Photo: Gettyimages.in
ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ മക്കളുടെ വിവാഹം നടത്തുന്നത്? നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് മക്കള്‍ നല്ല നിലയിലായി കാണാനുള്ള അതിയായ മോഹത്തിന്, ആത്മാര്‍ഥമായ പ്രാര്‍ഥനയ്ക്ക് മുന്നില്‍ വിലപേശുന്നവന്റെ മടയിലേക്ക്, അതു മുതലെടുക്കുന്നവന്റെ കൈകളിലേക്ക്, എന്തിനാണ് അത്രയും കാലം ജീവനുരുക്കി വലുതാക്കിയ പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി അയക്കുന്നത്?
മാതാപിതാക്കളെ രണ്ട് വിഭാഗങ്ങളാക്കി തിരിക്കാനാണ് ഇപ്പോള്‍ തോന്നുന്നത്. ഒന്നാമത്തെ വിഭാഗം കൊടുത്തുകൊണ്ടേയിരിക്കുന്നവര്‍, രണ്ടാമത്തെ വിഭാഗം ലജ്ജയില്ലാതെ വാങ്ങിക്കൊണ്ടേയിരിക്കുന്നവര്‍. ഇവര്‍ക്കിടയിലെ ആടും പുലിയുമാണ് ഒരുവിഭാഗത്തിന്റെ മകളും മറ്റേ വിഭാഗത്തിന്റെ മകനും. സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നറിഞ്ഞിട്ടും കൊടുക്കുന്നന്തെിനാണ്? ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സ്വന്തം മക്കളെ കൊല്ലാനിട്ടുകൊടുക്കുമ്പോള്‍ ചുരുങ്ങിയത് ഒരു പത്തുവട്ടമെങ്കിലും ആലോചിക്കണം. നിങ്ങളുടെ മകള്‍ സുരക്ഷിതയാണോ എന്ന്.
നിങ്ങളുടെ കുട്ടികള്‍ക്ക് കുടുംബജീവിതം നയിക്കാനുള്ള ശേഷിയുണ്ടോ, അവള്‍ തികച്ചും അന്യമായ ഒരിടത്തേക്ക് എക്കാലത്തേക്കുമായി കുടിയേറുമ്പോള്‍ അത്രയും കാലം തങ്ങള്‍ക്കു മാത്രമറിയാവുന്ന മകളുടെ ഗുണഗണങ്ങള്‍ അംഗീകരിക്കാനുള്ള മനസ്ഥിതിയുള്ളവരാണോ ഈ പുതിയ കുടുംബം എന്നൊക്കെ നൂലിഴ കീറി പരിശോധിക്കുക തന്നെ വേണം. ചക്കയൊന്നുമല്ലല്ലോ ചൂഴ്ന്നുനോക്കി മൂപ്പറിയാന്‍. അതുകൊണ്ട് തന്നെ എടുപിടീന്ന് നടത്തി നാട്ടുകാരുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ഓര്‍ക്കേണ്ടത് സ്വന്തം മകളുടെ മുഖമാണ്.
ഉത്രയുടെ കുറവുകള്‍ സ്വര്‍ണം കൊണ്ടും പണം കൊണ്ടും പരിഹരിക്കാന്‍ കഴിഞ്ഞോ? വിസ്മയയുടെ അച്ഛന്‍ സമ്മാനമായി കൊടുത്ത കാറ് തന്റെ പൊസിഷന് ചേര്‍ന്നതല്ലാത്തതിനാല്‍ തല്ലിപ്പൊട്ടിച്ച് തീര്‍ത്ത ആ ക്യാരക്ടര്‍ ഡിസോര്‍ഡര്‍ ആയിരുന്നു വിവാഹത്തിനുമുന്നേ കണ്ടുപിടിക്കേണ്ടിയിരുന്നത്.
ഗാര്‍ഹിക പീഡന നിരോധനനിയമം പ്രബല്യത്തിലുള്ള കേരളത്തില്‍, വളരെ ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ മരണപ്പെടുന്നത് വളരെ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉടന്‍ തന്നെ പുതിയ നിയമങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. തന്റെ മകനെന്തു കിട്ടി, താനെന്തു കൊടുത്തു എന്ന ചോദ്യത്തെ മറക്കാനാണ് ഇരുകൂട്ടരുടെയും പെടാപ്പാടുകള്‍. ആരു ചോദിക്കുന്നു എന്നതും രസകരമാണ്- നാട്ടുകാര്‍. മക്കള്‍ നാട്ടുകാരുടേതാണോ, അതോ നിങ്ങളുടേതോ?
കുടുംബം എന്ന സ്ഥാപനത്തെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്ന കാലമായതിനാല്‍ ഭാര്യയും ഭര്‍ത്താവും ആണ് കുടുംബം എന്നു സങ്കല്പിക്കുക. അങ്ങനെയാണെങ്കില്‍ ഈ കുടുംബം എന്ന സംരംഭം തുടങ്ങാന്‍ നിങ്ങളുടെ മകന്‍ എന്താണ് മുതല്‍മുടക്കാന്‍ പോകുന്നത് എന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം, ചോദിച്ചിരിക്കണം. അഞ്ചു പവന്റെ താലിയും അയ്യായിരം രൂപയുടെ പുടവയുമായാല്‍ സംഗതി കല്യാണമായി എന്ന വരന്റെ ധാരണ തിരുത്തേണ്ടത് പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ്. പിന്നെ വേറൊരു കാര്യം, മകന്‍ ആലോളമോ ആകാശത്തോളമോ വളര്‍ന്നില്ലേ, ഇനി അവനും വേണ്ടേ ഒരു കുടുംബമൊക്കെ, പെണ്‍കുട്ടിയെ തേടി അങ്ങോട്ടുപോയ സ്ഥിതിയ്ക്ക് അവരും വല്ലതും അവരുടെ മകള്‍ക്ക് കൊടുക്കുന്നുണ്ടേല്‍ അതേ പങ്ക് മകന്റെ മാതാപിതാക്കളും അങ്ങ് കൊടുത്തേക്ക്, ഇല്ലേല്‍ ലോണെടുത്തോണം. അവിടെ പെണ്‍കുട്ടിയുടെ വീടും പറമ്പും എന്നോ ലോണിലായിരിക്കും. ഇരുകൂട്ടരും തുല്യാതുല്യം കോണ്‍ട്രിബ്യൂട്ട് ചെയ്യുന്ന പണം കൊണ്ട്, ഒരഞ്ച് സെന്റ് സ്ഥലവും വീടുമോ, അല്ലേല്‍ ഒരു ഫ്ളാറ്റോ രണ്ടുപേരുടെയും കൂടി പേരില്‍ വാങ്ങുക. അപ്പോള്‍ ഞങ്ങളോ എന്നാണ് വരന്റെ അച്ഛനും അമ്മയും കണ്ണുമിഴിക്കുന്നതെങ്കില്‍, വന്നുകയറുന്ന പെണ്ണിന് വാരാനായിട്ട് അടുക്കളേല്‍ വെണ്ണീര് കൂട്ടിവെച്ചിട്ടൊന്നുമില്ലല്ലോ. മകന്‍ അടക്കയായ കാലത്ത് കുറേ മടിയില്‍ വെച്ചില്ലേ, ഇതിപ്പോ പീറ്റക്കവുങ്ങായി, തനിയേ കായ്ച്ചോളും. പറഞ്ഞുവരുന്നത് ജീവിതത്തെക്കുറിച്ചാണല്ലോ. എവിടെ താമസിക്കണം എന്നത് അവര് തീരുമാനിക്കട്ടെ. ഇനി ചെലവ് കുറയ്ക്കാനും ഉള്ള വീട് വാടകയ്ക്ക് കൊടുത്ത് അതില്‍ നിന്ന് വരുമാനമുണ്ടാക്കാനുമൊക്കെ മിടുക്കുള്ള മക്കളാണേല്‍ അവര് കണ്ടറിഞ്ഞ് കുടുംബത്തില്‍ നിന്ന് ജീവിച്ചോളും. അവിടെയും സമാധാനം ഇവിടെയും സമാധാനം.
ആരാന്റെ സ്വത്ത് എന്ന അര്‍ഥത്തില്‍ അമ്മയിട്ട ബിനാമി എന്ന പേരുംതാങ്ങി നടക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം. ആ ബിനാമിപ്പണി അത്ര നല്ലതല്ല. നാളെ ആരാന്റെ വീട്ടില്‍ കഴിയാന്‍ പോകേണ്ടതാണ് എന്ന ഓര്‍മപ്പെടുത്തല്‍ പെണ്‍കുട്ടികളോട് വേണ്ട. ശരീരം നൊന്താല്‍ ക്ഷമിക്കരുത്, മനസ്സ് കലങ്ങിയാല്‍ പിന്നെ സമയവും വൈകിപ്പിക്കരുത്, ഇറങ്ങിയങ്ങ് നടക്കണം. അങ്ങനെ നടക്കണമെങ്കില്‍ കരുത്തുള്ള ഒന്ന് നമ്മുടെ ഉള്ളം കയ്യിലുണ്ടാവണം. അതാണ് ജോലി എന്ന സാധനം. ഇന്നലെ കണ്ട പെണ്‍കൊച്ചിന്റെ കടവായില്‍ നിന്നൊഴുകിയ ചോരയുടെ കണക്ക് ഓരോ പെണ്‍കുട്ടിയും എഴുതിവെക്കേണ്ടതുതന്നെയാണ്. കൂട്ടത്തിലൊന്നാണ് കൂടുമതിയാക്കി പോയിരിക്കുന്നത്. പണ്ടുള്ളോര്‍ പറയില്ലേ ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന്. ഏച്ചുകെട്ടാന്‍ നിൽക്കരുത്. ആടിനെ ഉന്തിത്തള്ളി കൂട്ടിലാക്കുന്നതുപോലെയല്ല പെണ്‍കുട്ടികളുടെ ജീവിതം. സമവായമാണ് ആവശ്യം. നിസ്സഹായരായ നിരവധി ആണ്‍കുട്ടികളുടെ ജീവിതം വെച്ച് കുരങ്ങുകളിക്കുന്ന പെണ്‍കുട്ടികളെയും അറിയാം. അവരോടും പറയുന്നു, ഏച്ചുകെട്ടണ്ട്, കയറങ്ങ് വിട്ടുകള.
രണ്ടുകൂട്ടരുടെയും മാതാപിതാക്കളോട് പൊതുവായി ചിലകാര്യങ്ങള്‍ കൂടി. പണ്ട് നിങ്ങളുടെ മക്കളെ ഒരുപാട് മടിയില്‍ ഇരുത്തിയിട്ടുണ്ടാവും, പണ്ട് നിങ്ങള്‍ വാരിക്കൊടുത്തിട്ടുണ്ടാവും, ഇന്നുവരെ നിങ്ങള്‍ അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിട്ടുണ്ടാവും. ഇനിയതൊക്കെയങ്ങ് നിര്‍ത്താം. മക്കള് വലുതായില്ലേ, അവരായി അവരുടെ പാടായി. അവര്‍ക്കുവേണ്ടി നിങ്ങള്‍ ഇനിയും പെടാപാട് പെടരുത്. ഇങ്ങനെ ലാളിച്ച് ലാളിച്ച് വഷളാക്കി വെടക്കാക്കണോ? കാറ് വേണേല്‍ കാശുണ്ടെങ്കില്‍ വാങ്ങട്ടെ, മകന് ജോലിയുണ്ടേല്‍ അതേ ജോലിയുള്ള മരുമകളെ കിട്ടുമോന്ന് നോക്കുക, സര്‍ക്കാര്‍ ജോലി വിവാഹക്കമ്പോളത്തില്‍ വിലപേശലിന് വെക്കുന്നത് കുറ്റകരമാണ് എന്നറിയാന്‍ പാടില്ലാഞ്ഞിട്ടൊന്നുമല്ലല്ലോ മകന്റെ സൈക്കിക്ക് പരാക്രമങ്ങള്‍ നോക്കിയിരുന്നാസ്വദിച്ചത്. ഇനിയഥവാ തന്റെ മകനോ, മകള്‍ക്കോ വല്ല ഇമോഷണല്‍ ഡിസോഡറും ഉണ്ടെന്ന് തോന്നിയാല്‍ കൃത്യമായി കൊണ്ടുപോയി ചികിത്സിക്കാനുമുള്ള ബാധ്യതയുണ്ട്.
സര്‍ക്കാര്‍ പണിയുള്ള മരുമകനെ തേടുന്ന മാതാപിതാക്കളോട്, രണ്ടുതലമുറയ്ക്കപ്പുറം ജീവിക്കാനുണ്ടോ എന്നതിലും വളരെ പ്രധാനമാണ് നിങ്ങളുടെ കണ്‍മുന്നിലുള്ള തലമുറ കേടുപാടുകളില്ലാതെ ജീവിക്കുന്നത് കാണുക എന്നത്. നാളെ നേരം പുലരുമോ എന്നുപോലും നിശ്ചമില്ലാത്ത ഇക്കാലത്ത്, വൃത്തിയും വെടിപ്പുമുള്ള, സ്വഭാവഗുണങ്ങളുള്ള, വിദ്യാഭ്യാസമുള്ള, പുറത്തിറങ്ങി നാലാളോട് നേരെ ചൊവ്വേ വര്‍ത്തമാനം പറയാന്‍ ശേഷിയുള്ള ഒരു വ്യക്തിയെയാണ് നിങ്ങള്‍ മകള്‍ക്കായി അല്ലെങ്കില്‍ മകനായി കണ്ടെത്തേണ്ടത്. മതിയായില്ല എന്ന തോന്നല്‍ എല്ലാവിഭാഗത്തിനുമുണ്ടാകും. കാരണം ഇന്നു ജീവിക്കാന്‍ മറന്നവരാണല്ലോ നമ്മളെല്ലാം. എപ്പോഴും നാളേക്കുവേണ്ടിയുള്ള നിലവിളിയല്ലേ.
ഒരു സംശയം കൂടിയാണ് ബാക്കി, തങ്ങളുടെ മകള്‍ക്ക് സന്തോഷമില്ല എന്നും പറഞ്ഞ് മരുമകനെയെന്താണ് ആരും പീഡിപ്പിച്ച് കൊല്ലാത്തത്? അല്ലെങ്കില്‍ ഇവരെന്താ തൂങ്ങാത്തത്? നിങ്ങളേക്കാള്‍ നല്ല ചെറുക്കനുണ്ടായിരുന്നു എന്നും പറഞ്ഞ് പെണ്ണുങ്ങളെന്താ അങ്ങോട്ട് ചെവിക്കുറ്റി അടിച്ചുപൊട്ടിക്കാത്തത്, എന്താണ് മുഖം ചവുട്ടിക്കൂട്ടാത്തത്? എടുക്കപ്പേറെ സ്വര്‍ണ്ണവും പോരാത്തതിന് കാറും ഒക്കെയൂറ്റിപ്പിടിച്ച് ഒരു പോക്കങ്ങ് പോകുമ്പോള്‍ സ്വാര്‍ഥതയേക്കാളും വലിയ ഒരു തിരിച്ചറിവാണ് പെണ്‍കുട്ടികള്‍ക്കും വേണ്ടത്. നാളെ എന്നൊരു ചോദ്യമുണ്ടായാല്‍ ആരെയും ആശ്രയിക്കാതെ കഴിയാനുള്ള തന്റേടവും അതിനുള്ള പരിശ്രമവും. സ്വന്തമായി ഒരു മുറിക്കായുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുക. പുഴുപോലും ചെറുത്തുനില്‍ക്കുന്ന പ്രകൃതിയിലാണ് നമ്മള്‍ വളരുന്നത്. ഓര്‍ക്കുക, നമുക്ക് നാമേ തുണ.
Content Highlights: anti dowry day, anti dowry day in kerala, anti dowry campaign, dowry system in kerala, dowry system in india