ജയ്പുര്‍: ജയ്പുരില്‍ ആദായനികുതി വകുപ്പ് ഇപ്പോള്‍ ഒരു ചായ വില്‍പ്പനക്കാരന്റെ പിറകെയാണ്. പിന്നാലെ കൂടാന്‍ വെറുമൊരു ചായ വില്‍പ്പനക്കാരന്റെ കയ്യില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. സംഗതി അല്‍പ്പം ഗൗരവമുള്ളതാണ്. കോത്പുത്‌ലിക്കടുത്ത് ഹാദുവാത്തയില്‍ ചായക്കട നടത്തുന്ന ലീലാ രാം ഗുജ്ജാര്‍ തന്റെ ആറ് പെണ്‍മക്കള്‍ക്കും സ്ത്രീധനമായി കൊടുത്തത് ഒന്നരക്കോടി രൂപയാണ്.
ഏപ്രില്‍ നാലിനായിരുന്നു വിവാഹം. വിവാഹദിവസം ലീല ഗ്രാമവാസികളും പ്രദേശത്തെ നേതാക്കളും കാണ്‍കെ നോട്ടെണ്ണുന്നതും വരന്റെ ബന്ധുക്കള്‍ക്ക് തുക കൈമാറുന്നതുമായ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്രയും പണം എവിടുന്ന് കിട്ടി എന്നതിന്റെ സ്രോതസ് വെളിപ്പെടുത്താനായി ആദായ നികുതി വകുപ്പ് ബുധനാഴ്ച ഗുജ്ജാറിനെ വിളിപ്പിച്ചിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. വ്യാഴാഴ്ച വരെ കാത്തിരിക്കും. അതിനിടയില്‍ ഗുജ്ജാര്‍ തന്റെ വരുമാന സ്രോതസ് വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
അതേസമയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചതിനും ഗുജ്ജാറിനെതിരെ കേസുണ്ട്. പ്രായപൂര്‍ത്തിയായ രണ്ട് മക്കള്‍ക്ക് വേണ്ടി മാത്രമായിരുന്നു ഇയാള്‍ വിവാഹ ക്ഷണക്കത്ത് അടിച്ചിരുന്നത്. എന്നാല്‍ ഏപ്രില്‍ നാലിന് ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത മറ്റ് നാല് പെണ്‍കുട്ടികളേയും ഗുജ്ജാര്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹശേഷം കാണാതായ ഇദ്ദേഹത്തേയും കുടുംബത്തിനേയും തിരഞ്ഞുകൊണ്ടിരിക്കുകയാണ് പോലീസ്.
ഗുജ്ജാറിന്റെ ചില ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് കോത്പുത്‌ലി പോലീസ് അറിയിച്ചു.