കൊച്ചി: കേരളത്തില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈദ്യസഹായവും കൗണ്‍സിലിങ്ങും മറ്റു സേവനങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതികള്‍ പാളുന്നു.നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി, പിങ്ക് പോലീസ് സംവിധാനം, പിങ്ക് ബീറ്റ്, സ്വാധര്‍ സ്‌കീം, ഉജ്ജ്വല സ്‌കീം എന്നിങ്ങനെ നീളുന്നു പദ്ധതികളുടെ എണ്ണം.
അതിലൊന്നാണ് 2009ല്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എന്‍.ആര്‍.എച്ച്.എം.) ത്തിന്റെ ഭാഗമായി ആരംഭിച്ച ഭൂമിക പദ്ധതി.
എന്നാല്‍, 14 ജില്ലകളിലായി ജോലിചെയ്യുന്ന ഭൂമികയിലെ അഡീഷണല്‍ കൗണ്‍സിലര്‍മാരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കംമൂലം 21 പേരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
2009ല്‍ പദ്ധതി ആരംഭിച്ച സമയത്ത് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ നിയമിച്ച കൗണ്‍സിലര്‍മാര്‍ക്ക് പുറമെ 2014ല്‍ സാമൂഹ്യ നീതി വകുപ്പ് നിയമിച്ച അധിക കൗണ്‍സിലര്‍മാരെ ഫണ്ടിന്റെ അഭാവംമൂലം പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
കൗണ്‍സിലര്‍മാരെ ഡിസംബര്‍ അവസാനത്തോടെ പിരിച്ചുവിടുകയോ മറ്റു ജില്ലകളിലെ ഒഴിവില്‍ നിയമിക്കാനോ ആയിരുന്നു വകുപ്പിന്റെ തീരുമാനം.
എന്നാല്‍ കൗണ്‍സിലര്‍മാര്‍ ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഇവരുടെ സേവനം മാര്‍ച്ച് 31ന് വരെ നീട്ടി നല്‍കി.
അക്രമത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈദ്യസഹായം, നിയമസഹായം, പോലീസിന്റെയും പ്രൊട്ടക്ഷന്‍ ഓഫീസറുടെയും കൗണ്‍സിലറുടെയും സേവനം ലഭ്യമാക്കുന്ന രീതിയിലുള്ള ഭൂമിക വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്ലിനെ മാറ്റി വണ്‍ സ്റ്റോപ്പ് സെല്ലാക്കാനുള്ള പദ്ധതിയുണ്ട്.ഇതിനായി തിരുവനന്തപുരത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് വിജ്ഞാപനം ക്ഷണിച്ചിട്ടുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കൗണ്‍സിലര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ ആളെ കുറയ്ക്കുകയല്ല വേണ്ടത്. മാത്രമല്ല ഭൂമികയെ ആശ്രയിക്കുന്ന ആളുകള്‍ക്ക് പൂര്‍ണസേവനം നല്‍കാന്‍ സാധിക്കാതെയും കേസുകളുടെ രഹസ്യ സ്വഭാവം നഷ്ടമാകുകയും ചെയ്യും. ഇത് അക്രമത്തിന് ഇരയായവരുടെ മാനസിക പ്രശ്‌നങ്ങള്‍ കൂടാന്‍ ഇടയാകുമെന്ന് അവര്‍ പറഞ്ഞു.
സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനബിരുദവും കൗണ്‍സിലിങ്ങില്‍ പരിചയവുമുള്ള ഭൂമിക കൗണ്‍സിലമാരെ പിരിച്ചുവിടാനുള്ള തീരുമാനം ഭൂമിക പദ്ധതിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നത് വ്യക്തമാണ്.