ബ്രസീല്‍: ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ വെല്ലുവിളിച്ച് മാറിടം തുറന്നുകാട്ടി സെയില്‍സ് ഗേളിന്റെ രോഷപ്രകടനം. ബ്രസീലിലെ റയിബെയിറോ പ്രെറ്റോ സിറ്റി സെന്ററില്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച യുവാവിനെ യുവതി മുഖത്തടിച്ച് നിലത്തേക്ക് തള്ളിയിടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് വീഡിയോയിലുള്ളത്.
ജോലി ചെയ്യുന്നിതിനിടെ യുവാവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സെയില്‍സ് ഗേള്‍ അയാളെ കടന്നാക്രമിച്ചത്. നിലത്തേക്ക് തള്ളിയിട്ടശേഷം അയാളുടെ അടുത്തേക്ക് കുനിഞ്ഞ് നിന്ന് തന്റെ മേല്‍വസ്ത്രം അഴിച്ചുമാറ്റി യുവതി വെല്ലുവിളിക്കുകയായിരുന്നു. മാറിടം തുറന്നുകാട്ടിയ യുവതി തനിക്ക് ഇതല്ലേ വേണ്ടത്,എടുത്തോളൂ എന്ന് പറഞ്ഞ് അയാളോട് തട്ടിക്കയറി. മുഖത്താഞ്ഞടിക്കുകയും ചെയ്തു. നിരവധി പേര്‍ ചുറ്റും കൂടിനില്‍ക്കുമ്പോഴായിരുന്നു സംഭവം.
താന്‍ പ്രതികരിച്ചതോടെ നിഷ്‌കളങ്കനാവാനുള്ള അയാളുടെ ശ്രമമാണ് യുവതിയെ കൂടുതല്‍ രോഷാകുലയാക്കിയത്. ഭാര്യയോടൊപ്പം ഷോപ്പിംഗിന് വന്നതാണെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു യുവാവിന്റെ വാദം. ഇത് കേട്ടതോടെയാണ് തന്റെ മേല്‍വസ്ത്രമൂരി യുവതി അയാളെ മര്‍ദ്ദിച്ചത്. ഞാനൊരു ലൈംഗിക ഉപകരണമാണെന്ന് താന്‍ കരുതിയോ എന്ന് ചോദിച്ചായിരുന്നു യുവതിയുടെ പിന്നീടുള്ള രോഷപ്രകടനം.
കണ്ട് നിന്നവരില്‍ യുവതിയെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ടായിരുന്നു. ലൈംഗികമായി അപമാനിക്കുന്നവരോട് ഇങ്ങനെതന്നെ പ്രതികരിക്കണമെന്ന് സ്ത്രീകളില്‍ ഏറിയ പങ്കും അഭിപ്രായപ്പെട്ടപ്പോള്‍ കുട്ടികളടക്കമുള്ള ജനക്കൂട്ടത്തിന്റെ മുന്നില്‍ വിവസ്ത്രയാവുന്നതാണോ മര്യാദ എന്നായിരുന്നു ഒരുവിഭാഗത്തിന്റെ ചോദ്യം.
തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് സസ്‌പെന്‍സ് പൊളിഞ്ഞത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു തിയേറ്റര്‍ സംഘം അവതരിപ്പിച്ച നാടകമായിരുന്നു അത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളോടുള്ള ജനങ്ങളുടെ സമീപനം മനസ്സിലാക്കുകയും അവരെ ബോധവല്‍ക്കരിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് സംഘാടകര്‍ പിന്നീട് പ്രതികരിച്ചു.