പൊതു ഇടങ്ങള്‍ സ്ത്രീവിരുദ്ധമാകുന്നത് ആരും ഗൗനിക്കുന്നില്ല- സ്വരാ ഭാസ്‌കര്‍


1 min read
Read later
Print
Share

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പന്ത്രണ്ടാം ദേശീയസമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍

മുംബൈ: പൊതു ഇടങ്ങള്‍ എന്തുകൊണ്ട് സ്ത്രീവിരുദ്ധമാവുന്നെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് ബോളിവുഡ് താരം സ്വരാ ഭാസ്‌കര്‍. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പന്ത്രണ്ടാം ദേശീയസമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

ബൈക്കുളയിലെ സാബു സിദ്ദിഖി എന്‍ജിനീയറിങ് കോളേജിലാണ് സമ്മേളനം. സമരം പാര്‍ലമെന്റില്‍മാത്രമല്ല പുറത്തും നടക്കുന്നുണ്ട്. പ്രത്യയശാസ്ത്രത്തോടു ബന്ധപ്പെട്ട സമരം ഉണ്ടാവുന്നുണ്ട്. ഈ ലോകത്ത് സ്ത്രീകള്‍വഴിയാണ് എല്ലാമുണ്ടായിട്ടുള്ളത്. ഇക്കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുകയാണ് സ്വരാ ഭാസ്‌കര്‍ പറഞ്ഞു.

ദേശീയ അധ്യക്ഷ മാലിനി ഭട്ടാചാര്യ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുകയാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ലക്ഷ്യമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. പൗരത്വനിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ മോദിയുടെയും അമിത് ഷായുടെയും കൈയിലുള്ള ത്രിശൂലമാണ്. മതങ്ങള്‍ക്കുവേണ്ടി അവര്‍ ഒന്നും ചെയ്യുന്നില്ല. ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണമാണ് നടക്കുന്നത്. അധികാരത്തിന്റെ ധാര്‍ഷ്ട്യം ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ശക്തമായ പ്രതിഷേധം തുടരുമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.

ഉദ്ഘാടനസമ്മേളനത്തിനുശേഷം, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക ചര്‍ച്ചയില്‍ കണ്ണൂരില്‍നിന്നുള്ള സജിനിയും സംസാരിച്ചു.

അന്താരാഷ്ട്ര, ദേശീയസാഹചര്യങ്ങള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച രാത്രി സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇതിന്മേലുള്ള ചര്‍ച്ച ശനിയാഴ്ച നടക്കും. സംഘടനാ റിപ്പോര്‍ട്ട് ശനിയാഴ്ച അവതരിപ്പിച്ച് ചര്‍ച്ചചെയ്യും. ഞായറാഴ്ചയും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സമ്മേളനം സമാപിക്കും.

കേന്ദ്രനേതാക്കളടക്കം 140 ഓളം കേരളപ്രതിനിധികള്‍ സമ്മേളനത്തിലുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷ സുസന്‍ കോടി, മുന്‍ എം.പി.മാരായ പി.കെ. ശ്രീമതി, പി. സതീദേവി, ടി.എന്‍. സീമ, സി.എസ്. സുജാത, വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: Swara Bhasker about Women Empowerment

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram