വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി| ഫോട്ടോ: പ്രവീൺദാസ് എം.
സ്ത്രീധനത്തിനെതിരേ പ്രതിജ്ഞ എടുക്കാൻ ആഹ്വാനം ചെയ്ത് കേരള വനിതാ കമ്മീഷൻ. ഇതുസംബന്ധിച്ച പോസ്റ്റർ വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പങ്കുവെച്ചു. സകുടുംബം സ്ത്രീധനത്തിനെതിരേ എന്ന ഓൺലൈൻ ക്യാംപയിന്റെ ഭാഗമായാണ് പ്രതിജ്ഞ പങ്കുവെച്ചിരിക്കുന്നത്.
സ്ത്രീധനം എന്ന സാമൂഹികതിന്മയ്‌ക്കെതിരേ കേരളത്തിലെ കുടുംബങ്ങളോടൊപ്പം കേരള വനിതാ കമ്മിഷനും അണിനിരക്കുന്ന മാസ് കാംപെയ്ന്‍ ആണ് 'സകുടുംബം സ്ത്രീധനത്തിനെതിരേ'.
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ
1961ലെ സ്ത്രീധന നിരോധന ആക്റ്റ് അനുസരിച്ച് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും വാഗ്ദാനം നൽകുന്നതും ശിക്ഷാർഹമായ കുറ്റം ആണെന്ന കാര്യം എനിക്ക് അറിവുള്ളതാണ്. ഞാനോ എന്റെ കുടുംബത്തിലെ ആരെങ്കിലുമോ സ്ത്രീധനം ചോദിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതല്ല. ഈ സന്ദേശം എന്റെ ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും പ്രചരിപ്പിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീധനം ചോദിച്ചതായോ വാങ്ങിയതായോ എന്റെ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ആ വിവരം സ്ത്രീധന നിരോധന ഓഫീസറുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അപ്രകാരം സ്ത്രീധനം എന്ന സാമൂഹികതിന്മ ഈ മണ്ണിൽ നിന്ന് തുടച്ചുനീക്കുന്നതിനുള്ള മഹത്തായ സന്ദേശം എന്റെ ജീവിതത്തിലൂടെ മറ്റുള്ളവർക്കും പകർന്നു നൽകുമെന്ന് ഞാൻ ഇതിനാൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
Content Highlights: kerala women commission, anti dowry day, anti dowry day in kerala, anti dowry campaign, dowry system in kerala, dowry system in india