കല്യാണത്തെ ഉപജീവനമാര്‍ഗമായി ആണുങ്ങളും അവരുടെ വീട്ടുകാരും കാണുന്ന അവസ്ഥയായി- പി.​ഗീത


By ജെസ്ന ജിന്റോ

2 min read
Read later
Print
Share

'നിലവില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ നന്നായി പഠിച്ച് ജോലിചെയ്യാനുള്ള മനഃസ്ഥിതി നേടിയിട്ടുണ്ടെന്നാണ് തോന്നുന്നത്.'

പി. ഗീത | ഫോട്ടോ: അരുൺ കൃഷ്ണമൂർത്തി മാതൃഭൂമി

സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്. നാളുകളായി പറഞ്ഞുപഴകിയ വാക്കുകള്‍. എന്നിട്ടും ഈ സമ്പ്രദായം യാതൊരു മുടക്കവുമില്ലാതെ കേരളത്തില്‍ തുടരുന്നു. ഇരകളാകുന്നതോ പാവം പെണ്‍കുട്ടികളും. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യമെന്താണ്. സ്ത്രീധനം വാങ്ങുന്നതുപോലെ തന്നെ തെറ്റാണ് കൊടുക്കുന്നതും. സ്ത്രീധന വിരുദ്ധദിനത്തില്‍ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ പി. ഗീത മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുന്നു.

വടക്കേ ഇന്ത്യയിലാണ് സ്ത്രീധനസമ്പ്രദായമുള്ളതെന്ന് പൊതുവേ പറയുമെങ്കിലും അവരെയൊക്കെ കടത്തിവെട്ടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. സ്ത്രീധനം പെണ്ണിന്റെ വീട്ടുകാര്‍ക്ക് കൊടുക്കേണ്ടി വരുന്നു എന്നതുകൊണ്ട് മാത്രമല്ല അത് സംഭവിക്കുന്നത് മറിച്ച് കിട്ടുമെന്ന് കാണുമ്പോള്‍ വീണ്ടും വീണ്ടും ചോദിച്ച് പെണ്‍കുട്ടിയെ വല്ലാതെ പീഡിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഒട്ടേറെ ഉദാഹരണങ്ങള്‍ സമീപകാലത്ത് തന്നെ ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിലുണ്ടാകുന്ന ആത്മഹത്യകള്‍, കൊലപാതങ്ങള്‍ ഒക്കെ നമ്മള്‍ നേരിട്ട് കാണുന്നു. പല ആത്മഹത്യകളും കൊലപാതകമാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. ഇത് പെട്ടെന്ന് ഉണ്ടായി വന്നിട്ടുള്ള പ്രതിഭാസമായി തോന്നുന്നില്ല. പണത്തോടുള്ള ഒരാര്‍ത്തിയാണ് ഈ സമ്പ്രദായത്തിന്റെ ഉറവിടം. കല്യാണമെന്നത് ഒരു ഉപജീവനമാര്‍ഗമായി ആണുങ്ങളും അവരുടെ വീട്ടുകാരും കാണുന്ന ഒരു രീതിയിലേക്ക് കഴിഞ്ഞ കുറച്ചുകാലമായി കേരളം മാറിക്കൊണ്ടിരിക്കുന്നു-ഗീത പറഞ്ഞു.

നിലവില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ നന്നായി പഠിച്ച് ജോലിചെയ്യാനുള്ള മനഃസ്ഥിതി നേടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. നന്നായി കഠിനാധ്വാനം ചെയ്ത് ചെയ്ത് സമ്പാദിക്കാനുള്ള സാഹചര്യം പുരുഷന്മാരെ അപേക്ഷിച്ച് വളരെ അധികമാണ്. വളരെയധികം സുഖസൗകര്യങ്ങളും അധികാരങ്ങളും കൈയാളുന്ന പുരുഷന്മാര്‍ അലസരും സുഖതൃഷ്ണയുള്ളവരുമുള്ളവരായി മാറുന്നു. സ്ത്രീകള്‍ അധ്വാനിക്കുകയും വേണം വീട്ടില്‍നിന്ന് വരുമ്പോള്‍ പണവും കൊണ്ടുവരണം എന്നുള്ള ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. എനിക്ക് ആണുങ്ങളോട് ഒന്നും പറയാനില്ല. അവരോട് ഒന്നും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നുള്ളത് കാല്‍ നൂറ്റാണ്ടുകാലത്തെ ഇടപെടല്‍ കൊണ്ട് മനസ്സിലായതാണ്. എനിക്ക് പറയാനുള്ളത് പെണ്‍കുട്ടികളോടാണ്. എന്താണെന്നു വെച്ചാല്‍ വീട്ടില്‍ വന്നിട്ട് സ്ത്രീധനം ചോദിക്കുന്ന ആളെ വിവാഹം ചെയ്യാന്‍ തയ്യാറല്ലെന്ന് പറയാന്‍ പെണ്‍കുട്ടികള്‍ സ്വയം തീരുമാനമെടുക്കണം. പറ്റുമെങ്കില്‍ സ്വന്തമായ തിരഞ്ഞെടുപ്പിലേക്ക് പോകണം-അവര്‍ വ്യക്തമാക്കി.

നന്നായി പരിചയപ്പെടുകയും അറിയുകയും ചെയ്യുന്ന പണപരമായോ മറ്റുതരത്തിലോ ചൂഷണം ചെയ്യില്ല എന്നുറപ്പുള്ള ഒരാളോടോപ്പം ജീവിക്കാന്‍ പെണ്‍കുട്ടികള്‍ ധൈര്യം കാണിക്കണമെന്ന് ഗീത കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബന്ധം എപ്പോള്‍ വഷളാകുന്നോ അപ്പോള്‍ അതില്‍ നിന്ന് വിട്ടുപോരാനുള്ള ധൈര്യം കൂടി ആര്‍ജിച്ചെടുക്കണം. പെണ്‍കുട്ടികള്‍ എന്തിനെയാണ് പേടിക്കേണ്ടത്. അവര്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട്. അധ്വാനിക്കാന്‍ അറിയാം. അവരുടെ ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷമിവിടെയുണ്ട്. പഴയകാലത്തെ ഓര്‍ത്തുകൊണ്ട് വിധേയരായി ജീവിക്കുന്നത് എന്തിനാണെന്ന് പെണ്‍കുട്ടികള്‍ ചിന്തിക്കണം. കാശുകൊടുത്തിട്ട് മേടിക്കുന്ന ഒരു ഉത്പന്നം പോലെ ഒരാളെ ജീവിതത്തിലേക്ക് കൂട്ടേണ്ടതില്ല. അങ്ങിനെയുള്ള ബന്ധം വിപത്താണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങിനെയുള്ളയാള്‍ക്ക് നമ്മെ സ്‌നേഹിക്കാനും മനസ്സിലാക്കാനും കഴിയില്ല. സ്ത്രീധനം ചോദിക്കുന്ന ആളുകളോട് പെണ്‍കുട്ടികള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. വീട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍ പോലും പെണ്‍കുട്ടികള്‍ അതിന് തയ്യാറാകരുത്-അവര്‍ പറഞ്ഞു.

ഇനി വിവാഹം കഴിഞ്ഞ് പങ്കാളി ചൂഷണം ചെയ്യുകയാണെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ തന്നെ ആ ബന്ധത്തില്‍നിന്ന് ഇറങ്ങിപ്പോരണം. കാരണം, പിന്നെ അവിടെ ഉണ്ടാകുന്നത് മനുഷ്യബന്ധമല്ല. പെണ്‍കുട്ടികള്‍ സ്വയം ബലിയാടാകാതിരിക്കുക. നിയമത്തിന്റേതായതും സാമൂഹിക സാഹചര്യങ്ങളും ഉപയോഗിക്കുക. കുറച്ച് പെണ്‍വീട്ടുകാരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പണവും മകളെയും കൂടി കൊടുക്കാന്‍ തയ്യാറാവുന്നതെങ്ങനെയാണ്. രാജ്യത്ത് ഒരു നിയമമുണ്ടെന്നും കുറ്റമാണെന്നും അവര്‍ക്ക് ബോധ്യമുണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ചോദ്യം ചെയ്യപ്പെടുന്നതേ ഇല്ല. സഹതാപകണ്ണുകളോടെ അവരെ നോക്കിക്കാണുകയാണ് ചെയ്യുന്നത്-പി. ഗീത പറഞ്ഞു.

Content highlights: anty dowry day anti dowry campaign p geetha dowry system in kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram