കള്ളനെ താക്കോലേല്‍പ്പിക്കുന്നതിന് രണ്ട് വശങ്ങളുണ്ട്. എങ്ങനെയൊക്കെ മോഷണം സംഭവിക്കാം എന്നറിയുന്ന ഒരു നല്ല കള്ളന്റെ വീട്ടില്‍ മോഷണം നടത്തുക അസാധ്യമാണ്. റുണ സാന്‍ഡ്വിക് എന്ന മുന്‍ ഹാക്കര്‍ ഇപ്പോള്‍ 'ന്യൂയോര്‍ക്ക് ടൈംസിന്റെ' സുരക്ഷയുടെ താക്കോല്‍ കൈകാര്യം ചെയ്യുന്ന ആ നല്ല കള്ളന്റെ റോളിലാണ്.
പതിനഞ്ചാം വയസ്സില്‍ ആദ്യമായി ലഭിച്ച കംപ്യൂട്ടറില്‍ നിന്നാണ് റുണ എന്ന സൈബര്‍ ലോകം ഭയക്കുകയും ആരാധിക്കുകയും ചെയ്ത ഹാക്കറും സുരക്ഷാ ഉദ്യോഗസ്ഥയും പിറക്കുന്നത്. എന്തൊക്കെയാണ് കംപ്യൂട്ടര്‍ കൊണ്ട് സാധിക്കുന്നത് എന്നല്ല. എന്തൊക്കെയാണ് ഒരു കംപ്യൂട്ടറിന് സാധിക്കുന്നത് എന്നാണ് റുണ ചിന്തിച്ചത്. എങ്ങനെയാണത് പ്രവര്‍ത്തിക്കുന്നത്, എങ്ങനെയാണത് പ്രവര്‍ത്തിക്കാതിരിക്കുന്നത്, അതിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും അതിന് പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യിക്കുകയും ചെയ്യുന്നതെങ്ങനെ എന്നിങ്ങനെയുള്ള കുഴഞ്ഞുമറിഞ്ഞ കാര്യങ്ങള്‍ ഒക്കെ ആ പതിനഞ്ചുകാരിയുടെ തലച്ചോര്‍ കുത്തിച്ചികഞ്ഞു. ഹാക്കിങ് എന്ന വാക്കുപോലും അറിയാതെ ഹാക്കിങ്ങിന്റെ ഹരിശ്രീ കുറിച്ചു.
ഡിജിറ്റല്‍ പ്രൈവസി ഗ്രൂപ്പായ 'ടോറു'മായി സഹകരിച്ചു തുടങ്ങിയപ്പോഴാണ് ഹാക്കിങ്ങിലെ തന്റെ കഴിവിനെ എങ്ങനെ ജനോപകാരപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയിലേക്ക് റുണ എത്തിച്ചേര്‍ന്നത്. ഹാക്കിങ് ഇന്ന് സൈബര്‍ ലോകത്തെ വട്ടം ചുഴറ്റുന്ന ഭീകരതയാണ്.
സൈബര്‍ ഞരമ്പുകളിലൂടെ കുത്തിയൊഴുകുന്ന ഡാറ്റയുടെ മൂല്യത്തിനൊപ്പം ചോര്‍ന്നുകിട്ടുന്ന വിവരങ്ങളുടെ മൂല്യവും കുതിച്ചുയര്‍ന്നതോടെ ഹാക്കര്‍മാരുടെ എണ്ണവും കൂടുകയാണ്.
സൈബര്‍ വിനിമയങ്ങളിലേക്ക് തുറന്നുവെച്ചിരിക്കുന്ന ചാര സംഘടനകളുടെ ചാവേറുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരേയും അവരുടെ വാര്‍ത്താ സ്രോതസുകളേയും സംരക്ഷിക്കുക എന്നതാണ് റുണയുടെ ചുമലില്‍ 'ന്യൂയോര്‍ക്ക് ടൈംസ്' ഏല്‍പ്പിച്ചിരിക്കുന്ന ഭാരിച്ച ദൗത്യം. ദിനം പ്രതി 'ടൈംസി'ന്റെ വാര്‍ത്താമുറിയിലേക്ക് വായനക്കാരില്‍ നിന്ന് വിലപിടിച്ച പല വിവരങ്ങളും എത്തുന്നു. മൂന്നാമതൊരാളുടെ ഒളിക്കണ്ണുകള്‍ ഒരിക്കലും കണ്ടെത്താന്‍ പാടില്ലാത്തവ. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്.ബി.ഐ. നടത്തിയ റെയ്ഡ് അടക്കമുള്ള പലവാര്‍ത്തകളും 'ടൈംസ്' വായനക്കാരിലേക്ക് ആദ്യമെത്തിച്ചത് വാര്‍ത്താ സ്രോതസുകളെ അത്ര കരുതലോടെ സംരക്ഷിക്കാന്‍ കഴിയുന്നതുകൊണ്ടാണ്.
'ഹാക്കിങ്ങിന്റെ രീതികള്‍ പഴയതുതന്നെയാണ്. ഏതുവഴികളിലാണ് ഹാക്കര്‍മാരുടെ ചൂണ്ടകള്‍ കാത്തിരിക്കുന്നതെന്ന് നമുക്കറിയാം. അവിടങ്ങളിലെല്ലാം പ്രതിരോധവും തീര്‍ക്കുന്നുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ തോതില്‍ മുന്‍പെങ്ങും കാണ്ടിട്ടില്ലാത്ത തരത്തിലാണ് വര്‍ദ്ധന' -റുണ പറയുന്നു
'ടൈംസി'ന് സുരക്ഷാ മതില്‍ ഒരുക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല റുണയുടെ പ്രവര്‍ത്തനങ്ങള്‍. വിവരസാങ്കേതിക സുരക്ഷാ രംഗത്തെ തിളങ്ങുന്ന താരമാണ് റുണ. ലോകമെങ്ങുമുള്ള സെമിനാറുകളിലും സമ്മേളനങ്ങളിലും സൈബര്‍ സുരക്ഷയെക്കുറിച്ച് ക്ലാസുകള്‍ എടുക്കുന്നു. ഹാക്കിങ്ങിന്റെയും സുരക്ഷയുടെയും പുതിയ സങ്കേതങ്ങളെയും സാധ്യതകളെയും കുറിച്ച് സംസാരിക്കുന്നു. പുരുഷന്മാര്‍ അടക്കിവാഴുന്ന ഇന്റര്‍നെറ്റ് സുരക്ഷാ മേഖലയില്‍ ഇന്ന് ലോകം കാതോര്‍ത്തിരിക്കുന്ന ശബ്ദമാണ് റുണ സാന്‍ഡ്വിക് എന്ന മുന്‍ ഹാക്കറുടേത്.
content highlight: runa sandvik