ സ്ത്രീ.. സഹനം പരിധി വിട്ടിട്ടും മക്കള്‍ക്ക് വേണ്ടി ദുരിതക്കടലായ വിവാഹജീവിതത്തില്‍ കുരുങ്ങി കഴിയുന്ന സ്ത്രീകള്‍ എത്രയധികമാണ്? വിവാഹമോചനത്തെ ഒരു രക്ഷപ്പെടലായി കാണാതെ സമൂഹത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ട ഒരു വലിയ തെറ്റായി കാണുന്നിടത്താണ് പിശക്... മാനസികമായി പൊരുത്തപെടാന്‍ ആകാത്ത ഉപദ്രവകരമായ ബന്ധങ്ങളില്‍ നിന്ന് ധൈര്യപൂര്‍വം ഇറങ്ങിപ്പോകാന്‍ അവള്‍ക്ക് മനസ്സുറപ്പുണ്ടവണം...
6. ഭര്‍ത്താവ് പെട്ടെന്നില്ലാതാകുമ്പോള്‍ നിലയില്ലാക്കയത്തില്‍ പെട്ടത് പോലെ കൈകാലിട്ടടിക്കുന്ന സ്ത്രീകളെ കാണാറുണ്ട്...ഭര്‍ത്താവ് പണം കടം മേടിച്ചിട്ടുണ്ടെന്നും അത് തിരികെ വേണമെന്നും പറഞ്ഞു വീട്ടില്‍ പലരും കയറിയിറങ്ങുമ്പോള്‍ അതിന്റെയൊന്നും കണക്കറിയാതെ പകച്ചു പോകുന്ന ഭാര്യമാര്‍... വീട്ടിലെ ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങള്‍ അതുപോലെ കടങ്ങളോ മറ്റു ലോണുകളോ ഉണ്ടെങ്കില്‍ അതെവിടെയൊക്കെയാണെന്ന് ഭര്‍ത്താവിന് മാത്രമാണ് അറിയുക... അവളും അറിയണം, പഠിക്കണം... ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഒരുപോലെ പങ്ക് വഹിക്കാന്‍ സ്ത്രീയുടെ സാമൂഹ്യഇടപെടലുകള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്..
7. ഒരു പൊതുവിടത്തില്‍ നിന്നവള്‍ ഉള്‍വലിയാനുള്ള മറ്റൊരു കാരണമായി തോന്നുന്നത് സമൂഹം ചര്‍ച്ചചെയ്യുന്ന പല കാര്യങ്ങളിലും അവള്‍ക്ക് സ്വന്തമായി അഭിപ്രായം പറയാനുള്ള വിമുഖതയാണ്... നല്ല വായനയും അത് വഴി നേടുന്ന അറിവും സമൂഹത്തിലെ മാറ്റങ്ങളെ പറ്റിയുള്ള അവബോധവും അവള്‍ക്കുണ്ടാകണം... വായനശാലകളും അവിടെ നടത്താറുള്ള പൊതുപരിപാടികളും അവളുടേത് കൂടിയാകട്ടെ...
8. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കൊണ്ട് ശാരീരികമായും മാനസികമായും വരുന്ന വ്യതിയാനങ്ങള്‍ മനസിലാക്കാനും ഡിപ്രഷനിലേക്ക് പോകുന്ന അവസ്ഥയിലെത്തുന്നതിന് മുന്‍പ് സ്വയം ചികിത്സതേടാനും എത്ര സ്ത്രീകള്‍ ശ്രമിക്കുന്നുണ്ട്? രോഗാവസ്ഥയെ വീടിനുള്ളില്‍ പോലും പറയാതെ സഹിച്ചു അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അമ്മമാരെത്രയാണ്, മാറേണ്ടതാണ് ഈ വിപത്ത്...
ഇനിയുള്ള നാളുകളില്‍ നമുക്ക് വേണ്ടി തന്നെയൊന്ന് സംസാരിച്ചു തുടങ്ങാം പെണ്ണുങ്ങളെ.. രാത്രികളെ സ്വന്തമാക്കാം, നിലപാടുകളില്‍ ഉറച്ചു നിന്ന് ഉറക്കെ അഭിപ്രായം പറയാം, പീഡനങ്ങളെയും വൈകൃതങ്ങളെയും നിയമത്തിലൂടെ നേരിടാം, വന്നിടിച്ചു നില്‍ക്കാനുള്ള കായികബലം നേടാം, സ്വന്തമായി വരുമാനമെന്നത് മനസ്സിലുറപ്പിക്കാം... സ്വയം പര്യാപ്തരാകാം... ഭൂമിയും ആകാശവും നമ്മുടെതാക്കാം... അപ്പോള്‍ ഇന്ന് പിന്തിരിഞ്ഞു നില്‍ക്കുന്ന സമൂഹം നമുക്കൊപ്പമാകും..
പുരുഷന്റെ തണലിലും തുണയിലുമല്ല നമ്മുടെ നിലനില്‍പ്പെന്നു നാം തെളിയിക്കുമ്പോഴാണ് സമൂഹം നമ്മെ ബഹുമാനിക്കുക... അത് തിരിച്ചറിയുന്നിടത്താണ് നമ്മുടെ വിജയവും !
പുതുവര്‍ഷമല്ല, പുതുദശകമാണ് പിറക്കുന്നത്. സന്തോഷത്തിന്റേയും സൗന്ദര്യത്തിന്റേയും ശാക്തീകരണത്തിന്റേയും പുത്തന്‍ പതിറ്റാണ്ട്. സംശയം വേണ്ട, ഇതൊരു പെണ്‍ദശകമായിരിക്കും. കൂടുതല്‍ വായനയ്ക്ക് പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: How Can Women Improve Lives in next decade