കോഴിക്കോട്: വസ്ത്രശാലകളിലെ ഇരിക്കാനുള്ള അവകാശത്തിന് നിയമപ്രാബല്യം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തൊഴിലാളികള്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ കേരള വീണ്ടും സമരത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി റീജണല്‍ ജോയന്റ് ലേബര്‍ കമ്മിഷണറെയും ജില്ലാ ലേബര്‍ ഓഫീസറേയും(എന്‍ഫോഴ്സ്‌മെന്റ്) കണ്ടു.
2018 ജൂലായിലാണ് നിയമഭേദഗതി വന്നത്. ഒക്ടോബറില്‍ അത് പ്രാബല്യത്തിലായി. തുടര്‍ന്ന് എല്ലായിടത്തും ഇരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന കര്‍ശന നിര്‍ദേശവും വന്നു. പിന്നീട് തുണിക്കടകളിലുള്‍പ്പെടെ ഇരിപ്പിടങ്ങളും നല്‍കി. എന്നാല്‍ പലരും സ്ത്രീകളെ ഇരിക്കാന്‍ അനുവദിക്കുന്നുണ്ടായിരുന്നില്ല. കൃത്യമായ ശമ്പളവും കിട്ടാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ കേരള നേതാവ് വിജി പെണ്‍കൂട്ടിന്റെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസിലെത്തിയതും ഉപരോധത്തിലേക്ക് കടന്നതും.
ജോയന്റ് ലേബര്‍ കമ്മിഷണര്‍ കെ.എം. സുനിലിനോട് ഇവര്‍ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചു. അടുത്ത ദിവസം മുതല്‍ പരിശോധന നടത്താമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ പിരിഞ്ഞത്. നിയമം വന്നശേഷം കടകളില്‍ പരിശോധന നടത്തി ഇരിക്കാനുള്ള സൗകര്യം ഉറപ്പാക്കിയിരുന്നുവെന്നും വ്യാഴാഴ്ച മുതല്‍ സ്‌ക്വാഡുകളായി പരിശോധന നടത്തുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) വി.പി. രാജന്‍ പറഞ്ഞു.
Content Highlights: Women employees fight for the the right to sit