Photo: Pixabay
എന്തിന്റെ കുറവാണ് നിനക്ക്? എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാന്‍ തരുന്നില്ലേ?
സിനിമയിലും സീരിയലിലും ജീവിതത്തിലും ഒരു പെണ്ണ് ഏറ്റവും കൂടുതല്‍ കേട്ട ക്ലീഷേ ഡയലോഗുകളിലൊന്നാണ് മേല്‍പ്പറഞ്ഞത്. രണ്ടു ചോദ്യം തിരിച്ചും ചോദിക്കട്ടെ: കുറവുകള്‍ അളക്കുന്നത് ഏതുമാനദണ്ഡമുപയോഗിച്ചാണ്? രണ്ടാമതായി ഈ പറഞ്ഞ സ്വാതന്ത്ര്യം ഇങ്ങോട്ടുതരാന്‍ അങ്ങോട്ട് എന്നാണ് പണയം വെച്ചത്? പുതിയ ദശകം സര്‍വ്വസജ്ജമാണ്. ഡിജിറ്റല്‍ വിപ്ലവം 'മൈ ജനറേഷനി' ലെത്തിനില്‍ക്കുന്നു. വിവരസാങ്കേതിക യുഗമാണ്. പെണ്ണുങ്ങള്‍ മേല്‍പ്പറഞ്ഞ സ്വാതന്ത്യമനുവദിച്ചു കിട്ടിയും അല്ലാതെയും എല്ലാ മേഖലയിലും കഴിവുതെളിയിച്ച കാലം. കഴിഞ്ഞ ദിവസം കെ. എസ്. ആര്‍. ടി.സി ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഗര്‍ഭിണിയായ(അനുഭവത്തിന്റെ വെളിച്ചത്തില്‍ ആറുമാസം കഴിഞ്ഞിട്ടുണ്ടാകും) കണ്ടക്ടര്‍ തിക്കുംതിരക്കും നിയന്ത്രിച്ചുകൊണ്ട് ജോലിയില്‍ വ്യാപൃതയാവുന്നതു കണ്ടപ്പോള്‍ അഭിമാനം തോന്നി. എന്തിന്റെ കുറവാണ് നിനക്ക് എന്ന ചോദ്യത്തിന്റെ വാ മൂടിക്കെട്ടിപ്പോയിരിക്കുന്നു!
ഇനിയുള്ള ദശകങ്ങള്‍ പെണ്ണുങ്ങളുടേതാണ്(കഴിഞ്ഞുപോയ നൂറ്റാണ്ടുകളും അവരുടേത് തന്നെയായിരുന്നു). അവര്‍ എങ്ങനെയായിരിക്കണം എന്നാലോചിക്കുമ്പോള്‍ ആദ്യം പറയാന്‍ വരുന്നത് സ്വന്തം വ്യക്തിത്വം അന്യനുമുന്‍പില്‍ പണയം വെക്കാത്തവരായിമാറാന്‍ കഴിയുന്നവരാവണം പുതിയ ദശകത്തിലെ സ്ത്രീകള്‍. മീന്‍ വാങ്ങട്ടെ, ചോറ് എടുക്കട്ടെ, ഞാന്‍ കുളിക്കട്ടെ എന്ന ചോദ്യസമ്മതങ്ങള്‍ ആദ്യമേ എടുത്തുകളയുക. പരാശ്രയം പരമാവധി കുറയ്ക്കുക. മൂപ്പരില്ലാതെ ഡോക്ടറെ കാണിക്കാന്‍ പോകില്ലാ, മൂപ്പര് വരാതെ ചോറ് ഇറങ്ങൂല തുടങ്ങിയ കാര്യങ്ങള്‍ അവനവന്റെ ദൗര്‍ബല്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ മറികടക്കേണ്ടതുണ്ട്. അത്യാവശ്യം മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങിവരാന്‍ സ്വന്തമായി ഒരു സ്‌കൂട്ടിയുള്ളത് ഇന്നത്തെ കാലത്ത് ഒരു അസ്സറ്റ് തന്നെയാണെന്ന് തിരിച്ചറിയുക.
സാമ്പത്തികം
പൊതുവേ ഒരു പറച്ചിലുണ്ട്: കേരളത്തില്‍ രണ്ടുവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് സാമ്പത്തികസ്വാതന്ത്ര്യമുള്ളതെന്ന്. അതില്‍ ഒരു വിഭാഗം തൊഴിലുറപ്പ്, കുടുംബശ്രീക്കാരാണ്. അവര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡുമുണ്ട്. മറ്റേവിഭാഗം സമൂഹത്തിലെ സാമ്പത്തികശ്രേണിയില്‍ ഉന്നതരായവരുടെ ഭാര്യമാരാണ്. ഇതിനിടയില്‍പ്പെട്ടുപോകുന്ന ഇടത്തരക്കാരായ സ്ത്രീകളാണ് സാമ്പത്തികമായും മാനസികമായും മുക്തിനേടാത്തവര്‍. അവര്‍ക്കുള്ള വരുമാനത്തിന്റെ ഏറിയപങ്കും ലോണ്‍ അടവുകളിലേക്കാണ് പോകുന്നത്. അല്ലെങ്കില്‍ മാസവരുമാനം വീട്ടില്‍ ബോധിപ്പിക്കേണ്ട ഉത്തരവാദിത്തംകൂടി അവര്‍ക്കുണ്ട്. തങ്ങളുടെ വരുമാനത്തില്‍ നിന്നും കൃത്യമായൊരു പങ്ക് സ്വന്തം ആവശ്യങ്ങള്‍ക്കായി നീക്കിവെക്കുന്നവരാവണം ഇനിയുള്ള കാലത്തെ വര്‍ക്കിംഗ് വിമന്‍സ്. ആവശ്യങ്ങള്‍ അനവധിയും അതു നിവര്‍ത്തിക്കാനുള്ള വിഭവങ്ങള്‍ പരിമിതവുമാണെന്നത് ലോകസാമ്പത്തികതത്വമായി എല്ലാവരും അംഗീകരിച്ച കാര്യമാണ്. ഒരിക്കലും ഈ സ്ഥിതി മാറാനും പോകുന്നില്ല. എന്നാല്‍പിന്നെ അവനവന്റെ അത്യാവശ്യകാര്യങ്ങള്‍ നീക്കിവെച്ച് ജീവിക്കേണ്ടകാര്യവുമില്ല. അതോടൊപ്പം തന്നെ ഒരു നിശ്ചിതപ്രായം കഴിഞ്ഞാല്‍ സ്വന്തമായി വരുമാനം കണ്ടെത്തുന്നവരായിരിക്കട്ടെ പുതിയ പെണ്‍കുട്ടികള്‍. സംരഭകത്വം എന്ന കഴിവ് ആര്‍ജിച്ചെടുക്കാന്‍ അനുയോജ്യമായ കാലം സൗഹൃദങ്ങള്‍ക്ക് കുട്ടികള്‍ അതിപ്രാധാന്യം കൊടുക്കുന്ന കോളേജുകാലത്താണ്. സ്വന്തമായ സാമ്പത്തികമുന്നേറ്റങ്ങള്‍ക്കായി ആ കാലത്തെ ഉപയോഗപ്പെടുത്തുക.
സൈബര്‍കാലത്തെ ബന്ധങ്ങള്‍
ഫെമിനിസത്തിന്റെ നാലാം തരംഗമാണിത്. സ്ത്രീകള്‍ സാങ്കേതികമായും സാമ്പത്തികമായും വൈയക്തികമായും തികച്ചും സ്വതന്ത്രരാണെന്ന് പ്രഖ്യാപിച്ചകാലം. സൗഹൃദങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ലാത്ത, വിവാഹേതര ബന്ധങ്ങളെ കോടതിയംഗീകരിച്ച കാലം. യുക്തി എന്നത് അവനവനില്‍മാത്രം അധിഷ്ഠിതമായ ഒന്നാണ്. വ്യക്തിബന്ധങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ യുക്തിപൂര്‍വം ബന്ധങ്ങളെ നിലനിര്‍ത്തുന്നവരാവണം ഇനിയുള്ള കാലത്തെ സ്ത്രീകള്‍. ആരുടേയും വൈകാരിക അടിമത്തം ഏറ്റുവാങ്ങി ജീവിക്കേണ്ട കാര്യം പെണ്ണിനില്ല. താനുമായി ബന്ധമുള്ള വ്യക്തി ഫ്രോഡാണെന്ന് തിരിച്ചറിയാന്‍ കഴിവില്ലാത്ത സ്ത്രീകളൊന്നും ഇക്കാലത്തില്ല. പക്ഷേ ആ തിരിച്ചറിവില്‍ സമയോചിതമായി പ്രവര്‍ത്തിക്കാത്തതാണ് കുഴപ്പങ്ങള്‍ക്കുകാരണമാകുന്നത്. യുക്തിയോടൊപ്പം ബുദ്ധിയും സൗഹൃദത്തില്‍ പാലിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഓപ്പണ്‍ സെക്‌സ് എന്ന കാഴ്ചപ്പാടില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ കുടുംബജീവിതം നയിക്കുന്നതില്‍ നിന്നും വിമുഖരാക്കുന്നുണ്ട്. ഇതെല്ലാം ജീവിതത്തിന്റെ പല ആംഗിളുകളാണ്. മറ്റുള്ളവരെ വഞ്ചിക്കാതിരിക്കുക, സ്വയം വഞ്ചിതരാവാതിരിക്കുക.
കൊടുക്കണം പരിഗണന; നമ്മളിലേക്ക് വരുന്നവര്‍ക്ക്
ലിംഗമാറ്റം ചെയ്തവരെ ഇരുകൈയും നീട്ടി സ്വീകരിക്കാനും അവരോടൊപ്പം പൊതുഇടങ്ങളില്‍ ഇടപഴകാനും നമ്മുടെ സമൂഹത്തില്‍ സാധ്യമായിരിക്കുന്നത് വിദ്യാഭ്യാസം ലഭിച്ചവര്‍ക്കു മാത്രമാണ്. സ്ത്രീകളാണ് ഇങ്ങനെയുള്ളവരെ ആദ്യം അംഗീകരിക്കേണ്ടത്. കേരളത്തിലെ കോളേജുകളില്‍ ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സഹപാഠികള്‍ വലിയ പിന്തുണയാണ് ഇവര്‍ക്കു നല്കുന്നത്. യാത്രചെയ്യുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, പൊതുഇടങ്ങളില്‍ കണ്ടുമുട്ടുമ്പോള്‍ പരിഗണിക്കുക; നമ്മളിലൊരാളിമാറിയവരെ. അവര്‍ ആ മാറ്റത്തെ ഉള്‍ക്കൊള്ളുന്നതുപോലെ അവരുടെ മാറ്റത്തെ നമ്മളും ഉള്‍ക്കൊള്ളണം. സമത്വം എന്നത് സ്ത്രീപുരുഷസംബന്ധിയായതുമാത്രമല്ല, സമത്വം എന്നത് നമുക്കിടയിലെ മൂന്നാമിടക്കാര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. അവരെ നമ്മുടെ ഇടത്തോടു കൂട്ടിച്ചേര്‍ത്തുനിര്‍ത്താന്‍കൂടിയുള്ള മനസ്സ് ആര്‍ജിക്കുന്നവരാവണം പുതിയ ദശകത്തിലെ പെണ്ണുങ്ങള്‍.
നിര്‍ബന്ധിത ലൈംഗികബന്ധം അഥവാ പീഡനം
ഭാവിയില്‍ അന്യന്റെ മുതലാവാന്‍ പോകുന്നവള്‍ എന്ന അര്‍ഥത്തില്‍ ബിനാമി എന്ന പേര് തന്റെ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ഒരു ടീച്ചറെ എനിക്കറിയാം. അപ്പോള്‍ നമ്മള്‍ മാറേണ്ടത് എവിടെ നിന്നാണെന്നാണ് പറഞ്ഞുവരുന്നത്? ആരാന്റെ വീട്ടില്‍ പോകേണ്ട കുട്ടി, അന്യന്റെ പുരയില്‍ കഴിയേണ്ടവള്‍ എന്നൊക്കെയുള്ള വിശേഷണങ്ങളാല്‍ സമ്പന്നരാണ് നമ്മുടെ പെണ്‍കുട്ടികള്‍. സ്വത്വം എന്നത് ശരീരംകൂടി ഉള്‍പ്പെടുന്നതാണ്. പുതിയദശകത്തിലെ പെണ്ണുങ്ങള്‍ സ്വത്വബോധമുള്ളവരായിരിക്കണം. നമ്മുടെ ശരീരത്തിലെ ഓരോ അണുവും നമ്മുടേത് മാത്രമാണ്. അവിടെ വഴങ്ങിക്കൊടുക്കല്‍, വിധേയപ്പെടല്‍ എന്നിവയോട് കടക്ക് പുറത്ത്് എന്ന് പറയാനുള്ള മനസ്സുള്ളവരായിരിക്കണം സ്ത്രീകള്‍.
വേണം ഉറച്ച ചുവടുകള്‍ രാഷ്ട്രീയത്തില്‍
ലോകരാഷ്ട്രീയചരിത്രത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്രപതിപ്പിക്കാത്ത ഒരൊറ്റ വനിതാ അധികാരികളുമില്ല. തെരേസ മേ, ആങ്‌സാന്‍സ്യൂചി, ഫിന്‍ലാന്റ് പ്രധാനമന്ത്രി സന്ന മരിന്‍, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആഡേണ്‍ തുടങ്ങിയവര്‍ അവരവരുടെ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തനമികവ് തെളിയിച്ചവരാണ്. ഇന്ദിരാഗാന്ധിയെപ്പോലുള്ള ഭരണാധികാരികള്‍ ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു. പൊതുപ്രവര്‍ത്തനം ഒരു പ്രൊഫഷന്‍ ആയി എടുക്കാന്‍ മടികാണിക്കുന്നവരാണ് പൊതുവേ സ്ത്രീകള്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ അമ്പതു ശതമാനം സംവരണം സ്ത്രീകള്‍ക്കു നല്കിയപ്പോള്‍ പലരാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥിയെ ലഭിക്കാനുള്ള ഓട്ടത്തിലായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതികള്‍ മാറിവരുന്നുണ്ട്. ഗൗരവതരമായ പൊതുജനകാര്യങ്ങളില്‍ ഇടപെടാനുള്ള സ്ത്രീകളുടെ മനോഭാവം അനുകൂലമായിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് ആശാവഹമാണ്. പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. പഞ്ചായത്തുഭരണങ്ങളില്‍ അഴിമതികള്‍ ഏറെയും കുറയാന്‍ സഹായകമായത് സംവരണമാണ്. എങ്കിലും ഇന്ത്യന്‍ പാര്‍ലമെന്റില്‍ 33ശതമാനം വനിതാസംവരണമെന്ന ബില്‍ ഇന്നും പാസ്സായിട്ടില്ല. ഇന്ത്യപോലൊരു രാജ്യത്ത് സ്ത്രീ പ്രാതിനിധ്യം എല്ലാമേഖലയിലെന്നതുപോലെത്തന്നെ രാഷ്ട്രീയത്തിലും ഉയര്‍ന്നുവരേണ്ടതുണ്ട്.
പരിസ്ഥിതി
ഗ്രേറ്റാ തുംബര്‍ഗ് എന്ന ഒരൊറ്റ പെണ്‍കുട്ടിയുടെ നാമത്തില്‍ അഭിമാനിക്കാവുന്നതാണ് ലോകത്തിലെ എല്ലാപെണ്ണുങ്ങള്‍ക്കും. ആഗോളതാപനത്തിനെതിരേ ഗ്രേറ്റയെന്ന ഒറ്റയാള്‍പ്പട്ടാളം തുടങ്ങിവച്ച കുത്തിയിരിപ്പ് സമരം ഇന്ന് ലോകമെമ്പാടുമുള്ള കുട്ടികളും മുതിര്‍ന്നവരും ഏറ്റെടുത്തിരിക്കുന്നു. പരിസ്ഥിതി, വെള്ളം, മണ്ണ്, വായു, ആകാശം തുടങ്ങി പ്രകൃതിയുടെ ഓരോ സ്പന്ദനവും സ്ത്രീജീവിതവുമായും അവളുടെ പ്രവര്‍ത്തികളുമായും ബന്ധപ്പെട്ടാണിരിക്കുന്നത്, മറ്റാരേക്കാളും. അതുകൊണ്ടുതന്നെ ഒരു മികച്ച പരിസ്ഥിതി പ്രവര്‍ത്തകയാണ് ഓരോ സ്ത്രീയും. അതിനായി കുറച്ചുകൂടി സമയവും അറിവും ആര്‍ജിക്കേണ്ടത് പെണ്ണ് ഇടപെടുന്ന മേഖല എന്ന നിലയിലും ഭാവിയെക്കുറിച്ചൊരു കരുതല്‍ എന്ന നിലയിലും പുതിയശതകത്തിലെ സ്ത്രീയ്ക്ക് പ്രധാനപ്പെട്ടതാണ്.
വിപ്ലങ്ങള്‍, സമരങ്ങള്‍, വിമോചനമുന്നേറ്റങ്ങള്‍, ശാസ്ത്രസാങ്കേതികരംഗത്തെ മികവുകള്‍, കലാസാഹിത്യസാംസ്‌കാരിക രംഗത്തെ അടയാളപ്പെടുത്തലുകള്‍ തുടങ്ങി പെണ്ണുങ്ങളെത്താത്ത ഇടങ്ങളില്ല. ചരിത്രത്തിലും വര്‍ത്തമാനത്തിലും. ഇനിയുള്ള ദശകങ്ങളില്‍ മുന്നോട്ടുള്ള പ്രയാണത്തിന് അവള്‍ക്കാവശ്യം ഭക്ഷണവും വിദ്യാഭ്യാസവും പരസ്പരാശ്രയവുമാണ്. അത് ഒരുക്കിക്കൊടുക്കേണ്ടതാണ് സഹജീവിധര്‍മം.
പുതുവര്‍ഷമല്ല പുതുദശകമാണ് പിറക്കുന്നത്. സന്തോഷത്തിന്റെയും സൗന്ദര്യത്തിന്റെയും ശാക്തീകരണത്തിന്റെയും പുത്തന്‍ പതിറ്റാണ്ട്. സംശയം വേണ്ട. ഇതൊരു പെണ്‍ദശകമായിരിക്കും. കൂടുതല്‍ വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: decade of girl power