ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായ ആദിവാസി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ്. 20 വയസ്സ് മാത്രം പ്രായമുളള പെണ്‍കുട്ടിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത് സ്ത്രീധനത്തിന്റെ പേരിലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. സാമ്പത്തിക പരാധീനതകള്‍ തന്നെയാണ് ബിടെക് പഠനം പൂര്‍ത്തിയായ ഉടനെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാന്‍ വീട്ടുകാരെ നിര്‍ബന്ധിതരാക്കിയതും.
പെണ്‍കുട്ടിയെ പഠിപ്പിച്ച് ഒരു ജോലിക്കാരിയാക്കുന്നതിനേക്കാള്‍ അവളെ ഒരുവന്റെ കൈയില്‍ പിടിച്ചേല്‍പ്പിച്ച് 'കടമ' തീര്‍ക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ തന്നെയാണ് നമുക്കുചുറ്റുമുളളവരില്‍ ഭൂരിഭാഗം പേരും. മകളെ ചോദിക്കുന്ന പൊന്ന് കൊടുത്ത്, അല്ലെങ്കില്‍ അതിനേക്കാള്‍ ഒരല്‍പം കൂടുതല്‍ കൊടുത്ത് തന്നെ കെട്ടിച്ചയക്കണം. ഇതാണ് കേരളത്തിലെ സാധാരണ മധ്യവര്‍ത്തി കുടുംബത്തിന്റെ രീതി. സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സ്ത്രീധനത്തിന് ചെറുതല്ലാത്ത ഒരു പങ്ക് ഉണ്ട്.
അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍
1. 1961-ല്‍ നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമം.
2. 2006-ല്‍ നിലവില്‍ വന്ന ഗാര്‍ഹികപീഡന നിയമം.
മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു.
1961 ലാണ് ഇന്ത്യയില്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നത്. സംസ്ഥാന സര്‍ക്കാര്‍ 1992-ല്‍ ചട്ടങ്ങള്‍ രൂപീകരിക്കുകയും 2004-ല്‍ പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചട്ടം പരിഷ്‌കരിക്കുകയും ചെയ്തു. എന്നാലും നമ്മുടെ നാട്ടില്‍ സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. മാത്രമല്ല ഗുരുതരമായ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങള്‍ക്കും സ്ത്രീധനം കാരണമാകാറുണ്ട്. കുടുംബ ഭദ്രത ശിഥിലമാവുക, ഗാര്‍ഹിക പീഡനം, വിവാഹ മോചനം, ആത്മഹത്യകള്‍, വിവാഹം നടക്കാതിരിക്കല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്രയും കാരണങ്ങള്‍. സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് വര്‍ധിച്ച് വരുന്നതായാണ് കണക്കുകള്‍. സ്ത്രീധന പീഡന പരാതികള്‍ ലഭിച്ചയുടന്‍ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്യാമെന്ന സുപ്രീംകോടതി വിധി വന്നത് കഴിഞ്ഞ വര്‍ഷമാണ്. 2017-ലെ ഉത്തരവ് പരിഷ്‌കരിക്കുകയായിരുന്നു അന്ന് കോടതി ചെയ്തത്.
സ്തീധന നിരോധന നിയമം നടപ്പാക്കുന്നതില്‍ കേരളം പരാജയപ്പെട്ടെന്ന് കഴിഞ്ഞ വര്‍ഷം ഭരണപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിക്കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് വനിതാശിശു വികസവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം. അതിനായി സംസ്ഥാനത്ത് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. നിയമം കര്‍ശനമാക്കും. സ്ത്രീധന വിരുദ്ധ ദിനമായ നവംബര്‍ 26 ന് ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് വകുപ്പ് തുടക്കം കുറിക്കുകയാണ്. ചലച്ചിത്രതാരം ടൊവിനോ തോമസാണ് ബോധവല്‍ക്കരണ പരിപാടിയുടെ ഗുഡ്വില് അംബാസഡര്‍.
എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കാനും വകുപ്പ് തയ്യാറെടുക്കുന്നുണ്ട്. നിലവില്‍ മേഖല അടിസ്ഥാനത്തില്‍ തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് ജില്ലകളില്‍ തസ്തികയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളില്‍ അന്വേഷണം നടത്താനും നിയമ നടപടി സ്വാകരിക്കാനും ഇതുവഴി ഓഫീസര്‍മാര്‍ക്ക് കഴിയും.
സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ കണക്ക്
വര്‍ഷം | എണ്ണം |
2009 | 21 |
2010 | 21 |
2011 | 15 |
2012 | 32 |
2013 | 21 |
2014 | 28 |
2015 | 8 |
2016 | 25 |
2017 | 12 |
2018 (അന്തിമമല്ല) | 16 |
2019 (സെപ്തംബര്‍ വരെ) | 4 |