Photo: Getty Images
രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആണ് ഞാനൊരു രോഗിയുടെ മേല്‍ പച്ചകുത്തിയതിനെ നോക്കി അത്ഭുതപ്പെടുന്നത്. 'I am sexy' എന്ന് തോളില്‍, നല്ല സ്‌റ്റൈലന്‍ ടാറ്റൂ. ബ്ലഡ് പ്രഷര്‍ ചെക്ക് ചെയ്യാനായി കൈകളില്‍ കഫ് ചുറ്റി, റീഡിംഗ് നോക്കി കഴിഞ്ഞപ്പോഴെക്കും കക്ഷിക്ക് ചെറിയ ചിരി. 'ഇത് എന്റെ പതിനാറാമത്തെ ജന്മദിനത്തിന്റെയന്ന് കുത്തിയ ടാറ്റൂ ആണ്. ഇപ്പോള്‍ തൊലിയെല്ലാം ചുളുങ്ങി ഒരു മാതിരി ആയി ' എന്നവര്‍.
എഴുപത് വയസ്സോളം പ്രായമുള്ള ആ സ്ത്രീയുടെ യൗവന കാലത്തിന്റെ തീഷ്ണതയെ എന്റെ കണ്ണുകള്‍ തിരിച്ചറിഞ്ഞു.പ്രീഡിഗ്രി കാലത്ത്, അതായത് എന്റെ പതിനാറാം വയസ്സില്‍ ഒന്നും ചിന്തിക്കാനേ പറ്റാതിരുന്ന ഒരു സംഭവം.
ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍, ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്നവര്‍, ഒറ്റയ്ക്ക് യാത്ര പോകുന്ന സ്ത്രീകള്‍, നൈറ്റ് ലൈഫ് ആഘോഷമാക്കുന്ന സ്ത്രീകള്‍ ഇവയെല്ലാം ആദ്യകാലത്തെ അത്ഭുതക്കാഴ്ചകള്‍ തന്നെയായിരുന്നു.
ഇത്തരം ഒരു രാജ്യത്ത് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി ജീവിക്കുകയും നാട്ടിലെ വേരുകള്‍ ഇപ്പോഴും മനസ്സില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നത് കൊണ്ട്,'കള്‍ച്ചറല്‍ കണ്‍ഫ്യൂഷന്‍ ' എന്ന അവസ്ഥ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ, ലോകത്ത് സ്ത്രീകള്‍ നേടിയെടുത്ത പല സ്വാതന്ത്ര്യങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പാഴും ഒരു വിദൂര ലക്ഷ്യമെന്ന പോലെ കാണാം.
'ഞാന്‍ ചെറുപ്പത്തില്‍ ലൈംഗികമായി പീഡനമേറ്റിരുന്നു' എന്ന് തുറന്ന് പറയുന്ന സ്ത്രീകളെയും പുരുഷന്മാരെയും ഇവിടെ കണ്ടിട്ടുണ്ട്.
പബ്ലിക് ടോയ്‌ലറ്റുകളുടെ വാതിലുകളില്‍, ഗാര്‍ഹിക പീഡനം, റേപ്പ് തുടങ്ങിയവയ്ക്കിരയാകുന്നവര്‍ക്ക് വേണ്ടി വിളിക്കാവുന്ന നമ്പറുകള്‍ അടങ്ങിയ നോട്ടീസുകള്‍ കാണാറുണ്ട്. ഒരു ഭാഗത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യം ആഘോഷിക്കുന്നവര്‍ എന്ന് തോന്നിയാലും വയലന്‍സും റേപ്പുമെല്ലാം ഉണ്ടെന്ന് സാരം.
പക്ഷേ, അത്തരം അരക്ഷിതാവസ്ഥകളില്‍ ചെന്ന് പെടുന്ന സ്ത്രീകളുടെ ജീവിതങ്ങള്‍, പിന്നീട് എങ്ങിനെയൊക്കെയാണ് തിരുത്തി എഴുതപ്പെടുന്നതെന്ന്, നമ്മുടെ നാട്ടിലെയും ഇവിടത്തെയും രീതികള്‍ വച്ച് ചിന്തിച്ച് നോക്കിയിട്ടുണ്ട്. നാട്ടിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നു.
പ്രിയ എ.എസിന്റെ ഒരു ലേഖനത്തില്‍, അവരും കെ.ആര്‍.മീരയും കൂടി, 'സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ ' കാണാന്‍ പോയത് വിവരിക്കുന്നത് വായിച്ച് ശ്വാസം മുട്ടിപ്പോയിട്ടുണ്ട്. ഇരയാക്കപ്പെട്ടവര്‍, കുറ്റവാളികളാണെന്ന പോലെ നോക്കി കാണുന്ന ഒരു ഭൂരിഭാഗം ശതമാനവും ആളുകളെ കൊണ്ട് നിറഞ്ഞ സമൂഹമാണ് ഇന്നും നമ്മുടേത്.
അടുത്ത പത്തു വര്‍ഷത്തില്‍ സ്ത്രീകള്‍ എങ്ങിനെയായിരിക്കണം എന്നത്, ഓരോ നാട്ടിലും വ്യത്യസ്തമായിരിക്കും. യൂറോപ്പോ അമേരിക്കയോ പോലുള്ള രാജ്യത്ത് രാത്രി ഇറങ്ങി നടക്കുന്നതോ ആര്‍ത്തവത്തെക്കുറ്റച്ചുള്ള ചര്‍ച്ചകളോ ആയിരിക്കില്ല ജെന്‍ഡര്‍ ഇക്വാളിറ്റി' എന്ന വിഷയത്തില്‍ സംഭവിക്കുക.
പക്ഷേ നമ്മുടെ കേരളത്തില്‍, ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന 'സ്ത്രീകളുടെ രാത്രി സഞ്ചാരം സാദ്ധ്യമാക്കുക ' എന്ന ആശയം, അടുത്ത പത്ത് വര്‍ഷത്തില്‍, വേണ്ട, കുറച്ച് കൂടി വര്‍ഷത്തിനുള്ളില്‍ പോലും നടക്കുമോ എന്നാലോചിക്കുമ്പോഴാണ്, നമ്മുടെ സ്ത്രീ സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ ഇപ്പോഴും എത്ര പുറകിലാണ് എന്ന് മനസ്സിലാകുന്നത്.
മലയാളി സ്ത്രീകളെക്കുറിച്ച് പറഞ്ഞാല്‍, നൂറ്റാണ്ടുകളായി പടുത്തുയര്‍ത്തിയിരിക്കുന്ന ചട്ടങ്ങളുടേയും വിലക്കുകളുടേയും ബാക്കി പത്രമാണ്, ഇന്നും സ്വാതന്ത്ര്യത്തിന്റെ അതിരു നടുന്നത്. സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തില്‍ നടന്നു വന്ന ഓരോ മാറ്റങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഉയര്‍ന്നു വന്ന ഫെമിനിസ്റ്റ് ആശയങ്ങള്‍ പല വാതിലുകളും സ്ത്രീകള്‍ക്കായി തുറന്നു തന്നിട്ടുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തിലുള്ള ഫെമിനിസം, രാഷ്ട്രീയ താത്പര്യങ്ങളെ മുന്‍നിറുത്തിയുള്ള പ്രഹസനങ്ങളായി അധപതിക്കാതിരിക്കട്ടെ എന്ന് ചിലപ്പോഴെല്ലാം വിചാരിച്ച് പോകാറുണ്ട്.
ഫെമിനിസ്റ്റ് എന്ന പേരില്‍ എഴുതുന്ന ചിലരുടെ എഴുത്തുകള്‍ കണ്ടാല്‍ പോലും പുരുഷന്മാര്‍ക്കെതിരേയുള്ള ഒച്ചപ്പാടില്‍ മാത്രം ഒതുങ്ങുന്ന ഒന്നാണ് സോ കോള്‍ഡ് ഫെമിനിസം എന്ന് തോന്നിപ്പോകും. നിലവിലുള്ള ആണ്‍പെണ്‍ തരം തിരിവുകളും അധികാരസ്ഥാനങ്ങളിലെ പുരുഷന്മാരുടെ ശതമാനവും എല്ലാം കേരളത്തിലെ ഫെമിനിസ്റ്റുകള്‍ വിഷയമാക്കുന്നു
T.D. രാമകൃഷ്ണന്‍, തമിഴ് കവയിത്രി ആയ കുട്ടി രേവതിയുമായി നടത്തിയ അഭിമുഖത്തില്‍, (പുസ്തകം: സംഭാഷണങ്ങള്‍)തമിഴ്‌നാട്ടിലെ എഴുത്തുകാരികള്‍, യാഥാസ്ഥിതിക പുരുഷാധിപത്യമുള്ള ഒരു സമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര എഴുത്തിലൂടെ കൊണ്ട് വരാന്‍ യത്‌നിച്ചതും അതുമായി നേരിടേണ്ടി വന്ന കഠിന വഴികളും രേഖപ്പെടുത്തുന്നുണ്ട്.
അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, 'ഒരു രാജ്യത്തിന്റെ ഭൂമി ശാസ്ത്രപരവും ചരിത്രപരവുമായ പശ്ചാത്തലത്തില്‍, സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നും സാമ്പത്തിക രാഷ്ട്രീയ അധികാരഘടനകളിലെ പുരുഷ കേന്ദ്രീകൃത സ്വഭാവത്തിനെതിരായുള്ള സ്ത്രീകളുടെ വിമോചന പ്രവര്‍ത്തനമാണ് ഫെമിനിസം'
പണ്ടത്തെ സിനിമയില്‍, സുകുമാരിയമ്മയും മറ്റും സ്ലീവ് ലെസ്സ് ബ്ലൗസും, സണ്‍ ഗ്ലാസ്സും പട്ടിയും ഒക്കെയായി ക്ലബ്ബില്‍ പോകുമ്പോള്‍, മണുങ്ങൂസായി നോക്കി നില്‍ക്കുന്ന ഭര്‍ത്താവ് ഉള്ള സീനാണ് ഫെമിനിസം എന്ന് തെറ്റിദ്ധരിച്ച് ഫെമിനിസത്തെ കോമഡിയാക്കിയവരുണ്ട്.
പശ്ചാത്യ ലോകത്തെ അപ്പാടെ അനുകരിക്കലല്ല എന്നാണ് കുട്ടിരേവതിയുടെ വാക്കുകളും പറയുന്നത്. ഓരോ നാട്ടിലും ഫെമിനിസവും, അതത് നാട്ടിലെ സ്വഭാവങ്ങളനുസരിച്ച് രൂപപ്പെടേണ്ടതാണെന്ന് ചുരുക്കം.
രാഷ്ട്രീയ പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ ഫെമിനിസത്തെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ? പുരോഗമന പ്രസ്താനങ്ങളില്‍ സ്ത്രീ മുന്നേറ്റം എന്ന പേരില്‍, സ്ത്രീ ആക്ടിവിസ്റ്റുകളെ മുന്നോട്ട് കൊണ്ട് വരുന്നു എന്നത് ഫെമിനിസവുമായി ബന്ധപ്പെട്ട വല്ലതും ആണോ? ഇതിനെല്ലാം ദീര്‍ഘമായ സംഭാഷണത്തിലൂടെ അവര്‍ മറുപടി പറയുന്നുണ്ട്.
(2002 ല്‍ കുട്ടിരേവതിയുടെ 'മുലൈകള്‍' എന്ന കവിതാ സമാഹാരത്തിന്റെ പ്രസിദ്ധീകരണം, ഒത്തിരിയേറെ ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും വഴി തെളിച്ചിരുന്നു.)
തമിഴ് നാടായാലും കേരളമായാലും ചില പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കായി മാത്രം ഫെമിനിസത്തെ ഉപയോഗപ്പെടുത്തുന്നവര്‍ ഉണ്ടെന്ന് തന്നെ കരുതണം. പ്രത്യക്ഷാ, സ്ത്രീ ശാക്തീകരണത്തിന്റെ ആട്ടിന്‍തോലും അകമേ, വ്യക്തമായ പ്രൊപ്പഗാന്‍ഡകളുടെ ചെന്നായ് രൂപവും ഉള്ള ഇത്തരം നയങ്ങള്‍ക്കുമെതിരേ കൂടി ശബ്ദമുയര്‍ത്തേണ്ടതായി ഫെമിനിസത്തിന്റെ വ്യാപ്തി കൂടുന്നുണ്ട്.
ഏതൊരു പൗരനും, എന്നതു പോലെ, ഒരു സ്ത്രീയ്ക്കും എല്ലാ വിധ പിന്തുണയും ഉറപ്പാക്കുന്ന ഒരു ഭരണ വ്യവസ്ഥ ഉണ്ടാകുക എന്നത് തന്നെയാണ്, സ്ത്രീയെ അവളര്‍ഹിക്കുന്ന സ്വാതന്ത്ര്യത്തിലെത്തിക്കുക പ്രഥമവും പ്രധാനവുമായ സംഗതി.കാലാകാലങ്ങളിലെ ഗവണ്മെന്റുകള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍, നിയമ നിര്‍മ്മാണങ്ങള്‍, ക്ഷേമ പദ്ധതികള്‍ എല്ലാം ഇന്നത്തെ സ്വാതന്ത്ര്യങ്ങള്‍ക്ക് കാരണമാകുക തന്നെ ചെയ്തിട്ടുണ്ട്.
അടുത്ത പത്ത് വര്‍ഷത്തില്‍, കേരളത്തിലെ സ്ത്രീകള്‍, ഇങ്ങനെയൊക്കെ ആയിരിക്കണം എന്ന് പറയാനല്ല, സ്ത്രീകള്‍ എല്ലാക്കാലത്തും തലയുയര്‍ത്തി, സാമ്പത്തിക സുസ്ഥിരത നല്‍കുന്ന ആന്മ വിശ്വാസത്തോടെ, അവനവളുടെ സ്വതന്ത്ര്യത്തെ തിരിച്ചറിഞ്ഞ്, ഉറച്ച ചുവടുവയ്പ്പുകളോടെ നടക്കാന്‍ ഇടയാകട്ടെ എന്ന് പറയാനാണ് ആഗ്രഹിക്കുന്നത്.
അതിനു വേണ്ട, സംവിധാനങ്ങള്‍ കൂടുതലായി സംഭവിക്കുന്ന പത്ത് വര്‍ഷങ്ങളാകട്ടെ ' അടുത്ത ദശാബ്ദം '
പുതുവര്‍ഷമല്ല, പുതുദശകമാണ് പിറക്കുന്നത്. സന്തോഷത്തിന്റേയും സൗന്ദര്യത്തിന്റേയും ശാക്തീകരണത്തിന്റേയും പുത്തന്‍ പതിറ്റാണ്ട്. സംശയം വേണ്ട, ഇതൊരു പെണ്‍ദശകമായിരിക്കും. കൂടുതല്‍ വായനയ്ക്ക് പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: How Can Women Improve Lives