'ഒരു കളളനെയോ കൊലപാതകിയെയോ കാണുന്നത് പോലെ തന്നെ സ്ത്രീധനം വാങ്ങുന്ന വ്യക്തിയെയും കണ്ടുതുടങ്ങണം'


7 min read
Read later
Print
Share

കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുളള സ്ത്രീസമൂഹം ചര്‍ച്ച ചെയ്യുകയാണ് സ്ത്രീധനം ഇല്ലാതാക്കേണ്ടതിനെ കുറിച്ച്

Photo: Gettyimages.in

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തലവന്‍ ഉപവസിക്കുന്നു, സ്ത്രീധനത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയും. അസാധാരണം, കീഴ്‌വഴക്കങ്ങളില്ലാത്ത നടപടി എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയിലെ ആശങ്ക പരസ്യമായി ഗവര്‍ണര്‍ പ്രകടിപ്പിച്ചത് സുരക്ഷിത ജീവിതമെന്ന മൗലികാവകാശം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു എന്ന തോന്നലിലാണ്.

ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍.രാധാകൃഷ്ണന്‍ സ്ത്രീധനത്തിനെതിരായ ബോധവത്കരണമെന്ന നിലയില്‍ നടത്തുന്ന ഉപവാസത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ താനും ഉപവാസത്തില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് പറഞ്ഞ് ഗവര്‍ണര്‍ സ്വയം മുന്നോട്ടുവരികയാണ് ചെയ്തത്. നിലമേലില്‍ സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ഗവര്‍ണര്‍ സംഭവത്തില്‍ ദുഃഖിതനായിരുന്നുവെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഉപവാസമെന്ന അസാധാരണ നടപടി.

ഉപവാസത്തിലൊതുക്കാതെ കാലാകാലങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന വിപത്തിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ഗവര്‍ണര്‍ ഏതായാലും മുന്നോട്ടുതന്നെയാണ്. സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പുനല്‍കുന്നവര്‍ക്കു മാത്രമേ സര്‍വകലാശാലകള്‍ പ്രവേശനം നല്‍കാവൂ എന്നും പ്രവേശന സമയത്തും ബിരുദം നല്‍കുന്നതിന് മുന്‍പും ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നുമുളള നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍വകലാശാലാ നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും കൊച്ചിയില്‍ വൈസ് ചാന്‍സലര്‍മാരുമായുള്ള (വി.സി.) കൂടിക്കാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സ്ത്രീധനത്തിനെതിരേ പോരാടണമെന്ന് എല്ലാവരോടും കൈകള്‍ കൂപ്പി അഭ്യര്‍ഥിക്കുന്നുവെന്നും പറഞ്ഞ ഗവര്‍ണര്‍ സ്ത്രീധനം നമുക്ക് വേണ്ടേ വേണ്ട എന്ന് മലയാളത്തില്‍ പറഞ്ഞത് ഹൃദയത്തില്‍ തട്ടിതന്നെയായിരിക്കാം.

ഗവര്‍ണര്‍ക്ക് പോലും ഉപവസിക്കേണ്ട സാഹചര്യം സാക്ഷരകേരളത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന കേരളം സ്ത്രീധനം ചോദിച്ചും ചോദിക്കാതെയും കൈപ്പറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും അതിന് പോംവഴി കണ്ടെത്താനും മത്സരിക്കുന്നതിന് പകരം ഗവര്‍ണറുടെ ഉപവാസം രാഷ്ട്രീയവത്കരിക്കുകകയാണ് ചെയ്തത്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഗവര്‍ണര്‍ പദവിയിലുളള വ്യക്തിയുടെ നടപടി അത് രാഷ്ട്രീയലക്ഷ്യങ്ങളോടെയുളളതാണെങ്കില്‍ ആദ്യം വിരല്‍ചൂണ്ടുക അദ്ദേഹത്തിലേക്ക് തന്നെയാണ്. ഗവര്‍ണറുടെ നടപടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെങ്കിലും അല്ലെങ്കിലും അതിനുപിന്നിലെ കാരണമാണ് നാം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ടത്. വിവാഹത്തിന് ശേഷം പെണ്‍കുട്ടിക്ക് ഭര്‍തൃഗൃഹത്തില്‍ വിലയും സുരക്ഷിത ജീവതവും ലഭിക്കണമെങ്കില്‍ പ്രൈസ് മണിയായി ഒരു തുക, അത് സ്വര്‍ണമോ പണമോ കാറോ ആയി വരന്റെ വീട്ടുകാര്‍ക്ക് നല്‍കണം എന്ന അപ്രഖ്യാപിത ഉടമ്പടി ഇനിയെങ്കിലും നമുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുളള സ്ത്രീസമൂഹം ചര്‍ച്ച ചെയ്യുകയാണ് സ്ത്രീധനം ഇല്ലാതാക്കേണ്ടതിനെ കുറിച്ചും ഗവര്‍ണറുടെ അസാധാരണ നടപടിയെ കുറിച്ചും

Mala Parvathy
ടി.പാര്‍വതി

പാര്‍വതി
(അഭിനേത്രി)

"ഗവര്‍ണറോട് വളരെ ബഹുമാനം തോന്നി. എനിക്ക് യോജിപ്പില്ലാത്ത പല കാര്യങ്ങളും അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വിഷയം അദ്ദേഹം കൈകാര്യം ചെയ്ത രീതിയില്‍ എനിക്ക് വളരെയധികം ബഹുമാനം തോന്നി. ഒരു ഭരണാധികാരിയും സ്ത്രീധനം കുറ്റകൃത്യമാണെന്ന് ഇത്ര ആര്‍ജവത്തോടെ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. പഠിച്ചതുമുഴുവന്‍ കൈയില്‍ നിന്ന് പോകും എന്ന സ്ഥിതി വന്നാല്‍ ഇത് മാറും എന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം അംഗീകരിക്കേണ്ടതാണ്. അത് നടക്കുമോ, നടക്കാന്‍ സാധ്യതയുണ്ടോ എന്നുളളതെല്ലാം പിന്നീട് ചര്‍ച്ച ചെയ്യേണ്ടതാണ്.

പെണ്‍കുട്ടി ജനിച്ചാല്‍ അന്നുമുതല്‍ അവളെ കെട്ടിച്ചയക്കുന്നതിന് വേണ്ടി ഓടിനടക്കുകയാണ് മാതാപിതാക്കള്‍. പെണ്‍കുട്ടികളെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തരാക്കുന്നതിനോ, അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്യാനോ, അവരുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനോ അല്ല അവര്‍ ഈ പണം ഉപയോഗിക്കുന്നത്. പഠിക്കാന്‍ പോലും വിടാതെയാണ് അഡ്രസ് ഉണ്ടാക്കികൊടുക്കുന്നത്. അത് പലപ്പോഴും അവര്‍ക്ക് ഭാരമാകും വേദനയാകും. ചില സന്ദര്‍ഭങ്ങളില്‍ തൂക്കുകയറാകും.

സ്ത്രീധനം വാങ്ങുന്ന ഒരു വിവാഹത്തെ സമൂഹം ബോയ്‌കോട്ട് ചെയ്യുന്ന ഒരു കാലത്തേ സ്ത്രീധനം ഇല്ലാതാകൂ. സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടി പ്രയാസങ്ങള്‍ നേരിടുന്നതായി ബോധ്യപ്പെട്ടാല്‍ അവളുടെ ഭര്‍തൃവീട്ടുകാരെ സാമൂഹിക ബഹിഷ്‌കരണം ചെയ്യുക. അവരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കുക. സമൂഹത്തെ പേടിച്ചിട്ടാണല്ലോ ഇതെല്ലാം ചെയ്യുന്നത് അതുകൊണ്ട് സമൂഹം എതിരെ തിരിഞ്ഞാല്‍ കാര്യങ്ങള്‍ മാറും. ഒരു കളളനെയോ കൊലപാതകിയെയോ കാണുന്നത് പോലെ തന്നെ സ്ത്രീധനം വാങ്ങുന്ന വ്യക്തിയെയും കണ്ടുതുടങ്ങണം."

Saradakutty S
എസ്. ശാരദക്കുട്ടി

എസ്. ശാരദക്കുട്ടി
(എഴുത്തുകാരി)

"നിയമം ഇല്ലാത്തതല്ലല്ലോ പ്രശ്‌നം. തനിക്ക് അനുകൂലമായി നിയമങ്ങളുണ്ടെന്നും അത് ഫലപ്രദമായി ഉപയോഗിക്കാനുള്ള ശക്തമായ സംവിധാനങ്ങളുണ്ടെന്നും പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ബോധമുണ്ടാകണം. പെണ്‍വീട്ടുകാര്‍ക്ക് നിയമം അറിയാമെന്നും അതുപയോഗിച്ചാല്‍ തങ്ങള്‍ കുടുങ്ങുമെന്നും ആണ്‍കൂട്ടര്‍ക്ക് ഭയമുണ്ടാകണം. നിയമം കൊണ്ടു മാത്രം കാര്യമില്ല. നിയമം ഇവിടെ ഉണ്ടെന്ന ബോധവും അത് വേണ്ടയിടത്ത് ഉപയോഗിക്കാനുള്ള ധൈര്യവും ഉണ്ടാകണം. വിദ്യാഭ്യാസ പദ്ധതികളില്‍ പ്രൈമറി തലം മുതല്‍ തുല്യനീതിയെക്കുറിച്ചും അതു ലംഘിച്ചാലുണ്ടാകുന്ന നിയമ നടപടികളെക്കുറിച്ചും പഠിപ്പിക്കണം. നിയമ സാക്ഷരത എന്നത് വളരെ പ്രധാനമാണ്.

സ്ത്രീയെ സംരക്ഷിക്കുവാന്‍ അധികാരപ്പെട്ടവന് അര്‍ഹതപ്പെട്ട കൂലി എന്ന 'അനര്‍ഥം ' കൂടി സ്ത്രീധനമെന്ന വാക്കിനുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുവാന്‍ ആണ്‍വീട്ടുകാര്‍ക്ക് അധികാരം നല്‍കുന്ന ആ മനോഭാവത്തിന്റെ പേരു കൂടിയാണ് സ്ത്രീധനം - പെണ്ണിന്റെ സ്വത്ത് എത്ര കിട്ടിയാലും അത് പോരട്ടെ എന്ന നാണം കെട്ട അവകാശ ബോധമാണത്. പെണ്ണ് ആണിന്റെ അടിമ വസ്തു ആണെന്ന ബോധം, അവളുടെ സംരക്ഷകന്‍ അവനാണെന്ന അധികാരിഭാവം സമൂഹമനസ്സില്‍ നിന്ന് ഇല്ലാതാക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഒപ്പം ശക്തമായ നിയമ സംവിധാനങ്ങളും ഉറപ്പാക്കണം."

Dhanya Raman
ധന്യ രാമന്‍

ധന്യ രാമന്‍
(ആദിവാസി ക്ഷേമപ്രവര്‍ത്തക)

"സ്ത്രീധനത്തിനെതിരേ പ്രതികരിക്കുന്ന എല്ലാ മനുഷ്യരെയും ഞാന്‍ അംഗീകരിക്കും. കാരണം ഇത്രയും നശിച്ച ഒരു ഏര്‍പ്പാടാണ് അത്. ഗവര്‍ണറുടെ നടപടിയെയും ഞാന്‍ പോസിറ്റീവായാണ് സ്വീകരിക്കുന്നത്. ജനിച്ചുവളര്‍ന്ന വീട്ടില്‍ നിന്ന് തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലേക്കാണ് ഒരു പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് പോകുന്നത്. അത്തരം സാഹചര്യത്തില്‍ ആ വീട്ടുകാരുടെ പിന്തുണ കൂടിയുണ്ടെങ്കിലേ അവള്‍ക്കവിടെ അതിജീവിക്കാന്‍ സാധിക്കൂ. അതിനിടയില്‍ സ്ത്രീധന പീഡനം കൂടി ആയിക്കഴിഞ്ഞാലോ. കല്യാണം കഴിച്ചുകൊണ്ടുവരുന്ന പെണ്‍കുട്ടിയുടെ ബാധ്യതയാണ് ചെറുക്കന്റെ കുടുംബത്തെ രക്ഷപ്പെടുത്തുക എന്നുളള തോന്നല്‍ മാറ്റണം. എന്റെ മകന് നല്ല സ്ത്രീധനം കിട്ടും എന്ന് പറഞ്ഞിട്ടാണ് ആണ്‍മക്കളെ വളര്‍ത്തുന്നത്. അത് വളരെ തെറ്റായ ഒരു സിസ്റ്റമാണ്. അവിടെ മാറ്റം കൊണ്ടുവരണം. ആര്‍ഭാട വിവാഹം നടത്തുന്ന പത്തുപണക്കാരുടെ മക്കളുടെ പേരില്‍ കേസെടുത്താല്‍ തന്നെ ഇതിന് പരിഹാരമായിത്തുടങ്ങും. പരസ്യമായി കേസെടുത്ത് കോടതിയില്‍ പോകുമ്പോള്‍ മാത്രമേ ഇത് അവസാനിക്കത്തുളളൂ. നിയമം ശരിയായ രീതിയില്‍ പാലിക്കാത്തതുകൊണ്ടുളള കുഴപ്പമാണ്. പോലീസ് സ്‌റ്റേഷനില്‍ കേസ് ഒതുക്കി വിടുന്നതാണല്ലോ പതിവ്. അതിനുപകരം കേസെടുക്കാന്‍ തയ്യാറാകണം."

Sreeja Shyam
എന്‍. ശ്രീജ

എന്‍. ശ്രീജ
(ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ് )

"ഗവര്‍ണറുടെ ഭാഗത്ത് നിന്നുളള ഈ നടപടിയെ സംസ്ഥാനത്തിന്റെ പ്രഥമപൗരന്‍ തന്നെ ഈ വിഷയത്തില്‍ വളരെ ഗൗരവമായ നിലപാട് എടുക്കുന്നു എന്ന രീതിയിലാണ് ഞാന്‍ നോക്കിക്കാണുന്നത്. അതില്‍ രാഷ്ട്രീയം ഉണ്ടോ ഇല്ലയോ എന്നതിനപ്പുറത്തേക്ക് ആ വിഷയത്തിലേക്ക് കുറേക്കൂടി ശ്രദ്ധ പതിയും എന്നതാണ് എന്റെ കാഴ്ചപ്പാട്. കുട്ടികളുടെ കൈയില്‍ നിന്ന് ബോണ്ട് വാങ്ങണമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. കുട്ടികളുടെ ഭാഗത്ത് നിന്നാണ് ഇതിനെതിരേ ആദ്യം മാറ്റം കൊണ്ടുവരേണ്ടത്. പണ്ട് ആഭരണം ഉപേക്ഷിക്കല്‍ സമരം കോളേജില്ലെല്ലാം ഉണ്ടായതായി കേട്ടിട്ടുണ്ട്. അതുപോലെ നമ്മുടെ കേരളത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഫലപ്രദമായ ഒരു നടപടി ഉണ്ടാകണം. നാട്ടുനടപ്പ് എന്നുപറഞ്ഞ് കുറേക്കാര്യങ്ങള്‍ എഴുതിത്തള്ളാറുണ്ട്. അത് ചെയ്യാതിരിക്കാന്‍ പറ്റില്ല. ഇത് ഒരു കുറ്റകൃത്യമാണ് എന്ന ചിന്ത ആളുകളില്‍ ഉണ്ടാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം."

Shruthy
ശ്രുതി ശരണ്യം

ശ്രുതി ശരണ്യം
(സംവിധായിക)

"ഗവര്‍ണറുടെ ഉപവാസം രാഷ്ട്രീയ ഭേദമന്യേ അഭിനന്ദിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. കാരണം സ്ത്രീധനം എന്നത് ഒരു സാമൂഹിക വിപത്താണ്. ഇന്നത്തെ കാലത്ത് പലരും സ്ത്രീധനം നേരിട്ട് ചോദിക്കില്ലെങ്കിലും അത് പ്രതീക്ഷിക്കും. അവര്‍ പ്രതീക്ഷിക്കുന്നത് ലഭിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കും. അങ്ങനെ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഉടന്‍ ആ ബന്ധം ഒഴിവാക്കാനുളള നടപടികള്‍ സ്വീകരിക്കണം. പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കേണ്ടത് കുടുംബമാണ്. പെണ്‍കുട്ടിക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകണം. അതുണ്ടെങ്കില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ അവള്‍ക്ക് സാധിക്കും. ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം ചെയ്യേണ്ടത് അവള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ്, അതിനുശേഷം തൊഴില്‍. അതിന് ശേഷം അവള്‍ പൂര്‍ണമായി ഒരുങ്ങിയാല്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക. പെണ്‍കുട്ടികളെ വളര്‍ന്നുവരുന്ന സമയത്ത് നമ്മുടെ തലമുറയിലെ പോലെ അടുക്കളപണി പഠിപ്പിക്കുകയും മറ്റൊരു വീട്ടില്‍ പോകേണ്ടവളാണെന്ന സീരിയല്‍ ടൈപ്പ് ഡയലോഗുകള്‍ പറയുകയും ചെയ്യുന്നതിന് പകരം സ്വന്തം കാലില്‍ നില്‍ക്കുന്നതിനാണ് പ്രാധാന്യമെന്ന് പറഞ്ഞ് വളര്‍ത്താന്‍ മാതാപിതാക്കള്‍ തയ്യാറകണം. പെണ്‍കുട്ടിയുടെ പ്രഥമപരിഗണന വിവാഹമല്ല എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു."

Roshni
റോഷ്നി മുരളീധരന്‍

റോഷ്നി മുരളീധരന്‍

(ആര്‍ജെ, ക്ലബ് എഫ് എം)

"ഗവര്‍ണറുടെ ഉപവാസം തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. അദ്ദേഹം ഉപവാസത്തില്‍ ഒതുക്കിയില്ല എന്നതാണ് അതിലേറെ സന്തോഷം. ബിരുദത്തിന് ചേരുമ്പോള്‍ സത്യവാങ്മൂലത്തില്‍ അല്ലെങ്കില്‍ ഒരു പ്രതിജ്ഞയുടെ രൂപത്തില്‍ സ്ത്രീധനത്തിനെതിരായ നിലപാട് കുട്ടികള്‍ എടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന രീതിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം. നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. എഴുതിവെച്ചിരിക്കുന്നതില്‍ നിന്ന് കൂടുതലായി പ്രവര്‍ത്തിക്കേണ്ടവരാണ് നാമെല്ലാവരും.സംസ്ഥാനത്തിന്റെ തലവന്‍ തന്നെ ഇത്തരമൊരു ഉപവാസത്തിലൂടെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്. ഒരു ഉപവാസത്തിലൂടെ കാര്യങ്ങള്‍ മാറിമറിയുമോ എന്നല്ല എന്നാല്‍ വിസ്മയയുടെ മരണത്തിന് ശേഷം മറന്നുപോയ്‌ക്കൊണ്ടിരുന്ന സ്ത്രീധനം എന്ന ദുരാചാരത്തെ വീണ്ടും വാര്‍ത്തയിലേക്ക് അദ്ദേഹം വലിച്ചിട്ടു. ഇനി വീണ്ടും മറന്നുപോയാല്‍ വീണ്ടും ആരെങ്കിലും ഇപ്രകാരം ചെയ്തുകൊണ്ട് ഇത് ചര്‍ച്ചയായി നിലനിര്‍ത്തണം, അവസാനിപ്പിക്കുന്നത് വരെ എന്നാണ് ആഗ്രഹിക്കുന്നത്.

സ്ത്രീധനം വാങ്ങില്ലെന്ന് ആണ്‍കുട്ടികളും രക്ഷിതാക്കളും തീരുമാനിച്ചതുകൊണ്ടോ കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും രക്ഷിതാക്കളും തീരുമാനിച്ചതുകൊണ്ടോ ഇല്ലാതാകുന്ന ഒന്നല്ല സ്ത്രീധന സമ്പ്രദായം. ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രാപ്തരായവരെ മാത്രമേ ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കുകയുളളൂ അല്ലെങ്കില്‍ പ്രേരിപ്പിക്കുകയുളളൂ എന്ന് നമ്മുടെ സമൂഹം ഒന്നിച്ചുതീരുമാനിക്കുന്ന സമയത്ത് മാത്രമേ സ്ത്രീധനം ഇല്ലാതാകൂ. പെണ്‍കുട്ടിയെ ഈ ലോകത്ത് ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രാപ്തയാക്കണം. അതുപോലെ വിവാഹപ്രായം 21 ആയി ഉയര്‍ത്തണം. പഠനം പൂര്‍ത്തിയാകുന്നതിനുളള മുമ്പുളള വിവാഹം അതിലൂടെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. ലിംഗസമത്വം കൊണ്ടുവരണം ഒരു ആണ്‍കുട്ടി ജീവിതത്തെ നേരിടുന്ന അതേ രീതിയില്‍ പെണ്‍കുട്ടിയെയും ജീവിതം നേരിടാന്‍ പ്രാപ്തയാക്കുക എന്നുളളതാണ് ചെയ്യാനുളളത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാന്‍ പ്രാപ്തയാകുന്ന തരത്തില്‍ പെണ്‍കുട്ടിയെ വളര്‍ത്തിയെടുത്തില്ലെങ്കില്‍ ഇത്തരത്തിലുളള ഉപദ്രവങ്ങള്‍, ചൂഷണങ്ങള്‍ നേരിടേണ്ടി വരും."

ശരണ്യ ടി.ജി.
(വിദ്യാര്‍ഥിനി, ശ്രീ കേരള വര്‍മ കോളേജ് )

sharanya TG
ശരണ്യ ടി.ജി.

"ഗവര്‍ണറുടെ രാഷ്ട്രീയ ചിന്താഗതിയും ഈ പെരുമാറ്റവും തമ്മില്‍ ഒരു ബന്ധവും ഇല്ല. കേരളത്തില്‍ വന്നത് കൊണ്ട് ഇത്തരത്തിലുള്ള സമരത്തെ പറ്റി അറിയാനെങ്കിലും അദ്ദേഹത്തിന് സാധിച്ചു. ന സ്ത്രീ സ്വതന്ത്ര്യം അര്‍ഹതി എന്ന മനുസ്മൃതിയാണല്ലോ താങ്കളുടെ ഭരണഘടന

സ്ത്രീധനം മാത്രമല്ല ഇവിടെത്തെ യാഥാര്‍ത്ഥ പ്രശ്‌നം. പുരുഷാധ്യപത്യ സമൂഹത്തിന്റെ അഴിഞ്ഞാട്ടമാണ്. താന്‍ ആണ് അധികാരി എന്ന ഭാവത്തില്‍ പെണ്ണിനെ തല്ലുന്ന ആ അധികാര വ്യവസ്ഥയെയാണ് ചോദ്യം ചെയ്യേണ്ടത്. പുരോഗമനം പറഞ്ഞ് നടക്കുന്ന ഒരോ പുരുഷന്മാരും സ്വയം ഫെമിനിസം ചമയുന്നവരും വീട്ടിലേക്ക് കയറുമ്പോള്‍ ചെരുപ്പ് ഊരി ഇടുന്ന പോലെ പുരോഗമനവും വലിച്ചെറിയുന്നു. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ തുടങ്ങും. അവള്‍ക്ക് കിട്ടിയ കുഞ്ഞി കമ്മലുകള്‍ അമ്മ സൂക്ഷിച്ച് വെക്കും. എനിക്ക് ഒരു പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞ് സ്വയവും കുട്ടിയെയും പേടിപ്പിക്കും.അവളുടെ കൗമാരം യൗവനം എല്ലാം സ്വര്‍ണ്ണമാണ് അളക്കുന്നത്. ഇപ്പഴേ എടുത്ത് വെക്കണേ എപ്പഴാ ആവശ്യം വരാന് അറിയില്ല. എന്ന് പറഞ്ഞ് വെറും മഞ്ഞ ലോഹത്തിനെ പോലെ മക്കളെ കാണുന്നു. സ്വര്‍ണം ഉരുക്കുന്ന പോലെ അവളെ ഉരുക്കും എന്ന് അറിയാതെ."

Content Highlights: Content Highlights: anti dowry day, anti dowry day in kerala, anti dowry campaign, dowry system in kerala, dowry system in india

പുന:പ്രസിദ്ധീകരണം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram