തിരുവനന്തപുരം: പിങ്ക് പട്രോള്‍ സംവിധാനത്തിനും പിങ്ക് ഫൂട്ട് ബീറ്റിനും പുറമെ സ്ത്രീസുരക്ഷ ശക്തമാക്കാന്‍ കേരള പോലീസിന്റെ സ്വയം പ്രതിരോധ പരിശീലന കേന്ദ്രങ്ങളും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് സ്വയംരക്ഷ പരിശീലനത്തിനുള്ള സ്ഥിരം കേന്ദ്രങ്ങളാണ് നിലവില്‍ വരുന്നത്. വിവിധ അതിക്രമ സന്ദര്‍ഭങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാനും ആവശ്യമെങ്കില്‍ പ്രതിരോധിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍, ലഘുവായ കായിക പ്രതിേരാധവിദ്യകള്‍ എന്നിവ ഈ കേന്ദ്രങ്ങളില്‍ നല്‍കും.
ഒരു ജില്ലയ്ക്ക് മൂന്നുലക്ഷം രൂപവീതം ചെലവഴിച്ച് 18 പോലീസ് ജില്ലകളിലാണ് ഇത് നിലവില്‍ വരുന്നത്. ഇതിനുപുറമെ സംസ്ഥാനതല പരിശീലനകേന്ദ്രം തിരുവനന്തപുരത്തും നിലവില്‍ വരും. ഫ്രെബ്രുവരി അവസാനത്തോടെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ബസിലും ട്രെയിനിലുമുള്ള ശല്യപ്പെടുത്തലുകള്‍, മാല പിടിച്ചുപറിക്കല്‍, ബാഗ് തട്ടിപ്പറിക്കല്‍, ലിഫ്റ്റിനുള്ളിലെ അതിക്രമം, എ.ടി.എമ്മിനുള്ളിലെ ആക്രമണം, ആസിഡ് ആക്രമണം, വിവിധതരം ലൈംഗികാതിക്രമങ്ങള്‍, ഗാര്‍ഹികാതിക്രമങ്ങള്‍ എന്നിവയില്‍ നിന്നു രക്ഷപ്പെടാനുള്ള ലളിതമായ കായിക പ്രതിരോധവിദ്യകളാണ് കേരള പോലീസിന്റെ സ്വയംരക്ഷാ പരിശീലന പദ്ധതിയിലുള്ളത്.