'ഇത്രയും ഭീകരമായ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. പക്ഷേ ഇത്തരം ചിത്രങ്ങളും പ്രധാനപ്പെട്ടതാണ്. നാം കാണാത്ത, മറയ്ക്കപ്പെട്ട നാം അംഗീകരിക്കാത്തവരുടെ ജീവിതത്തിന്റെ നേര്‍ചിത്രമാണ് ഇത്.' ആശുപത്രിയുടെ തറയില്‍ തളര്‍ന്നുകിടക്കുന്ന യുവതിയുടെയും സമീപത്തിരിക്കുന്ന അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ജി എം ബി ആകാശ് എന്ന ബംഗ്ലാദേശ് ഫോട്ടോഗ്രാഫര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാചകങ്ങളാണ് ഇത്. യുവതിയുടെ അമ്മയുടെ വാക്കുകളിലൂടെ അവരുടെ ദൈന്യാവസ്ഥയും ആ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.
സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയായിരുന്നു ആ യുവതി. വിവാഹശേഷം ഓരോ ദിവസവും സ്ത്രീധനത്തിന്റെ പേരുചൊല്ലി ഭര്‍ത്താവില്‍ നിന്നുള്ള മര്‍ദനം തുടര്‍ന്നപ്പോള്‍ ഒരു ദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ അവള്‍ തീരുമാനിച്ചു. ആകാശ് പങ്കുവെച്ച ഹൃദയഭേദകമായ ആ ചിത്രത്തിലേക്ക് കൂടുതല്‍ സമയം നോക്കുക പോലും സാധ്യമല്ല. എന്നാല്‍ ഒരു ആക്ടിവിസ്റ്റെന്ന നിലയില്‍ മനുഷ്യരെ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ തനിക്കാവില്ലെന്നും ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ചിത്രങ്ങളിലൂടെ താന്‍ ജീവിക്കുന്ന ഈ ലോകത്തിന്റെയും സമൂഹത്തിന്റെയും ഓരോ വശങ്ങളും ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ആകാശ് പറയുന്നു.
നവംബര്‍ 26 സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുകയാണ് കരള വനിതാശിശു വികസന വകുപ്പ്. വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്ത്രീധന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 16 പേരാണ് സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ടത്. 7, 634 സ്ത്രീധന മരണങ്ങളാണ് 2015-ല്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ നമ്മുടെ രാജ്യത്ത് മാത്രമല്ല, ബംഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് തെളിയിക്കുകയാണ് ജിഎംബി ആകാശിന്റെ ഈ ഫെയ്‌സ്ബുക്ക് കുറിപ്പ്.
യുവതിയുടെ അമ്മയുടെ വാക്കുകള്‍
നല്ല പ്രായക്കൂടുതലുളള അയാള്‍ എന്റെ മകള്‍ക്ക് അനുയോജ്യനായിരുന്നില്ല. എനിക്കതില്‍ നല്ല വിഷമമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ തീരുമാനം അംഗീകരിക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഈ രാജ്യത്ത് സ്ത്രീകളുടെ വാക്കുകള്‍ക്ക് ആരും വില കല്പിക്കുന്നില്ല. ചെറുപ്പമായ ആരെങ്കിലും മകളെ വിവാഹം കഴിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അങ്ങനെയാണെങ്കില്‍ ദീര്‍ഘകാലം അവളെ സംരക്ഷിക്കാന്‍ മരുമകന് സാധിക്കും. പക്ഷേ മകള്‍ക്ക് ആലോചനയുമായി വന്ന ഈ ചെറുക്കന്‍ അയാളുടെ ഗ്രാമത്തിലെ നല്ലൊരു കര്‍ഷകനായിരുന്നു. സ്ത്രീധനം ആവശ്യപ്പെടാതെയാണ് മകളെ വിവാഹം കഴിക്കാന്‍ അയാള്‍ തയ്യാറായത്.
ഒരു വര്‍ഷം മുമ്പ് ആ വന്യമൃഗത്തിന് ഞാനെന്റെ മകളെ വിവാഹം ചെയ്തുകൊടുത്തു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് കല്യാണം നടത്തിയ അയാള്‍ സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് എന്റെ മകളെ ഉപദ്രവിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. അച്ഛനോടുള്ള ബഹുമാനം കൊണ്ടും മറ്റും മകള്‍ ആദ്യമൊന്നും ആരോടും ഇക്കാര്യം പറഞ്ഞില്ല.
എത്ര ദൂരെയാണെങ്കിലും ഒരമ്മയ്ക്ക് മക്കളുടെ വേദന മനസ്സിലാക്കാന്‍ സാധിക്കും. കഴിഞ്ഞ ആഴ്ച മുതല്‍ മനസ്സിലെന്തോ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു വികാരം നിറഞ്ഞിരുന്നു. മകള്‍ക്ക് എന്തോ സംഭവിച്ചതായി മനസ്സ് പറഞ്ഞുകൊണ്ടിരുന്നു, അതുകൊണ്ട് ആരോടും പറയാതെ ഞാന്‍ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയി. ഞാന്‍ അവിടെച്ചെന്നപ്പോള്‍ കണ്ട കാഴ്ച അതിഭീകരമായിരുന്നു. ബോധമില്ലാതെ ഒരു മൃതശരീരം പോലെ എന്റെ മകള്‍ മുറ്റത്ത് വീണുകിടക്കുന്നത് കണ്ടിട്ട് ആദ്യമെനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒന്നും സംഭവിക്കാത്ത മട്ടിലുള്ള ഭര്‍തൃവീട്ടുകാരുടെ പ്രതികരണമാണ് എന്നെ കൂടുതല്‍ ഞെട്ടിച്ചത്. കഴിഞ്ഞ ആഴ്ച ഭര്‍ത്താവ് അവളെ ക്രൂരമായി മര്‍ദിച്ചുവെന്നും വയറ്റില്‍ ചവിട്ടിയെന്നും തന്മൂലം ഗര്‍ഭം അലസിയെന്നും ഗ്രാമവാസികള്‍ എന്നെ അറിയിച്ചു.
കഴിഞ്ഞ രാത്രിയും ഒരു വലിയ ശബ്ദം കേട്ടത്രേ. മകളുടെ കരച്ചിലും ബഹളവും കേട്ടിട്ടും അവളുടെ ഭര്‍തൃവീട്ടുകാര്‍ പ്രതികരിച്ചില്ല. അതുകൊണ്ടായിരിക്കണം അവള്‍ വിഷം കഴിച്ചത്. എനിക്ക് ആദ്യം ഒരു വാക്ക് പോലും മിണ്ടാനായില്ല. പക്ഷേ പിന്നീട് ഞാന്‍ അവരെ നോക്കി ഒച്ചയിട്ടു. നിങ്ങളെല്ലാം മനുഷ്യരാണോയെന്ന് ഞാന്‍ ആരാഞ്ഞു. മകളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് തൊട്ടടുത്തുള്ള ചന്തയിലേക്ക് ഒരു വാഹനം വിളിക്കുന്നതിനായി ഞാന്‍ ഓടി. അവളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ യാതൊരുതരത്തിലും സഹായിച്ചില്ല. ആകെ സഹായിച്ചത് അവരുടെ ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീയാണ്.
ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ അവളുടെ വയറുകഴുകി. ഇപ്പോള്‍ മകള്‍ അപകടനില തരണം ചെയ്തുകഴിഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു, നമ്മള്‍ സ്ത്രീകള്‍ എന്നെങ്കിലും ഈ അപകടനില തരണം ചെയ്യുമോ. അവള്‍ കഴിച്ച വിഷത്തില്‍ നിന്ന് അവളെ ചികിത്സിച്ചു ഭേദമാക്കിയതായി അവര്‍ പറയുന്നു. നമ്മുടെ സമൂഹത്തെ ഗ്രസിച്ച വിഷത്തില്‍ നിന്ന് നമ്മെ ചികിത്സിച്ച് ഭേദമാക്കാന്‍ ആര്‍ക്കാണ് സാധിക്കുക?
Courtesy: GMB Akash Facebook post
Content Highlights: Dowry violence in Bangladesh, Photographer GMB Akash shares life story of Bangladeshi woman