ഭോപ്പാല്‍: അയല്‍വാസിയുടെ ബലാത്സംഗശ്രമത്തില്‍ നിന്ന് തെരുവുനായ യുവതിയെ രക്ഷപെടുത്തി. തെരുവില്‍ കഴിയുന്ന നായയ്ക്കു 29 കാരിയായ യുവതി പതിവായി ഭക്ഷണം നല്‍കി സംരക്ഷിച്ചിരുന്നു. ഈ നായയാണ് നിര്‍ണ്ണായകമായ സമയത്ത് യുവതിക്ക് സഹായവുമായി എത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവതി തനിച്ചായിരുന്ന സമയത്ത് മദ്യപിച്ച അയല്‍വാസി വീടിന്റെ വാതിലില്‍ മുട്ടുകയും വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറുകയുമായിരുന്നു.
മദ്യപിച്ചിരുന്ന യുവാവിനെ ചെറുത്തു നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് നായ യുവതിയുടെ രക്ഷയ്ക്ക് എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സ്ത്രീയുടെ മുറിയുടെ ഒരു വശത്ത് കിടന്ന ഉറങ്ങുകയായിരുന്നു തെരുവുനായ. ഈ സമയത്താണ് യുവാവ് യുവതിയെ കീഴ്‌പ്പെടുത്താനായി എത്തിയത്. സംഭവം കണ്ട് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ നായ കുരച്ചുകൊണ്ട് അക്രമിക്കു നേരെ ചാടുകയായിരുന്നു. ഭയന്നു പോയ യുവാവ് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ അയല്‍വാസിയായ സുനില്‍ എന്ന യുവാവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.