പൊതുജനമധ്യത്തില്‍ ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നതില്‍ ഒരു പെണ്‍കുട്ടിയും ലജ്ജിക്കേണ്ടതില്ലെന്ന് സോനം കപൂര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ പാഡ്മാനിന്റെ പ്രചരണ പരിപാടിയിലാണ് ആര്‍ത്തവത്തെ കുറിച്ചുള്ള തന്റെ അനുഭവങ്ങളെ കുറിച്ച് സോനം വാചാലയായത്. ആദ്യ ആര്‍ത്തവത്തെ കുറിച്ചും ആര്‍ത്തവകാലത്തെ സിനിമാഭിനയത്തെ കുറിച്ചുമെല്ലാം സോനം സംസാരിക്കുന്നു.
എനിക്ക് പതിനഞ്ചുവയസ്സുള്ളപ്പോഴാണ് ആദ്യമായി ആര്‍ത്തവം ഉണ്ടാകുന്നത്. എന്റെ സുഹൃത്തുക്കള്‍ക്കെല്ലാവര്‍ക്കും വളരെ മുമ്പ് തന്നെ ആര്‍ത്തവം ആരംഭിച്ചിരുന്നു. അതിനാല്‍ തന്നെ ആദ്യമായി ആര്‍ത്തവം ഉണ്ടായപ്പോള്‍ ഞാന്‍ വല്ലാതെ ആശ്വസിക്കുകയാണ് ചെയ്തത്. അതുവരെ എനിക്കെന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ എപ്പോഴും അമ്മയോട് പറഞ്ഞുകൊണ്ടിരുന്നിരുന്നു. സോനം തന്റെ ആദ്യ ആര്‍ത്തവത്തെ ഓര്‍ത്തെടുക്കുന്നു.
ആര്‍ത്തവകാലത്ത് സിനിമ ചെയ്യുന്നതിന് തനിക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും സോനം പറയുന്നു. 'എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത് വളരെ മനോഹരമായ രീതിയിലാണ്.' ഒരു പെണ്‍കുട്ടിയായതിന്റെ പേരിലോ, ആര്‍ത്തവമുണ്ടാകുന്നതിന്റെ പേരിലോ, അഭിനേത്രിയായതിന്റെ പേരിലോ എനിക്കെന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കൊരിക്കലും തോന്നാത്ത രീതിയിലാണ് അവരെന്നെ വളര്‍ത്തിയത്. എനിക്ക് ലഭിച്ച വിദ്യാഭ്യാസവും മികച്ചതായിരുന്നു. ആര്‍ത്തവത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമെല്ലാം തുല്യവിദ്യാഭ്യാസം എനിക്ക് ലഭിച്ചിരുന്നു. എല്ലാവര്‍ക്കും എന്നെ പോലെ വിശേഷാധികാരം ലഭിച്ചെന്നുവരില്ല. ആര്‍ത്തവ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ മടിയുള്ള നിരവധി പെണ്‍കുട്ടികളുണ്ട്. പക്ഷേ ഒരുപടത്തിന് കരാര്‍ ഒപ്പിടുമ്പോള്‍ ഞാനതിനെ കുറിച്ച് ചിന്തിക്കാറുപോലുമില്ല.' സോനം പറഞ്ഞു.
നഗരത്തില്‍ താമസിച്ചിരുന്നതിനാല്‍ ആര്‍ത്തവകാലത്ത് പ്രത്യേകമായ ബുദ്ധിമുട്ടുകള്‍ ഒന്നും അനുഭവിച്ചിട്ടില്ല. അമ്പലത്തില്‍ പോകരുത് എന്ന വിലക്കുണ്ട്. എന്നാല്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികള്‍ ആര്‍ത്തവകാലത്ത് അനുഭവിക്കുന്നത് അങ്ങേയറ്റമാണ്. അതാണ് യഥാര്‍ത്ഥ പ്രശ്‌നവും. സാനിറ്ററി നാപ്കിന് പകരം ഉള്‍നാടന്‍ ഗ്രാമത്തിലുള്ള പല പെണ്‍കുട്ടികളും ഇലകളും വൃത്തിഹീനമായ തുണികളും ചാരവുമൊക്കെയാണ് ഉപയോഗിക്കുന്നത്. സോനം പറഞ്ഞു.
Content Highlights: Sonam Kapoor, First Period, Menstruation, Padman