'പനിയും ശ്വാസംമുട്ടലും സഹിക്കാനാകാതെ രാവിലെ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ഉച്ചയ്ക്ക് ക്യാമ്പില്‍ മന്ത്രിയൊക്കെ വരുന്ന കാര്യം അറിഞ്ഞത്. ഡോക്ടര്‍ തന്ന നാലു ജാതി ഗുളികയും വാങ്ങി ക്യാമ്പിലേക്ക് കിതച്ച് വരികയായിരുന്നു. മന്ത്രിയെ കാണുമ്പോള്‍ ഒരു കാര്യം ചോദിക്കാനുണ്ട്... എപ്പോഴാണ് സാറേ, ഞങ്ങള്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകാനാകുന്നത്?...' ക്യാമ്പിലെ ജനലഴികളില്‍ പിടിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും ലക്ഷ്മി എന്ന 80-കാരിയുടെ ശബ്ദം കണ്ണീരില്‍ മുറിഞ്ഞു. ലക്ഷ്മിയുടെ അരികില്‍ നിന്നിരുന്ന കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ള ഒരുപാടു പേരുടെ മുഖങ്ങളിലും തെളിഞ്ഞത് ഇതേ ചോദ്യംതന്നെ.
പ്രളയം ഒഴിഞ്ഞ് പലരും ക്യാമ്പുകളില്‍ നിന്ന് വീടുകളില്‍ തിരിച്ചെത്തിയപ്പോഴും അതിന് കഴിയാതെ 30-ഓളം കുടുംബങ്ങളിലായി നൂറിലേറെപ്പേരാണ് മള്ളൂശ്ശേരിയില്‍ കഴിയുന്നത്. മൂന്നാഴ്ചയിലേറെയായി ക്യാമ്പില്‍ കഴിയേണ്ടിവന്നതിന്റെ കടുത്ത വേദനകളും സങ്കടങ്ങളും ഓരോരുത്തരുടെ മുഖങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു.
പ്രളയം കഴിഞ്ഞെങ്കിലും വെള്ളക്കെട്ടില്‍ കുതിര്‍ന്ന് ഇടിഞ്ഞുവീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന വീടുകളാണ് മള്ളൂശ്ശേരി തുരുത്ത് കോളനിയിലെ 30-ലേറെ കുടുംബങ്ങള്‍ക്ക് ഉള്ളില്‍ തീയാകുന്നത്. 48 വീടുകളുള്ള തുരുത്ത് കോളനിയില്‍ തിരികെ പോകാനായത് 15 കുടുംബങ്ങള്‍ക്ക് മാത്രം. ബാക്കിയുള്ള വീട്ടുകാരെല്ലാം ഇപ്പോഴും ക്യാമ്പില്‍ തന്നെ കഴിയുകയാണ്.
'വെള്ളംകയറി ഇടിഞ്ഞുവീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന വീട്ടില്‍ ഞങ്ങളെങ്ങനെയാണ് കുഞ്ഞുങ്ങളുമായി സമാധാനത്തില്‍ കഴിയുന്നത്. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ഒരുതരി ഉറക്കം കിട്ടുന്നില്ല. അങ്ങനെയാണ് ഞങ്ങളെല്ലാം വീണ്ടും ക്യാമ്പില്‍ തിരിച്ചെത്തിയത്...' - മള്ളൂശ്ശേരി മാണിയാംകുളം മാധവനും തലപ്പള്ളി രാജനും തുരുത്തുമ്മല്‍ ശിവനുമൊക്കെ പങ്കുവെച്ചത് ഒരേ സങ്കടം.
ഒമ്പതു മാസം മാത്രം പ്രായമായ കുഞ്ഞുവാവ അന്‍വിതയുമായി ക്യാമ്പില്‍ കഴിയുന്ന വിളയില്‍ വീട്ടില്‍ രഞ്ജിനിയും തിരുത്തുമ്മല്‍ സതിയും രമയുമൊക്കെ സങ്കടങ്ങളുടെ കഥകള്‍ തന്നെയാണ് പറഞ്ഞത്.
'ക്യാമ്പില്‍ എല്ലാവരും ചേര്‍ന്നാണ് ഭക്ഷണമുണ്ടാക്കുന്നത്. ഇന്ന് രാവിലെ വില്ലേജ് ഓഫീസില്‍ നിന്ന് കുറച്ച് അരിയും സാധനങ്ങളും കൊണ്ടുവന്നിരുന്നു. മറ്റു ചില സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഭക്ഷണം കിട്ടിയിരുന്നു. പക്ഷേ, എത്ര നാള്‍ ഇതൊക്കെ കിട്ടുമെന്ന് ആര്‍ക്കറിയാം....' - കരച്ചിലിന്റെ വക്കോളമെത്തിയ സതിയുടെ വാക്കുകള്‍ ഇടറിനിന്നപ്പോള്‍ രഞ്ജിനിയുടെ ഒക്കത്തിരുന്ന അന്‍വിത കരച്ചില്‍ തുടങ്ങിയിരുന്നു.
content highlight: women in kerala flood relief camp