Photo: Pixabay
തലമുറ നിലനിര്‍ത്താന്‍ വേണ്ടി, ഗര്‍ഭധാരണത്തിലൂടെയും പ്രസവത്തിലൂടെയും പെണ്ണുമാത്രം കഷ്ടപ്പെടേണ്ടിവരുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാവുമോ എന്നെങ്കിലും? ഇങ്ങനെയൊരു ചിന്തയ്ക്ക് 1970കളില്‍ തുടക്കമിട്ടത് അമേരിക്കന്‍ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ശൂലമിത്ത് ഫയര്‍സ്റ്റോണാണ്. അക്കാലത്ത് ഉട്ടോപ്പിയന്‍ എന്ന് ലോകം വിശേഷിപ്പിച്ചിരുന്ന ഈ ചിന്ത ആണിന്റെയും പെണ്ണിന്റെയും നന്മയ്ക്കുവേണ്ടി പെണ്ണുമാത്രം കഷ്ടപ്പെടേണ്ടിവരുന്ന അവസ്ഥയ്ക്ക് കൃത്രിമ പ്രത്യുത്പാദനമാര്‍ഗങ്ങളിലൂടെ വേണം മാറ്റം കൊണ്ടുവരാന്‍ എന്ന ആശയമാണ് പങ്കുവയ്ക്കുന്നത്. ഫയര്‍സ്റ്റോണിന്റെ അഭിപ്രായപ്രകാരം, അപ്പോള്‍ മാത്രമാണ് ആണ്‍പെണ്‍ തുല്ല്യ പങ്കാളിത്തത്തോടെ കുഞ്ഞ് ജനിക്കുന്നത്.
ശൂലമിത്ത് ഫയര്‍സ്റ്റോണ്‍ 'ദ ഡയലക്ടിക്ക് ഓഫ് സെക്‌സ്' എന്ന വിഖ്യാതമായ പുസ്തകത്തില്‍ പ്രകൃതിയിലെ ഏറ്റവും വലിയ വേര്‍തിരിവ് ആണും പെണ്ണും തമ്മിലുള്ള ജീവശാസ്ത്രപരമായ അന്തരമാണ് എന്നു പറയുന്നുണ്ട്. ഫയര്‍സ്റ്റോണിന്റെ അഭിപ്രായപ്രകാരം, 'ഈ കാലത്ത് ജീവിക്കാനായി നമുക്ക് പരമ്പരാഗത ലിംഗധര്‍മ്മങ്ങളെ രാഷ്ട്രീയമായി പൊളിച്ചുമാറ്റേണ്ടതുണ്ട്, ഫെമിനിസ്റ്റ് വിപ്ലവത്തിന്റെ പരമമായ ലക്ഷ്യം പുരുഷാധിപത്യം ഇല്ലാക്കുക മാത്രമല്ല, മറിച്ച് ലിംഗ വിവേചനം ഇല്ലാതാക്കുകയാണ്.' ഇങ്ങനെ പോകുന്ന അവരുടെ കാഴ്ചപ്പാടുകളില്‍ ഏറ്റവും ശ്രദ്ധേയം കൃത്രിമ പ്രത്യുത്പാദനമാര്‍ഗങ്ങളിലൂടെ വേണം ലിംഗസമത്വം കൊണ്ടുവരാനെന്ന ആശയമാണ്.
1970ല്‍ നിന്ന് 2020 എത്തിനില്‍ക്കുമ്പോള്‍ ലോകം സാങ്കേതികതയുടെ കാര്യത്തില്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്. സ്വന്തമായി ഓടുന്ന കാറുമുതല്‍ വീടുപണിയെല്ലാം ചെയ്തു തീര്‍ക്കുന്ന റോബോട്ടുകള്‍ വരെ, മനുഷ്യജീവിതം എളുപ്പമാക്കാനുള്ളതെല്ലാം ഇന്ന് നമുക്ക് ചുറ്റിലുമുണ്ട്. ജനറ്റിക് വിദ്യയും മറ്റും ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അപ്പോഴും കൃത്രിമ ഗര്‍ഭപാത്രമെന്ന ആശയം പ്രാവര്‍ത്തികമാക്കാനാകാത്തത് നമ്മുടെ ആധുനിക വൈധ്യശാസ്ത്രത്തിന് വെല്ലുവിളിയായി നില്‍ക്കുകയാണ്.
എന്നാല്‍ ഈ ചിന്തയിലേക്ക് അല്‍പം പ്രതീക്ഷ തരുന്നതായിരുന്നു 2017ല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലഡല്‍ഫിയയിലെ ഡോക്ടര്‍മാരുടെ കണ്ടുപിടിത്തം. മനുഷ്യശരീരത്തിന് പുറത്ത് കൃത്യമായ സജ്ജീകരിച്ച കൃത്രിമ ഗര്‍ഭപാത്ര(എക്ടോജെനിസിസ്)ത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാമെന്ന് എട്ട് ആട്ടിന്‍ക്കുട്ടികള്‍ക്ക് ജന്മം നല്‍കികൊണ്ടാണ് ഫിലഡല്‍ഫിയയിലെ ഡോക്ടര്‍മാര്‍ തെളിയിച്ചത്. ആസ്പത്രികളില്‍ സജ്ജീകരിച്ച പ്രത്യേകതരം പെട്ടികളില്‍ കുഞ്ഞിന് വളരാന്‍ ആവശ്യമായ ദ്രാവകങ്ങള്‍ പ്ലാസ്റ്റിക് സിപ്ലോക്‌സ് ബാഗുകളില്‍ നിറച്ച് ട്യൂബിലൂടെ പൊക്കിള്‍ക്കൊടിയുമായി ബന്ധിപ്പിച്ചാണ് ഈ വിദ്യ അവര്‍ വികസിപ്പിച്ചെടുത്തത്. വൈകാതെ ഇത് മനുഷ്യരിലും പ്രാവര്‍ത്തികമാക്കാം എന്നാണ് ഇതു സംബന്ധിച്ച് ഗവേഷകര്‍ നല്‍കിയ സൂചന. കൃത്രിമമായി ഉണ്ടാക്കിയ പ്ലാസന്റയും അംനിയോട്ടിക്ക് ഫ്‌ലൂയിഡും അടങ്ങിയ ബയോബാഗുകള്‍ കൃത്രിമഗര്‍ഭപാത്രത്തിലൂടെ പ്രസവം എന്നത് ഉട്ടോപ്പിയന്‍ സങ്കല്‍പ്പമല്ല എന്ന തിരിച്ചറിവും അവര്‍ ഇതിലൂടെ ലോകത്തിനു നല്‍കി.
1924 ല്‍ ജെ.ബി.എസ്.ഹാല്‍ഡനാണ് കൃത്രിമ ഗര്‍ഭപാത്രത്തിലൂടെയുള്ള ഗര്‍ഭധാരണത്തെ സൂചിപ്പിക്കാന്‍ എക്ടോജെനിസിസ് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ 2074 ആകുമ്പോഴേക്കും ജനപ്രിയമാകുമെന്നും, 30 ശതമാനത്തില്‍ കുറവ് സ്ത്രീകള്‍ മാത്രമാകും പരമ്പരാഗത പ്രസവത്തിന് തയ്യാറാകുക എന്നും അദ്ദേഹം അന്ന് കണക്കുകൂട്ടിയിരുന്നു.
എക്ടോജെനിസിസ് സ്ത്രീകള്‍ക്ക് ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. പ്രസവകാലവും പ്രസവവുമെല്ലാം ചില സ്ത്രീകള്‍ക്ക് ആനന്ദത്തിന്റെ ആത്മനിര്‍വൃതിയുടെയും ദിനങ്ങളാണെങ്കിലും, ചിലര്‍ക്ക് അവ ഏറ്റവും പ്രയാസമുള്ള ദിനങ്ങളാണ്. അങ്ങനെയുള്ളവര്‍ക്ക് ഈ സാങ്കേതികവിദ്യയുടെ സഹായം തേടാം. ആരോഗ്യകാരണങ്ങള്‍ക്കൊണ്ട് ഗര്‍ഭധാരണം സാധ്യമല്ലാത്ത സ്ത്രീകളും ജന്മനാ ഗര്‍ഭപാത്രമില്ലാതെയോ മറ്റു പ്രശ്‌നങ്ങള്‍ക്കൊണ്ട് ഗര്‍ഭപാത്രം നീക്കം ചെയ്തതുമായ സ്ത്രീകളുമാണ് ഇതിന്റെ മറ്റ് ഗുണഭോക്താക്കള്‍. മറ്റൊന്ന്, കുഞ്ഞുങ്ങളുണ്ടാകാന്‍ വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കുന്നവര്‍ക്കും എക്ടോജെനിസിസ് ആശ്രയമാകും. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നതിന് നിയമം വഴി നിയന്ത്രണമുള്ള ഇന്ത്യപോലെയുള്ള രാജ്യത്ത് എക്ടോജെനിസിസ് അനേകം പേര്‍ക്ക് ആശ്രയമാകും. കൂടാതെ ട്രാന്‍സ്‌വുമണ്‍, ഗേ ദമ്പതികള്‍ക്കും ഈ സാങ്കേതികവിദ്യ വഴി കുഞ്ഞുങ്ങളുണ്ടാക്കാമെന്നത് എക്ടോജെനിസിസിന്റെ ആവശ്യകത എടുത്തുകാണിക്കുന്നതാണ്. ഇതിനെല്ലാം പുറമെ പ്രസവത്തിനിടയിലെ അപകടങ്ങളും ഒഴിവാക്കാം. ഗര്‍ഭധാരണകാലത്തും സ്ത്രീകള്‍ക്ക് സാധാരണ രീതിയില്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും ഇഷ്ടമുള്ളതെല്ലാം ചെയ്യാനുമാകുമെന്നതും ഗര്‍ഭധാരണത്തിന്റെ ക്ലേശമകറ്റാമെന്നതും എടുത്തു പറയേണ്ടതാണ്. മാത്രമല്ല, പുരുഷന് ആവശ്യമെങ്കില്‍ സ്ത്രീയുടെ അസാന്നിദ്ധ്യത്തിലും കുഞ്ഞിനെ ജനിപ്പിക്കാം എന്നതും ശ്രദ്ധേയമായ കാര്യമാണ്.
തീര്‍ച്ചയായും, എക്ടോജെനിസിസ് ലിംഗമാതൃത്വപിതൃത്വ ആശയങ്ങളെ ചോദ്യം ചെയ്യുന്നതും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വഴിതുറക്കുന്നതുമായിരിക്കും. എക്ടോജെനിസിസിന്റെ പ്രായോഗികവശം, ഇത് ഉയര്‍ത്തുന്ന ധാര്‍മ്മികപ്രശ്‌നങ്ങള്‍, ഇതിന്റെ ചെലവ് എത്രപേര്‍ക്ക് താങ്ങാനാകും, ഇത് സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, സ്ത്രീകള്‍ ഇതിനെ ഏതുതരത്തില്‍ സ്വീകരിക്കും എന്നിങ്ങനെ ഒട്ടേറെ വശങ്ങള്‍ നിലനില്‍ക്കുമ്പോഴും ലിംഗസമത്വം, ലിംഗനീതി, ലിംഗധര്‍മ്മം എന്നീ ചര്‍ച്ചകള്‍കൊണ്ടും അതിലെ എല്ലാവിധ പൊളിച്ചെഴുത്തുകള്‍ക്കും കാരണമാകുന്ന കണ്ടു പിടിത്തങ്ങള്‍ക്കൊണ്ടും സമ്പന്നമാകും വരും ദശകം എന്ന് നമുക്ക് പ്രത്യാശിക്കാം.
പുതുവര്‍ഷമല്ല പുതുദശകമാണ് പിറക്കുന്നത്. സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുത്തന്‍ പതിറ്റാണ്ട്. സംശയം വേണ്ട. ഇതൊരു പെണ്‍ദശകമായിരിക്കും. കൂടുതല്‍ വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: decade of girl power, Artificial reproduction