തൃശ്ശൂര്‍/ഒല്ലൂര്‍: പുത്തൂര്‍ വനിതാ സഹകരണസംഘത്തില്‍ നിക്ഷേപിച്ച പണം പേരക്കുട്ടിയുടെ വിവാഹാവശ്യത്തിന് തിരികെ ലഭിക്കാത്ത മനോവിഷമത്തില്‍ മണ്ണെണ്ണ നിറച്ച കുപ്പിയുമായി വീട്ടമ്മയുടെ പ്രതിഷേധം. സംഘം ഓഫീസിനു മുന്നില്‍ വെട്ടുകാട് തമ്പുരാട്ടിമൂല പഴയാറ്റില്‍ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (68)യാണ് പ്രതീകാത്മക സമരം നടത്തിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കൂലിപ്പണിക്ക് പോകുന്ന ത്രേസ്യാമ്മ ആറുമാസം മുമ്പാണ് 50,000 രൂപ സംഘത്തില്‍ നിക്ഷേപിച്ചത്. പേരക്കുട്ടിയുടെ വിവാഹാവശ്യത്തിന് പണം പിന്‍വലിക്കുമെന്നും അറിയിച്ചിരുന്നു. ഒരുമാസം മുമ്പ് അറിയിച്ചാല്‍ പണം നല്‍കാമെന്ന് അധികൃതര്‍ സമ്മതിക്കുകയും ചെയ്തു. ജൂണ്‍ 28-നാണ് വിവാഹം. ഇതുപ്രകാരം ഒരുമാസം മുമ്പേ അറിയിച്ചെങ്കിലും ത്രേസ്യാമ്മയ്ക്ക് പണം ലഭിച്ചില്ല.
കാലാവധി നീട്ടി അധികൃതര്‍ മടക്കി അയച്ചു. ഇതേസംഘത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ്, നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെവന്ന സാഹചര്യത്തില്‍ വെട്ടുകാട് സ്വദേശിയായ വയോധിക ഭര്‍ത്താവിനൊപ്പമെത്തി ഓഫീസിനു മുകളില്‍ കയറി, ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അവധി പറഞ്ഞ് ഇവരെ അനുനയിപ്പിച്ചു വിടുകയാണുണ്ടായത്.
Content Highlights: Protest Puthur vanithasahakarana Sangam