Photo: Gettyimages.in
എന്തുകൊണ്ട് സ്ത്രീധനം?
എന്തേ നന്നാവാത്തെ. ഓരോ മലയാളിയും സ്വയം ഒന്ന് ചോദിക്കണം. മാതാപിതാക്കളും ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവാഹപ്രായമെത്തിയവരും എല്ലാവരും സ്വയം ചോദിക്കണം. വില പേശാന്‍ വരുന്നവനെ ആട്ടിയിറക്കാനുള്ള ആര്‍ജവം കാണിക്കാന്‍ എന്തിന് അമാന്തിക്കണം. യേസ് എന്ന് പറയുന്നതിനെക്കാള്‍ ഉച്ചത്തില്‍ ഉറപ്പോടെ നോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ ഇനിയെങ്കിലും മടിക്കരുത്. അവരെ മാതാപിതാക്കള്‍ അത് പഠിപ്പിക്കണം.
ഭര്‍തൃവീട്ടില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ ക്ലാസ് എടുക്കുന്നതിന് പകരം നിനക്ക് ഒത്തുപോകാന്‍ കഴിയുന്നില്ല എന്ന് തോന്നുന്നോ അന്ന് നിര്‍ത്തിക്കോണം, അതിന് മടിക്കരുത് എന്ന് പറഞ്ഞ് വേണം ഭര്‍തൃവീട്ടിലേക്ക് പറഞ്ഞുവിടാന്‍. അഡ്ജസ്റ്റ്മെന്റ് എന്ന പഠിപ്പിക്കലിന്റെ വിലയാണ് ഉത്തരയും വിസ്മയയും അങ്ങനെ നീളുന്ന പട്ടിക. ഒരു ഉളുപ്പുമില്ലാതെ തുക ലേലം പറഞ്ഞുറപ്പിച്ച് കെട്ടി പോരട്ടെ പോരട്ടെ എന്ന് പറഞ്ഞ് പീഡനം.
ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ഇ.എം.ഐ. പോലെ വര്‍ഷാവര്‍ഷം സ്ത്രീധനം വാങ്ങാനും മടിക്കാത്തവരും കൊടുക്കാത്തവരും ഉള്ള നാട്. പരാതി വരുന്നതും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതും മാത്രം പുറത്തറിയുന്നു. എത്ര വീടുകളില്‍ ഇത് ഇന്നും തുടരുന്നു. എത്ര വിസ്മയമാര്‍ ക്രൂരത സഹിച്ച് സഹിച്ച് ജീവിക്കുന്നു. സ്ത്രീക്ക് തുണയായി നിയമം ഉണ്ടായിട്ട് കാര്യമില്ല. പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും നിര്‍ത്തേണ്ടത് നിര്‍ത്തേണ്ട സമയത്ത് നിര്‍ത്താനും കഴിയണം.
റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ സ്ഥലത്തിന്റെ മതിപ്പ് വില നിശ്ചയിക്കും പോലെയാണ് സ്ത്രീധനത്തിന്റെ മാര്‍ക്കറ്റും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇത്ര. ബിനിസ്സുകാരന് ഇത്ര. ജോലിയില്ലാത്തവന് ഇത്ര അങ്ങനെ ഇതിനും മാര്‍ക്കറ്റ് വാല്യുവുണ്ട്. ബന്ധുവിന് കൊടുത്തതില്‍ കൂടുതല്‍ കൊടുക്കാന്‍ മടിക്കാതെ മത്സരബുദ്ധി കാണിക്കുന്ന മാതാപിതാക്കളും മത്സരിച്ച് വാങ്ങാന്‍ മടിക്കാത്ത വീട്ടുകാരും കൂട്ടുപ്രതികളായി നില്‍ക്കുന്ന സ്ഥാപനമായി പല വിവാഹവും ഇന്ന്.
കയറിച്ചെല്ലുന്ന വീട്ടില്‍ മകള്‍ക്ക് നിലയും വിലയും വേണം, അവളുടെ ജീവിതം സുരക്ഷിതമാക്കല്‍, പിന്ന നാട്ടുകാരെ ബോധ്യപ്പെടുത്തല്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണെന്നറിഞ്ഞിട്ടും പെണ്‍കുട്ടികളുടെ വീട്ടുകാര്‍ അതിന് തയ്യാറാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ആണ്‍വീട്ടുകാരെ സംബന്ധിച്ച് നിങ്ങളുടെ കുട്ടിക്ക് നിങ്ങളിഷ്ടമുളളത് കൊടുത്തോളൂ എന്ന് ചോദിക്കാതെ തന്നെ ചോദിക്കുന്ന ഈ സ്ത്രീധന തുക കിട്ടിയിട്ട് വേണം പുതിയ ബിസിനസ് ആരംഭിക്കാന്‍, കടങ്ങള്‍ വീട്ടാന്‍, സ്വന്തം സഹോദരിയെ കെട്ടിച്ചയ്ക്കാന്‍ എന്തിന് കല്യാണത്തിന് ചെലവു വരുന്ന പണം കണ്ടെത്താന്‍.
വിവാഹം എന്ന സ്ഥാപനത്തെ കുറിച്ച് കാലങ്ങളായി സമൂഹത്തില്‍ നില്‍ക്കുന്ന ചിന്താഗതികളുടെ തുടര്‍ച്ചയാണ് ഇന്നും തുടരുന്ന ഈ ചിന്തകള്‍ക്കടിസ്ഥാനം. ചിലര്‍ തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് ഇത്ര കൊടുത്തിട്ടുണ്ടെന്ന് ആദ്യമേ അങ്ങു പറയും. ഇതും മറ്റൊരു തന്ത്രമാണ്. പെണ്‍കുട്ടികളുള്ള കുടുംബത്തിന് സാമ്പത്തിക ബാധ്യത എന്നതിനെക്കാളുപരിയായി സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കാന്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടതായിട്ടുണ്ട്.
സ്തീധന നിരോധന നിയമം നടപ്പാക്കുന്നതില്‍ കേരളം പരാജയപ്പെട്ടെന്ന് 2018-ല്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. വരുന്ന അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് അന്ന് വനിത-ശിശു വികസവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കാനും വകുപ്പ് തയ്യാറെടുത്തിരുന്നു. മേഖല അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ തസ്തികയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളില്‍ അന്വേഷണം നടത്താനും നിയമ നടപടി സ്വാകരിക്കാനും ഇതുവഴി ഓഫീസര്‍മാര്‍ക്ക് കഴിയമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഇവയുടെ പ്രവര്‍ത്തനംഎത്രത്തോളം കാര്യക്ഷമമാണ് എന്ന് പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു.
നോക്കീം കണ്ടും നിന്നേക്കണം, കണ്ടില്ലാ കേട്ടില്ലാന്നു വെക്കണം, അല്പമൊക്കെ സഹിക്കണം, നേരത്തേ കാലത്തെ അടുക്കളയില്‍ കയറി പാചകം ചെയ്യണം, ആണുങ്ങള്‍ ചെളി കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും... പൊന്നും പണവും നല്‍കി കെട്ടിച്ചയക്കുന്നതിനൊപ്പം മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളില്‍ ചിലതു മാത്രം. പെണ്‍കുട്ടികള്‍ക്ക് അവള്‍ക്കിഷ്ടമുളള പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ പോലും കല്യാണ മാര്‍ക്കറ്റില്‍ ഇടിവു തട്ടുമോ എന്നാലോചിച്ച് വേണം. ഇപ്പോഴും ഇങ്ങനെയുളളവരുണ്ടോ എന്ന ചോദ്യവുമായി വരുന്നവരോട് അതുളളതു കൊണ്ടാണ് വിസ്മയെയും അര്‍ച്ചനയെയും കുറിച്ച് ഇത്ര വികാരത്തോടെ, രോഷത്തോടെ നാം ചര്‍ച്ച ചെയ്യുന്നത്.
1. 1961-ല്‍ നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമം.
2. 2006-ല്‍ നിലവില്‍ വന്ന ഗാര്‍ഹികപീഡന നിയമം.
മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു.
'A divorced daughter is better than a dead daughter' വിസ്മയയുടെ മരണം ചര്‍ച്ച ചെയ്യുന്ന അനവധി സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കിടയില്‍ കണ്ട ഒരു വാചകമാണ്. വിവാഹമോചനത്തെ എന്തിനാണ് ഇന്ത്യയിലെ രക്ഷിതാക്കള്‍ ഇത്രമാത്രം ഭയക്കുന്നത് എന്നതിന് ഒരുത്തരമേയുളളൂ, മറ്റുളളവര്‍ എന്തുപറയും എന്ന ചിന്ത.
സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുകയാണ്, കെട്ടിച്ചയക്കുകയല്ല പെണ്‍കുട്ടികളുളള മാതാപിതാക്കളുടെ കടമ എന്നുകരുതുന്ന സമൂഹം യാഥാര്‍ഥ്യമാകുന്നതോടെ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനാകൂ. ആ സാമൂഹിക പരിവര്‍ത്തനത്തിന്റെ തുടക്കത്തിലാണ് സമൂഹം. അതുകൊണ്ടുകൂടിയാണ് കേരളത്തില്‍ വിവാഹമോചനകേസുകള്‍ വര്‍ധിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പോലും വന്നത്.
എന്നാല്‍, വിവാഹമോചനകേസുകള്‍ വര്‍ധിക്കുന്നതിനെ സമൂഹത്തില്‍ ബാധിച്ച വലിയ ന്യൂനതയായാണ് പലപ്പോഴും ചര്‍ച്ച ചെയ്യുന്നത്. എന്റെ മകള്‍ വിവാഹമോചിതയാണെന്ന് പറയുന്നത് വലിയ നാണക്കേടായി കരുതുന്നത് തന്നെയാണ് കാരണം. വിവാഹമോചിതയോടുളള സമൂഹത്തിന്റെ കാഴ്ചപ്പാടും വിവാഹമോചിതനോടുളള സമൂഹത്തിന്റെ കാഴ്ചപ്പാടും തമ്മിലുളള അന്തരം പരിശോധിച്ചാല്‍ എന്തു കൊണ്ടാണ് ദുരനുഭവങ്ങള്‍ മാത്രമുളള ഒരു ബന്ധത്തില്‍ കടിച്ചു തൂങ്ങാന്‍ മകളെ സ്വന്തം മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതേയുളളൂ.
എന്നാല്‍, കേരളത്തില്‍ മാറ്റങ്ങളില്ലെന്ന് അടച്ചാക്ഷേപിക്കാനും സാധിക്കില്ല. കാരണം നിയമപരമായും അല്ലാതെയും കേരളത്തില്‍ വിവാഹമോചനം വര്‍ധിച്ചുവരുന്നതായുളള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ കുടുംബകോടതികളില്‍ 18,745 വിവാഹമോചന കേസുകള്‍ നിലവിലുണ്ടെന്ന് 2017-ല്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
മുന്‍കാലത്തെ അപേക്ഷിച്ച് സ്ത്രീ അഭിപ്രായ സ്വാതന്ത്ര്യമുള്ളവളായി മാറുകയും സാമ്പത്തികസ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്തും സഹിച്ച് ക്ഷമിച്ച് നില്‍ക്കുന്നതിന് പകരം ഞാനെന്തിന് ഇതെല്ലാം സഹിക്കണമെന്ന് അവള്‍ ചോദിച്ചുതുടങ്ങി. വിവാഹമോചന കേസുകളിലെ വര്‍ധന സാമൂഹികപരിവര്‍ത്തനത്തിന്റെ തുടക്കമാണെന്നാണ് സാമൂഹിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, കേരള സമൂഹത്തിന്റെ ഏത് പാളികള്‍ വരെ ഈ സാമൂഹിക പരിവര്‍ത്തനം എത്തിയെന്നുളളത് ഗൗരവത്തില്‍ ചിന്തിക്കണമെന്നാണ് വിസ്മയയുടെയും അര്‍ച്ചനയുടെയും മുഖങ്ങള്‍ നമ്മോട് പറയുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ കണക്ക്
വര്‍ഷം | എണ്ണം |
2009 | 21 |
2010 | 21 |
2011 | 15 |
2012 | 32 |
2013 | 21 |
2014 | 28 |
2015 | 8 |
2016 | 25 |
2017 | 12 |
2018 (അന്തിമമല്ല) | 16 |
2019 (സെപ്തംബര്‍ വരെ) | 4 |
Content Highlights: anti dowry day, anti dowry day in kerala, anti dowry campaign, dowry system in kerala, dowry system in india